അളവുപാത്രം

അളവുപാത്രം 
............................

ഞാൻ സംസാരിക്കുമ്പോൾ
എഴുതുമ്പോൾ
അക്ഷരങ്ങളും
ഉച്ചാരണങ്ങളും
ഒരാൾ പെറുക്കിയെടുത്ത്
അയാളുടെ അളവു പാത്രത്തിലിട്ട്
കുലുക്കി
തെറ്റി
തെറ്റീ എന്നു കരഞ്ഞ്
ആളെ കൂട്ടി .
അയാൾക്കൊപ്പം
മലവെള്ളം പോലെ
ആളുകളിളകി
അയാളുടെ കുപ്പായം
എനിക്കു ചേരില്ല
അയാളുടെ ചെരിപ്പ്
എനിക്ക് പാകമല്ല
അയാൾ എനിക്ക് തുല്യനല്ല
അയാളുടെ ഭാഷ
എന്റെ ഭാഷയല്ല
എന്റെയും അയാളുടേയും
ഭാഷയ്ക്ക്
ഇപ്പോൾ ഒരേ ലിപി
ഒരേ ഉച്ചാരണമല്ല
ഒരേ അർത്ഥമല്ല
ഒരേ താളമല്ല
അയാൾ പറവയെന്ന്
മറ്റൊരാൾ പക്ഷിയെന്ന്
ഞങ്ങളുടെ കിളിയെ
വിളിച്ച്
അവമാനിച്ചു കളഞ്ഞു.
പുരുഷോ
അവമാനിച്ചു കളഞ്ഞു!
ഞങ്ങളതിനെ വീട്ടിൽ വിളിക്കുന്ന
കൂരിയാത്തയെന്ന പേരു പോലും
അയാൾക്കറിയില്ല
അതിന് ഞാനൊന്നും പറഞ്ഞില്ല
പറയുകയുമില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment