മറ്റൊരിടം
.....................................
കാസറഗോഡു നിന്നും
'പി' എത്തിയ പോലെ
എത്ര നടന്നിട്ടും പട്ടാമ്പിയിലെത്തിയില്ല
വാക്കുകൾക്കൊപ്പം
പലവട്ടം നടന്നിട്ടും
'പി 'യിലെത്താത്തതുപോലെ
വാക്കുകളിൽ കയറിയിരുന്നിട്ടും
നിളാതടത്തിലെത്തിയില്ല
കവി (ത)യുടെ കാലുകൾ കാട്ടിലേക്ക്
കൊണ്ടുപോയി
കാടിന്റെ ഏകാന്തതയിലിരുന്നു
മരങ്ങളുടെ ഏകാഗ്രതയിൽ നിന്ന്
ഒരു കുരങ്ങനൊപ്പം നടന്നു
വിശന്ന് നാട്ടിലെത്തി
അന്നത്തിനു വേണ്ടി
അവൻ നടന്നവഴിയേ നടന്നു
അവന്റെ വിശപ്പു പോലെ
വിശാലമായ മൈതാനത്ത് അവൻ നിന്നു
ദൂരെ നിന്ന് അവനെ നോക്കി നിന്നു
മറ്റെങ്ങും പോകാൻ തോന്നിയില്ല
ഇപ്പോൾ കുരങ്ങന്റ
ഏകാന്തതയാണ് മൈതാനം
ഒരു മരച്ചുവട്ടിലിരുന്ന്
അവനെയും അവന്റെ വിശാലമായ
ഏകാന്തതയും ഒറ്റപ്പെടലും
ഉള്ളിലെടുത്തു വെച്ചു
എന്റെ ഏകാന്തതയ്ക്ക്
ഇത്ര വലുപ്പമില്ല
എന്റെ വിശപ്പിന്
ഇത്ര നീളമില്ല
പെട്ടെന്ന് കുരങ്ങന്റെ ഏകാന്തതയിൽ
ഒരു കാക്ക വിരുന്നു വന്നു
കുരങ്ങന്റെ ഏകാന്തത
കാക്കയുടെ എകാന്തതയ്ക്കെന്തു കൊടുക്കും ?
കാക്കയ്ക്കൊപ്പം
പറന്നു
ഇരുട്ടാവുന്നു
കൂരിരുട്ടിന്റെ ചില്ലകൾ
വളരാൻ തുടങ്ങിയാൽ
ഇനി വൈലോപ്പിളളിയിലും
എത്തില്ല
കാക്കേ ചേക്കേറുക,
നിനക്കൊപ്പം
ഇന്നു ഞാനുമുണ്ട്.
- മുനീർ അഗ്രഗാമി

No comments:

Post a Comment