ഉയിർപ്പ്

ഉയിർപ്പ്
................
സ്നേഹിക്കുന്നവൻ ( ൾ )
എന്നും കുരിശു ചുമക്കുന്നു
ചുമന്നുകൊണ്ടുപോയത്
എല്ലാവരും കാണെ
ഏറ്റവും ഉയരത്തിൽ വെക്കുന്നു
പൊടിഞ്ഞ രക്തബിന്ദുക്കൾ
േറാസാപ്പൂവിതളുകളായ്
കൂടെ വരുന്നവർക്ക്
പരവതാനി വിരിക്കുന്നു

കുരിശിൽ കണ്ണടച്ച്
മലർന്നു കിടക്കുന്നു
ആണികൾ അവരടിച്ചു കയറ്റുന്നു
മൂന്നാണിപ്പഴുതിലൂടെ
അവശേഷിച്ച സ്നേഹവും
അവരൂറ്റിയെടുക്കുന്നു

വെയിലിൻ്റേയും കാറ്റിൻ്റേയും
സ്നേഹം മാത്രമറിഞ്ഞ്
മൂന്നുദിവസം അങ്ങനെ കിടക്കുന്നു
നിനക്കു വേണ്ടി ജീവിക്കാത്തവനേ
നിന്നെയെനിക്കു വേണ്ടെന്ന്
മരണവും മൊഴിയുന്നു
ഉയിർക്കുന്നു,
തിരിച്ചു കിട്ടാത്ത സ്നേഹത്തിൻ്റെ
സെമിത്തേരിയിലിരിക്കുന്നു

ആരൊക്കെയോ
സ്നേഹ പ്പൂക്കളുമായ് വരുന്നു
പ്രണയ മൊഴികളുമായി
അടുത്തിരിക്കുന്നു
അവരുടെ കണ്ണുകളിലേക്കു നോക്കി
ഇങ്ങനെ പറഞ്ഞു:

പ്രിയരേ
അവരെപ്പോലെ
നിങ്ങളിൽ ഒറ്റുകാരുണ്ടെങ്കിൽ
തിരിച്ചു പോകുക
അവരെ പോലെ
നിങ്ങളിൽ മുറിവുകളിലൂടെ
സ്നേഹിക്കുന്നവരുണ്ടെങ്കിൽ
അകന്നു പോകുക

എന്തെന്നാൽ
ഏറ്റ പീഡകളിൽ നിന്ന്
ഞാൻ സ്നേഹം പഠിച്ചിരിക്കുന്നു.

-മുനീർ അഗ്രഗാമി

No comments:

Post a Comment