എല്ലാ വണ്ടിയിലും

ഈ നഗരത്തിലേക്ക് കുതിച്ചു വരുന്ന
എല്ലാ വണ്ടിയിലും നീയുണ്ട്
ഈ നഗരത്തിലേക്ക്
ഓടിയെത്തുന്ന എല്ലാ കാറ്റിലും
പെയ്തിറങ്ങുന്ന എല്ലാ മഴയിലും
നീയുണ്ട്

അതു കൊണ്ടു മാത്രം
എല്ലാ വാതിലുകളും തുറന്നിട്ട്
അലയുന്ന വീടാണ് ഞാൻ
ഓരോ നഗരച്ചൂടിൽ നിന്നും
ഓരോ ചൂരിൽ നിന്നും രക്ഷപ്പെട്ട്
നീയതിൽ കയറിയിരിക്കുന്നു
അപ്പോൾ എൻ്റെ അകം ജീവനുള്ളതാകുന്നു
പുറം,
പൂവുകൾ വിടരുന്നതാകുന്നു
നിൻ്റെ ഉടലിൽ മാത്രമല്ലല്ലോ
നീയുള്ളത്
എൻ്റെ ഉടലിൽ മാത്രമല്ലല്ലോ
ഞാനുള്ളത്.
നഗരം ചേർത്തടച്ച ജനാലകൾ
നീ തുറന്നിടുന്നു
അതിലൂടെ സൂര്യൻ അകത്തേക്കിറങ്ങി വരുന്നു
അകം തെളിയുന്നു
അകക്കണ്ണിൽ പകലു പിറക്കുന്നു
നെല്ലോലത്തലപ്പിലൂടെ ഒരു കാറ്റ്
നടന്നു പോകുന്നു
ഞാനും നീയുമതു നോക്കി നിൽക്കുന്നു.
- മുനീർ അഗ്രഗാമി

കല്പന പോലെ

അധികാരത്തിനു്
ഒരു ഭാഷയേയുള്ളൂ
കല്പനയിൽ ആയുധം കൊണ്ട്
അതെഴുതുന്നു
വരികൾക്കിടയിലെ
ഒഴിഞ്ഞ ഇടങ്ങളിലൂടെ
പ്രജകൾ പരുക്കില്ലാതെ
നടക്കാൻ പഠിക്കണം
മുതലാളിത്തം പണ്ട്
കറുത്ത ലിപികളിലെഴുതിയവ
കമ്യൂണിസമിപ്പോൾ
ചുവന്ന ലിപികളിൽ എഴുതുന്നു
എന്ന വ്യത്യാസം മാത്രം .
അതു കൊണ്ട്
ഭൂമി ആരുടേതാണെന്ന്
ചോദിക്കരുത് ;
കല്പന പോലെ
എന്നേ ഉത്തരം കിട്ടൂ
ജലം പോലെ സുതാര്യമായ മനസ്സുണ്ടെങ്കിൽ മാത്രം
സമരം ചെയ്യുക,
മലവെള്ളം പോലെ
മഷി അപ്പാടെ മയ യ്ക്കുവാൻ
അപ്പോഴേ കഴിയൂ.
- മുനീർ അഗ്രഗാമി

കാറ്റിനോളം

കാറ്റിനോളം നല്ല
ഹംസമില്ല
പച്ചയായ് ജീവിച്ചപ്പോൾ
തമ്മിൽ തൊടാനാവാതെ നിന്ന
ഇലകളെ
കരിയിലകളാവുമ്പോഴെങ്കിലും
അതു ചേർത്തുവെക്കുന്നല്ലോ!
- മുനീർ അഗ്രഗാമി

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ
............................................
മാവേലി നഗരത്തിൽ വന്നു
നോട്ടീസു കണ്ടു,
സാഹിത്യ മേളയെന്നോർത്തു
കയറിച്ചെന്നു
ആശ്രമമെന്നു കണ്ടു
തിരിച്ചു പോന്നു
'സദ് ഗുരു 'സന്യാസി തൻ
അനുഗ്രഹ പ്രഭാഷണം കേട്ടു
ആശ്രമമൃഗങ്ങളിൽ ഹിംസയില്ല
മാനും പുലിയുമൊരേ വേദിയിൽ
അതിൻ്റെ പല്ലും നഖവുമെവിടെപ്പോയ് ?

മാനുഷരെല്ലാരുമൊന്നുപോലെന്ന തോന്നലിൽ ചെന്നു
കള്ളവും ചതിയുമില്ലെന്നറിഞ്ഞു ചെന്നു
പുസ്തകച്ചന്തയും കണ്ടു
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മുകളിൽ
കള്ളൻ്റെ ആത്മകഥയിരിക്കുന്നു
മൂലധനത്തിനു മുകളിൽ
മൂലാധാരം
ഗീതയ്ക്ക് മുകളിൽ ആൾദൈവം
നളിനിക്കു മുകളിൽ നളിനി ജമീല
അട്ടിയട്ടിയായിരിക്കുന്നു...
*************
വാമനർ പലരുണ്ട്
പല വഴി വരുന്നു
പുസ്തകത്തിലൂടെ
പ്രഭാഷണത്തിലൂടെ
ഭക്ഷണത്തിലൂടെയും
മൂന്നടി ചോദിക്കാതെ തന്നെ
എടുക്കുന്നു
ഒന്നാ മടിയ്ക്ക് മനസ്സു മുഴുവൻ
രണ്ടാമടിയ്ക്കു ഉടലുമുയിരും
മൂന്നാമടിയ്ക്ക്
പാതാളവും
രക്ഷയില്ല
ആൾക്കൂട്ടത്തിൽ അജ്ഞാതനായി നിന്നു
കടൽക്കാറ്റിൻ്റെ പ്രഭാഷണം കേട്ടു
അപ്പോൾ സമരം നിർത്താതെ
കടൽത്തിര പറഞ്ഞു
മൂന്നടി ,
അടിയായ്
ചോദിച്ചപ്പോഴേ
കൊടുക്കേണ്ടതായിരുന്നു!
- മുനീർ അഗ്രഗാമി

ഈ രാത്രിയോളം വലിയ മഹാനദി മറ്റേതുണ്ട്?

നാം മുങ്ങി നിവർന്ന
ഈ രാത്രിയോളം വലിയ
മഹാനദി മറ്റേതുണ്ട്?
നമ്മെ ചേർത്തുനിർത്തിയ
ഈ നിമിഷത്തിനോളം വലിയ
കുളിരേതുണ്ട്?

ജലരാശിയിൽ മിന്നി മറയുന്ന
മീൻ കണ്ണുകൾ നക്ഷത്രങ്ങൾ!
നമ്മെ ചുറ്റിനിന്ന
മഹാപ്രവാഹം സ്നേഹം
നീ അടുത്തു നിൽക്കൂ
നിമിഷങ്ങൾ സെൽഫിയെടുക്കുന്നു
ചേർന്നു നിൽക്കൂ
ഒരു പുഴയിൽ മാത്രമല്ല
ഒരു രാത്രിയിലും
ഒറ്റത്തവണ മാത്രമേ
ഇറങ്ങാൻ പറ്റൂ
നിലാവിൻ്റെ ഫ്ലാഷ് ലൈറ്റിൽ
നാം പകലറിയാത്ത
രണ്ടു നീർപ്പക്ഷികളായ്
മുങ്ങി നിവരുന്നു.
- മുനീർ അഗ്രഗാമി

പൂവിൻറെ ഡയറിയിൽ

പൂവിൻ്റെ ഡയറിയിൽ
പുഴുവെങ്ങനെയായിരിക്കും?
ഒരു ഭീകരജീവിയല്ലാതെ !
എത്രയോ ലളിതമായ ആ വരവ്
ആയിരം പല്ലും നഖവുമുള്ള
ഇഴഞ്ഞു വരവല്ലാതെ
മറ്റെന്താവാനാണ്!

