കവിതയുടെ കാർണിവൽ

കവിതയുടെ കാർണിവൽ
I
മരണക്കിണർ
........................
മരണക്കിണറിന്റെ പടവുകളിലൂടെ
ഒരു പെൺകുട്ടി
ബുള്ളറ്റ് ഓടിക്കുകയാണ്
അവളുടെ ചുണ്ടിൽ
ഒരു പുഞ്ചിരി
പിൻചെയ്തിട്ടുണ്ട്
ആളുകളുടെ നെഞ്ചിടിപ്പിൽ
അവൾ അവളെ
കുറച്ചു നേരത്തേക്ക്
ടാഗ് ചെയ്യുന്നു
അവളുടെ ഭാരത്തോടെ
മിടിക്കുന്നു ഒരു വട്ടം ജനങ്ങൾ
ആൾമറയുടെ ഓരോ കല്ലുകൾ പോലെ
വീർപ്പടക്കി നിശ്ചലമാകുന്നു ആളുകൾ
വേഗത കൊണ്ട്
അവൾ വരയ്ക്കുന്ന വൃത്തത്തിൽ
സൈലൻസറില്ല
ജീവിതത്തിന്റെ മുഴുവൻ നിലവിളികളും
ഉരുട്ടിയെടുത്ത് നിർമ്മിച്ച ഒരൊച്ചയായ്
അവൾ കറങ്ങുന്നു
ഞൊടി നേരം അവളവൾ
ഞൊടി നേരം അവളവൻ
ബുള്ളറ്റിൽ
അവൾ
അവൻ
വേഗതയേറുമ്പോൾ
കറങ്ങിയേറുമ്പോൾ
അവളൊരു വൃത്തം;
മരണത്തിന്റെ
ജീവിതത്തിന്റെ
കവിതയുടെ വൃത്തം
ആളുകളുടെ കണ്ണുകൾ
ഇമവെട്ടാൻ മറന്ന്
അവളെവിടെ
അവളെവിടെ?യെന്ന്
വിസ്മയിക്കുന്നു
വൃത്തത്തിന്റെ ചലനത്തിന്റെ
കവിതയുടെ താളത്തിന്റെ
ഒച്ചമാത്രം.
അവളും ബുള്ളറ്റും
ഒന്നാവുന്ന ഒരു വൃത്തത്തിൽ
കവിത കറങ്ങുന്നു.
കാണികളിതുവരെ അതിൽ നിന്നും
പുറത്തുവന്നിട്ടില്ല
അവൾ കറങ്ങുന്നു
അവൾ തന്നെ കവി
കവിതയിൽ മറഞ്ഞു പോയവർ
കളി കഴിയുമ്പോൾ
മരണക്കിണന്റെ
പരിവേഷമൊഴിയുമ്പോൾ
അവളൊരു നഗ്നകവിത .
വറ്റിപ്പോയ കിണറിലേക്ക്
ഇറ്റി വീഴുന്ന
ചുവന്ന തുള്ളി.
വീഴ്ചയുടെ ലൈവ്
ആദ്യത്തെ മിനിട്ടിൽ തന്നെ
എല്ലാവരും കണ്ടു.
II
യന്ത്രൂഞ്ഞാൽ
............................
യന്ത്രത്തിന്റെ താളം മെല്ലെയായപ്പോൾ
ഒന്നാമത്തെ കൊട്ടയിൽ
ഞങ്ങളുടെ മുതിർന്ന കവിയും
അദ്ദേഹം തിരഞ്ഞെടുത്ത
മൂന്നു യുവ കവികളും
കയറിയിരുന്നു
വൃത്തത്തിന്റെ ചലനത്തിൽ
അവർ ഉയർന്നു പോയി
ഇതിൽ എ സി യില്ലേ ?
വലിയ കവി ചോദിച്ചു.
സാർ ഞങ്ങൾക്ക് അങ്ങയുടെ കവിത മനസ്സാലാകുമ്പോലെ
അങ്ങയുടെ ദൈനംദിന ഭാഷ മനസ്സിലാകുന്നില്ല
അവർ മൂന്നു പേരും അട്ടപ്പാടിയിൽ നിന്നും
മറ്റ് ആദിവാസി ഊരുകളിൽ നിന്നും
വന്നവരായിരുന്നു
ചലനത്തിന്റെ മഹാപ്രഭു
എത്ര കൊട്ടകളാണ്
അടുക്കി വെച്ചിരിക്കുന്നത്!
അവർ ആശ്ചര്യപ്പെട്ടു.
മുതിർന്ന കവി
കൊട്ടയെ കുറിച്ചും
ഇരിപ്പിനെ കുറിച്ചും
ഉയരത്തെ കുറിച്ചും
കവിത ചൊല്ലി
അവരിപ്പോൾ ഏറ്റവും ഉയരത്തിലായിരുന്നു
പെട്ടെന്ന് ഒരു താഴൽ
ഭാരമില്ലായ്മയുടെ രഹസ്യത്തിലൂടെ
അവർ താഴേക്കിറങ്ങി
അനേകം കൊട്ടകൾ
മുകളിലേക്കുയർന്നു
അനേകം കവികളും
പക്ഷേ അതാരും ശ്രദ്ധിച്ചില്ല
പുതുകവിതാ ചരിത്രത്തിൽ
ഒന്നാമത്തെ കൊട്ട മാത്രം
ഇപ്പോൾ ചരിത്രം ഒറ്റക്കൊട്ടയുള്ള
ഒരു യന്ത്രൂഞ്ഞാലാണ് .
I l I
സർക്കസ്
.................
വളയത്തിലൂടെ
ഒരു സിംഹം ചാടിപ്പോയി
കാട് എന്ന ഒരു കവിത
കാണിയുടെ ഭാവനയിൽ
ബാക്കിവെച്ച് .
ട്രിപ്പീസ് കളിക്കുന്ന
സ്ത്രീകൾ
പിടിവിട്ട് പിടിവിട്ട്
പിടികിട്ടാനായ് ചാടുമ്പോൾ
ഒരു കവിത,
വീഴാതെ അവരെ
താങ്ങി നിർത്തുന്നു
ഒരു കവി അതിന്
വിശപ്പ് എന്നു പേരിടുന്നു
മറ്റൊരാൾ ഭയം എന്ന്
വേറൊരാൾ അച്ചടക്കം എന്ന്
ഒരാൾ പ്രതിഭ എന്ന് .
കാണിയുടെ കണ്ണിൽ അതിന്റെ വായന
പല അർത്ഥങ്ങൾ.
ഒരർത്ഥത്തിൽ കിടന്ന്
കൂടാരത്തിന്റെ അകത്തെവിടെയോ
അവളുടെ കുഞ്ഞു കരയുന്നു
കുഞ്ഞിനു മുലകൊടുത്തുകൊണ്ട്
അവൾ തന്റെ ജോലി ചെയ്യുന്ന
ഒരു ചിത്രം കിട്ടുവാനെന്തു വഴിയെന്ന്
ഒരു മാദ്ധ്യമ മുതലാളി ചിന്തിക്കുന്നു
കിട്ടിയില്ലെങ്കിൽ
അവിവാഹിതയായ ഒരു മോഡൽ
അതു ചെയ്യട്ടെ
പെട്ടെന്ന്
കോമാളികളുടെ ഊഴം വന്നു
സർക്കസ് കൂടാരം
വലിയ പൊട്ടിച്ചിരിയായി.

- മുനീർ അഗ്രഗാമി

No comments:

Post a Comment