അമ്പേൽക്കുമ്പോൾ

അമ്പേൽക്കുമ്പോൾ
..................................
രാജ്യസ് നേഹത്തിൽ കുളിച്ച്
ചിറകു കുടയുമ്പോഴാണ്
പക്ഷികളിലൊന്നിന്
അമ്പേറ്റത്

ചുറ്റും വേടൻ മാരായതിനാൽ
ദുഃഖമോ
ആ ദുഃഖത്തിൽ നിന്ന്
അവസാനകാവ്യം പിറക്കുമെന്നോ
വ്യാമോഹമില്ല
എങ്കിലും
പക്ഷിയെ ഓർത്ത്
ഒരു വേദന
അമ്പിനു പിന്നാലെ പായുന്നു
അമ്പിനെ അതു തകർക്കുമോ?
അമ്പതി നെ തകർക്കമോ ?
കുട്ടികൾ തർക്കിക്കുകയാണ്
തർക്കത്തിൽ നിന്ന്
ഒരു കഞ്ഞുറുമ്പെങ്കിലും
ഇറങ്ങിച്ചെന്ന്
വേടൻ്റെ കാലിൽ
കടിച്ചിരുന്നെങ്കിലെന്ന്
ആദികവിയെന്നു പേരില്ലാത്തവൻ
ഒരു മാത്ര
ആഗ്രഹിച്ചു പോയി
... ..............................
മുനീർ അഗ്രഗാമി

മഴപ്പയ്യ്

മഴപ്പയ്യ്
....:.. .:...
മേഞ്ഞു നടന്നു
ചൂടു തിന്നുന്ന മഴ
ഈ വഴി വന്നാൽ
പകലുകളേ
രാത്രികളേ
നിങ്ങളതിനെ
വേനലിന്നാലയിൽ
ഒന്നു പിടിച്ചുകെട്ടണേ
കുളിരു ചുരത്തുമതിനെ
പാടത്തും പറമ്പിലും
അഴിച്ചു കെട്ടുവാൻ
അശക്തനെങ്കിലും
കുറച്ചു നേരം കണ്ടു
മനസ്സു നിറയ്ക്കട്ടെ ഞാൻ

( മുനീർ അഗ്രഗാമി )

ഏകാന്തത

ഏകാന്തത
.....................
രാത്രിയോളം വലിയ ചഷകത്തിൽ
ഏകാന്തത കുടിച്ച്
രാത്രിക്കും പകലിനുമിടയിൽ
സന്ധ്യ പോലെ മങ്ങിയിരിക്കുന്നു ഞാൻ

കാറ്റ് എവിടെയാണ് പോയൊളിച്ചത്
ഒരിലച്ചിറകുവിടർത്തി
അതു തകർക്കാതെ.
മിന്നാമിനുങ്ങുകളുമെവിടെ പോയി ?
കുഞ്ഞു സൂര്യനാവാൻ
മിനക്കെടാതെ.
ഒരു മഴത്തുള്ളി
ഒരു മഞ്ഞുകണം
ഓർമ്മയുടെ പാദസരച്ചിരി
ഒന്നുമില്ല
വേനൽ വീണ്ടും ചഷകം നിറയ്ക്കുന്നു
ഞാൻ കുടിക്കുന്നു
വീടും കുടിക്കുന്നു
ഞാനും വീടും
അന്നേരമുണ്ടായ ഒരു ഭാഷയിൽ സംസാരിച്ച്
അല്പനേരം ഗുൽമോഹർ പോലെ
പുഷ്പിച്ച് നിൽക്കുന്നു
വീടിൻ്റെ കണ്ണു നനഞ്ഞു
എൻ്റെ തൊണ്ടയിടറി
വീട്ടിലെ ശൂന്യതയിൽ
വേനൽ മാത്രം വന്നു നിറഞ്ഞു
- മുനീർ അഗ്രഗാമി

വനിത

വനിത
...........
പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ
അവൾക്കേ അറിയൂ;
പുഴു മനുഷ്യനാകുമ്പോൾ.
അതു കൊണ്ടാവും
വർണ്ണച്ചിറകുകളിലെല്ലാം
അവളുടെ ചിത്രങ്ങൾ!


- മുനീർ അഗ്രഗാമി

രണ്ടു പേർ കിണറുകുഴിക്കുന്നു

രണ്ടു പേർ കിണറുകുഴിക്കുന്നു
************************
രണ്ടു പേർ കിണറുകുഴിക്കുന്നു
പാറപോലുള്ളതും പാറയും
കുഴിച്ചു പരിചയമുള്ള വർ
പ ടവുകളുണ്ടാക്കി ഇറങ്ങുകയാണവർ
വിഷമമെന്നും സങ്കടമെന്നുമാണവരുടെ പേരുകൾ

പണത്തിന് ആർത്തിയുള്ള
ഓട്ടോ ഡ്രൈവറെ പോലെ
വേദനിപ്പിച്ച് അവർ കുഴിക്കുന്നു
മനുഷ്യനാണെന്നോ
മനസ്സുണ്ടെന്നോ
മണ്ണാണെന്നോ
അവർക്കറിയാത്ത പോലെ
പടവുകളിൽ പല അടരുകൾ
അടരുകളിൽ പല നിറങ്ങൾ
മണ്ണെന്നോ മനസ്സെ ന്നോ
തിരിച്ചറിയാനാവാത്ത പോലെ
പാതി വഴിയിൽ അവരെ നനച്ച്
ഒരുറവ
തേങ്ങലിൻ്റെ തുടക്കമെന്ന പോലെ
വീണ്ടുമവർ കുഴിക്കുന്നു
ആഴത്തിലേക്ക് പടവുകളിറങ്ങുന്നു
ഉറവകൾ അവരെ വന്നു നോക്കുന്നു
തിരിച്ചു കയറും മുമ്പ്
ജലവിരലുകളിൽ എടുത്ത് എലികളെയെന്ന പോലെ
ആഴം അവരെ കൊന്നു കളഞ്ഞു
അവർ കുഴിച്ച ഇടത്തെ
അവർ എന്തു പേരായിരിക്കും വിളിച്ചത് ?
അതവർക്കേ അറിയൂ
..........................................
മുനീർ അഗ്രഗാമി

ഒരു തുള്ളി ഓർമ്മ

ഒരു തുള്ളി
ഓർമ്മ
................
വറ്റിപ്പോയ മഞ്ഞുതുള്ളി
ബാക്കി വെച്ച ചിരിയിൽ കുളിച്ച്
മനസ്സ് ഇപ്പോഴും
പ്രകാശിക്കുന്നു

നാടൻ പാട്ടിൻ്റെ ഇതളിൽ
മിന്നാമിനുങ്ങിൻ്റെ വെട്ടത്തിൽ
പളുങ്കമണിയായ്
അതിപ്പോഴും മിന്നുന്നുണ്ട്
ഒരു മിന്നലിൽ
സൂര്യനോളം വലുതായ
അതിൻ്റെ ചെറുപ്പം
ചെറുതായതേയില്ല
മനസ്സുനിറഞ്ഞിട്ടാവണം
കണ്ണിലൂടെ ഒരു തുള്ളി
ഓർമ്മ
പുറത്തുചാടി
ചൂടുണ്ടതിന്
തണുത്തിരിക്കുവാൻ കൊതിച്ച്
ഉള്ളു തപിച്ച് പൊള്ളിപ്പോയ
മഞ്ഞു തുള്ളി പോലെ
വറ്റുമ്പോഴാണ്
നിറഞ്ഞിരുന്നതിൻ്റെ ആഴം കണ്ട്
കണ്ണു നിറുയുക
.............................
മുനീർ അഗ്രഗാമി

ഒച്ച്


ഒച്ച്
......
ആഗ്രഹങ്ങളുടെ കല്ലുകളെടുത്ത്
അട്ടിയട്ടിയായി വെച്ച്
അതിന്നിടയിൽ സൂക്ഷ്മതയോടെ
സ്വപ്നങ്ങൾ കുഴച്ചു വെച്ച്
പണി തീർത്തതിനെ
വീടെന്നെങ്ങനെ വിളിക്കും?
ജീവിതത്തിൻ്റെ പുറന്തോടെന്നല്ലാതെ !
.................................
മുനീർ അഗ്രഗാമി

അവനൊപ്പമേ ഞാനുള്ളൂ

അവനൊപ്പമേ ഞാനുള്ളൂ
.............. .............. .............
ദ്രോഹമെന്നു കുറ്റപ്പെടുത്തുമ്പോൾ
സ്നേഹമാകുന്നവനൊപ്പമേ
ഞാനുള്ളൂ
അവൻ്റെ വാക്കുകളിൽ
സ്വപ്നങ്ങൾ പീഡനമേൽക്കുന്ന
തടവറ തുറക്കുവാനൊരു സൂത്രമുണ്ട്
വിലങ്ങു വെച്ച നാക്കിന് ചലിക്കുവാനൊരു പഴുതുണ്ട്

ഏതു സ്മൃതിയിലെസ്വർഗ്ഗം തന്നാലും
പുതു സ്വർഗ്ഗ മുണ്ടാക്കുവാൻ
മണ്ണിലിറങ്ങുന്നവന്നൊപ്പമേ
ഞാനുള്ളൂ
ഉണ്ടെന്നു തോന്നുവാൻ
ഉണർന്നെന്നു കാണുവാൻ
അവൻ്റെ വാക്കിൽ കയറിയിരുന്ന്
ഭൂതത്തിലേക്കും ഭാവിയിലേക്കും
യാത്ര പോകുവാൻ
അവനൊപ്പമേ ഞാനുള്ളൂ
അവൻ നടന്നു വരുമ്പോൾ
ഉണർന്ന്
അടിമുടി കോരിത്തരിച്ച്
സ്നേഹരാജ്യമാകുന്നു കലാലയം
പണവും പദവിയുംതന്ന് നിങ്ങളെത്ര വിളിച്ചാലും
നിങ്ങൾക്കൊപ്പം ഞാനില്ല
ജീവനുണ്ടെന്നു തെളിയിക്കുന്നവനൊപ്പം
പട്ടിണി കിടക്കാനും
പട നയിക്കാനുമേഞാനുള്ളൂ
മരിച്ചു കിടക്കുന്ന കലാലയങ്ങളെ
അവനൊപ്പം നടന്ന്
വിളിച്ചുണർത്തുവാൻ
വർഷങ്ങൾക്കു മുമ്പെ പ്പോഴോ
ഉറങ്ങിപ്പോയ നിങ്ങൾ
എത്ര വിളിച്ചാലും സാധിക്കില്ല
അതുകൊണ്ട്
അവനൊപ്പമേ ഞാനുള്ളൂ
......................... .മുനീർ അഗ്രഗാമി

സെൻ്റ് ഓഫ്

സെൻ്റ് ഓഫ്
.....................
ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങളായ്
ഞങ്ങളൊരു ശിശിരമുണ്ടാക്കുന്നു,
വസന്തം കഴിഞ്ഞതിൻ സങ്കടങ്ങൾ വീണു കിടക്കുന്ന ക്ലാസ്സിൽ
മാർച്ചിൻ്റെ മഹാസമുദ്രത്തിൽ
വെയിൽത്തിരകളിൽ
ഉരുകിയൊഴുകുന്ന
ഉഷ്ണ സമുദ്രത്തിൽ
നങ്കൂരമിട്ട പുതിയ കപ്പൽ
ഞങ്ങളെ കാത്തിരിക്കുന്നു
ഓർമ്മകളേ
ഞങ്ങളെ യാത്രയാക്കാൻ
നിങ്ങൾ മരത്തണലിൽ
വിറച്ചു നിൽക്കുന്നു
ഇടനാഴിയിൽ വിതുമ്പി നിൽക്കുന്നു
ഞങ്ങളെ നോക്കി നോക്കി
ഞങ്ങളുണ്ടാക്കിയ സന്തോഷങ്ങൾ
തേങ്ങി നിൽക്കുന്നു
കലാലയത്തിൻ്റെആത്മാവേ
കെട്ടിടങ്ങളേ
കെട്ടിടങ്ങളിലെ ചലനങ്ങളേ
പല കൈകളാൽ വാരിയ
ചോറ്റു പൊതികളേ
ചിരിച്ചു തുള്ളിയ നടപ്പാതകളേ
ഉറഞ്ഞാടിയ മൈതാനമേ
കൊഴിഞ്ഞ ഇലകളിൽ
നിങ്ങളുടെ ചിത്രങ്ങൾ
വരയ്ക്കുകയാണ്
സെൻ്റോഫ്‌
കൊഴിഞ്ഞു വീണ പൂക്കളിൽ
വാടിയ പ്രണയലേഖനങ്ങൾ
മരത്തടിയിൽ പച്ചകുത്തിയ
സ്വപ്നങ്ങൾ
േവരുകളിൽ പിടയ്ക്കുന്ന
ജീവജല ബിന്ദുക്കളായ് പിണക്കങ്ങളിലൂടെ ഒലിച്ചിറങ്ങിയ
നമ്മൾ
ക്ലാസിൽ നിന്നും
വിയർപ്പിൻ്റെ ഉപ്പു നിറഞ്ഞ ഒരു കാറ്റ്
പുറത്തേക്ക് പിടിച്ചു വലിക്കുന്നു
കാറ്റു പോകുവോളം
അതിനൊപ്പമാണിനി
കപ്പലിൽ കയറാതെ
തരമില്ല
സമയമാണതിൻ്റെ നാവികൻ
ഞങ്ങളിപ്പോൾ കാലുള്ള മരങ്ങളാണ്
മണൽത്തരികൾ
ഓരോ ദിവസങ്ങളാണ്
അതിലൂടെ ഞങ്ങൾ നടന്നു പോകുകയാണ്
പുതിയ തെഴുപ്പുകൾ പെയ്യുന്ന
മഴയിലേക്ക്
കപ്പലേ ഞങ്ങളെ കൊണ്ടു പോകൂ പോകൂ
......................................
മുനീർ അഗ്രഗാമി

നാലു കാര്യങ്ങൾ


നാലു കാര്യങ്ങൾ
*****************
തടവ്
........
വിരഹത്തിൻ്റെ യും സഹനത്തിൻ്റേയും
അഴികളെണ്ണി
രണ്ടു ജയിലുകളിൽ
മൗനം ഭക്ഷിച്ച്
നമ്മുടെ ആഗ്ര ഹങ്ങൾക്ക്
ജീവപര്യന്തം
***
തടവിലെ ആഗ്രഹം
.................
നാമകപ്പെട്ട ജയിലുകൾക്കിടയിൽ
ജീവിക്കുന്ന സ്ഥലം
ചുരുങ്ങിയൊരു മതിലായാൽ
ഞാൻ ബഷീർ
നീ നാരായണി
വാക്കുകൾ നമ്മുടെ ഹംസങ്ങൾ
***
പക്ഷേ,സംഭവിച്ചത്
....................
സമയത്തിൻ്റെ ഇടയൻ
നിൻ്റെ മുടിയിലെ കറുപ്പും
എൻ്റെ തൊലിയിലെ
മിനുസവും കൊണ്ടുപോയി
അന്നേരം നിൻ്റെ സങ്കടം
എൻ്റെ സങ്കടം കാണാൻ കാത്തിരുന്ന്
ഉറങ്ങിപ്പോയി
***
അനന്തരം
................
ദൂരത്തിൻ്റെ രണ്ടു കൊമ്പുകളിൽ
വാടിപ്പോയ നമ്മുടെ പൂവുകൾ
കൊഴിയാൻ മടിച്ച്
ഉണങ്ങി നിൽക്കുന്നു
വിടർന്നതിൻ്റെ അടയാളമായി
വെറുതെ
..............................
മുനീർ അഗ്രഗാമി

ദൃശ്യ മഴു

ദൃശ്യ മഴു

മരത്തിൽ നിന്ന് ഞാനൊന്നും കേട്ടില്ല .
മരം എന്നോട് മിണ്ടാതായതാണ്
സിദ്ധാർത്ഥനായിരുന്നപ്പോൾ
നിശ്ശബ്ദമായ് മരം പാടിയ
പാട്ടുകേട്ടാണ് ബുദ്ധനായത്
കാക്കയായിരുന്നപ്പോൾ
കൂടുണ്ടാക്കാൻ പറഞ്ഞു
കൂടെ നിന്നതാണ്
തേനീച്ചയായിരുന്നപ്പോൾ
പൂവിൽ നിന്ന് പൂവിലേക്ക്
പ്രണയം കൊണ്ടു പോകാൻ
ഹംസമാകാൻ പറഞ്ഞതാണ്
വരരുചിയായിരുന്നപ്പോൾ
മരത്തിൽ നിന്നാണ് വിധി പറഞ്ഞത്
മരമായിരുന്നില്ല പറഞ്ഞത്
ഇപ്പോൾ മരം മിണ്ടുമെന്നു കരുതി
അടുത്തു ചെന്നതാണ്
ഒന്നും മിണ്ടിയില്ല
സങ്കടപ്പെട്ട് തിരിച്ചുപോരുമ്പോൾ
എന്റെ കയ്യിലിരുന്ന്
ഒരദൃശ്യമഴു ചിരിക്കുന്നു
വികസനത്തിൻ്റെ മൂർച്ചയുണ്ടതിന്.
....മുനീർ അഗ്രഗാമി

സ്നേഹിക്കുമ്പോൾ

സ്നേഹിക്കുമ്പോൾ
.....................
സ്നേഹിക്കുമ്പോൾ
പറഞ്ഞ് പറഞ്ഞ്
എല്ലാ വാക്കുകളും തീർന്നു പോയാൽ
ഒരർത്ഥം മാത്രം ബാക്കിയാകും
ഒറ്റപ്പെടുമ്പോൾ
അതു നിന്നോടു പറയാൻ ഒരു വാക്കുണ്ടാക്കും
നീ കേൾക്കുമ്പോൾ
അതൊരു ഭാഷയാകും
വാക്കുകൾ അതിൽ നിന്ന് മുളച്ച് വളർന്ന്
നാമതിൻ്റെ തണലിലിരിക്കും
മറക്കാതിരിക്കുവാൻ
ആ ഭാഷയ്ക്ക്
നാമറിയാതെ വ്യാകരണം വന്നു ചേരും
കാഴ്ചക്കാർ
സമരത്തിൻ്റേ യോ
അതിജീവനത്തിൻ്റേയോ
ജീവിതത്തിൻ്റേ യോ ഭാഷയായ്
അതുരേഖപ്പെടുത്തും

...................................
മുനീർ അഗ്രഗാമി

പറന്നു പോയ പുഴ

പറന്നു പോയ പുഴ
...............................
പറന്നു പോയ പുഴ
ഏതോ മേഘച്ചില്ലയിൽ
ഒളിച്ചിരിക്കുന്നു

കാത്തിരുന്ന കടലിൽ
മുഴുവനുമെത്താതെ
പോയതെന്തിനാണത് ?
ആഴം കുടിച്ചു തീരും മുമ്പ്
പറയാതെ ഉയർന്നുയർന്നു
മറഞ്ഞതെന്തിനാണത് ?
ഒരു നോട്ടം കൊണ്ട്
ചിറകു കൊടുത്തവൻ്റെ
കൂടെ പോയതെന്തിനാണ് ?
എല്ലാം ചോദിക്കണം
മടങ്ങി വരട്ടെ
ഉയർച്ച മടുക്കുമ്പോൾ
കാത്തിരുന്ന് വിണ്ടു കീറിയ മനസ്സും
മണ്ണും കണ്ട് ഹൃദയം പൊട്ടി
പെയ്യാതിരിക്കാൻ അതിനാകുമോ ?
അത്രമേൽ സ്നേഹത്തിൻ്റെ
പരലുകൾ അതിൽ പരൽമീനുകളായ്
നീന്താതിരിക്കുന്നതെങ്ങനെ !
- മുനീർ അഗ്രഗാമി

വെളിച്ചം

വെളിച്ചം
..............
ഒറ്റയാവുന്നു,
ചന്ദ്രനെ പോലെ
നിലാവു പൊഴിച്ച്
അന്ധകാരത്തിൽ
ഉയരത്തിലല്ല
അഗാധ ഗർത്തത്തിൽ
എങ്കിലും സങ്കടമില്ല
സൂര്യനായ് നീയുണ്ടല്ലോ
നിലാവായ് എന്നിലുണ്ടല്ലോ !
താഴ്ചയുടെ ആഴം
ഉയരം കൊണ്ടളന്ന്
തീരില്ലൊരിക്കലും
എനിക്കറിയുന്നത്ര
നീയുരുകുന്നത്
ആർക്കറിയും?;
നിൻ്റെ വെളിച്ചത്തിലെൻ്റെ
വെളിച്ചം
അതിൻ്റെ വെളിച്ചം
കണ്ടു പിടിക്കുമ്പോൾ!
- മുനീർ അഗ്രഗാമി

പ്രണയം 2016

പ്രണയം 2016
...... ......... .. .......
എൺപത്തിയാറാമത്തെ
കാമുകിയാവേണ്ടവൾ പറഞ്ഞത് ,
അവൾക്ക്
തൊണ്ണൂറു കഴിഞ്ഞവനെ മതിയെന്ന്.

അതിനിനിയും അഞ്ചു പ്രണയങ്ങൾ
അഞ്ചു വസന്തം പോലെ വരണം
അഞ്ചിതൾ പൂ പോലെ കൊഴിയണം
അപ്പേഴേക്ക് അവൾക്ക്
പതിനേഴുതികയും
പതിനാറു കാമുകരുടെ വാക്കുകളിലൂടെ നീന്തി,
കഴിഞ്ഞ പതിനാറിനേക്കാളും
മധുരമുള്ള കാമുകിയായേ
അവളടുത്ത് വരൂ
തൊണ്ണൂറാമത്തെ പ്രണയം
എത്ര വലിയ വസന്തമായാലും
അവളുടെ പ്രാർത്ഥനയിൽ
അതു കൊഴിയാതിരിക്കില്ല
തൊണ്ണൂറ്റൊന്നാമത്തെ ഊഴത്തിൽ
അവളുടെ ചിരിയിൽ
വാക്കുളുടെ ഇലകളിൽ
നവ വസന്തം നടക്കുന്നു
പൂക്കളമിടുന്നു
തിരുവോണമുദിക്കുന്നു
ഒരു നിമിഷം
തൊണ്ണൂറ്റി രണ്ടും പതിനെട്ടും
അപരിചിത സംഖ്യകളാകുന്നു
പാവം മനസ്സേ
നീയത് വായിക്കുവോളം
രണ്ടിതളുകളിൽ
രണ്ടുചിറകുകളിൽ
ഒന്നായ്
പൂവായും പൂമ്പാറ്റയായും
പ്രണയാദ്വൈതമറിയുന്നു
-.- മുനീർ അഗ്രഗാമി

A+


A+
.....
ശനിയും ഞായറും ട്യൂഷനുണ്ട്
സയൻസാണ് പഠിക്കുന്നത്

അസഹിഷ്ണുത
ഫാഷിസം
സ്വാതന്ത്യ്രം
സമത്വം
ജനാധിപത്യം
എന്നൊക്കെ പറഞ്ഞ്
ആരാണവൻ്റെ സമയം കളയുന്നത് ?

ഫുൾ എപ്ലസ് വാങ്ങേണ്ടവനവൻ
എൻട്രൻസ് കോച്ചിങ്ങിലാവേണ്ടവനവൻ
സർക്കാർ മെഡിക്കൽ കോളജിൽ
പഠിച്ചു പാസാവേണ്ടവൻ
അമേരിക്കയിലെത്തേണ്ടവൻ
പത്രവും ടി വി യും
കണ്ടാലേകാഗ്രത പോകുവോൻ

പഠന മികവിന്നു പല വഴി
സമ്മാനം ലഭിച്ചോൻ.
കേരളത്തിന്നഭിമാനപുത്രൻ!

.- മുനീർ അഗ്രഗാമി

വറ്റാതെ


വറ്റാതെ
................
എത്ര തോർത്തിയിട്ടും
നനഞ്ഞൊലിക്കുമുടലിലൂടെ
ഒഴുകിപ്പോകുന്ന
ഓർമ്മയാണു പുഴ

ഏതു വേനലിലും
വറ്റാതെ
നിറഞ്ഞിരിക്കുന്ന മനസ്സിൻ്റെ
നിറഞ്ഞ കണ്ണിലതു
ചെന്നു ചേരുന്നു,
കടലിലെന്ന പോലെ .

... മുനീർ അഗ്രഗാമി
രണ്ടു വണ്ടി
...................
സ്കൂൾ വണ്ടിയിൽ നിന്ന്
കോഴിവണ്ടി കണ്ട കുട്ടി
ഇക്കോഴികളൊന്നും കൂവാത്ത തെന്തെന്ന്
അത്ഭുതപ്പെട്ടു

അടുത്തിരിക്കുന്നവരോട്
കുട്ടി അതു ചോദിച്ചു കൊണ്ടിരുന്നു
സൈലൻസ്
സൈലൻസ് !
കിളി ചിലയ്ക്കാൻ തുടങ്ങി.
കുട്ടി ഒന്നും മിണ്ടിയില്ല
പേടിച്ച് കിളിയെ നോക്കിയിരിക്കെ
ഒരു നിമിഷം അയാൾ
പ്രിൻസിപ്പാളായ പോലെ തോന്നി
നിശ്ശബദത നിറച്ച വണ്ടി വലിച്ച്
ഏതൊക്കെയോ യാന്ത്രിക ശബ്ദങ്ങൾ
സ്കൂളിലേക്ക് കുതിക്കുമ്പോൾ
കോഴിവണ്ടി മറികടക്കുന്നു
കുട്ടി കോഴിവണ്ടിയിലേക്കു നോക്കി
അത്ഭുതപ്പെട്ടു:
എന്തൊരച്ചടക്കമാണ് !
കുട്ടി തൻ്റെ വെളുത്ത യൂണിഫോമിലേക്കു കണ്ണു താഴ്ത്തി
ഒന്നും മിണ്ടാതിരുന്നു
കൂവാത്തതിൻ്റെ രഹസ്യമറിയുന്ന
ജ്ഞാനിയെ പോലെ.
-... മുനീർ അഗ്രഗാമി

വേനൽ പനി

വേനൽ പനി
.........................
പനിച്ചു പൊള്ളുന്ന
രാത്രിയുടെ ഉടലിൽ നിന്ന്
നീ എൻ്റെ വിയർപ്പ് ഒപ്പുന്നു
നിൻ്റെ കണ്ണു നനച്ച്
എൻ്റെ നെറ്റിയിൽ ഇടുന്നു
ഞാൻ മറ്റൊരു രാത്രിയായി
നിൻ്റെ സങ്കടങ്ങൾക്ക്
കിടന്നുറങ്ങാൻ
നെഞ്ചു വിരിക്കുന്നു

ഗ്രീഷ്മം പെയ്യുമ്പോൾ
പകൽ വെളിച്ചത്തിൽ
ചൂടിൽ കളിക്കരുതെന്ന്
നീ
എത്ര വട്ടം പറഞ്ഞിട്ടും കേട്ടിരുന്നില്ല
ഞാൻ
അദൃശ്യനായ് രാവും കളിച്ചിരിക്കണം
അല്ലാതെങ്ങനെ പനിവരും ?
പനിച്ച്
എത്രയോ ജീവികളാൽ
പിച്ചും പേയും പറയുന്ന
കുംഭമാസ രാത്രി പോലെ
ഞാൻ പനിച്ചു തുള്ളുന്നു

കുളിരുള്ള നിൻ്റെ സ്നേഹം പുതയ്ക്കുവാൻ കൊതിച്ച്
ഇരുണ്ട സ്വപ്നമായ് പരക്കുന്നു
രാത്രിയുടെ നെറ്റിയിൽ നിലാവ് ചുണ്ടു നനച്ചിടുന്നു
നിൻ്റെ ചുണ്ടും നനഞ്ഞുവോ
എൻ്റെ പനി കുറഞ്ഞുവോ
വിയപ്പിൽ ചാലിച്ച് കുടിക്കുവാൻ ആഗ്രഹങ്ങൾ
നീ തന്നു
രാവിപ്പോഴും പനി മാറാതെ
ഉണർന്നു പിടയുമ്പോൾ
നീയെന്നെ
നിൻ്റെ വേദനകൾക്കൊപ്പം
പുലരിത്തണുപ്പിൽ കളിപ്പിച്ച്
സുഖപ്പെടുത്തുന്നു

വലിയൊരു ഞാവൽമരമായി
ഞാനുണരുന്നു
നിൻ്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ
അതിൽ വന്നിരുന്ന് പാടുന്നു
സൂര്യനിപ്പോൾ അതു കാണുവാൻ വിടരുന്ന
ഒരു പൂവു മാത്രം!
............. ....... മുനീർ അഗ്രഗാമി

സർവ്വകലാശാലാ ലൈബ്രറി

സർവ്വകലാശാലാ ലൈബ്രറി
...............................................
സർവ്വകലാശാലയിൽ നിന്നും
ലൈബ്രറിയിൽ നിന്നും
ഗാന്ധിജിയുടെ ചിത്രം അപ്രത്യക്ഷമായി
അന്നു തന്നെ
ഹിറ്റ്ലറുടെ ചിത്രം പ്രത്യക്ഷപ്പെട്ടു
പശുവിൻ്റെ പുറത്ത്
ഇരിക്കുകയായിരുന്നു അയാൾ


ഓരോ നോട്ടത്തിലും ചിത്രം
ഓരോന്നായി തോന്നി
ഒന്നാം നോട്ടത്തിൽ
സന്യാസിയായി
രണ്ടാം നോട്ടത്തിൽ
ഭരണാധികാരി
മൂന്നാം നോട്ടത്തിൽ
പട്ടാളം
നാലാം നോട്ടത്തിൽ
വി.സി
അഞ്ചാം നോട്ടത്തിൽ
പെൺപുലി

നോട്ടങ്ങളങ്ങനെ കടന്നു പോകെ
ചില നിമിത്തങ്ങളുണ്ടായി
രാജാറാം മോൻ റോയിയെ കുറിച്ചുള്ള
പുസത്കങ്ങൾ കത്തിപ്പോയി
മണ്ടേലയുടെ എഴുത്തുകൾ
ചിതലു തിന്നു
ബുദ്ധൻ്റെ വചനങ്ങൾ നിറഞ്ഞ പുസ്തകം
പറന്നു പോയി
ഒന്നാമത്തെ തട്ടിലിരുന്ന ഭരണ ഘടന
താഴെ വീണ് കുത്തഴിഞ്ഞു
അംബേദ്കറുടെ ചരിത്രത്തിൻ്റെ താളുകൾ
നനഞ്ഞു കുതിർന്നു

വിദ്യാർത്ഥികളുടെ മനസ്സ് മുറിഞ്ഞ്
പത്രങ്ങളിലെ അക്ഷരങ്ങൾ ചുവന്നു.
ആരൊക്കെയോ
ആൻ ഫ്രാങ്കിനെ പോലെ
ഡയറി യെഴുതുന്നു
ഗവേഷകർ നോട്ടുകുറിക്കുന്നു
അവ ജീവിതക്കുറിപ്പുകളോ
ആത്മഹത്യാ കുറിപ്പുകളോ എന്ന തർക്കത്തിൽ
പ്രാഫസർമാർ ഒച്ച വെയ്ക്കുന്നു
ലൈബ്രേറിയൻ നിശ്ശബ്ദതയുടെ ചിഹ്നം
അവരെ കാണിക്കുന്നു
അവരാ ചിഹ്നത്തിന് വോട്ടു ചെയ്യുന്നു

ലൈബ്രറിയിൽ നിന്നും ഞാൻ പുറത്തു കടക്കുന്നു
അസ്വസ്ഥമായ വായനയിൽ നിന്നും
പുറത്തു കടക്കുവാനാകാതെ.
ഹിറ്റ്ലർ എന്നെ നോക്കി ചിരിക്കുകയാണ്
അല്ല
ലൈബ്രറി മുഴുവനും അയാളുടെ നോട്ടത്തിലാണ്
സർവ്വകലാശാലയുടെ ബോർഡ്
തിരുത്തിയതാരാണ്?
കോൺസൻട്രേഷൻ ക്യാമ്പെന്നാണല്ലോ
കാണുന്നത് !
എൻ്റെ വായനയിൽ നിന്ന്
പെട്ടെന്ന് ഒരു മാൻ പേടിച്ച്
ഓടാൻ തുടങ്ങി.
.................................മുനീർ അഗ്രഗാമി

ഗതി

ഗതി
.......
നിങ്ങൾ മിണ്ടാത്തതു കൊണ്ട്
എത്ര വാക്കുകളാണ്
പിണങ്ങിപ്പോയത് !
നിങ്ങൾ അവഗണിച്ചതിനാൽ
എത്ര വാക്കുകളാണ്
പടിയിറങ്ങി പോയത് !
നിങ്ങൾ അന്യ വാക്കുകളെ സ്വീകരിച്ചതിനാൽ
എത്ര വാക്കുകളാണ്
ആത്മഹത്യ ചെയ്തത് !

കിളികൾ ഒഴിഞ്ഞു പോയ
കുടു പോലെ
പൂക്കൾ പിണങ്ങിപ്പോയ
വസന്തം പോലെ
നക്ഷത്രങ്ങൾ ആത്മഹത്യ ചെയ്ത
ആകാശം പോലെ
ഒരു ഭാഷ;
അല്ല , ഒരു നാട്;
അല്ല ,ഒരു വീട്:
അല്ല , ഒരു ശരീരം
അല്ല , ഒരു വാക്ക്
മിണ്ടലിന് കാതോർത്ത്
വൃദ്ധസദനത്തിലെന്ന പോലെ
കിടക്കുന്നു
എൻ്റെ മലയാളമേ
എന്നു കരഞ്ഞ്
ആർത്തലച്ച്
ഒരു വേനൽ മഴ
അതിൻ്റെ ചുണ്ട്
നനയ്ക്കുന്നു
-മുനീർ അഗ്രഗാമി

ഉമ്മ

ഉമ്മ
......
എത്ര തുന്നിയിട്ടും തീരാത്ത
ഒരു പട്ടുറുമാലിലായിരുന്നു
എത്രയോ കാലം
ഉമ്മ എന്നെ കിടത്തിയത്

ഉമ്മയുടെ കുട്ടിക്കാലമാണ്
അതിൻ്റെ
ആദ്യത്തെ നൂലു കോർത്തത്
ഉമ്മ മരിക്കുവോളം കൂടെ നടന്നിട്ടും
അതിൻ്റെ വലുപ്പും
കണ്ടു തീർന്നിരുന്നില്ല
തൊട്ടിൽ അതിനേക്കാളും
എത്ര ചെറുതായിരുന്നു!
എത്ര ചെറുതായിരുന്നു!


