മനുഷ്യാ എന്നൊരു വിളി

മനുഷ്യാ എന്നൊരു വിളി
.....................................................
കീഴാളനെന്ന്
എന്നെ വിളിച്ച്
എത്ര എളുപ്പമാണ്
നീ മേലാളനായത്!
സമത്വസുന്ദരമായ
നവലോകം
ഒരൊറ്റ വിളിയാൽ
എത്രയെളുപ്പമാണ്
നീ തകർത്തത് !
എനിക്ക്
പാരമ്പര്യമില്ലെന്നാണ്
നിൻ്റെ എന്നത്തേയും പരാതി
പൈതൃകത്തിൻ്റെ തെളിവായി
ഒരു വരിക്കപ്ലാവും
നാലു പീറ്റത്തെങ്ങുകളും
ഞാൻ ചൂണ്ടി കാണിച്ചു
ജീവനുള്ള അവയൊന്നും
നിനക്കു ബോധിച്ചില്ല.
ജീവനില്ലാത്ത
താളിയോലകൾ ഉയർത്തിപ്പിടിച്ച്
നിലവറകളുടെ ഓർമ്മകളിൽ
സർവ്വകലാശാലയുടെ പീഠത്തിൽ
നീ
ധ്യാനത്തിലിരുന്നു
നീ കണ്ണു തുറന്നില്ല
അയ്യങ്കാളിയെയോ
സഹോദരനെയോ
അംബേദ്കറേയോ
കണ്ണുണ്ടായിട്ടും നീ കണ്ടില്ല
കണ്ണു തുറന്ന്
കാതോർക്കൂ
ചരിത്രത്തിൽ നിന്ന്
മനുഷ്യാ എന്നൊരു വിളി കേൾക്കാം.
- മുനീർ അഗ്രഗാമി

No comments:

Post a Comment