ഈസ്റ്റർ

ഈസ്റ്റർ
..........................................................................
ഒരീസ്റ്ററിന്
വളരെ ദിവസം മുമ്പ്
അശരണരുടേയും
നിരാലംബരുടേയും
ഇടയിൽ പ്രവർത്തിക്കവേ
ദേഹമാസകലം വെട്ടുകളേറ്റ്
നീ തെരുവിൽ കിടന്നു പിടഞ്ഞു
മറ്റൊരീസ്റ്റർ കഴിഞ്ഞ്
പകലുകൾ ചേർത്തുവെച്ച്
വെളിച്ചമെന്നെഴുതവേ
നീ വെടിയുണ്ടയേറ്റു വീണു
വേറൊരീസ്റ്ററിനെ കാത്തു നിൽക്കവേ
ബോംബാഗ്നിയിൽ
നിന്നെ കാണാതായി
നീയെവിടെ
നീയെവിടെയെന്ന് ,
ഈ ഈസ്റ്ററിന്
നിന്നെ കുറിച്ച് പലരും ചോദിച്ചു
പലവട്ടം പീഡിപ്പിക്കപ്പെടുകയും
കൊല്ലപ്പെടുകയും ചെയ്ത
നിന്നെ കുറിച്ചു പറയുക മാത്രം ചെയ്തു.
മറ്റു പേരുകളിലും
മറ്റു ഭാഷകളിലും
മറ്റു ദേശങ്ങളിലും
കൊല്ലപ്പെട്ട നിന്നെ ഓർത്ത്
ഞാൻ ദു:ഖിക്കുന്നു
പീഡാനുഭവങ്ങളുടെ
നൂറ്റാണ്ടുകളുടെ മുറിവിൽ
നിന്റെ ചോരച്ചാലുകൾ
നദികളായി
ഇവിടെ രൂപം മാറിയ കുരിശിൽ
നിന്നെ വീണ്ടും തറയ്ക്കുന്നു
അവസാനമില്ലാത്ത ആണികളിൽ
ഇപ്പോൾ ബൈബിളിൽ
ഞാനിങ്ങനെ വായിക്കുന്നു:
ഭൂമിയിൽ സമാധാനം സ്ഥാപിക്കുന്നവരാരോ
അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും
അഭയാർത്ഥികളുടെ കരച്ചിലിനിടയിലെ
എന്റെ വായന
ആരും കേട്ടില്ല.
പെട്ടെന്ന്, മിസൈൽ പതിച്ചു തകർന്ന
കെട്ടിടത്തിനടിയിൽ നിന്ന്
എന്റെ പ്രാർത്ഥന പുകഞ്ഞുകൊണ്ടിരുന്നു.
നിന്റെ കരച്ചിലിപ്പോൾ
ഉച്ചത്തിലായി
മറ്റൊരു കാലത്തും ഇല്ലാത്ത വിധം
-മുനീർ അഗ്രഗാമി

No comments:

Post a Comment