-മുനീർ അഗ്രഗാമി

മൂന്നു കവിതകൾ

മൂന്നു കവിതകൾ
................................
സമയം
'''''''''''''''''''
കറുത്തും വെളുത്തും വളരുന്ന
മരമാണ് സമയം
കൊഴിഞ്ഞാലും കൊഴിഞ്ഞാലും തീരാത്ത
ഇലകളുണ്ടതിന്
കൊഴിഞ്ഞ ഇലകളിലെ
പച്ചപ്പായിരുന്നു
മരിച്ചു പോയവർ

****
വിടർന്ന...
''''''''''''''''''''''
നിന്നെ തൊട്ടപ്പോൾ
വിടർന്ന പൂക്കാലമാണ്
എന്നെ പൂമ്പാറ്റയാക്കിയത്
അതിനാൽ
എൻ്റെ ചിറകിലെ വസന്തം
നീ മാത്രം കാണുന്നു
***
കടപ്പുറത്ത്
'''''''''''''''''''''''''''''
കടപ്പുറത്ത്
കാത്തിരിക്കുന്നവളുടെ കണ്ണിൽ
കടൽ
തന്നേക്കാളും ആഴമുള്ള കടൽ കാണുന്നു;
അവനു മാത്രം ഇരിക്കാൻ പറ്റുന്ന
അതിൻ്റെ തീരവും.
***
മുനീർ അഗ്രഗാമി

അവനെ ഓർത്ത്


അവനെ ഓർത്ത്
...............................................

ജീവിതം അവനെ പുറത്താക്കി
വാതിലടച്ചു
മരണം അവനെ
കൂട്ടിക്കൊണ്ടുപോയി
ഇനി പുതിയ വാതിലുകളിലൂടെ
അവൻ വരും അദൃശ്യനായി
ജീവിതവും മരണവുമില്ലാതെ

ഒരു വാതിൽ
കഥയിൽ നിന്ന്
സ്വപ്നത്തിലേക്ക് തുറക്കും
ഒന്ന് ഗ്രാമത്തിലേക്ക്
ഒന്ന് വിദ്യാർത്ഥികളിലേക്ക്
ഒന്ന് ദർശനത്തിലേക്ക്

അവനെ ഓർത്ത്
ലോകം കരയുമ്പോൾ
ഓരോ വാതിലിലൂടെയും
അവനിറങ്ങി വന്ന്
ലോകത്തിൻ്റെ കണ്ണീർ തുടയ്ക്കും

അക്ഷരങ്ങളാണ്
അവൻ്റെ തൂവാല
ചിന്തകളാണ് അതിലെ പൂവുകൾ
അതിൻ്റെ നിറം ഭൂമിയുടേത്

മരിച്ചു പോയവരെ
അവൻ കഥകളിൽ എടുത്തു വെച്ച പോലെ
അവനെ ഭാഷ എടുത്തു വെയ്ക്കുന്നു
കഥ കഴിഞ്ഞെങ്കിലും
വായന കഴിയുന്നില്ല
 
-.മുനീർ അഗ്രഗാമി

സൗഹൃദം


.സൗഹൃദം................

ഏതേതോ സങ്കടത്താൽ
ഒഴുകി പോയ ഒരാൾ
മറ്റേതോ വേദനയാൽ
വറ്റി വരണ്ടിരിക്കുമ്പോൾ
പെയ്യുന്ന വാക്കുകളുടെ
മേഘമാണ് സൗഹൃദം

അലിഞ്ഞിറങ്ങി
നിറഞ്ഞ് അയാളിലൂടെ
മറ്റയാൾ നടക്കുമ്പോൾ
നടത്തിന് എന്തൊരൊഴുക്ക് !
പ്രണയമെന്നതിനെ
വിളിക്കാൻ
കുളിരുള്ള
ഒരു കാറ്റിൻ്റെ വരവുണ്ടന്നേരം
ആ കുളിരാണ് കുളിര്.

അവർ രണ്ടു പേരും
ഒഴുക്കറിയാതെ
ഏതോ സ്വപ്നത്തിൻ്റെ വക്കിൽ
വഴി തെറ്റി നിൽക്കുമ്പോൾ
അവർ അതിനെ
ഒരു പേരും വിളിച്ചില്ലെങ്കിലും
വേദനയോ സങ്കടമോ
അവർ
അറിഞ്ഞിരുന്നില്ല
സത്യം


-.മുനീർ അഗ്രഗാമി

കാലുകൾ

കാലുകൾ
.................
കാലുകളുടെ എണ്ണം കൂടിയിരിക്കുന്നു
തലയിലും പുറത്തും നെഞ്ചത്തും
ഇടതടവില്ലാതെ അവ പതിക്കുന്നു
സാധാരണക്കാരനിലേക്ക്
അവ ചുവടുവെക്കുന്നു
നീതിയെയും ന്യായത്തെയും
ഷെൽഫിലുറക്കി ക്കിടത്തി
ഇരുളുടലുള്ള കാലുകൾ വിധി പറയുന്നു

പണ്ട് യുവാക്കളെയും
വ്യദ്ധൻമാരേയും തേടി
കാലുകൾ വന്നിരുന്നില്ല
എല്ലാ നന്മകളുടെയും
ആൾരൂപമായ രാജാവിനു നേരെ വന്നു
തലയിൽ
ഒരു കാലേ വെച്ചിരുന്നുള്ളൂ
ചവിട്ടിയാൽ താഴുന്നതിലുമധികം
അദ്ദേഹം താഴ്ന്നു
താഴ്മയുടെ അഭ്യുന്നതിയിൽ നിന്ന്
സ്നേഹവും രാജ്യസ്നേഹവും പഠിപ്പിക്കാൻ
അദ്ദേഹം കഴിയാത്തകഥയായി
ഭാവിയുടെ രാജ്യം
ഇപ്പോഴേ നിർമ്മിക്കുന്ന
യുവത്വത്തിൻ്റെ നെഞ്ച് കലക്കുന്ന കാലുകൾ മറ്റേതോ
കഥകളിൽ നിന്നാണ് ഇറങ്ങി നടന്നത്
അവയെ പേടിക്കണം
അവ വെറും കാലുകളല്ല
ഒരു കഥയുടെ കെട്ട്
അതിന് ബലം കൊടുക്കുന്നു
വായനയുടെ മട്ട്
അതിന് നിറം കൊടുക്കുന്നു
ആ കാലുകൊണ്ട്
ആരാണ് അവനെ ചവിട്ടുന്നത് !
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ
ഒരു പദേശം കൊണ്ട് നാന്നാകുമായിരുന്നല്ലോ
അവൻ
തെറ്റു ചെയ്തിട്ടില്ലെങ്കിൽ
ഏറ്റവും നല്ല യുവാവായി
രാജ്യത്തെ സേവിക്കുമായിരുന്നല്ലോ അവൻ
കാലുകൾ തലയല്ലാത്ത തിനാൽ
ചവിട്ടാനല്ലാതെ അവയ്ക്കെന്തറിയാം!
അവൻ യുവാവായതു കൊണ്ട്
അവൻ കൊണ്ട ചവിട്ടുകൾ
മുഴുവൻ യുവാക്കളും കൊള്ളുന്നു
രാജ്യം ഒന്നാകെ പിടഞ്ഞുണരുന്നു
അവർക്കെതിരെ
ആരാണ് പട നയിക്കുന്നത് ?
കാലാൾപ്പടയിലുള്ള ആളുകൾക്ക്
മുഖം നഷ്ടപെട്ടിരിക്കുന്നു
കാലുകൾ ,കാലുകൾ മാത്രം!
അവയ്ക്കടിയിൽ യുവാക്കൾ ഉറുമ്പുകളായെന്ന്
അവർ ധരിക്കുന്നു
യുവാക്കൾ നിവർന്നു നിന്ന്
ആ കാലുകളുടെ മുഖം കണ്ടു പിടിക്കുക തന്നെ ചെയ്യും
കാരണം അവരുടെ സ്വപ്നത്തിൽ
പൗരൻമാരുടെ രാജ്യമുണ്ട്


-.മുനീർ അഗ്രഗാമി

വര

വര
......
രാത്രിയുടെ കൺമഷിയിൽ നിന്ന്
അല്പമെടുത്ത് പകൽ
എൻ്റെ നിഴൽ വരയ്ക്കുന്നു
-.മുനീർ അഗ്രഗാമി

രണ്ടു പ്രണയികൾ

രണ്ടു പ്രണയികൾ
...............................
വാലൻ്റൈ നെ കുറിച്ചോ
വാസവദത്ത യെ കുറിച്ചോ
കേൾക്കാത്ത വീടിൻ്റെ മുറ്റത്തായിരുന്നു അവൾ
കൊഴിഞ്ഞു വീണ പ്രണയം
അടിച്ചു വാരുകയായിരുന്നു അവൾ
കടക്കണ്ണിട്ട് ഭർത്താവിനെ നോക്കുകയായിരുന്നു;
അയാൾ വാടിത്തുടങ്ങിയിരിക്കുന്നു
പത്രം വായിച്ചിരിക്കുന്ന ഭർത്താവ്
പ്രണയ ദിനങ്ങളെ കുറിച്ച്
ഓർക്കുകയായിന്നു
ചൂലമായി അടുത്ത് പരിചയമില്ലാത്തതിനാൽ
അയാൾക്കൊന്നും അത്ര എളുപ്പം
തൂത്തുകളയാൻ പറ്റില്ല
പക്ഷേ
ഓരോന്നും വീണ്ടും വിണ്ടും എടുത്തു വായിച്ച്
മടക്കി വെയ്ക്കും
ഇപ്പോൾ
വാടാനും കൊഴിയാനും സാധിക്കാതെ
ധർമ്മസങ്കടത്തിലായ
പൂക്കളുടെ പൂന്തോട്ടമാണ് അയാൾ
അതു കൊണ്ടാണ് എല്ലാം കഴിഞ്ഞ്,
നടുനിവർത്തി അവൾ ചിരിച്ചപ്പോൾ
അയാൾ ചിരിക്കാൻ പോലും മറന്നു പോയത്.
-.മുനീർ അഗ്രഗാമി

നീ തീർന്നു പോകുന്നതെങ്ങനെ!

നീ തീർന്നു പോകുന്നതെങ്ങനെ!
(ഒ എൻ വി ക്ക്)
........................
ഭൂമിയിപ്പോൾ നിനക്കു വേണ്ടിയെഴുതിയ
ചരമഗീതം പാടുകയാണ്
ഓരോ മൺതരിയും അതേറ്റു പാടുന്നു

ഓരോ പുല്ലും പുഴുവും
നിൻ്റെ വരികൾ മൂളി
കരയുകയാണ്;
നീ എഴുതി ജീവൻ കൊടുത്ത പുഴ
വറ്റാതെ
നിനക്കു ദകക്രിയ ചെയ്യാൻ
ഒഴുകിവരുന്നു
കാലമെഴുതിയ നീയെന്ന കവിത
പൂർത്തിയാവുന്നു
ഞങ്ങളതു വായിച്ചു
തീരുന്നതെങ്ങനെ !
അതിലെ ഓരോ വാക്കും
നീയെഴുതിയ കവിതകളാകുമ്പോൾ
അമ്മയിൽ
കുഞ്ഞേടത്തിയിൽ
ഗോതമ്പുമണികളിൽ
നാലുമണിപ്പൂക്കളിൽ
നിൻ്റെ ഹൃദയസ്പന്ദനം
ഇപ്പോഴുമുണ്ട്
നീയെഴുതിയ തോന്ന്യാക്ഷരങ്ങളിൽ
അക്ഷരമായ്
മലയാളത്തിൻ
മധുരസം മരിക്കാതെ
നിറഞ്ഞിരിക്കുമ്പോൾ
മരിച്ചാലും നീ മരിക്കുന്നതെങ്ങനെ!
ഒരു തുള്ളി വെളിച്ചമായ്
ഭാഷ തന്നാത്മാവിന്നിരുട്ടിലെ
സൂര്യനായ്
നീ മിന്നുമ്പോൾ
മരണം നിന്നെ കൊണ്ടു പോകുന്നതെങ്ങനെ !
തുവിയവെളിച്ചം കെട്ടുപോകാതെ
സൂര്യൻ്റെ മരണം
മരണമാകുന്നതെങ്ങനെ !
ഭൂമിയെ സ്നേഹിച്ചു തീരാതെ
നീ ഭൈരവൻ്റെ തുടിയിൽ
താളമായ് ജീവിക്കുമ്പോൾ
നിന്നെ കാണാതാവുന്നതെങ്ങനെ
നറുമൊഴിയായ്
മലയാള നിറമൊഴിയായ്
ഉജ്ജയിലെ യക്ഷനായ്
കിന്നരഗായകനായ്
നീ ആയിരം നാവിനാൽ
പാടുമ്പോൾ
നിൻ്റെ ശബ്ദം നിലയ്ക്കുന്നതെങ്ങനെ!
സ്നേഹിച്ചു തീരാത്തവരായ്
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന്
നീ ബാക്കി വെച്ച പാടവും
നറുനിലാവും ഗ്രാമ സൗഭാഗ്യവും
നിന്നെയോർത്തു കരയുമ്പോൾ
നീ ഇല്ലാതിരിക്കുന്നതെങ്ങനെ !
എൻ്റെ ഭാഷ തന്നുപ്പായ്
നീയെൻ്റെ നീലക്കണ്ണുകളിൽ
തിരയടിക്കുമ്പോൾ
നീ വറ്റിപ്പോകുന്നതെങ്ങനെ !
എൻ്റെ ഭാഷയുടെ
ഏതോ താളിൽ
നിൻ്റെ മയിൽ പീലിയുണ്ട്
അതു നിറയെ അക്ഷരങ്ങളാണ്
ഒരു കാലത്തിനും മരണത്തിനും
നശിപ്പിക്കാനാകാത്ത
പാഥേയമായത് എനിക്കന്നമാകുമ്പോൾ
നീ തീർന്നു പോകുന്നതെങ്ങനെ!
...............മുനീർ അഗ്രഗാമി

മുന്തിരിത്തോപ്പുകൾ


മുന്തിരിത്തോപ്പുകൾ
..................................
(പ്രവാസി സുഹൃത്തുക്കൾക്ക് സമർപ്പിച്ച കവിത )

നിനക്കു പാർക്കാൻ
മുന്തിരിത്തോപ്പുണ്ടാക്കുന്ന പണിയാണ് എനിക്ക്
മഞ്ഞവെയിൽ ഉഴുതുമറിച്ച
മരുഭൂമിയിൽ അതിൻ്റെ
ആദ്യത്തെ വിത്തിടുന്നു
അതിൽ നിന്ന്
കാത്തിരിപ്പിൻ്റെ പച്ചപ്പാടം
മുള പൊട്ടുന്നു
രണ്ടാമത്തെ വിത്ത്
അതിൻ്റെ നെഞ്ചിൽ
പ്രാർത്ഥനയെക്കാടുവിലെ
പ്രസാദമെന്ന പോലിടുന്നു

നിനക്ക് നടന്നെത്താവുന്ന ദൂരത്തിലേക്ക്
അത് വളർന്നു പടരുന്നു
എൻ്റെ ആഗ്രഹങ്ങളുടെ പന്തലിൽ
അതു തോട്ടമായ് പൂക്കുന്നു
അവിടെ നീ പാർക്കുന്നു
എന്നെ കൺപാർത്ത് .

നീ നോക്കുമ്പോൾ
ഓരോ മുന്തിരിയും പുളിക്കും
ഞാൻ വരുമ്പോൾ അവ പഴുക്കും
നമുക്കു രണ്ടാൾക്കുമവ മധുരിക്കും
ഞാൻ തിരിച്ചുപോരുമ്പോൾ
നിനക്കു മുന്തിരിവള്ളി പോലും പുളിക്കും

പിന്നെയുംഞാൻ
മണൽക്കാറ്റിൽ
വിയർപ്പൊഴുക്കും
പുളിയും മധുരവുമറിയാതെ
മഞ്ഞായും മഴയായും പെയ്യും
അതിൽ മുളച്ച് മുളച്ച്
നിനക്കു പാർക്കാൻ മുന്തിരിത്തോട്ടങ്ങൾ
ഉണ്ടായിക്കൊണ്ടേയിരിക്കും.

-muneer agragami മുനീർ അഗ്രഗാമി

പ്ലാസ്റ്റിക്ക്

പ്ലാസ്റ്റിക്ക്
...................
വഴിയിൽ ബസ്സുകാത്തു നിൽക്കുന്നു;
പുലരിയെന്നെ നോക്കി വിരിയുന്നു;
രാത്രിമഴയിൽ കുളിച്ച പ്രകൃതി
തല തോർത്തി നിവരുന്നു.