ആരൊക്കെയോ അടുത്ത് വരുന്നു,
വർണ്ണാഭയുടുത്ത്
അത്രയും സൗമ്യമായ്
അത്രയും മൃദുലമായ്
പൂന്തോട്ടത്തിൻ്റെ അതിർത്തി രേഖകൾക്കകത്ത്
ഇലകൾ വിറയ്ക്കുന്നു
അവയുടെ വിരലുകൾ
കാറ്റിൻ്റെ താളിൽ എഴുതുകയാണ്
ആൻ ഫ്രാങ്കിനെ പോലെ.
ഇലകളുടെ ഡയറിയിൽ
പുഴുവിനോളം നിസ്സാരനല്ലാത്തവർ
എന്തായിരിക്കും ?
ദൈവമേ
എന്തായിരിക്കും !


-മുനീർ അഗ്രഗാമി

haiku

https://www.facebook.com/photo.php?fbid=1283942325020813&set=a.650108041737581.1073741828.100002151726221&type=3

പുതിയ രക്തസാക്ഷികൾ

പുതിയ രക്തസാക്ഷികൾ
..........................................
ഓർമ്മകൾ പുതിയ രക്തസാക്ഷികളാണ്
നോക്കൂ ,സൂക്ഷിച്ച് നോക്കൂ ,
ഓർമ്മകൾ കൊല്ലപ്പെടുന്നു,
രക്ത സാക്ഷിയുടെ
ദീപ്തസ്മണകൾ പോലും
വെട്ടേറ്റും വെടിയേറ്റും
രക്തസാക്ഷികളാകുന്നു

കഥകളിൽ നിന്നും
കലണ്ടറിൽ നിന്നും
അവരുടെ സമയം
ആരോ മുറിച്ചു മാറ്റുന്നു
വീണ്ടും അവരെ കൊല്ലാൻ ശ്രമിക്കുന്നു
അവരുടെ ഭാഷ ,
അവർ നമ്മോട് സംസാരിച്ച മരണമില്ലാത്ത ഭാഷ
തകർക്കാൻ ശ്രമിക്കുന്നു
നമ്മുടെ സമയത്തിൽ
നമുക്ക് സമകാലീനരായി
അവർ കാലത്തിൻ്റെ
ഞരമ്പിലൂടെ നടക്കുകയായിരുന്നു.
അവരുടെ സ്വപ്നങ്ങൾ
കാലത്തിൻ്റെ ചുവന്ന
രക്താണുക്കളാണ്
ഓർമ്മകൾ കൊണ്ട്
നാമവ തൊടുമ്പോൾ
നമ്മുടെ രക്തകോശങ്ങളിൽ
അവർ വന്നിരിക്കുന്നു.
അവിടെ താമസിക്കുന്നു
അവശേഷിച്ച രക്തസാക്ഷികളുടെ
വേട്ടേറ്റു പിടയുന്ന ഓർമ്മകളും
വെടിയേറ്റു വീഴുന്ന ഓർമ്മകളും
രക്തസാക്ഷികളാകും മുമ്പ്
അവർ ബാക്കി വെച്ച സ്വപ്നമെടുത്ത്
അവയെ പരിചരിക്കുക!
എന്തെന്നാൽ
ബാക്കിയായ ഓർമ്മകളെ രക്ഷിക്കണം
നമ്മുടെ സ്വപ്നത്തിൻ്റെ തായ് വേര്
അവയിലാണ് ഉണർന്നിരിക്കുന്നത് .
- മുനീർ അഗ്രഗാമി

ഭൂതം

ഭൂതം
..........
പ്രച്ഛന്നവേഷം കെട്ടിയാടുന്ന
ഭൂതമാണ് ചരിത്രം
ശിലാലിഖിതമങ്ങനെ
പറഞ്ഞു തീരും മുമ്പേ
പെരുമ്പറക്കൊട്ടിനൊപ്പം
അത് കളിക്കുന്നു

അച്ചാച്ചനൊപ്പം നടന്ന കുളക്കോഴി
തവളക്കുഞ്ഞ്
ഉടുമ്പ്
പൂത്താങ്കീരി ഒന്നുമതിലില്ല
തുടികൊട്ടിപ്പാടിയ നേരങ്ങളിൽ
അകത്തു നടന്ന യുദ്ധം അതിലില്ല
അമ്മാമ്മ കോമാങ്ങ പുഴുങ്ങിത്തിന്ന
നേരങ്ങളില്ല
തെയ്യം
തിറ
കനലാട്ടം
കളിയാട്ടമെന്നിങ്ങനെ
ചെണ്ടക്കോലു പെരുക്കിയെഴുതിയ
രേഖകൾ
അച്ചാച്ചനെടുത്തു വെച്ചിട്ടുണ്ട്
വേഷങ്ങളെല്ലാം അഴിച്ചെടുക്കുമ്പോൾ
ഭൂതത്തിൽ അതു തെളിയും
ഒറ്റമുണ്ടുടുത്ത്
വയലിൽ തൂമ്പ കൊണ്ട്
അച്ചാച്ചൻ അതെഴുതും
നേല്ലോലകളതു വായിച്ച് വളരും
കരിങ്കണ്ണാ നിനക്കു വായിക്കാൻ
നോക്കുകുത്തി പോലെ
എല്ലാത്തിനും മുന്നിൽ
അരാണ് ചരിത്രം
കുത്തി നിർത്തിയത് ?
ഇപ്പോഴും അതങ്ങനെ നിൽക്കുന്നു
അച്ചാച്ചൻ ഇന്നില്ല
കുഴിച്ചെടുത്ത് വായിക്കുവാൻ
എല്ലു പോലും ബാക്കിയില്ല
- മുനീർ അഗ്രഗാമി

നാലു മണി കഴിയുമ്പോൾ

നാലു മണി കഴിയുമ്പോൾ
... .................... ............ ...
പറമ്പു തീരുന്നിടത്ത്
ഞണ്ടുകൾ
മാളം കൊണ്ടലങ്കരിച്ച
ഇടവഴി
അതുവഴി ഇറങ്ങിയോടുന്നൂ
മണ്ണിലൊളിച്ച മഴ

നാലുമണി കഴിയുന്നു
കളിക്കൂട്ടുകാരാവഴി
വീട്ടിലേക്കോടുന്നു
കയ്യിൽ
അട്ടിവെച്ച വയലുപോലെ പുസ്തകക്കെട്ട്‌
ഉച്ചസൂര്യനെ പോലെ
ചോറ്റുപാത്രം
മുന്നിൽ കുഞ്ഞുമീനുകൾ
ദേശാടനത്തിന്നക്ഷരമെഴുതി
മിന്നി മറയുന്നു
വിശപ്പുകളവ വായിച്ചു
കൈകോർത്ത്
കുതിച്ചു പായുന്നു
പെട്ടെന്നൊരു പെരുമഴ
പൂത്തു പൊഴിയുന്നു.
- മുനീർ അഗ്രഗാമി

രഹസ്യം തുന്നുന്നവർ

രഹസ്യം തുന്നുന്നവർ
...............................................
രണ്ടു പേർ ഒരുമിച്ചിരുന്ന്
ഒരു രഹസ്യം തുന്നുന്നു
ഇലകളിൽ വീണു കിടക്കുന്ന മൗനം
അവർക്കിടയിലേക്ക്
ഊർന്നു വീഴുന്നു

