നവംബറിൻ്റെ നഷ്ടം

നവംബറിൻ്റെ നഷ്ടം
........................................
നവംബർ
തൻ്റെ നഷ്ടം തിരഞ്ഞിറങ്ങി
യാതൊരു വിലയുമില്ലാതെ
മക്കൾ അസാധുവാക്കിയ
അച്ഛനമ്മമാരെ കണ്ടുമുട്ടി
മൂല്യങ്ങൾ കൊഴിഞ്ഞ് ,
ഉണങ്ങിയ
വലിയ വൃക്ഷം കണ്ടു
അതിനെ സംസ്കാരമെന്നു വിളിച്ചു
അതിൽ
കടവാതിലുകളെ പോലെ
കുറേ പേർ തൂങ്ങിക്കിടക്കുന്നു
രാത്രിയിൽ ചിറകുവിരിച്ച് പറക്കുന്ന
മോഹങ്ങളാണവ
നടന്നു നടന്ന്
ഡിസംബറിലെത്തും മുമ്പ്,
നഷ്ടപ്പെട്ട മഴവെള്ളം
സ്വപ്നം കാണാനുറങ്ങ,ി
ഉണർന്നപ്പോൾ
പണം അസാധുവായിരിക്കുന്നു;
സ്നേഹം മാത്രം ബാക്കിയായി.
സ്വപനത്തിൻ്റെ വിരലുകൊണ്ട്
സ്നേഹമെടുത്ത്
മക്കൾക്ക് കൊടുക്കാനായ് നടന്നു
നഷ്ടങ്ങൾ മാത്രം കാലിൽ ചുറ്റി
വീണു
ഒരില പോലെ.
അതിനു മുകളിൽ ഡിസംബർ
രണ്ടു മഞ്ഞുതുള്ളിയുമായ് പൊള്ളിനിന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment