എനിക്കൊരു നേതാവിനെ വേണം

എനിക്കൊരു നേതാവിനെ വേണം;
കൂട്ടില്ലാതാവുമ്പോഴും
കൂടെ നടക്കുന്നവൻ;
ഏപ്പോഴും ഒരടി മുന്നിലാകുന്നവൻ
മുന്നോട്ട് എന്നെ കൈ പിടിച്ച് വലിക്കുന്നവൻ
ഉള്ളിലെ വെളിച്ചം
മുഖത്തുദിച്ചവൻ

എനിക്കൊരു നേതാവിനെ വേണം
കൊടി വെച്ച കാറിൽ പോയാലും
കൊടിക്ക് നനയ്ക്കുന്നവൻ
ദൂരെയായാലും അടുത്തുണ്ടെന്നു തോന്നുന്നവൻ
കുന്നും വയലും കണ്ടു നടന്ന്
മരത്തണലിൽ വിശ്രമിക്കാനറിയുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ഇടവപ്പാതിയുടെയും
ഇടവഴിയുടെയും കൂട്ടുകാരൻ
മുക്കുറ്റിയുടെയും മുരിങ്ങയുടെയും
കഴിവു കൊണ്ട് രോഗം മാറ്റുന്നവൻ
മണ്ണിൽ നിന്ന്
ആകാശത്തെ കുറിച്ച്
സംസാരിക്കുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജീവനുള്ളതിനാൽ ജീവിക്കുന്നവൻ
മനുഷ്യനായതിനാൽ
മനുഷ്യനാകുന്നവൻ!
മലയാളിയായതിനാൽ
മലയാള മറിയുന്നവൻ
മനസ്സുള്ളതിനാൽ
മനസ്സിലാവുന്നവൻ
എനിക്കൊരു നേതാവിനെ വേണം
പിന്നിൽ ഞാനുണ്ടെന്ന്
എപ്പോഴും ഉറപ്പുവത്തുന്നവൻ
എനിക്കു പകരം ഞാനാകുന്നവൻ
എനിക്ക് വാക്കില്ലാ താകുമ്പോൾ
വാക്കാകുന്നവൻ
ചലനമില്ലാതാകുമ്പോൾ
എൻ്റെ ചലനമാകുന്നവൻ
എനിക്കൊരു നേതാവിനെ വേണം
ജനാധിപത്യം പുലരുവാൻ
എൻ്റെ മനസ്സാകുന്നവൻ
അമൂല്യമായ
എൻ്റെ വോട്ട് സൂക്ഷ്മതയോടെ ഏൽപിക്കാൻ
വിശുദ്ധിയുള്ളവൻ
ഏതു പെരുമഴയത്തു നിൽക്കുമ്പോഴും
കടയുമായ് വന്ന്
എന്നെ സംരക്ഷിക്കുന്നവൻ


-മുനീർ അഗ്രഗാമി

No comments:

Post a Comment