സിറിയയി ൽ ൽ നിന്നും ഒരു പെൺകുട്ടി വന്നു

സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
..........................................
അച്ഛന്റെ കൂടെ
സിറിയയി ൽ ൽ നിന്നും
ഒരു പെൺകുട്ടി വന്നു
പുരാണമോ വേദപുസ്തകമോ
കേൾപ്പിക്കാതെ
ഇതിഹാസങ്ങളോ
സംഹിതകളോ വായിപ്പിക്കാതെ
അച്ഛൻ കൊണ്ടുവന്ന പെൺകുട്ടി
അവൾക്കൊപ്പം നടന്നു
പുറത്തെ ലോകത്തെ കുറിച്ച്
അവൾ പറഞ്ഞു
വെള്ളം കോരുമ്പോൾ
കടൽ ജലത്തെ കുറിച്ച് പറഞ്ഞു
കുളിക്കുമ്പോൾ
അവൾ പാട്ടു പാടി
അവൾ മുടി ചീകാൻ പഠിപ്പിച്ചു
സോപ്പ് തേയ്ക്കാൻ പഠിപ്പിച്ചു
അവളുടെ
വാക്കുകളിലെ മഴ
ചലനത്തിലെ കാറ്റ്
ചന്തത്തിലെ സന്ധ്യ
ചിരിയിലെ ആകാശം
അടുക്കളയിലെ
പത്തായപ്പുറത്തിരുന്ന്
എല്ലാം നോക്കി നിന്നു
അവൾ നൃത്തം ചെയ്യുമ്പോൾ
വിരലുകളിൽ
ആയിരം കിളികളുടെ ചിറകുകൾ
സ്വതന്ത്ര്യം എന്ന വാക്ക്
അവൾ പൊതിയിൽ നിന്നും
എടുത്തു തന്നു
ഇതാ എന്റെ ജന്മദിന പലഹാരം
ഇതിന് നല്ല മധുരമാണ്.
മാർച്ച് എട്ട്
എന്റെ ജന്മദിനമാണ് .
മരിച്ചു പോയ അച്ഛന്റെ
വിരലിൽ തൂങ്ങി
ഇന്നും അവൾ വന്നു;
തുറന്നു വെച്ച
ഒരു ട്രേയിൽ നിന്ന്
ഒരു വാക്കെടുത്ത്
ഇന്നും അവൾ പറഞ്ഞു
ഇതാ ഈ മധുരം കഴിക്കൂ
എന്റെ ജന്മദിനമാണെന്നത്
മറന്നു അല്ലേ ?
മാർച്ച് 8
അവൾ ചിരിച്ചു പറഞ്ഞു
ചേച്ചീ, എന്റെ
വയസ്സു ചോദിക്കരുത് !
- മുനീർ അഗ്രഗാമി

No comments:

Post a Comment