ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്

ശിശുക്കളുടെ ഭാഷയിൽ ഒരു ഒസ്യത്ത്
...................................................................
അശാന്തമായി പൊതുദർശനത്തിനു വെച്ച
സമാധാനത്തിന്റെ ഉടൽ കാണാൻ
എല്ലാവരും പോകുന്നു
കൊടുംവേനലറിയാതെ കൊടി വെച്ച കാറിലും
വിമാനത്തിലും പലരും പോകുന്നു
ത്രാണിയില്ലെങ്കിലും
സൈക്കിളിലോ കാൽനടയായോ
ബസ്സിലോ നമുക്കും പോകണം.
നാം സ്നേഹിച്ച പോലെ അതിനെ
ആരും സ്നേഹിച്ചിട്ടില്ല
നാം മോഹിച്ച പോലെ
ആരുമതിനെ മോഹിച്ചിട്ടില്ല
മരിച്ചു കിടക്കുന്ന പ്രണയിനിയുടെ വീട്ടിലേക്കെന്ന പോലെ
നമുക്ക് പോകണം
നെറ്റിയിൽ ചുംബിക്കാനായില്ലെങ്കിലും
ഒരു നോട്ടം കൊണ്ട് ദൂരെ നിന്ന് കരയണം
വടിവാളും വെടിയുണ്ടകളും
നാടൻ ബോംബുകളും വേഷം മാറി
നമ്മിലൊരാളെന്ന പോലെ
പല ചിരിചിരിച്ച് നമുക്കൊപ്പം നടക്കാം
ദുഃഖത്തിലൂടെ നടക്കുമ്പോൾ
നമ്മെ ചിരിപ്പിക്കാൻ ശ്രമിച്ച്
ബോംബെറിഞ്ഞ് ചിലപ്പോൾ
കാഴ്ച മറച്ചേക്കാം
കണ്ണുചൂഴ്ന്നേക്കാം
എങ്കിലും പോകണം
നാം ചെന്നാലേ
സമാധാനം ഒസ്യത്തെഴുതി സീലുവെച്ച കവർ തുറക്കൂ
കവറിനു പുറത്ത് നാം മാത്രമേ തുറക്കാവൂ
എന്ന് എത്ര വേദനയോടെയായിരിക്കും
അതെഴുതിയിട്ടുണ്ടാവുക?
എത്ര സങ്കടത്തോടെയാവും അതു
നമ്മെ ഓർത്തിട്ടുണ്ടാവുക
സമരമായതിനാൽ
ഹർത്താലായതിനാൻ
നമുക്ക് വണ്ടിയൊന്നും കിട്ടിയില്ല
വാക്കുകളും കിട്ടിയില്ല
നേർത്ത പ്രതീക്ഷ മാത്രം മുന്നിൽ വന്നു നിന്നു
അതിന്റെ പുറത്തു കയറി
മരണത്തിന്റെ കൊടും തണുപ്പിലൂടെ
നാം ചെന്നു
ജീവിച്ചിരിപ്പില്ലാത്തവരുടെ
ചൂടുപിടിച്ച മണ്ണിൽ നിന്നു
ഒസ്യത്തിൽ ഉടൽ ഒന്നും ചെയ്യരുതെന്ന് സമാധാനമെഴുതി വെച്ചിട്ടുണ്ട്
അടക്കാനോ ദഹിപ്പിക്കാനോ പറ്റാതെ
വന്നവർ ചർച്ച തുടങ്ങിക്കഴിഞ്ഞു
ആരും നാം നിന്നപോലെ
തെങ്ങു ചാരിനിന്നില്ല
മുറ്റത്ത് വെറും നിലത്തിരുന്ന് കരഞ്ഞില്ല
രക്തക്കറയുടെ വിറയൽ ശ്രദ്ധിച്ചില്ല
സമാധാനത്തെ പുനർജ്ജീവിപ്പിക്കാൻ
ഒരു സൂചന ഒസ്യത്തിലുണ്ട്
ശിശുക്കളുടെ ഭാഷയിലാണതെഴുതി വെച്ചത്
നമ്മുടെ പാഠങ്ങളറിയാത്ത കുഞ്ഞുങ്ങൾക്കേ
അതു മനസ്സിലാകൂ
ചർച്ച കേൾക്കാത്ത,
നാം തെരഞ്ഞെടുത്ത് വായിൽ വെച്ചു കൊടുത്ത വാക്കുകൾ വിഴുങ്ങാത്ത
ഒരു തലമുറയ്ക്കേ അതു മനസ്സിലാവൂ.
- മുനീർ അഗ്രഗാമി

No comments:

Post a Comment