ആനന്ദത്തിന്റെ ഉടമ

ആനന്ദത്തിന്റെ ഉടമ
...................................
എന്റെ ആനന്ദത്തിന്റെ ഉടമ
ഈ ഓലക്കണ്ണികളാണ്
തത്തയാകും മുമ്പ്
എന്റെ വിരലുകളിൽ
നൃത്തമാടുന്ന ഈ പച്ചോലക്കണ്ണികൾ.
പങ്കയാകും മുമ്പ് കാറ്റിൻ
ഞൊറികളായി
കൈകളിൽ ചുറ്റുന്ന പച്ചജീവൻ
ഓലപ്പന്തുണ്ടാക്കി
കുട്ടികൾക്കു കൊടുക്കുന്നു
എന്റെ സന്തോഷത്തിന്റെ
ചതുരവടിവുകൾ
അവരുരുട്ടുന്നു
എറിയുന്നു തട്ടുന്നു
അതുകൊണ്ട് അവർ കളിക്കുന്നു
കണ്ടത്തിലൂടെ ഓടുന്നു
ഒരു തിണ്ട് ചാടിയിറങ്ങുന്നു
ഓരോലപ്പീപ്പിയുണ്ടാക്കുന്നു
പീ പീയെന്ന്
എന്റെ ആനന്ദം പറമ്പാകെ ചുറ്റി വരുന്നു
ചെടികൾ നോക്കുന്നു
കുഞ്ഞുങ്ങൾ നോക്കുന്നു
പൂവുകളായ് കണ്ണു തുറന്നവ നോക്കുന്നു
കിളികൾ ഒച്ചകൾ പൊഴിച്ചിടും
മരത്തണലിലിരിക്കുന്നു
വെയിലിനെ കൂട്ടാതെ
ഒരു പൂവട്ടി മെടയുന്നു
നിനക്കൊന്ന്
അവനൊന്ന്
ഇവനൊന്ന്
അതിന്നുള്ളിലെ ശൂന്യതയിൽ
എന്റെ ആനന്ദം
ഉടനെ വന്നു നിറയും
ഓലക്കണ്ണികൾ കൈകോർത്തുണ്ടാക്കി
വലിയ കുമ്പിളിൽ
ദാഹജലം പോലെ
ആനന്ദം
എന്റെ കണ്ണുകളതു കോരിക്കുടിക്കുന്നു.
കുറെ തത്തകൾ
തെങ്ങോലയിലിരുന്ന്
അതു കാണുന്നു
അവയുടെ കൊക്കുകൾ
തെങ്ങോലയുടെ പൂവുകളെന്നു തോന്നി
അവയിറുത്ത് എന്റെ ശൂന്യത നിറച്ചു.
- മുനീർ അഗ്രഗാമി

No comments:

Post a Comment