പെട്ടെന്നു
പിന്നിൽ നിന്നൊരുനാദം കേട്ടു,
നേർത്തതെന്നൽ പോൽ:
" പ്ലാസ്റ്റിക്കേ, ഒന്നു മാറൂ ...
ഞാനൊന്നു തലയുയർത്തട്ടെ!"
നോക്കുമ്പോൾ
വിത്തിൽ നിന്നൊരു കുഞ്ഞ്
നിലത്തിറങ്ങി നിൽക്കുന്നു;
ചലിക്കുവാനാകാതെ
പ്ലാസ്റ്റിക്കിൽ കുടുങ്ങി നിൽക്കുന്നു.
പരോപകാരിയായ് ഞാൻ
മെല്ലെയതെടുത്തു മാറ്റുന്നു:
അയ്യോ !
ഒന്നല്ലൊ മ്പതു കുഞ്ഞുങ്ങൾ!
നട്ടെല്ലു വളഞ്ഞ്
ഏതോ സ്കൂളിലെ അസ്സംബ്ലിയിലെന്നപോൽ
ഇലകളിളക്കുവാനാകാതെ...
വെളിച്ചം കാണാതെ
വെളുത്തു വിളറി വേദനിച്ച്...
മെല്ലെ സൂര്യനതെത്തി നോക്കുന്നു
നിശ്ശബ്ദതയുടെ ശബ്ദം പോലു
മെനിക്കിപ്പോൾ പരിചിതം
മെല്ലെ നിവരുന്ന കുഞ്ഞിലകളതറിയുന്നു
പെട്ടെന്നു ബസ്സു വരുന്നു;
പരിചിത ശബ്ദത്തിൽ
ഞാൻ വീണ്ടും ലയിക്കുന്നു;
നേരം വെളുക്കുന്നു.
........................മുനീർ അഗ്രഗാമി .....

ഒരു രാജ്യത്തിൻ്റെ കഥ

ഒരു രാജ്യത്തിൻ്റെ കഥ
കേൾക്കുക
വയസ്സായവർ
വയസ്സറിയിക്കുന്ന രാജ്യമാണത്
ഒരു വൃദ്ധൻ
വെടിയുണ്ടയ്ക്കു മുന്നിൽ
നെഞ്ചുവിരിച്ച് സംസാരിക്കുന്നു
വെടിയുണ്ട കയറിയിറങ്ങുന്നതു പോലും
അയാളറിയുന്നില്ല

മറ്റൊരു വൃദ്ധൻ
തോക്കിനു മുന്നിലൂടെ
സ്വപ്നങ്ങൾ പിടിച്ച്
തലയുയർത്തി നടന്നു പോകുന്നു
തോക്കുകൾ ബോംബുകളായി രൂപാന്തരപ്പെടുമ്പോഴും
അയാൾ അതേ നടത്തം നടക്കുന്നു.
ഒരു വൃദ്ധൻ
ഫാഷിസക്കരിയോയിലിൽ
മുങ്ങിയിട്ടും
പ്രകാശിക്കുന്നു
ചില വൃദ്ധൻമാർ
അസഹിഷ്ണുതയ്ക്കെതിതെ
എഴുതിയും പറഞ്ഞും
ഉറങ്ങാതിരിക്കുന്നു
മുടി നരച്ച പേനയാൽ
എഴുതിയ കവിത കറുത്ത മസിലു വിറപ്പിക്കുന്നു
ചില പ്രായമേറിയവർ
എല്ലാ ചുളിവുകളും നിവർത്തി
പ്രശസ്തി പത്രങ്ങളും
അവാർഡുകളും തിരിച്ചേൽപിക്കുന്നു
ജനിച്ചു എന്ന കാരണം പറഞ്ഞ്
മരണത്തിലേക്ക് നടന്ന ചെറിയവൻ്റെ വേദന എറ്റെടുത്ത്
യുവാവാകുന്നു
ഒരു വൃദ്ധൻ മാതാതീതനായ്
മതങ്ങൾക്കിടയിലൂടെ
സ്വന്തം കാലിൽ
നടന്നു പോകുന്നു
വേദിയിലും വേദനകളിലും
പൊതു സ്ഥലത്തും
വാക്കിലും നോക്കിലും
നിറയെ വൃദ്ധൻമാരാണ്.
വൃദ്ധരാണ് അവിടത്തെ യുവാക്കൾ.
യഥാർത്ഥ യുവാക്കളൊക്കെ
എവിടെയാണ് ഒളിച്ചിരിക്കുന്നത് ?
അവരുടെ അവാർഡുകളും
പേനകളും നാവും ഏത് എ സി മുറിയിലാണ്
മരവിച്ചിരിക്കുന്നത് ?
അവരിനി വെളിപ്പെട്ടാലും
അവരെങ്ങനെ ഇവരെ പോലെ
യുവാകാകും ?

- മുനീർ അഗ്രഗാമി

മഞ്ചാടിക്കവിത - 14- നിൻ്റെ വെളിച്ചം

മഞ്ചാടിക്കവിത - 14-
നിൻ്റെ വെളിച്ചം
............................
നിൻ്റെ വെളിച്ചമെൻ്റെ
കൈ പിടിക്കുന്നു
മെല്ലെ , മെല്ലെയീ
കൂരിരുളു കടക്കുവാൻ


-  muneer agragaami
 

വിചാരം

ചങ്ങമ്പുഴയെ പോലെയാണ്
ആരാമത്തിലെത്തിയത്
പൂവുകണ്ടപ്പോൾ
ആശാനായി
വീണു കിടക്കുന്ന
പൂവുകൾക്കടുത്തിരുന്ന് കരഞ്ഞു

എൻ്റെ താടി പിടിച്ചുയർത്തുന്നു പൂമണം
കണ്ണു തുടയ്ക്കുന്നു പൂങ്കാറ്റ്
കാതിലൊരു പൂമൊഴി കേൾക്കുന്നു ,
കൊഴിയുന്നതെന്തിനെന്നാ വിചാരം ?
എന്നെ ഞാനാക്കിയ വേരുകൾ കാണാൻ
അലിഞ്ഞിലിഞ്ഞു ള്ളൊരു പോക്കാണത്.
***
( കാത്തിരിക്കുവാൻ ,
ചുംബിച്ച് അമ്മയെ പോൽ
താലോലിക്കുവാൻ
വേരുകളുണ്ടെങ്കിൽ
വീഴ്ചയുമുയർച്ച തന്നെ.)

പണം പയറ്റ്

പണം പയറ്റ്
......................
ഈസ്റ്റുമുക്കിൽ
ഈന്തോല കൊണ്ട ലങ്കരിച്ച
ചായപ്പീടികയിൽ
പണം പയറ്റിനാളുകൾ
വന്നു ചേരുന്നു
ഒരു കയ്യിൽ പണവും
മറുകയ്യിൽ സ്നേഹവുമായവർ
വന്നിരിക്കുന്നു

ചുണ്ടിലൊരു പുഞ്ചിരിയുമായ്
തമ്മിൽ തമ്മിൽ
നാട്ടുകഥകളെടുത്ത്
പയറ്റു തുടങ്ങുന്നു
പണി കഴിഞ്ഞ്‌
കുളി കഴിഞ്ഞ്
ഗ്രാമം
പയറ്റു പീടികയിലേക്ക്
മലയിറങ്ങിയും
പുഴ കടന്നും നടക്കുന്നു
വയലുതാണ്ടിയും വരമ്പു ചാടിയും
ചൂട്ടുമായവർ
പയറ്റിനെത്തുന്നു
പുര കെട്ടുവാൻ
പുതിയ പശുവിനെ കിട്ടുവാൻ
മകൾക്കൊരു മോതിരം വാങ്ങുവാൻ
ആശകൾക്കൊപ്പം നടക്കുവാൻ
കടം വീട്ടുവാൻ
പയറ്റു തുടങ്ങുന്നു
പത്തിരുന്നൂറു കുറ്റികൾ
പത്തും അമ്പതും പയറ്റുന്നവർ
നൂറു മിരുന്നൂറും പയറ്റുന്നവർ
ചുണ്ടിൽ ബീഡി വെച്ച്
ഉശിരോടെ പയറ്റുന്നവർ
കയ്യിൽ കപ്പ തൂക്കിപ്പിടിച്ച്
എളിമയോടെ പയറ്റുന്നവർ
തേക്കിലയിൽ പൊതിഞ്ഞ മീനുമായ് വന്ന്
നേരമില്ലാതെ പയറ്റുന്നവർ
അവിലും പഴവും തിന്ന്
മുറുക്കി നടന്നു പോകുന്നവർ
സ്നേഹമാണവർക്കായുധം
ആണ്ടിലൊരിക്കൽ തമ്മിലേറ്റുമുട്ടുവാൻ
നിവൃത്തികേടിൽ നിന്നു
കൈ പിടിച്ചു കയറുവാൻ
ഗ്രാമത്തിലെത്തിയാൽ
പോക്കുവെയിലിൽ മിന്നും
ഈ ന്തോലപ്പട്ടകൾ നിങ്ങളെ
മാടി വിളിക്കു മെങ്കിൽ
ഒന്നു ചെന്നു നോക്കണേ
അവിടെ
പയറ്റു കണക്കെഴുത്തു കാരനായ്
ഞാനിരിക്കുന്നുണ്ട്.
ശരിക്കെഴുത്തു പഠിച്ചതിന്
പയറ്റുകാരെനിക്കു തന്ന
സിംഹാസനമാണത് .
.......................,......മുനീർ അഗ്രഗാമി

ചിന്താവിഷ്ടയായ സീത

ചിന്താവിഷ്ടയായ സീത
.................................
ഉണക്കാനിട്ട സമയത്തിൽ നിന്നും
ഇറ്റി വീഴുന്ന വേദനയിലേക്ക്
നോക്കിയിരിക്കുന്നു ,
സീത .

