ഒരു സാധാരണ മാവിലയുടെ മൂന്ന് ഓർമ്മകൾ

ഒരു സാധാരണ മാവിലയുടെ
മൂന്ന് ഓർമ്മകൾ
.................................................
|
വീണിട്ടും
അത്ര എളുപ്പം കരിയാതെ
ഒരു മാവില നിൽക്കുന്നു
എതോ ഒരു മാമ്പഴക്കാലത്ത്
ഒരു തേനീച്ച വന്നിരുന്നതിന്റെ
ഓർമ്മമഞ്ഞ
അതിന്റെ ഞരമ്പുകളിലുണ്ട്
അത്ര എളുപ്പമതിന്
ഉണങ്ങാനാവാത്തത്
അതുകൊണ്ടാവും.
II
കാറ്റിനൊപ്പം
കാറ്റിന്റെ ഗതിയിൽ
സ്വയമറിയാതെ പോകുമ്പോൾ
ഓർമ്മ വരുന്നുണ്ടതിന്നു നീ
ചേർത്തു പിടിച്ചത്,
അമ്മമരമേ വരമേ.
III
മഴയും വേനലും കഴിഞ്ഞു
കരിയിലയുടെ ചുളിവിൽ
മറ്റൊരിലതൊടുമ്പോൾ
ഓർമ്മയിൽ ഒരു കാലം വന്നു
ഉള്ളിൽ നനഞ്ഞതു കുതിർന്നു പോയി
കൊടും വേനലിലും
- മുനീർ അഗ്രഗാമി

No comments:

Post a Comment