ജലകവിതകൾ
--------------
സൗഹൃദം
................
സുഹൃത്തായി അടുത്തുകൂടെ 
ഒഴുകിയിരുന്ന നദികൾ
വറ്റിയിട്ടും
 ഫേസ്ബുക്കിലും വാട്സാപ്പിലും വന്നു
പഴയ ഓർമ്മകൾ ഷെയർ ചെയ്യുന്നു .
ചേച്ചി
........
കുളിരിന്റെ തുള്ളികൾ തന്നു
ഓർമ്മയിലൂടെ ഒഴുകിപ്പോയ
ചേച്ചിയാണ് തുലാവർഷം
കണ്ണീരു തീർന്നുപോയിട്ടാവും
ഇക്കുറി കണ്ടതേയില്ല .
തമ്മിൽ
........
പ്രഭാതത്തിൽ രണ്ടു മഞ്ഞു തുള്ളികൾ
തമ്മിൽ സംസാരിച്ചു
ചുംബിച്ചു
ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഇലയിറങ്ങി
മണ്ണിന്റെ രഹസ്യത്തിലെവിടെയോ
ഒളിച്ചിരുന്നു.
ദൈവം
.......
മഴത്തുകളിലൂടെ
ദൈവം ഭൂമിയിൽ വന്നു
എന്റെവേരുകളിലൂടെ
ഹൃദയത്തിലെത്തി
നിന്നെക്കുറിച്ചു
സംസാരിച്ചുകൊണ്ടിരുന്നു .
ഓളം
.......
കടലിനോളം പഴയ
ഒരോളം എന്നിൽ തിരയടിക്കുന്നു
നിന്നെ തിരഞ്ഞ് .
ഏതോ മരുഭൂമിയിൽ
........................
കുളപ്പടവിൽ
കുട്ടിക്കാലം വെച്ചുമറന്ന
ഒരു തുള്ളിയുടെ നഷ്ടം
നികത്താനാവാതെ
മുതിർന്നു പെയ്യുന്നു
ഞാനേതോ മരുഭൂമിയിൽ .
ഇരകൾ
.........
അണക്കെട്ടിൽ മുങ്ങിമരിച്ച
മരങ്ങൾ മീനുകളായി
ഇപ്പോഴും ഇരവിഴുങ്ങി ചൂണ്ടലിൽ കുടുങ്ങുന്നു
ഇരകൾക്ക് മരണമില്ല
ചേർത്ത്
...........
ഒരേമഴയിൽ നടക്കുമ്പോൾ
ഒരു കുളിരു നമ്മെ ചേർത്ത് പിടിക്കുന്നു
വേദനകൾ കഴുകിക്കളയുന്നു
പ്രണയപൂർവ്വം
.....................
കടൽ മലകളെ തൊട്ടുനോക്കുന്ന
കൈകളാണ് പുഴകൾ
ആ കൈകൾ വെട്ടിക്കളയല്ലേ
പ്രണയിക്കുമ്പോൾ
ഉപ്പോ ചവർപ്പോ
ആരും പുറത്തു കാണിക്കില്ല .
രഹസ്യം
...........
ഇലത്തുമ്പിൽ
ഒരു മുടിത്തുമ്പുണ്ട്
വേരുകളിലേക്ക്
ഇറങ്ങിപ്പോകുന്ന
ഒരുതുള്ളിയും

No comments:

Post a Comment