ഭാഷകൾ

ഭാഷകൾ
......... .....
മഴയുടെ ഭാഷയെവിടെ ?
പുഴയുടേത് ? കിണറിൻ്റേത് ?
...
വറ്റിപ്പോയ ഭാഷണം
ഞങ്ങളെ അപരിചിതരാക്കുന്നു.
തമ്മിലറിയുമായിരുന്ന
വാക്കുകളെവിടെ ?
കൈക്കുമ്പിളിൽ തുളുമ്പിയ താളമെവിടെ ?
പാളയിൽ തുള്ളിയ കളിമ്പമെവിടെ ?

കൈതക്കാട്ടിലൂടെ
ഇഴഞ്ഞു പോയ
രഹസ്യമൊഴിയെവിടെ ?
മഴയുമായി സംഭാഷണത്തിലേർപ്പെട്ട
അവസാനത്തെയാളുടെ മക്കൾ
ഇപ്പോൾ വേനലിൻ്റെ ഭാഷ പഠിക്കയാണ് .

ആദ്യത്തെ തുള്ളിയിൽ
അ എന്നെഴുതി
അമ്പത്തൊന്നാമത്തെ തുള്ളിയിലൂടെ കരഞ്ഞ്
ഒഴുകിയാലും
മഴയുടെ അക്ഷരങ്ങൾ
അവർ പഠിക്കുമോ ?

മൃതഭാഷയിൽ
മഴ സസ്യങ്ങളുടെ ,
പുല്ലു ക ളു ടെ പേരെഴുതുന്നു
അവ തിരിച്ചറിയാതെ
എൻ്റെ പുതിയ ഭാഷ
മഴയുടെ ഭാഷ മറക്കുന്നു .


-മുനീർ അഗ്രഗാമി

No comments:

Post a Comment