വേട്ടക്കാരൻ

വേട്ടക്കാരൻ
............................

വേട്ടക്കാരൻ
അകത്തായാലും
പുറത്തായാലും
വേട്ടക്കാരൻ തന്നെ.
ഇര ഒളിച്ചിരിക്കുന്ന
മാളം തകർത്ത്
പുതിയ തന്ത്രങ്ങളിലൂടെ
അയാൾ വേട്ടതുടരും
മാളത്തിൽ നിന്നും
പുറത്തുചാടിച്ച്
ഇരയെ പിന്തുടരുകയാണ്
അവസാനത്തെ അടവ്
വേട്ടക്കാർക്ക്
വേട്ടക്കാരുണ്ട് കൂട്ട്
ഇരയ്ക്കാരുണ്ട് ?
ഇരന്നു വാങ്ങിയ
സ്വന്തം ജീവനല്ലാതെ.
വേട്ടയോളം പ്രാകൃതമായ
മറ്റൊരു മുന്നേറ്റമില്ല
ഇരയുടെ അതിജീവനത്തോളം
പ്രാചീനമായ മറ്റൊരു
ജീവനവുമില്ല
കണ്ണുകളിൽ
മാനുകൾ മേയുന്നവരെ തേടി,
കണ്ണുകളിൽ ഒളിച്ചിരുന്ന സിംഹം
പുറത്തുചാടിയിട്ടുണ്ട്.
ഇരകൾക്ക് സമൂഹമില്ല
ഒറ്റയായ അസ്ഥിത്വം
മാത്രമേയുള്ളൂ
അതുകൊണ്ട്
വേട്ട ഒരു സാമൂഹ്യ പ്രവർത്തനമാണ്
വേട്ടക്കാരുടെ
സമൂഹത്തിൽ.
- മുനീർ അഗ്രഗാമി

No comments:

Post a Comment