പ്രണയപ്പ്രപഞ്ചം

പ്രണയപ്പ്രപഞ്ചം
..............................
ശൂന്യതയിൽ നിന്നും
പ്രപഞ്ചമുണ്ടായപോലെ
പ്രണയവുമുണ്ടായി
ഏതു സാഹചര്യമാണ്
ആ വലിയ പൊട്ടിത്തെറിയിലേക്ക്
നയിച്ചതെന്നറിയാത്ത പോലെ
ഉത്ഭവരഹസ്യമറിയാതെ
ഞാനും നീയും
രണ്ടു നക്ഷത്രങ്ങളെ പോലെ
വെളിച്ചം കൊണ്ടു കളിക്കുന്നു
നാം രണ്ടു ഭൂമികളെ പോലെ
ഇരുട്ടു കൊണ്ടും കളിക്കുന്നു
രണ്ട് ആകാശങ്ങളെ പോലെ
സംഭവിക്കുന്നതെല്ലാം കൊണ്ടും
കളിക്കുന്നു.
കളിക്കുമ്പോൾ കളി
നോക്കി നിൽക്കുന്നു
ചിലപ്പോൾ ഒരു ദിവസം തന്നെ എന്നിലൂടെ
ആറു ഋതുക്കളും കടന്നു പോകുന്നു
ചിലപ്പോൾ ഒരു വർഷം നിന്നിൽ
ഒരു ഋതു തീരാതെ തീരുന്നു
ചിലപ്പോൾ ഋതുക്കൾ
വരാൻ മടിക്കുന്ന ഒരു ഗോളമാകുന്നുഞാൻ
നീ അടുത്തെത്തുമ്പോൾ
ഏറ്റവും ലളിതമായ ഗണിതമുള്ള
ഒരു ചലനമാകും ഞാൻ
ചന്ദ്രനെ പോലെ
നിലാവിൽ നിന്നെ
ആമ്പൽ പൂവാക്കിക്കൊണ്ട്.
നീ അകലുമ്പോൾ
ഇനിയും കണ്ടെത്താത്ത
ഒരു ഗ്രഹമാണ് ഞാൻ
അതിൽ ജീവനുണ്ടോ എന്ന്
അന്വേഷിച്ചാലും ഉത്തരം കിട്ടില്ല
തൊട്ടടുത്തിരിക്കുമ്പോൾ തന്നെ
തമ്മിലറിയുന്ന മഹാകാലത്തിൽ
അകന്നകന്നു പോകുന്നു
അകന്നിരിക്കുമ്പോൾ
അളക്കാനാവാത്ത
അകലത്തിന്റെ അടുപ്പമായ്
കോസ്മിക് വെബ്ബിന്റെ ചരടുകൾ
നമ്മെ കെട്ടിയിടുന്നു
- മുനീർ അഗ്രഗാമി

No comments:

Post a Comment