ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു

ട്രൈബൽ ഹോസ്റ്റലിൽ ഒരു ചായ ബാക്കിയാവുന്നു
.........................................
സൂര്യനറിയാം,
അമ്മ ആദ്യം അവിടെയെത്തിയിട്ടുണ്ടെന്ന്.
അതുകൊണ്ട് സൂര്യൻ പതുക്കയേ വരൂ
കെട്ടിയിട്ട പാളയിൽ
സൂര്യൻ വെളിച്ചം നിറയ്ക്കാൻ നോക്കുമ്പോഴേക്ക്
അമ്മ അതിൽ വെള്ളം നിറച്ചിട്ടുണ്ടാകും
കപ്പി ഇരുട്ടത്തു നിന്നും
അമ്മയോട് വർത്താനം പറയും
ഒരു രാത്രി മുഴുവൻ
അമ്മയെ കാണാതെ അത്
ഇരുട്ടിൽ നിൽക്കുകയായിയിരുന്നു
ട്രൈബൽഹോസ്റ്റലിന്റെ ഇരുട്ടിൽ
അറ്റം കാണാത്ത ആഴം നോക്കി കിടന്ന
എന്റെ ഏകാന്തതയുടെ ഭാഷയിൽ
അമ്മയോടതു കരഞ്ഞു.
കിടന്നുരുണ്ടു
പടവുകളിലെ കാട്ടുചെടികളിൽ
നോട്ടം പൂഴ്ത്തി വിങ്ങി
എളുപ്പത്തിൽ അമ്മയ്ക്ക്
വെള്ളം കോരുവാൻ
ഓഫീസർമാർ എന്നെയിവിടെ
തൂക്കിയിട്ടതാണ്.
എന്നും കരയുമ്പോൾ
അതു കരച്ചിലായി തോന്നരുതേ
എന്നു പ്രാർത്ഥിച്ച് ,
കപ്പിയെ നോക്കാതെ
കയറിനറ്റത്ത് തുളുമ്പുന്ന
പച്ചവെള്ളത്തിന്റെ ചിരി അമ്മ അകത്തു കൊണ്ടുപോയി വെക്കും
വേദന മറന്ന്
കുഞ്ഞു പെങ്ങൾക്കിത്തിരി കൊടുത്തിട്ടുണ്ടാവും
വിശപ്പ് മാറുവോളം അമ്മ കുടിച്ചിട്ടുണ്ടാവും
സൂര്യനപ്പോൾ മുറ്റത്തു വന്ന്
അമ്മയെ കാട്ടിലേക്ക് വിളിക്കും
കാട്ടുകിഴങ്ങുകൾ
അമ്മയെ കാണാതെ ഒളിച്ചിരിക്കും
കുഴിച്ചു കുഴിച്ച്
അമ്മ സങ്കടങ്ങളെ അതിൽ അടക്കം ചെയ്യാൻ
തുടങ്ങുമ്പോൾ
കാട്ടുചോലകൾ വറ്റിയ വഴിയിൽ
ഒരാന...
ജലം തിരഞ്ഞ്,
തിരഞ്ഞ്,
തിരഞ്ഞ്
അമ്മയുടെ കണ്ണുകൾ കാണും
പുഴയെന്ന തോന്നലിൽ
അച്ഛനെ കൊന്ന കൊമ്പൻ
അമ്മയെ പിന്തുടരും.
അന്നേരം അമ്മയെന്നെ വിളിക്കും
എന്നെ മാത്രം വിളിക്കും
ആ വിളിയിലെന്റെ
പുലരി പുലരില്ല
പകലുകെട്ടുപോകും
മെസ്സിലെ ചേച്ചീ,
ചേച്ചീ
എനിക്കിന്നു ചായ വേണ്ട
വേണ്ട.
-മുനീർ അഗ്രഗാമി

No comments:

Post a Comment