വീണു ലയിച്ച ഇതളുകൾ

വീണു ലയിച്ച ഇതളുകൾ
.........................................
മരണത്തിൻ്റെ ഇതളുകൾ
അത്ര എളുപ്പം മണ്ണിൽ ലയിക്കില്ല
ഓർമ്മയുടെ തുള്ളികൾ പോലെ
അവ ഓരോന്നായി കൊഴിഞ്ഞു വീഴും
വിതുമ്പിയും വിങ്ങിയും
ഓരോ കാറ്റിലും വിറയ്ക്കും
ഉമ്മ(അമ്മ)
ഒരു തുമ്പപ്പൂവ്
അതിനെ ചുറ്റി
എൻ്റെ നിറങ്ങൾ;
ചുറ്റും
മറ്റാരും കാണാത്ത
ഏൻ്റെ പൂക്കളം
വാപ്പ (അച്ഛൻ )
ഒരരിപ്പൂവ്
മഞ്ഞയിൽ നിന്ന് ചുവപ്പിലേക്ക്
ആളുന്ന ജ്വാല
കാറ്റിളക്കുന്ന സായം സന്ധ്യ
സ്നേഹക്കടലല
അതിൻ്റെ തിരകൾക്കടിയിൽ
ഞാനെന്നും ധൈര്യമേറിയ പരൽമീൻ.
ഉമ്മാമ ( വല്യമ്മ), മഴവില്ലിൽ പൂത്തുനിൽക്കുന്ന ചെമ്പകം
തീരാത്ത കഥകളുടെ കണികകളാൽ
വെളിച്ചം ഇതളുപണിയുന്ന
വിസ്മയാരാമം
സുഗന്ധം നിറഞ്ഞ ആകാശം
കാല്പനികമായ മണം
മരണം അത്ര എളുപ്പത്തിൽ
മണ്ണിൽ ലയിക്കില്ല
ലയിക്കണമെങ്കിൽ
ഞാൻ മണ്ണാകണം
പെട്ടെന്ന് ഞാൻ മണ്ണാകുന്നു
സങ്കടങ്ങളുടെ മഹാശയ്യയിൽ
മലർന്നു കിടക്കുന്നു
മരിച്ചവരൂടെ ഇതളുകൾ
എന്നിൽ വീഴുന്നു
ലയിക്കുന്നു
അത് ഭുതം സംഭവിക്കുന്നു!
എൻ്റെ മണ്ണിൽ നിന്നും
ഞാനുണരുന്നു
ആദിമ മനുഷ്യനെ പോലെ
നിന്നെ തിരയുന്നു
എൻ്റെ വാക്കുകൾ
നിന്നെ തേടി പറക്കുന്നു
അതിനിരിക്കുവാൻ
പൂക്കൾ നിറഞ്ഞ
ഒരു ചില്ല വേണം
എന്നിൽ വീണു ലയിച്ച ഇതളുകളുടെ
ആർദ്രത വറ്റിയിട്ടില്ല
നിനക്കു വേണ്ടി
അതെൻ്റെ കണ്ണുകളിൽ
വീടുണ്ടാക്കുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment