സൈക്കിൾ സവാരി

സൈക്കിൾ സവാരി
...................................
കലികയറുമ്പോലെ
പെട്രോളിനു വിലകയറുമ്പോൾ
കാറും ഞാനും
പിണങ്ങുമ്പോൾ
എനിക്കു കയറിച്ചെല്ലാനുള്ളത്

ചക്രങ്ങൾ രണ്ടുള്ളത്
കാലചക്രം പോലെ
മുന്നോട്ട് കുതിക്കാൻ മാത്രം
ഉരുളുന്നത്
ഹെർക്കുലീസ്,
കരുത്തൻ.
അച്ഛനെനിക്ക് വാങ്ങിത്തന്നവൻ
നഗരത്തിൻ്റെ ഞരമ്പിലൂടെ
എന്നെ ചുമലിലിരുത്തി
രക്താണു പോലെ
പോകുന്നവൻ.
കൂട്ടുകാരൻ.
ഞാൻ തന്നെയാണ്
അവൻ്റെ
ബെല്ലും ബ്രൈക്കും.
അവനെൻ്റെ വേഗം.
എൻ്റെ കുതിപ്പ് .
ജീവിതം പോലെ
രണ്ടായ ഞാനുമവനും
ഒന്നാകുന്ന
അദ്വൈതമാണ്
ഓരോ സൈക്കിൾ യാത്രയും.
അവൻ എന്നെ
സ്ത്രീയായി തന്നെയാണ്
കാണുന്നത്
ഞാനവൻ്റെ രണ്ടു കൈകളും
മുറുകെ പിടിക്കുമ്പോൾ.
- മുനീർ അഗ്രഗാമി

No comments:

Post a Comment