പടക്കശാല

പടക്കശാല
......................
അപ്പോൾ ഞാൻ
പൂവുള്ള ഒരു മരമായിരുന്നു
നിൻ്റെ വിരലുകൾ കാറ്റും .
എ ടി എമ്മിനെ കുറിച്ചോ
പേട്ടി എമ്മിനെ കുറിച്ചോ ഓർക്കാതെ
ഒരു വസന്തം പെയ്യുകയായിരുന്നു
സിനിമാ ഹാളിൽ പോകാൻ
പണമില്ലാത്തതിനാൽ
ദേശീയ ഗാനം നാം കേട്ടു പഠിച്ചിരുന്നില്ല
സ്കൂളിൽ ചേരാതെ
ജോലി ചെയ്യേണ്ടി വന്നതിനാൽ
കോവപ്പടക്കങ്ങളുടെ
അച്ചടക്കമല്ലാതെ മറ്റൊന്നും
അറിയുമായിരുന്നില്ല
തിരിച്ചറിവുണ്ടായതു മുതൽ
നമ്മുടെ രാജ്യം
പടക്കനിർമ്മാണ ശാലയാണ്
എന്നിട്ടും
അപായത്തിൻ്റെ ആധികളിൽ
ഉണങ്ങിപ്പോകാതെ
നാം ആർദ്രത കാത്തു വെക്കുന്നു.
എല്ലാ വിസ്ഫോടനങ്ങളും തകർക്കുന്ന
ഒരു മഞ്ഞുതുള്ളിയായി.
- മുനീർ അഗ്രഗാമി

No comments:

Post a Comment