തുറന്നെഴുത്ത്
**************
I
അവളെഴുതുമ്പോൾ
....................................
അവൾ
കവിയായപ്പോൾ
സ്വന്തം നഗ്നതകൊണ്ട്
ലോകത്തിൻ്റെ അവയവങ്ങളിൽ
അവൾ
കാഴ്ച എന്നെഴുതി

പ്രപഞ്ചം നഗ്നമാണ്
ലോകം നഗ്നമാണ്
എൻ്റെ കവിതയും നഗ്നമാണ്
അവൾ പറഞ്ഞു.
നഗ്നമായ കണ്ണുകൾ
നഗ്നതയോളം
മറ്റൊന്നും കണ്ടില്ല
അവൾ
അവളെ തന്നെ എഴുതി
എഴുത്ത് എല്ലാം തുറന്നു വെച്ചു
ഒരു വാക്കിൻ്റെ മറവിലെങ്കിലും
ഇരിക്കാനവൾ കൊതിച്ചില്ല
അയ്യേ എന്ന വാക്ക്
അവളെ സംരക്ഷിക്കാൻ വന്നു
പോ പോ എന്നാട്ടി
അവളെഴുതിക്കൊണ്ടിരുന്നു.
കാഴ്ച എന്ന വാക്കിൻ്റെ
തുടർച്ചയായ്
അവൾ വരികളായ് പടർന്നു
ആരൊക്കെയോ
അതിനു മുകളിലൂടെ
കുളമ്പടിച്ചു പോയി.
ആരൊക്കെയെന്ന്
അവളോട് ചോദിക്കരുത്
സ്വന്തം നഗ്നതയല്ലാതെ
മറ്റൊന്നുമവൾ കാണുന്നില്ല
II
അവനെഴുതുമ്പോൾ
......................................
അവനെഴുതുമ്പോൾ
അവളെഴുതുമ്പോലെയല്ല
അവൻ
നഗ്നതയിൽ
ജലമെഴുതുമ്പോലെ
എഴുതുമ്പോൾ
നഗ്നത ഒഴുക്കുടുക്കുന്നു
അവൻ
നഗ്നതയിൽ
കുളിരെഴുതുമ്പോലെ
എഴുതുമ്പോൾ
നഗ്നത കുളിരുടുക്കുന്നു
അവൻ്റെ വരികളിൽ
നഗ്നത
ഇരുളും വെളിച്ചവുമടുത്ത്
ദിവസങ്ങൾ നെയ്യന്നു
പ്രണയ ഋതുക്കൾ തീർക്കുന്നു
കാലം
അവൻ്റെ വരികളിൽ
യൗവനമുടുത്ത്
നഗ്നത മറച്ച്
അവനെയുമവളെയും
ജീവിപ്പിക്കുന്നു
അവനെഴുതുമ്പോൾ
എല്ലാം തുറന്നു വരുന്നുണ്ട്
പക്ഷേ
അവൾക്കു മുന്നിലെന്നു മാത്രം;
അവളാരെന്ന്
അവനോട്‌ ചോദിക്കരുത്
അതവൾക്കേ അറിയൂ.
ഇപ്പോൾ
പ്രപഞ്ചം നഗ്നമല്ല
അവൻ്റെ വരികളുടുത്തിരിക്കുന്നു
അവൻ്റെ ഒരക്ഷരമാണ്
പൂമ്പാറ്റ .


-മുനീർ അഗ്രഗാമി

No comments:

Post a Comment