സ്വപ്നവും വ്യാഖ്യാനവും

സ്വപ്നവും വ്യാഖ്യാനവും
.....................
ഒരു പർവ്വതം പറന്നു പോകുന്നത്
സ്വപ്നം കണ്ടു
മരുഭൂമിയിൽ അത് പറന്നിറങ്ങി
അതിലെ മരങ്ങൾ മഴ കൊണ്ടുവന്നു
ഒരു നദി ഇറങ്ങി വന്നു
മണൽത്തരികൾ അതു
കുടിച്ചു കളഞ്ഞു
അയാളുടെ കണ്ണുകൾ മാത്രം
നിറഞ്ഞു കവിഞ്ഞു
അയാൾ
മകനെ കുറിച്ച് ഓർത്തു
കിടന്നതായിരുന്നു
അവനു ചിറകു പണിയുവാൻ ഏൽപിച്ചവർ
അവനിലെ മരങ്ങൾ അറുത്തുമാറ്റും
ഒരു സ്വപ്നത്തിൻ്റെ സാദ്ധ്യത കുത്തിക്കെടുത്തും
മഴക്കോള് കാണുമ്പോഴേ അവനെ
കോട്ടണിയിക്കും
മരങ്ങളില്ലാത്ത ദേശം
ജീവിതം തരുമ്പോൾ
ഉള്ളിലെ മരങ്ങളിൽ
കിളിയായി ജീവിക്കുവാൻ ചിറകുമാത്രം പോരാ.
അയാൾ വീണ്ടും സ്വപനം കണ്ടു
പറന്നു പോകുന്ന ഒരു മരുഭൂമി
ആ സ്വപ്നം അയാൾ വ്യാഖ്യാനിച്ചില്ല
അത് തൻ്റെ മകനായിരിക്കരുതേ
എന്നു പ്രാർത്ഥിക്കുക മാത്രം ചെയ്തു .
- മുനീർ അഗ്രഗാമി

No comments:

Post a Comment