എൻ്റെ നഗരം എൻ്റെ ഗ്രാമത്തെ ഓർക്കുന്നു

എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
...........................................................
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു.
എൻ്റെ സ്വർണ്ണപ്പല്ല്
എൻ്റെ പാൽപ്പല്ലിനെ
ഓർക്കുമ്പോലെ
എൻ്റെ മാളിക
എൻ്റെ കട്ടപ്പുരയെ ഓർക്കുമ്പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
അക്രമാസക്തരായ നായ്ക്കൾ
സ്നേഹനിധികളായ നായ്ക്കളെ
സ്വപ്നം കാണുമ്പോലെ
തിരക്കേറിയ രാജ പാത
ഒറ്റയടിപ്പാതയെ കുറിച്ച്
വിചാരിക്കുമ്പോലെ
എൻ്റെ മുറ്റത്ത് പാകിയ കരിങ്കല്ല്
കൂർമ്പൻമലയെ ഓർത്ത്
കരയുമ്പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
ഓർമ്മ മാത്രമാണ്
ഇപ്പോൾ
എൻ്റെ ഗ്രാമത്തിലേക്കുള്ള വഴി.
ഞാനത് മറന്നിരിക്കുന്നു
എൻ്റെ നഗരം
എനിക്കതു പറഞ്ഞു തരികയാണ്
സ്വർണ്ണം പൂശിയ വിഗ്രഹം
തൻ്റെ എണ്ണക്കറുപ്പ്
ഓർത്തെടുക്കുമ്പോലെ
പ്രയാസപ്പെട്ട്
ഞാൻ എൻ്റെ തൊലിയുരിക്കുന്നു
ഒരിഴജീവിയായെങ്കിലും
കുളപ്പടവിലൂടെ
ഒന്നു പോകണം
ഒരു കൊറ്റിയായി
വയൽ വരമ്പിൽ
നിന്നെ കാത്ത് നിൽക്കണം
ചെമ്മൺ പാതയുടെ തണുപ്പിൽ
ഒരു മുയൽ ക്കുഞ്ഞിനെ പോലെ
ഓടണം
സ്കൂൾ വരാന്തയിലൂടെ ഒരു വാലാട്ടി ക്കിളിയായി
നടക്കണം
എൻ്റെ വെളുത്ത മുടിയിഴകൾ
കറുത്ത മുടിയിഴകളെ ഓർക്കുന്നു
നഗരം ഗ്രാമത്തെ ഓർക്കുമ്പോലെ
എൻ്റെ കൺതടത്തിലെ ചുളിവുകൾ
നിൻ്റെ കൺതടത്തിൻ്റെ
മിനുസമോർക്കുമ്പോലെ
കിടന്ന കിടപ്പിൽ
മരുന്നിൻ്റെ മണം
കുതിച്ചോടിയ
ചെമ്പക സുഗന്ധത്തെ യെന്ന പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
എന്നിലെ നഗരം
എന്നിലെ ഗ്രാമത്തിലെത്താൻ
ശ്രമിക്കുന്നു
ഓർമ്മ മാത്രമാണ്
ഇപ്പോൾ
എൻ്റെ ഗ്രാമത്തിലേക്കുള്ള വഴി.
-മുനീർ അഗ്രഗാമി

No comments:

Post a Comment