ഓർമ്മയുടെ ഇതിഹാസം

ഓർമ്മയുടെ ഇതിഹാസം
.........................................
ഓർമ്മയുടെ ഇതിഹാസം വായിക്കുകയായിരുന്നു
ഞാൻ
നായകൻ
ഏതോ സങ്കടത്തിരയിൽ നനഞ്ഞ് കടൽത്തീരത്ത്
സ്വന്തം ദർശനമെഴുതി
ഇരിക്കുകയായിരുന്നു
ജന്മാന്തരങ്ങളുടെ സ്വപ്നക്ഷതങ്ങളുടെ പടുകളിൽ
അലഞ്ഞു തളർന്ന്
വീണു കിട്ടിയ വാക്കുകൾ കൊണ്ട്
കടലുണ്ടാക്കുകയായിരുന്നു ഞാൻ
കാറ്റ് അടുത്ത് വന്നിരുന്നു
ഓരോ കഥ പറയാൻ തുടങ്ങി
തിരയിൽ നിന്ന് തെറിച്ച തുള്ളിയിൽ എൻ്റെ
പൂർവ്വജന്മം നീന്തിയതിൻ്റെ ഓർമ്മ വായിച്ചത്,
ജലം മുറിച്ച് നടന്ന പ്രവാചകൻ്റെ വഴിയിൽ വീശി നിന്നത്,
താടിയും മുടിയും നീട്ടിയ
മെലിഞ്ഞ മനുഷ്യൻ്റെ കൂടെ
കരിമ്പനകൾക്കിടയിലൂടെ
ചെതലിമല കയറിയത് ,
ഒറ്റപ്പെട്ട ഗ്രാമത്തിൽ
വിശ്രാന്തിയനുഭവിച്ച്
ചെവിയാട്ടുന്ന കുഞ്ഞു ചെടിയിൽ
ഊഞ്ഞാലാടുമ്പോൾ
കുഞ്ഞേ എന്ന് അറിയാതെ വിളിച്ചു പോയത് ...
ആരും എഴുതാത്ത കഥകളിൽ നിന്ന്
പിടഞ്ഞെഴുന്നേറ്റ്
ഓർമ്മകളുടെ ഇതിഹാസത്തിൽ
കഥാപാത്രങ്ങൾ
നിറഞ്ഞു കൊണ്ടിരുന്നു
ഞാൻ
ഓരോ വരിയിലും
ഒരു ഗാലക്സി കണ്ടു
ഓരോ വാക്കിലും
ഒരു താരകം കണ്ടു
അതിൻ്റെ വെളിച്ചത്തിൽ
കടൽ കരയിലേക്കു നോക്കി
കാറ്റ് കുതിച്ചു പാഞ്ഞു
എണ്ണമറ്റ നിലവിളികളിൽ
നിലവിട്ട മനസ്സുകൾ
മലയിറക്കം തുടങ്ങി
അവ പുഴകളായി;
കടൽ നിറഞ്ഞു തൂവി;
കല്പാന്തമായി.
ഒരാലിലയിൽ ഞാൻ
ഓർമ്മകൾ കടിച്ച്
പൊങ്ങിക്കിടന്നു
വായിച്ചു കൊണ്ടേയിരുന്നു
...........................................
മുനീർ അഗ്രഗാമി

No comments:

Post a Comment