മരിച്ചവർ

മരിച്ചവർ
..................
എത്ര മണ്ണിട്ടു മൂടിയാലും
അഗ്നിയിൽ ഒളിപ്പിച്ചാലും
മരിച്ചവൻ്റ ചിരിയും
പാട്ടും
തൊട്ടടുത്ത് നിന്ന്
ചുമലിൽ കൈവെയ്ക്കും


അവരുടെ നൃത്തവും നടനവും സംഭാഷണവും
തൊട്ടു മുന്നിൽ നിന്ന്
ചിരിച്ച് കൈ നീട്ടും
പോയെന്ന് എത്ര പറഞ്ഞാലും
പോവില്ലെന്നു പറഞ്ഞ് അവർ
കൂടെ നടക്കും
മരിച്ചവർ മരിച്ചിട്ടും വന്നിരിക്കുന്ന
ഒരു ചായക്കടയാണ് ഞാൻ

തിളച്ച സമോവറിൽ നിന്ന്
എൻ്റെ ഓർമ്മ അവർക്ക്
ചായയിട്ടു കൊടുക്കും
പത്രത്താളിൽ നിന്ന്
മുഖമുയർത്തി അവർ നോക്കും
പാടത്തെ കുറിച്ചും
ഫാഷിസത്തെ കുറിച്ചും വാ തോരാതെ സംസാരിക്കും

നോക്കൂ
മരിച്ചിട്ടും അവരുടെ നാവ്
ജീവിച്ചിരിക്കുന്നു
കളി പറഞ്ഞ്
കടങ്കഥ പറഞ്ഞ്
കഥ കഴിഞ്ഞ് പോയിട്ടും
അവർ ഭിത്തിയിലെ കുറിപ്പുകൾ വായിക്കുന്നു ,

നാടക പോസ്റ്റർ ,
കലണ്ടറിലെ വേലകൾ ,
പറ്റുകണക്കുകൾ ...

കഥ തീരാതെയവർ
ബെഞ്ചിലിരിക്കുന്നു
കടം പറഞ്ഞ് ചിലർ എണീറ്റു പോയവർ
തിരിച്ചു വന്നാലേ
ആ കടം തീരൂ

മരിച്ചവർ മരിച്ചവരെ പോലെയല്ല
അവർ ജീവിച്ചതിനെക്കാളും
നന്നായി
ജീവിക്കുന്നവരാണ്

അതു കൊണ്ടാണല്ലോ
നമ്മളിങ്ങനെ
ചായക്കട തുറന്നിരിക്കുന്നത്!
.................................
-മുനീർ അഗ്രഗാമി

No comments:

Post a Comment