കാട്ടുവള്ളികൾ ചുറ്റിപ്പിടിച്ച മരം
അവർക്കടുത്തു നിന്ന്
തമ്മിൽ മുഖം ചേർക്കുന്ന
രണ്ടുറുമ്പുകളെ നോക്കുന്നു
കുറച്ചു കഴിഞ്ഞ്
രഹസ്യം പുതച്ച്
അവർ ആൾക്കൂട്ടത്തിലൂടെ നടന്നു പോകുന്നു
ഇലകളപ്പോൾ തർക്കത്തിലായിരിക്കും ,
ഒരു രഹസ്യം
രണ്ടു പേരെങ്ങനെയാണ്
കൊണ്ടു പോവുക ?
പച്ചില ചോദിക്കും
അതിനുത്തരമായ്
രണ്ടല്ലനേകം മഞ്ഞ ഇലകൾ
ഒരു കാറ്റിൽ പൊഴിഞ്ഞു വീഴും
രണ്ടു മഞ്ഞു തുള്ളികൾ അവയിൽ
വന്നിരിക്കും
അവ അതേ രഹസ്യം തുന്നാൻ തുടങ്ങും
മരം അതിൻ്റെ ഓർമ്മയിലിരുന്ന്
ചിറകു കുടയും
അതു കാണുവാൻ
അവർ തിരിച്ചു വരുമോ ?
അതേ രഹസ്യം പുതച്ച് ?
-മുനീർ അഗ്രഗാമി
റിപ്പബ്ലിക് ദിന കവിത

.......................................
നിക്ഷേപിച്ച പണം
പിൻവലിക്കാൻ പോലും
അധികാരമില്ലാത്ത ഒരാൾ
പരമാധികാരത്തെ കുറിച്ച്
സംസാരിക്കുന്നു
വെറുതെ സംസാരിക്കുന്നു.

അയാളുടെ മകൻ
അസംബ്ലിയിൽ
അറ്റൻഷനായ് നിന്ന്
ഹെഡ്മാസ്റ്റർ പറയുന്നത് കേൾക്കുന്നു
കാറ്റ് വന്നിട്ടും ഇളകാൻ കഴിയാത്ത
ഒരില പോലെ അവൻ
മഴ തൊട്ടിട്ടും ഉണരാൻ കഴിയാത്ത
വിത്തു പോലെ അവൻ,
അവൻ ഒന്നും സംസാരിക്കുന്നില്ല
അവൻ അവൻ്റെ ഭാഷയിൽ
ഒന്നും മിണ്ടുന്നില്ല

വലുതാകുമ്പോൾ
അച്ഛനെ പോലെ
വെറുതെ സംസാരിക്കാൻ അവനാകുമോ ?
അച്ചടക്കം പഠിച്ചതിനാൽ
അച്ചിനു പുറത്തുള്ളത്
അവനറിയാനാകുമോ ?

സ്കൂൾ മുറ്റത്ത്
ഒരു മൈന വന്നു
സിലബസ്സിലില്ലാത്തതിനാൽ
അവൻ അങ്ങോട്ടു നോക്കിയതേയില്ല
സ്കൂൾ ബസ്സിൽ പോകുമ്പോൾ
അച്ഛൻ ക്യൂ നിൽക്കുന്നതു കണ്ടു
കണ്ടു ,അത്ര മാത്രം .

ഈ ബസ്സ്
അവൻ്റെ രാജ്യമാണ്
സീറ്റിൽ അനങ്ങാതെയും മിണ്ടാതെയുമിരിക്കുന്നവനാണ്
നല്ല കുട്ടി.
അതിന് അവാർഡുണ്ട് .

- മുനീർ അഗ്രഗാമി

തുളസി

തുളസി
..............
മഴ വീടു വിട്ടു പോയി
അമ്മയും അച്ഛനും
അവളെ തിരഞ്ഞിറങ്ങി

കൂട്ടുകാരോടു ചോദിച്ചു,
പുഴ അവളെ കാണാതെ
മെലിഞ്ഞിരുന്നു
വയൽ അവളെയോർത്ത്
വിണ്ടുകീറിയിരുന്നു

 അവൾ നടന്ന ചെമ്മൺപാത
വേദനിച്ച് പൊടിഞ്ഞു പോയിരുന്നു
അവൾ കുളിച്ച തടാകം
കണ്ണീർത്തുള്ളികൾ മാത്രം
ബാക്കിവെച്ച് വിതുമ്പുകയായിന്നു

പൊടിയും കരിയിലകളും
അവളെ തിരഞ്ഞു പോയി
അവൾ വാതിലിൽ മുട്ടുന്നതും കാത്ത്
 എൻ്റെ വിത്തിനുള്ളിൽ
എത്ര സന്തോഷങ്ങളാണ്
കിടന്നുറങ്ങുന്നത്!

മുറ്റത്ത്,
തുളസിത്തറയിൽ
അവൾ വരുമെന്നോർത്ത് ഞാൻ
കാത്തിരിക്കുന്നു

 വിരലുകൾ പിടിച്ച്
 അവൾ നടക്കുമ്പോഴേ ഞാൻ
തളിർക്കൂ.

 -മുനീർ അഗ്രഗാമി

വെളിച്ചം

വെളിച്ചം
................
രണ്ടു വിദൂര നക്ഷത്രങ്ങൾ
ഒരുമിച്ചു ചേരുമ്പോലെ
രണ്ടു വെളിച്ചങ്ങൾ
ഒന്നിച്ചിരിക്കുമ്പോലെ
നമ്മൾ സംസാരിക്കുന്നു

നീ ഒരു പുവിൻ്റെ പേരുപറയുന്നു,
അത് വിടരുന്നു
ഞാനൊരു കിളിയുടെ പേരു പറയുന്നു,
അത് പാറുന്നു.

എൻ്റെ വാക്കിൻ്റെ വിരലുകളിലൂടെ
ഒരു മഴക്കാലം നടക്കുന്നു
നിൻ്റെ വിരലുപിടിച്ച്
കുറച്ച് മഞ്ഞു തുള്ളികൾ.
ഋതുക്കളുടെ മർമ്മരങ്ങൾ
ഓണത്തുമ്പികളായ് നമുക്കു ചുറ്റും പറക്കുന്നു.

പക്ഷേ
നിശ്ശബ്ദത
നമ്മുടെ വിലാസം.

നീ
ഭയം എന്ന രാജ്യത്തിലെ പ്രജ
ഞാൻ
 ഭീതിയെന്ന രാജ്യത്തിലെ പ്രജ
പേടിയെന്ന ജാതിയിൽ
പേടയെന്ന
ഉപജാതി നീ
ഉൾഭയമെന്ന ജാതി ഞാൻ

എന്നിട്ടും നീയും ഞാനും സംസാരിക്കുന്നു
ദേശസ്നേഹം കൊണ്ട് കെട്ടിയുയർത്തിയ
മതിലുകൾക്കകത്ത്
ഒതുങ്ങാതെ അത് ജ്വലിക്കുന്നു
മറ്റൊരു സൂര്യനായി

പുതിയ ഭൂമികൾ നമ്മെ
വലയം ചെയ്യുന്നു
അവയ്ക്ക്
ഭൂപടങ്ങളില്ല

- മുനീർ അഗ്രഗാമി

പ്രണയകഥ

പ്രണയകഥ
......................
മരുഭൂമിയിലൂടെ
ഒരു നദിയൊഴുകി
പ്രണയമെന്നതിന്നു പേര് .
...
മുറിച്ചുകടക്കാനാവാത്ത
ഒഴുക്കുമായ്
രഹസ്യ ജലപ്രവാഹമതിൽ
നിറഞ്ഞു
മണൽത്തരി പോലെ
പൊള്ളി വറ്റിയ
രണ്ടു ജീവബിന്ദുക്കൾ അതിൽ
കുളിക്കാനിറങ്ങി
പരിണാമത്തിൻ്റെ ചുംബനം തുടങ്ങി
അവർ മീനുകളായി
ചിറകുകൾ വലുതായി
അവർ കിളികളായി
നദി നീലാകാശമായി
പെട്ടെന്ന് കുറേ ഒട്ടകങ്ങൾ വന്നു
ഒറ്റ വലിക്ക്
നദി കുടിച്ചു വറ്റിച്ചു
നടന്നു പോയി
കാലം കഴിഞ്ഞു
കള്ളിച്ചെടികൾ പൂത്തു
അകന്നു നിന്ന രണ്ടു ചെടികളിൽ നിന്ന്
രണ്ടു പൂവുകൾ
തമ്മിൽ നോക്കി നിന്നു.


- മുനീർ അഗ്രഗാമി

ഭാഷകൾ

ഭാഷകൾ
......... .....
മഴയുടെ ഭാഷയെവിടെ ?
പുഴയുടേത് ? കിണറിൻ്റേത് ?
...
വറ്റിപ്പോയ ഭാഷണം
ഞങ്ങളെ അപരിചിതരാക്കുന്നു.
തമ്മിലറിയുമായിരുന്ന
വാക്കുകളെവിടെ ?
കൈക്കുമ്പിളിൽ തുളുമ്പിയ താളമെവിടെ ?
പാളയിൽ തുള്ളിയ കളിമ്പമെവിടെ ?

കൈതക്കാട്ടിലൂടെ
ഇഴഞ്ഞു പോയ
രഹസ്യമൊഴിയെവിടെ ?
മഴയുമായി സംഭാഷണത്തിലേർപ്പെട്ട
അവസാനത്തെയാളുടെ മക്കൾ
ഇപ്പോൾ വേനലിൻ്റെ ഭാഷ പഠിക്കയാണ് .

ആദ്യത്തെ തുള്ളിയിൽ
അ എന്നെഴുതി
അമ്പത്തൊന്നാമത്തെ തുള്ളിയിലൂടെ കരഞ്ഞ്
ഒഴുകിയാലും
മഴയുടെ അക്ഷരങ്ങൾ
അവർ പഠിക്കുമോ ?

മൃതഭാഷയിൽ
മഴ സസ്യങ്ങളുടെ ,
പുല്ലു ക ളു ടെ പേരെഴുതുന്നു
അവ തിരിച്ചറിയാതെ
എൻ്റെ പുതിയ ഭാഷ
മഴയുടെ ഭാഷ മറക്കുന്നു .


-മുനീർ അഗ്രഗാമി

ഒറ്റപ്പെൺകുട്ടി

ഒറ്റപ്പെൺകുട്ടി
............... ..... ......
രഹസ്യങ്ങളുടെ വീടുകൾ
ഉണ്ടാകുന്നത്
കണ്ടു പിടിച്ചത് ഞാനാണ്
ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് വാങ്ങുന്നതിനും മുമ്പ്.
അവിടെ വസിക്കുന്നവരെ
എന്നോളം ആർക്കുമറിയില്ല
അവർ എനിക്ക് പുറത്ത് നടക്കും
എന്നിട്ട്
എനിക്കുള്ളിൽ കയറി യുദ്ധം ചെയ്യും
രഹസ്യങ്ങളുടെ രണ്ടു വീടുകൾക്ക് നടുവിൽ
വെറുതെ കിടക്കുന്ന ഒരേയൊരു വഴിയാണ് ഞാൻ
ഓർമ്മ അതിലെ സൈക്കിളിൽ പോകും
സ്പ് ന ങ്ങൾ നൃത്തത്തിൻ്റെ കൈ പിടിച്ച്
അതിലെ നടക്കും
സ്നേഹം ജാലകങ്ങളിലൂടെ
അരിച്ചെത്തും .
ഒറ്റപ്പെട്ട് മലർന്നു കിടക്കുന്ന
അവരുടെ മാത്രം വഴിയിലൂടെ
അവർക്കൊരുമിച്ച് കൈകോർത്ത്
നടന്നാലെന്താണ് ?
എന്തു രസമായിരിക്കു മത്!
രഹസ്യങ്ങളും ഉളളിൽ നിറച്ച്
രണ്ടു വീടുകൾ കൈകോർത്ത്
എന്നിലൂടെ മാത്രം ഒഴുകി നീങ്ങുന്നത് .
- മുനീർ അഗ്രഗാമി

ചർക്ക

അറിയാത്തവനു മുന്നിൽ
ചർക്ക
വെറും ചക്രം മാത്രമാണ്
പിന്നിൽ ശൂന്യതയും.
തന്നെ അറിയുന്നവനു
മുന്നിൽ ചർക്ക
ഒരു പ്രതീക്ഷയാണ്
പിന്നിൽ ഒരു രാജ്യവും.
നൂറ്റ നൂലുകൾ പ്രതീകങ്ങളാണ് ;
അതുകൊണ്ടു മാത്രമേ
ഭാവി നെയ്യാനാകൂ .
- മുനീർ അഗ്രഗാമി
LikeShow More Reactions
Comme

രാത്രി മാത്രം വിടരുന്ന

രാത്രി മാത്രം വിടരുന്ന പൂവിനോട്
ചെടി സൂര്യനെ കുറിച്ചു പറഞ്ഞു .
കണ്ടതത്രയും
കണ്ടതിലും നന്നായി പറഞ്ഞു
എന്നിട്ടും അമ്പിളിയോളമേ
പൂവതു കണ്ടുള്ളൂ.
- മുനീർ അഗ്രഗാമി

സ്വപ്നവും വ്യാഖ്യാനവും

സ്വപ്നവും വ്യാഖ്യാനവും
.....................
ഒരു പർവ്വതം പറന്നു പോകുന്നത്
സ്വപ്നം കണ്ടു
മരുഭൂമിയിൽ അത് പറന്നിറങ്ങി
അതിലെ മരങ്ങൾ മഴ കൊണ്ടുവന്നു
ഒരു നദി ഇറങ്ങി വന്നു
മണൽത്തരികൾ അതു
കുടിച്ചു കളഞ്ഞു
അയാളുടെ കണ്ണുകൾ മാത്രം
നിറഞ്ഞു കവിഞ്ഞു
അയാൾ
മകനെ കുറിച്ച് ഓർത്തു
കിടന്നതായിരുന്നു
അവനു ചിറകു പണിയുവാൻ ഏൽപിച്ചവർ
അവനിലെ മരങ്ങൾ അറുത്തുമാറ്റും
ഒരു സ്വപ്നത്തിൻ്റെ സാദ്ധ്യത കുത്തിക്കെടുത്തും
മഴക്കോള് കാണുമ്പോഴേ അവനെ
കോട്ടണിയിക്കും
മരങ്ങളില്ലാത്ത ദേശം
ജീവിതം തരുമ്പോൾ
ഉള്ളിലെ മരങ്ങളിൽ
കിളിയായി ജീവിക്കുവാൻ ചിറകുമാത്രം പോരാ.
അയാൾ വീണ്ടും സ്വപനം കണ്ടു
പറന്നു പോകുന്ന ഒരു മരുഭൂമി
ആ സ്വപ്നം അയാൾ വ്യാഖ്യാനിച്ചില്ല
അത് തൻ്റെ മകനായിരിക്കരുതേ
എന്നു പ്രാർത്ഥിക്കുക മാത്രം ചെയ്തു .
- മുനീർ അഗ്രഗാമി

അദൃശ്യനായ ഒരു പടയാളി

അദൃശ്യനായ ഒരു പടയാളി
.....................
നാവിൽ നിന്നും കുതിരകൾ
ചിതറിയോടുന്നു
ചിലത് സമരമുഖത്തേക്ക്
ചിലത് തെരുവിലേക്ക്
ചിലത് സ്നേഹ രഹസ്യത്തിലേക്ക്
അപൂർവ്വമായി ഒന്ന്
ഫാഷിസത്തിൻ്റെ രാജധാനിയിലേക്ക് ഓടുന്നു
അതിനെ പിന്തുടരുക!
അദൃശ്യനായ ഒരു പടയാളി
അതിൻ്റെ പുറത്തിരിക്കുന്നുണ്ട്
അയച്ചവൻ്റെ അതേ ഛായയിൽ
അവനിലും കരുത്തനായി.
അവനെ പിന്തുടർന്ന്
ഒരു വലിയ സൈന്യം
മൂടൽ മഞ്ഞിൻ്റെ മറവിൽ ചലിക്കുന്നു
വെളിച്ചമുള്ളവരതു കണ്ടെന്നു വരില്ല;
വെളിച്ചത്തിനു ചൂടുള്ള വരേ
അതു കാണൂ .
പുറപ്പെട്ടു പോയ പടയോട്ടം
തിരിച്ചെടുക്കാനാവാതെ
അത് കുതിക്കും
നാവിൽ നിന്ന്
കുതിച്ചു പായുന്നത്
കതിരയാകണം
കഴുതയാകരുത്.
ഓരോ ഗ്രാമത്തിലും
അതിൻ്റെ കുളമ്പടി കേൾക്കുമ്പോൾ
രാജ്യം ഉണർന്ന്
ജീവനുണ്ടെന്ന് സ്വയം
ബോദ്ധ്യപ്പെടുത്തും .
- മുനീർ അഗ്രഗാമി

മാനുഷികം

മാനുഷികം
...................
വെളിച്ചം നടന്നു വന്ന
ഈ വഴിയിലൂടെ തന്നെയാണ്
ഇരുട്ടും നടന്നു വരുക
നാം പകലീ മരത്തണലിലിരുന്ന്
സംസാരിക്കുമ്പോൾ.
പേടിക്കേണ്ട;
നമുക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങൾ
ഇരുട്ടു താണ്ടാൻ
നമ്മെ സഹായിച്ചേക്കും
വാക്കുകളിൽ നിന്ന്
വെളിച്ചത്തിലേക്ക്
അവയുടെ ചൂര്
ഇപ്പോൾ തന്നെ എത്തിനോക്കുന്നുണ്ട്
-
- മുനീർ അഗ്രഗാമി

അക്ഷരങ്ങൾ

അക്ഷരങ്ങൾ
........................
പേന നടന്ന വഴികളാണ്
അക്ഷരങ്ങൾ
നേർവഴിയല്ല അത്
വളഞ്ഞും പുളഞ്ഞും അവ
അറിവിനെ വഹിക്കുന്നു
എങ്കിലും
ഒരു നേർ വരയുടെ
സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ
അവയെ വലത്തോട്ടോ
ഇടത്തോട്ടോ നയിക്കുന്നുണ്ട്
അക്ഷമയോടെ
അതിനു പിന്നാലെ
എത്ര കണ്ണുകൾ !
എത്ര മനസ്സുകൾ !
സന്ദേശത്തിൽ മനസ്സ്
കവിതയിൽ അനുഭവം...
അങ്ങനെ എത്രയെത്ര യാത്രക്കാർ
അവയെ പിന്തുടുന്നു ?
ഒരു മാഞ്ചോട്ടിലിരുന്ന്
ഞാൻ നോക്കുമ്പോൾ ,
എത്ര നടന്നിട്ടും
എത്താത്ത ദിക്കിലേക്ക്
വഴിയുണ്ടാക്കി നടക്കുന്നു,
ഒരു പേന.
- മുനീർ അഗ്രഗാമി

അടുക്കളയിൽ രാത്രി നിറയുന്നു

അടുക്കളയിൽ രാത്രി നിറയുന്നു
......................
പാത്രങ്ങൾ കലമ്പുകയും
കറണ്ട് പോകുകയും
അടുക്കളയിൽ രാത്രി നിറയുകയും ചെയ്തു
എവിടെയാണ് എൻ്റെ വെളിച്ചം ?
അവൾ ചോദിച്ചു
ഉത്തരത്തിൽ നിന്നും
ഒരു പല്ലി മാത്രം അവളെ നോക്കി
മേൽക്കൂരയിൽ എമർജൻസി എക്സിറ്റ് വേണം
നക്ഷത്ര വെളിച്ചത്തിലേക്ക്
അതിലെ ഇറങ്ങണം
അവളുടെവെളിച്ചം ഇപ്പോഴും
ഇരുട്ട് തന്നെയാണ്
പെട്ടെന്ന്
പാത്രങ്ങളുടെ നിലവിളി കവിഞ്ഞ്
ഒഴുകിയ ജലത്തിൽ ഒരു മത്സ്യ മായി
ഒഴുകി ഇരുൾക്കടലിൽ അവളലിഞ്ഞു.
കറണ്ടു വന്നിട്ടും
പാത്രം കഴുകാൻ അവൻ വന്നതേയില്ല
- മുനീർ അഗ്രഗാമി
രാത്രി സ്പർശം
.............,.............
പൂത്തുനിൽക്കുമീ കറുത്ത മരച്ചോട്ടിൽ
ഞാനും നീയും രണ്ടു മഞ്ഞു തുള്ളികൾ
സ്നേഹ നിലാവേറ്റു തിളങ്ങുന്നു
- മുനീർ അഗ്രഗാമി

വലിയ കവിത

ഇരുട്ട് എഴുതിക്കൊണ്ടിരിക്കുന്ന
വലിയ കവിതയാണ് രാത്രി.
പകൽ
ഖണ്ഡികകൾക്കിടയിലുള്ള
വെളുത്ത ഇടം മാത്രം
- മുനീർ അഗ്രഗാമി

മാനാഞ്ചിറ

മാനാഞ്ചിറ
...................
വൈകുന്നേരത്തിൻ്റെ മുറ്റമാണ്
മാനാഞ്ചിറ
പുൽപ്പരപ്പിൽ കുറെ ഉടലുകളെ
അതിൻ്റെ ആത്മാക്കൾ
ആറാനിട്ടിരിക്കുന്നു
നനവു മാറാതെ കുറെ മനസ്സുകൾ
കനം തുങ്ങി നിൽക്കുന്നു
സൂര്യൻ്റെ ചുവന്ന വെളിച്ചം
രണ്ടു സ്വപ്നങ്ങളെ ഒട്ടിച്ചു ചേർക്കുന്നു
നീർക്കാക്കകൾ കുളം കര കളിക്കുന്നു
വലയങ്ങളായ് ചിന്തകൾ ചെറിയ കാറ്റുകളായ്
ഇളക്കത്തിലൂടെ നൂണ്ടു കടക്കുന്നു
നിയോൺ ബൾബുകൾ വിരലുനീട്ടുന്നു
അവയുടെ ആലിംഗനത്തിലെ
രോമാഞ്ചമായി കുറേ മനുഷ്യർ
നഗരത്തിൽ നഗരത്തിലല്ലാതെ .
- മുനീർ അഗ്രഗാമി

പുതുവത്സര ചിന്തകൾ

പുതുവത്സര ചിന്തകൾ
I.
വില കയറിപ്പോകുന്ന വഴി
പുതുവർഷം നടന്നു
ഒപ്പമെത്താനാവാതെ
ലാച്ചിയമ്മൂമ്മ
അവസാനത്തെ അടി വെയ്ക്കുന്നു .
II
രാത്രി ഒരു വർഷത്തിൽ നിന്നും
മറ്റൊരു വർഷത്തിലേക്ക്
കാലെടുത്തു വെച്ചു
ഇരുൾ കുതിച്ചു പാഞ്ഞു
എത്ര പടക്കം പൊട്ടിച്ചിട്ടും
വന്ന വെളിച്ചം നിന്നില്ല
III
മകനെ തിരഞ്ഞ് വന്ന അമ്മ
പുതുവൽസരാശംസയിൽ കിടന്ന് കരഞ്ഞു
എൻ്റെ മോനെ കണ്ടോ എന്ന ചോദ്യം
പടക്കങ്ങൾ വിഴുങ്ങിക്കളഞ്ഞു
പൊട്ടിച്ചിതറാതിരുന്നാൽ
അവർ നാളെയും അതു തന്നെ ചോദിക്കും
ഉത്തരം തരാനാകാതെ പുതുവർഷം
അപ്പോഴും വരണ്ടു കിടക്കും .
IV
ദിവസങ്ങളുടെ നീണ്ട ക്യുവിൽ നിന്ന്
അസാധുവായി പ്പോയ നിമിഷങ്ങളെ
തിരിച്ചുപിടിക്കാൻ
ഒരു വിപ്ലവം പിറക്കുമെന്ന് മോഹിച്ച്
ഡിസംബറിലെ അവസാനത്തെ നിമിഷത്തിൽ നിന്ന്
ഒരു മഞ്ഞുതുള്ളി
ജനുവരിയിലെ ആദ്യത്തെ നിമിഷത്തിലേക്ക്
ഉതിർന്നു വീണു,
കണ്ണിൽ നിന്നെന്ന പോൽ.
- മുനീർ അഗ്രഗാമി

വയസ്സതു സമ്മതിച്ചു തരില്ല

വയസ്സതു സമ്മതിച്ചു തരില്ല

..............................................

\പോയ വർഷങ്ങളെ ഞാൻ പിടിച്ചു വെച്ചിട്ടുണ്ട്
എൻ്റെ വയസ്സിനുള്ളിൽ അവ
ജീവിക്കുന്നുണ്ട്
സങ്കടങ്ങളുടെ നരച്ച മുടിയിഴ
സന്തോഷങ്ങളുടെ കറുത്ത മുടിയിഴ
അവയെ തൊട്ടു നോക്കുന്നു
വർഷം പോകുന്നത് എൻ്റെ ഉള്ളിലേക്കാണ്
വരുന്നതും എൻ്റെ ഉള്ളിലേക്കാണ് .
പെയ്തും വെയിലറച്ചും തീർന്നു പോയതാണവയെന്ന്
ആരു പറഞ്ഞാലും വിശ്വസിക്കരുത്
വയസ്സതു സമ്മതിച്ചു തരില്ല.
- മുനീർ അഗ്രഗാമി

അത് സംസാരിക്കുന്നു

വീണുകിടുന്ന ഓർമ്മകളാണ്
കരിയിലകൾ
അതിനു മുകളിലൂടെ നടക്കുമ്പോൾ
കരച്ചിലുകളിലാണ് കാൽപാദങ്ങൾ
ഇപ്പോഴത്തെ വഴികൾ മൂടിവെച്ച്
അത് സംസാരിക്കുന്നു .
- മുനീർ അഗ്രഗാമി

നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം

നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം
....................
രാത്രി ഞൊറിഞ്ഞുടുത്ത
തണുപ്പുസാരിയിൽ
മഞ്ഞുപുള്ളികൾ.
നിലാവതു തൊട്ടു നോക്കവേ
ഗിൽറ്റു പോലെ മിന്നിപ്പൊഴിയുന്നു.
ഉറക്കമില്ലാതെ നാം നടക്കുന്ന
സങ്കടപ്പാതയിലതിൻ നനവ്.
നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം
എൻ്റെ കണ്ണിലാ ണാ മഞ്ഞുകാലം.
നിലാവേറ്റു തെളിഞ്ഞ നെഞ്ചിൽ
പ്രണയത്തിൻ്റെ
ഇലപൊഴിഞ്ഞുകിടക്കുന്നു.
-മുനീർ അഗ്രഗാമി

സ്വപ്നത്തിൻ്റെ ചില്ലകളിലേക്ക്നോ ക്കൂ

സ്വപ്നത്തിൻ്റെ ചില്ലകളിലേക്ക്നോ ക്കൂ
അതിൽ ഇലകൾ കാണാതെ
കരഞ്ഞ്,
ഡിസംബർ
കണ്ണീർത്തുള്ളികളെ
തലകീഴായി തൂക്കിയിട്ടിരിക്കുന്നു.
കരിമ്പച്ചയായ് തുടിച്ചിളകിയ
പച്ചയോളങ്ങൾക്ക് പകരമാവില്ല അത്
കൊഴിയും മുമ്പ്
മഞ്ഞയിതളുകളായ് തന്ന 
പൂക്കളെന്ന തോന്നലിനും പകരമാവില്ല
എങ്കിലും ജീവനെ നനയ്ക്കുന്ന
ഒരു തുള്ളി അതിലുണ്ട്
ആത്മാവിനുള്ളിലെവിടെയോ
തണുത്തു വിറച്ചിരിക്കുന്ന
 ഒരു മഞ്ഞുകാലവും.
- മുനീർ അഗ്രഗാമി

ഹൈക്കു



ഹൈക്കു 

...................

തണുപ്പു മേയുന്നു 
കറുത്ത പുൽപ്പരപ്പിൽ
സൂര്യൻ വിടരുന്നു

സഖാവിനെ മുന്നിൽ നടത്തി

ചങ്ങല പൊട്ടിച്ച് ഞങ്ങൾ ഒരുമിച്ചു നടന്നു
കയ്യൂക്കുള്ളതിനാൽ ഞങ്ങൾ സഖാവിനെ മുന്നിൽ നടത്തി
ഞങ്ങൾ ബഹുദൂരം പിന്നിലായി
ഇരുന്നിടത്തെല്ലാം 
പ്രോട്ടോക്കോൾ നോക്കിയ
എൻ്റെ സഖാവിൽ നിന്ന്
സോഷ്യലിസം ഇറങ്ങിപ്പോയി
സർ ,സർ എന്നു വിളിച്ച്
മുതലാളിത്തം അകത്തു കയറി
ഞങ്ങൾ നോക്കുമ്പോൾ
തോക്കു കൊണ്ടും വിലങ്ങു കൊണ്ടും
അവർ കളിക്കുകയാണ്.
ആ കളി
വയറു നിറഞ്ഞവൻ്റെ
വിനോദമാണ്
- മുനീർ അഗ്രഗാമി

എൻ്റെ സൂര്യനേ

സ്നേഹമാണീ പുൽക്കൊടി
അതിൻ തുമ്പിലൊരു തുള്ളി ഞാൻ
എൻ്റെ സൂര്യനേ, നീ
ദാഹം തീരുവോളമെന്നെ കുടിക്കുക.
- മുനീർ അഗ്രഗാമി

പടക്കശാല

പടക്കശാല
......................
അപ്പോൾ ഞാൻ
പൂവുള്ള ഒരു മരമായിരുന്നു
നിൻ്റെ വിരലുകൾ കാറ്റും .
എ ടി എമ്മിനെ കുറിച്ചോ
പേട്ടി എമ്മിനെ കുറിച്ചോ ഓർക്കാതെ
ഒരു വസന്തം പെയ്യുകയായിരുന്നു
സിനിമാ ഹാളിൽ പോകാൻ
പണമില്ലാത്തതിനാൽ
ദേശീയ ഗാനം നാം കേട്ടു പഠിച്ചിരുന്നില്ല
സ്കൂളിൽ ചേരാതെ
ജോലി ചെയ്യേണ്ടി വന്നതിനാൽ
കോവപ്പടക്കങ്ങളുടെ
അച്ചടക്കമല്ലാതെ മറ്റൊന്നും
അറിയുമായിരുന്നില്ല
തിരിച്ചറിവുണ്ടായതു മുതൽ
നമ്മുടെ രാജ്യം
പടക്കനിർമ്മാണ ശാലയാണ്
എന്നിട്ടും
അപായത്തിൻ്റെ ആധികളിൽ
ഉണങ്ങിപ്പോകാതെ
നാം ആർദ്രത കാത്തു വെക്കുന്നു.
എല്ലാ വിസ്ഫോടനങ്ങളും തകർക്കുന്ന
ഒരു മഞ്ഞുതുള്ളിയായി.
- മുനീർ അഗ്രഗാമി

ഓർമ്മയുടെ ഒരറ്റം പിടിച്ച്

ഓർമ്മയുടെ ഒരറ്റം പിടിച്ച്
നീ കുലുക്കുന്നു
ഇലഞ്ഞിപ്പൂക്കൾ പൊഴിയുന്നു
എൻ്റെ സങ്കടങ്ങൾ 
അതു പെറുക്കിയെടുക്കാനാവാതെ
ചാറ്റൽ മഴ പോലെ
ഇതളുകളിൽ
ഉമ്മ വെയ്ക്കുന്നു
- മുനീർ അഗ്രഗാമി

ഭൂമി ഒന്ന് കുലുങ്ങിയിരുന്നു

ഉറങ്ങിക്കിടക്കുന്ന
 ഭൂകമ്പത്തിൻ്റെ മുകളിലൂടെ
ഉറുമ്പുകളെ പോലെ ഞങ്ങൾ നടന്നു
ഉണർന്നേക്കുമോ എന്ന പേടിയിൽ
അൽപമിരുന്നു
അന്നേരം ഞങ്ങൾ
ദേശാടനക്കിളികളായി .
ഭൂമി ഒന്ന് കുലുങ്ങിയിരുന്നു 
- മുനീർ അഗ്രഗാമി

പ്രദീപമേ

പ്രദീപമേ
.........................
അവൻ്റെ കാലടി
പിന്തുടരുക,
വഴിയിലവൻ വീണു
മാഞ്ഞു പോയെങ്കിലും
മനുഷ്യനിലേക്കുളള പാതയിൽ
അവൻ്റെ വെളിച്ചം
കെടാതെ വിളിക്കുന്നു
മലയാളത്തിലേ അത് വിളിക്കൂ
പ്രദീപമേ എന്നു്
എത്ര വട്ടം വിളി കേട്ടാലും
- മുനീർ അഗ്രഗാമി

പച്ച മരം (മനുഷ്യൻ )

പച്ച മരം (മനുഷ്യൻ )
..........................................
നോട്ടുകൾ എടുക്കാതായ അന്ന്
ഇല പൊഴിഞ്ഞ മരം
കോടാലി അടുത്തേക്ക് വരുന്നത്
പേടിച്ച്
മഞ്ഞുകാലത്തെ ഉരുക്കി
പൊള്ളി നിൽക്കുന്നു

പച്ച മരം (മനുഷ്യൻ )
- മുനീർ അഗ്രഗാമി 

ഒറ്റയ്ക്ക് അവൾ

ഒറ്റയ്ക്ക്
അവൾ 
....................

ഒറ്റയ്ക്ക്
അവൾ മഞ്ഞു വീണ വഴിയിൽ നിൽക്കെ,
ഉപേക്ഷിച്ചു പോയ ഇലകളെ ഓർക്കാതെ മരങ്ങൾ
മഞ്ഞു വാരി 
പുതച്ചു നിൽക്കുന്നു
ഓർമ്മയിൽ നിന്ന് ഓർമ്മയിലേക്ക്
പിടഞ്ഞു വീഴുന്ന അതിൻ്റെ മനസ്സ്
നനഞ്ഞിരിക്കുന്നു
കണ്ണുകളിൽ
ആ മരമുള്ളവരുടെ
ദേശാടനത്തിൽ
മഞ്ഞു കണങ്ങൾ പൂക്കുന്നു
ഹൃദയത്തിൻ്റെ നെരിപ്പോടിൽ
ചിറകുകൾ ചൂടാക്കിയിരിക്കുന്ന
പെൺ കുരുവി മാത്രം
അതറിയുന്നു.
നിന്ന നിൽപിൽ
അവൾക്കുള്ളിൽ നിന്നും
ആ കുരുവി പറന്ന്
തേൻ നുകർന്ന്
അവളിൽ തന്നെ വന്നിരുന്നു.
ആരും ഒന്നും
അറിഞ്ഞില്ല
- മുനീർ അഗ്രഗാമി

എൻ്റെ മനസ്സിൽ നിന്ന് നീയതു കേൾക്കുന്നു

മരവും മഞ്ഞും തമ്മിലുള്ള
നിശ്ശബ്ദതയിൽ ഒളിച്ചിരിക്കുന്ന
ഒരു
സംഗീതമുണ്ട്

ഒരേ മനസ്സുമായ് നടക്കുമ്പോൾ
തടാകക്കരയിൽ വെച്ച്
എൻ്റെ മനസ്സിൽ നിന്ന്
നീയതു കേൾക്കുന്നു
മഞ്ഞുകാലം കഴിയരുതേ എന്ന്
പ്രാർത്ഥിക്കുന്നു .
_ മുനീർ അഗ്രഗാമി

ധ്യാനം


ധ്യാനം 
................
ത ടാകം വിടർന്നത്
എന്നാണെന്നറിയില്ല
മഞ്ഞു പെയ്തു പെയ്ത്
അതിനെ  ഒരു വെളുത്ത പൂവാക്കുന്നുണ്ട്

കാറ്റ് മെല്ലെ അതിനെ
തൊട്ടു നോക്കുന്നു

ഇലകളിലൊന്നിൽ
ഒരുറുമ്പായ് ഞാനിരുന്നു
അതു കാണുന്നു
-മുനീർ അഗ്രഗാമി

ഓർമ്മയുടെ ചൂടു കൊണ്ട്

ഓർമ്മയുടെ ചൂടു കൊണ്ട്
...........................................
എ നിക്കും നിനക്കും
ഓർമ്മയുടെ ചൂടു കൊണ്ട്
ഈ മഞ്ഞുകാലം കടക്കണം
ഒന്നിച്ചു നടന്ന കാലത്ത്
വിരലുകൾക്കിടയിൽ വന്നിരുന്ന്
സാക്ഷി പറഞ്ഞ
അതേ ചൂടുകൊണ്ട് .
മഞ്ഞ്
ഓർമ്മകളുടെ തൂവലുകളാണ്.
ഓരോ ചിറകടിയിലും
അതിന്നൊച്ച പെയ്യും
അതിൻ്റെ ചിറകിനടിയിൽ
രണ്ടു വഴികളുണ്ട്
ഒന്ന് നീ ഉള്ളുരുകിയിരിക്കുന്നത്
രണ്ട് ഞാൻ തണുത്തു പൊളളുന്നത്
ഓർമ്മകൾ ഇങ്ങനെ
എന്നെയെടുത്ത്
മഞ്ഞുകാലം കടക്കുമ്പോൾ .
- മുനീർ അഗ്രഗാമി

