ഒലീവലയും കൊണ്ട് ഒരു പരുന്ത്

ഒലീവലയും കൊണ്ട്
ഒരു പരുന്ത്
.........................
ആരും ഒന്നും മിണ്ടിയില്ല
മൗനം അവർക്കു മുകളിൽ
തണുത്തുറഞ്ഞു
മഞ്ഞുകാലമായി
ശവക്കച്ച പോലെ
മഞ്ഞു പെയ്തു കൊണ്ടിരുന്നു.
അതിർത്തിയിൽ നിന്ന്
ഒലീവലയും കൊണ്ട്
ഒരു പരുന്ത് പറന്നു വന്നു,
തലസ്ഥാനത്തിരുന്നു
സമാധാനത്തെ കുറിച്ച്
സംസാരിച്ചു
വെള്ള പുതച്ചു കിടക്കുന്ന രാജ്യം
ചരമഗാനം പോലെ അതു കേട്ടു
പക്ഷേ
പ്രതീക്ഷയുടെ ഒരില
മഞ്ഞിനുമുകളിൽ ഉയർന്ന്
സൂര്യനെ വിളിച്ചു പറഞ്ഞു ,
പ്രണയിക്കുന്നവരുടെ
നിശ്വാസത്തിൻ്റെ ചൂടിനാൽ
മഞ്ഞുരുകിയേക്കും;
ജീവിതം ചലിച്ചേക്കും
പണമല്ല അവരുടെ
കൈമാറ്റ വ്യവസ്ഥയുടെ ഏകകം
ചുംബനം കൊടുത്ത്
ചുംബനം വാങ്ങുന്ന
ആദിമ വിനിമയമാണത്
ആരും ഒന്നും മിണ്ടിയില്ല
ചുണ്ടുകൾ വിറച്ചു .
പ്രിയമുള്ളൊരു വാക്കിനാൽ
പൂത്തുലയുന്ന പ്രണയിനിയെ പോലെ
രാജ്യം
മാലാഖയുടെ വസ്ത്രമണിഞ്ഞ്
മഞ്ഞുകാലമാഘോഷിക്കുവാൻ
കാത്തിരുന്നു
അതിൻ്റെ കണ്ണിൽ നിന്നും
ഒരു മഞ്ഞുതുള്ളി
ജാതിയറിയാത്ത
മതേതരമായ പുൽക്കൊടിയിലേക്ക്
ഇറ്റി വീണു
അതിലാണ് നാളെ സൂര്യനുദിക്കുക
എല്ലാവരുമപ്പോൾ
പ്രകാശത്തെ കുറിച്ച്
സംസാരിച്ചു തുടങ്ങും
- മുനീർ അഗ്രഗാമി

No comments:

Post a Comment