ആദ്യത്തെ ഇല

ആദ്യത്തെ ഇല
..................
ഒരാൽമരത്തിന്
അതിൽ നിന്ന്
ആദ്യമായി കൊഴിഞ്ഞ
ഇലയെ കാണാൻ
ആഗ്രഹം

ചുവട്ടിൽവന്ന വരോടും
തണലിൽ നിന്നവരോടും
ചോദിച്ചു
അവരത് തിരഞ്ഞു പോയി
ആദ്യത്തെ ഇല
ആദ്യത്തെ ആനന്ദം
ആദ്യത്തെ ഇല
ആദ്യത്തെ ഓർമ്മ
ആദ്യത്തെ ഇല
ആദ്യത്തെ അനുഭവം
ആദ്യത്തെ ഇല
ആദ്യത്തെ ബന്ധം
അന്വേഷിച്ച്
അവരുടെ ആയുസ്സു തീർന്നു
മണ്ണിനുളളിൽ വെച്ച്
ആദ്യത്തെ ഇലയുടെ
ഒരോർമ്മ കിട്ടി
അതെങ്ങനെ
ആൽമരത്തിനു കൊടുക്കും ?
വേരുകളിലൂടെ
മാത്രമേ അതിനു വഴിയുള്ളൂ
പുതിയ ഇലയിൽ
ആ ഓർമ്മ കൊണ്ടു വെക്കുകയേ
നിവൃത്തിയുള്ളൂ
ഓരോരുത്തരും
അവർക്കു കിട്ടിയ
ഓർമകളുമായി
ജലത്തിലൂടെ,
വേരുകളിലൂടെ സഞ്ചരിച്ച്
ഇലകളിലെത്തി
അപ്പോഴേക്കും
കാലം മാറിയിരുന്നു
വെടിയുണ്ടകളും ടൈംബോംബുകളും
വേരിനുളളിൽ
സൂക്ഷിച്ച നിലയിൽ
മരവും മാറിയിരുന്നു
ആൽമരത്തണലിൽ
കലാപത്തിൻ്റെ
കരിഞ്ഞ നിലവിളികൾ മാത്രം
ആൽമരം കരഞ്ഞു
കാലമേ എൻ്റെ കണ്ണു പൊത്തുക
അതിൻ്റെ ആദ്യത്തെ ഇലയുടെ ഓർമ്മകൾ
ഓരോ ഇലയിൽ നിന്നും
തണുത്ത് ഇറ്റി വീണു
ആ തണുപ്പിലാണ്
ബാക്കിയായവർ കിടക്കുന്നത്
അവരുടെ മുൻതലമുറ
ഓരോ ഇലകളിലുമുണ്ടായിരുന്നു
പല ജാതിയും
പല മതവും
പല വർണ്ണവും അവരിലുണ്ടായിരുന്നു
ഇപ്പോൾ
എല്ലാർക്കുമൊരേ നിറം
ഇലപ്പച്ച.
തൊട്ടിലിൽ കിടക്കുന്ന
അനാഥയായ കുഞ്ഞിനെ
അവരൊന്നിച്ച്
ജീവവായുവായി
പുണർന്നു
ആൽമരം കണ്ണീർ തുടച്ച്
ഒരമ്മയായി
അന്നേരം ചിരിച്ചു,
ഇതാ
എൻ്റെ ആദ്യത്തെ
ഇലയുടെ ചിരി
എൻ്റെ ശിഖരത്തിലെ തൊട്ടിലിൽ
ഊഞ്ഞാലാടുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment