പക്ഷം,
മറുപക്ഷം
............................
വെട്ടിൻ്റെ പാടുകളിൽ
ശക്തി പോയി
രക്തച്ചുവപ്പു വറ്റി
കറുത്ത്
ഒരു പക്ഷം.
സോളാറിൻ്റെ അതിവെളിച്ചത്തിൽ
വിളറി
നിറം പോയി
ജയിലഴികളിൽ കുടുങ്ങി
തകർന്ന്
മറുപക്ഷം
ഉടലിൽ മറ്റേതൊക്കെയോ
ചിഹ്നങ്ങൾ പച്ചകുത്തി
നോവിപ്പിക്കുന്നു,
ഉറുമ്പുകൾ
പാവം കിളി,
കറുത്ത പക്ഷമോ
വെളുത്ത പക്ഷമോ
നല്ലതെന്നറിയാത്ത
ചന്ദ്രനെ പോലെ
വട്ടം ചുറ്റുന്നു.
പറക്കാനാവാതെ
ഇഴഞ്ഞ്.
ശയന പ്രദക്ഷിണം പോൽ
ഇഴഞ്ഞിഴഞ്ഞ്
'കേ ' എന്നു കരഞ്ഞും
'ര 'എന്നു നിരങ്ങിയും
'ളം ' എന്നു വീണു നിലംപൊത്തിയും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
മുനീർ അഗ്രഗാമി