നാലുമണിമഴയും ഞാനും

നാലുമണിമഴയും
ഞാനും
.............................................
കുടയെടുത്തില്ല ,
നാലുമണിമഴയും
ഞാനും കൂട്ടുകാരായി
പിൻകഴുത്തിൽ
സുഖസ്പർശമായതിൻ
ആദ്യത്തെ തുള്ളിയിരുന്നു

പറയുവാനുണ്ടു പല കഥകൾ
പഴങ്കഥകൾ
ഇടിമുഴക്കവും മിന്നലും
തടയുമെങ്കിലും
പറയട്ടെയെന്നതിൻ
കുളിർവാ ചോദിക്കുന്നു
പറയൂ, ഞാൻ പറഞ്ഞു.
നിശ്ശബ്ദമാകുവാൻ
മഴയ്ക്കാവില്ലതു
പറയുകയായൊരു
തരുണിയെ പോലെ
നീ പാളയിൽ കിടന്നു കരഞ്ഞ നാൾ
ഞാനും നിന്നമ്മയും
ചേർന്നു നിന്നെ കുളിപ്പിതിന്നോർമ്മ
പിടയ്ക്കുന്നു മനസ്സിൽ ,
അന്നു നിന്നുടലിൽ
വിശുദ്ധമായ് തൊട്ടൊഴുകി
മറഞ്ഞതുളളിൽ
തിരയടിക്കുന്നു
ആഴക്കിണറിൽ നിന്നെന്നെ
കരകയറ്റി
നിന്നോടു ചേർത്ത
നിന്നമ്മയെവിടെ?
ജലരഹസ്യമറിയുമാ
വിരലുകളെനിക്കത്രയ്ക്കു
പരിചിതം.
ഒരു വേള
തിളങ്ങിയോ
മഴത്തുള്ളിതൻ കണ്ണുകൾ?
ഈറനായി കലങ്ങിയോ
മമ നയനങ്ങൾ?
പരിചയക്കാരി വന്ന്
അമ്മയെ ചോദിക്കുന്നു,
പറയാതെ വയ്യ ,
പറഞ്ഞു :
അമ്മ കൂടെയില്ല
മണ്ണിലലിഞ്ഞ്
മഹാകാലത്തിന്റെ
വിരൽ പിടിച്ച്
നടക്കുന്നുണ്ടാവണം
ചിലപ്പോൾ
ഞാൻ കാണുമിലകളിൽ
വന്നിരുന്നെന്നെ
നോക്കുന്നുണ്ടാവണം
ഞാനിറുക്കും പൂവിലിരുന്നരുതേ
പൂവേ യെന്നു
വിതുമ്പുന്നുണ്ടാവണം
ഞാൻ കുടിക്കും തെളിനീരിൽ
വന്നെന്നുള്ളിൽ
നിറയുന്നുണ്ടാവണം
എന്റെ ചുവടിടറിയോ?
മഴത്തുള്ളി കരഞ്ഞുവോ ?
താഴേയ്ക്കു വീണുവോ ?
മണ്ണിലലിഞ്ഞുവോ?
അമ്മയെ തിരഞ്ഞിറങ്ങിയ താവണം
അമ്മതൻ വാത്സല്യരുചി
മറക്കുവാനാകാതെയവൾ
കുടയെടുക്കില്ല
ഞാനിനി;
അടുത്ത തുലാമഴയ്ക്കു വരുമവൾ
അന്നു പറയുമമ്മയെ
കണ്ടതിൻ വിശേഷം.
- മുനീർ അഗ്രഗാമി

No comments:

Post a Comment