ക്ഷേത്ര രഹസ്യം

ക്ഷേത്ര രഹസ്യം
.............................
വരൂ
ഇതെൻ്റെ ക്ഷേത്രം
ദുഃഖമുടുത്തു വരുന്നവരോട്
സന്തോഷമുടുത്തേ വരാവൂ
എന്നു കല്പിക്കില്ല
സ്നേഹമുടുത്ത് വരുന്നവരോട്
വേദനയുടുത്തേ വരാവൂ എന്ന്
വാശി പിടിക്കില്ല
ആണായും പെണ്ണായും വരൂ
അറിവായും അഴകായും വരൂ
സൗഹ്യദമാണ് പ്രതിഷ്ഠ
സാഹോദര്യമാണ് നിവേദ്യം
മനുഷ്യർ കയറിയാലശുദ്ധമാകില്ല
വരൂ
കാലിൽപ്പറ്റിയ
തൊടീലും തീണ്ടലും
കഴുകി വരൂ,
ഇതെൻ്റെ ക്ഷേത്രം.
- മുനീർ അഗ്രഗാമി

(മാവോ മാവോ) രണ്ടു മരങ്ങൾ

(മാവോ മാവോ) രണ്ടു മരങ്ങൾ
................................
മാവോ മാവോ
മാവോ പ്ലാവോ
പ്ലാവോ പ്ലാവോ
രണ്ടും വെട്ടിക്കളഞ്ഞല്ലോ
സഖാവേ നീ!
പൂക്കാനിരുന്നത്
കായ്ക്കാനിരുന്നത്
നാട്ടു മണമുള്ള വൃക്ഷം
വേരാഴമുള്ളത്
കാതലുള്ളത്
മാവോ മാവോ
പ്ലാവോ പ്ലാ വോ
മ്ഞ്ഞു തുള്ളികൾ വിതുമ്പുന്നു
നീയതു വെട്ടിക്കളഞ്ഞല്ലോ
സഖാവേ
പാർട്ടി ഓഫീസില്ലാത്ത നാട്ടിലെ
കുഞ്ഞുങ്ങളിനിയെന്തു കഴിക്കും ?
പട്ടിണി കിടന്നു ചത്തവൻ്റെ
ശവമാരു ദഹിപ്പിക്കും ?
നാട്ടുകാരനായ നീ നാട്ടുമരങ്ങളായിരുന്നവയെ
മനുഷ്യരല്ലെന്നോർത്തിരിക്കാം!
ഒന്നോർത്താൽ
മാമ്പഴം തന്ന് അമ്മയായവരവർ
തണൽ തന്ന്
അച്ഛനായവരവർ
എന്നാലും
നീയതു വെട്ടിക്കളഞ്ഞല്ലോ സഖാവേ !
- മുനീർ അഗ്രഗാമി

സൗഹൃദം

സങ്കടങ്ങൾക്ക്
ഒരു മരുന്നേയുള്ളൂ ;
സൗഹൃദം.
അത് 
കടം വാങ്ങാനാവില്ല
കടയിലും കിട്ടില്ല
ഭാഗ്യമാണതിൻ്റെ ഉടമ
സ്വപ്നമാണതിൻ്റെ വില
സ്നേഹമാണതിൻ്റെ ഘടകം

-
മുനീർ അഗ്രഗാമി 

ഇലകൾ


ഇലകൾ 
......................
കാറ്റിനോളം നല്ല
ഹംസമില്ല
പച്ചയായ് ജീവിച്ചപ്പോൾ
തമ്മിൽ തൊടാനാവാതെ നിന്ന
ഇലകളെ 
കരിയിലകളാവുമ്പോഴെങ്കിലും
അതു ചേർത്തുവെക്കുന്നല്ലോ!
- മുനീർ അഗ്രഗാമി

ഫിദൽ കാസ്ട്രോ

ഫിദൽ കാസ്ട്രോ
...............................
ഒരു ചരിത്ര പുസ്തകം കൂടി
എഴുതിത്തീർത്ത്,
ഏഴാം നാളിലെ പോലെ വിശ്രമിക്കാതെ, 
കാലംനടന്നു പോകുന്നു.
അത്
ഇനി വരുന്ന കുഞ്ഞു വിപ്ലവങ്ങൾക്കുള്ള പാഠപുസ്തകമാണെന്നറിയാതെ.
ഒന്നാമദ്ധ്യായത്തിൽ
അതിർത്തി രേഖകളില്ലാത്ത
ലോക ഭൂപടത്തിൻ്റെ
ചുവന്ന ഞരമ്പിലൂടെ
ഒരു പേരു മാത്രം ഒഴുന്നു
അത്
ഫിദൽ കാസ്ട്രോ എന്നു വായിക്കാം.
രണ്ടാം അദ്ധ്യായായത്തിൽ
അധിനിവേശത്തിനെതിരെ
വീശുന്ന കാറ്റിൻ്റെ നെഞ്ചിൽ
ഒരു പേര് പച്ചകുത്തിയിരിക്കുന്നു
അത്
ഫിദൽ കാസ്ട്രോ എന്നു വായിക്കാം.
മൂന്നാം അദ്ധ്യായത്തിൽ
പേടിയില്ലാതെ
സ്വാതന്ത്ര്യ മാഘോഷിക്കുന്ന
പെൺകുട്ടിയുടെ കണ്ണിൽ
സന്തോഷത്തിൻ്റ ഒരു തുള്ളിയുണ്ട്
അതിൽ
ഒരു പേരു മാത്രം ഉദിച്ചു നിൽക്കുന്നു
അവൻ ഉദിക്കുമെന്നു പറഞ്ഞ
സൂര്യൻ്റെ വെളിച്ചമാണത്.
തുടർന്നുള്ള അദ്ധ്യായങ്ങളിൽ
ഓരോ പ്രകാശരശ്മിയിലും
ഒരു വാക്കു തന്നെ
ഒരു പേരു തന്നെ
ഫിദൽ കാസ്ട്രോ .
വാക്കിൻ്റെ കൈകളിൽ
പൊട്ടിച്ചെറിഞ്ഞ
ചങ്ങലകളുടെ പാടു കാണാം
കണ്ണു കൊണ്ടു മാത്രം
വായിച്ചാൽ
അതു തീരില്ല
കണ്ണീരുകൊണ്ടും
സ്വപ്നം കൊണ്ടും വായിക്കണം
അവന ങ്ങനെയായിരുന്നു
കാലത്തെ വായിച്ചിരുന്നത് .
- മുനീർ അഗ്രഗാമി

അടിപൊളി

അടിപൊളി
...................
പട്ടി കൊല്ലപ്പെട്ടു.
മനുഷ്യൻ കൊല്ലപ്പെട്ടു.
മൃഗീയം,
മാനുഷികം
എന്നീ വാക്കുകൾ മാത്രം
കരഞ്ഞു.
പട്ടിയെ കൊന്നവന്
ജയിൽ;
മനുഷ്യനെ കൊന്നവന്
മെഡൽ.
സങ്കടം സഹിക്കാനാവാതെ
മൃഗീയം എന്ന വാക്ക്
തൻ്റെ അർത്ഥം ഉപേക്ഷിച്ച്
കാടുകയറി
മാനിനെ കൊന്ന്
തിന്നു തുടങ്ങി
മൃഗീയത്തിൻ്റെ അർത്ഥം
എടുത്തണിഞ്ഞ്
മാനുഷികം എന്ന വാക്ക്
കാട്ടിലും നാട്ടിലും
തോക്കുമേന്തി നടന്നു .
അടിച്ചു പൊളിച്ചു
- മുനീർ അഗ്രഗാമി