കൊളാഷ്

കൊളാഷ്
.....................
രക്തസാക്ഷികളുടെ ചിത്രങ്ങൾ
ഒട്ടിച്ചു ചേർത്തുണ്ടാക്കിയ
ഭൂപടത്തിൽ
ചോരയുണങ്ങിയിട്ടില്ല;
കുട്ടികൾക്കതറിയില്ല

കൊല്ലപ്പെട്ടവർ
മനുഷ്യരായതിനാൽ
കുട്ടികൾ
ചിത്രങ്ങൾ ശേഖരിച്ച്
ഒട്ടിക്കുക മാത്രം ചെയ്തു
അവരുടെ സ്നേഹവിരലുകളിൽ
രക്തം പുരളരുത്.
ജാതി
മതം
പാർട്ടി
വർഗ്ഗം
എന്നതൊന്നും നോക്കാതെ
കൊല്ലപ്പെട്ടവരുടെ
ഓർമ്മകളിൽ
ചുംബിക്കുന്നവരാണവർ
മരിച്ചവരുടെ
അമ്മയെ ഓർത്ത് വിതുമ്പുന്നവരാണവർ
ചിത്രങ്ങൾ കൊണ്ട്
മാതൃരാജ്യമുണ്ടാക്കാനാണ്
കുട്ടികളോടു പറഞ്ഞത്
വേദനകൾ വെട്ടിയെടുത്ത്
അവർ കൊളാഷ് തീർത്തിരിക്കുന്നു
ഒട്ടിച്ച ഓരോ കഷണത്തിനിടയിലും
രക്തമുണ്ട്
ഉടലാകെ മുറിഞ്ഞ രാജ്യം പോലെ
ഭൂപടം കിടന്നു പിടഞ്ഞു .
കുട്ടികളത് കാണരുതേ എന്ന്
അധ്യാപിക പ്രാർത്ഥിച്ചു.
- മുനീർ അഗ്രഗാമി

No comments:

Post a Comment