കിണറ്റിൻകരയിൽ
പ്ലാവിൻ്റെ ചുവട്ടിൽ
അലക്കുകല്ലു പോലെ ഒറ്റയ്ക്ക്
ഏന്തോ ഓർത്ത് .
ഒറ്റയ്ക്കായതു കൊണ്ട്
അവളുടെ നിറം മങ്ങാത്ത, പുളളികളുള്ള
സമയത്തിൻ്റെ ഇന്നലെകളെ കുറിച്ച്
കേൾക്കുവാൻ
ഒരു മഴമേഘം
അടുത്തെന്നപോൽ വന്നു നിൽക്കുന്നുണ്ട്
ഓരോ തുള്ളികളാൽ
അത് ഓരോ കാര്യങ്ങൾ
അവളോട് ചോദിക്കും ;
തുള്ളികളായ്
അവളതിനു മറുപടി പറയും
വാടിയില്ലാത്ത ഇടമായതിനാൽ
അവളാകെ വാടി
വീഴുമെന്ന പേടിയാൽ
കല്ലിൽ മുറുകെ പിടിക്കുന്നുണ്ട്
അവനിപ്പോൾ എവിടെയായിരിക്കും?
അവളുടെ സൂര്യനായ അവനിതു വല്ലതും
അറിയുന്നുണ്ടാകുമോ ?
...............................muneer agragaami

പുതപ്പ്

വാക്കുകൾ കൊണ്ട്
മെടഞ്ഞുണ്ടാക്കിയ കൂട്ടിൽ
എന്നും
കുഞ്ഞുങ്ങളെ കുറിച്ച് സംസാരിച്ച്
നാമിരിക്കുന്നു

അതിൻ്റെ മുമ്പിലെ വാതിൽ
ഒരു രാജ്യത്തിൽ നിന്ന്
നീയടയ്ക്കുന്നു
പിന്നിലെ വാതിൽ
മറ്റൊരു രാജ്യത്തിൽ നിന്ന്
ഞാനുമsയ്ക്കുന്നു

എന്നിട്ട്
ഒരേ സ്വപ്നത്തിൽ
കിടന്നുറങ്ങുന്നു
വ്യത്യസ്ത ഋതുക്കൾ തുന്നിയ പുതപ്പ്
കാലം നമ്മെ പുതപ്പിക്കുന്നു

പട്ടം

പട്ടം
........
എൻ്റെ കൈ പിടിച്ച് പറക്കുന്ന
കിളിയാണ് പട്ടം
വർണ്ണത്തൂവലിൻ
ഉടുപ്പണിഞ്ഞ്.

കടപ്പുറത്തു കൂടെ
ഒറ്റയ്ക്ക് നടക്കുമ്പോൾ
ഉയരത്തിലേക്ക് പറന്നാലും
കൂടെയവനുണ്ടാകും
ചിറകില്ലാഞ്ഞിട്ടും എത്ര ഉയരത്തിലാണവൻ
പറക്കുന്നത്!
അതിനെന്താ
കാറ്റവന് ചിറകുകൾ കൊടുക്കുന്നുണ്ടല്ലോ
പല പല കാറ്റുകൾ
പല പല തരത്തിൽ.
അവനെ നോക്കി നോക്കി
അത്ഭുതപ്പെടുകയാണ്
എൻ്റെ കണ്ണുകൾ
പെട്ടെന്ന് കയറു പൊട്ടിയപ്പോൾ
അറിയാതെ 'മകനേ 'യെന്നു
വിളിച്ചു പോയ്
ഏതോ കാറ്റിലവൻ
എനിക്കെത്താ കൊമ്പത്ത്.
കയറുപൊട്ടും മുമ്പ്
കൈപിടിച്ചു പറക്കുമ്പോൾ
അന്നൊക്കെ അവൻ
എത്രതവണ
എൻ്റെ കയ്യിൽ വന്നിരിക്കുമായിരുന്നു!
............................മുനീർ അഗ്രഗാമി

സംഭാഷണം

സംഭാഷണം
.. :::...:.......'....
യുവാവേ നിനക്ക് ആഴമില്ല
ഉപദേശി പറഞ്ഞു ,
നിനക്ക് ഉയരവുമില്ല

ആഴമെന്നാൽ
ജലാശയത്തിനുണ്ടായിരുന്നതാണോ ?
ഉയരമെന്നാൽ
കുന്നിനുണ്ടായിരുന്നതാണോ ?
ഞങ്ങൾ യുവാവായ കാലത്ത്
ഉണ്ടായിരുന്ന ആ കാര്യങ്ങളെങ്ങനെ
നിനക്കറിയാം ?
ഉപദേശി കണ്ണു മിഴിച്ചു
ഞങ്ങളുടെ കാലത്ത്
ഇല്ലാത്തതെങ്ങനെ
എന്നിലുണ്ടാകും ?
ഉപദേശി മിണ്ടിയില്ല
ആഴമുള്ളൊരു കുളം
എനിക്കു തരൂ
ഉയരമുള്ളൊരു കുന്ന്
എനിക്കു തരൂ
ഉപദേശി ബോധംകെട്ട്
പരന്നു കിടന്നു
യുവാവ് അയാൾക്കു മുകളിലൂടെ
അനായാസം നടന്നു പോയി .

കാറ്റും പൗരനും

കാറ്റും പൗരനും
.......................
രാത്രിയുടെ വിരലു പിടിച്ച്
ഒരു കുഞ്ഞു കാറ്റ് നടക്കുന്നുണ്ട്
അകത്തേക്കു കയറാതെ .
ചെടികളെ പിടിച്ചുകുലുക്കി
സങ്കടം പറഞ്ഞ് .

പേടിച്ച് കുറ്റിക്കാട്ടിൽ
അൽപ നേരമിരുന്ന്
കരഞ്ഞ്
പാമ്പിനേയോ പട്ടിയേയോ
കൊല്ലാൻ പാടില്ലാത്ത തെരുവിൽ
അടിയേറ്റു മരിച്ച യുവാവിനെ കണ്ട
വിറയൽ മാറാതെ.
ഏതു നിമിഷവും
ഇരുളിൽ നിന്ന്
മിന്നലെറിയുന്ന
വടിവാൾ കണ്ട് .
എങ്ങനെയാണത്
ഇത്ര മത്രം സങ്കടവും കൊണ്ട്
അകത്തേക്കുകയറുക ?
അകത്ത്
സങ്കടമെന്തെന്നറിയാത്ത ഒരു കുട്ടി
പഠിക്കുകയാണ്
അവൻ നാളെ ഡോക്ടറോ കലക്ടറോ ആകും
കാറ്റവനെ പൗരനെന്നു വിളിച്ചില്ല
അവന് ഏസിയുണ്ട്
അവൻ്റെ അപ്പൻ ടി വി യിൽ
ഭരണകാര്യം കണ്ട് ചിരിക്കുകയാണ്
അവരുടെ ചിരി എങ്ങനെയാണ് തകർക്കുക !
കാറ്റ് പുറത്തു തന്നെ നിന്നു;
അകത്തുള്ളവർ ഒന്നുമറിഞ്ഞില്ല
ഒന്നും .

മഞ്ചാടിക്കവിത - 13 -എൻ്റെ പ്രണയമേ എന്ന ഒരു വിളിയിൽ

മഞ്ചാടിക്കവിത - 13 -


നിനക്കുമെനിക്കും പൂത്തുലയുവാൻ
ഒരു വസന്തമേയുള്ളൂ
എൻ്റെ പ്രണയമേ എന്ന ഒരു വിളിയിൽ
ഒരായിരം പൂക്കൾ വിടരുന്ന ഒന്ന്
എൻ്റെ തേനേ എന്ന വിളിയിൽ
ഉള്ളു നിറയുന്ന ഒന്ന്

ആയ

ആയ
...........
രാത്രി,
മാമ്പൂക്കളെ കെട്ടിപ്പിടിച്ച്
ഉറങ്ങുന്നു.
മാവിനു തണുപ്പിലുണ്ടായ
കുഞ്ഞുങ്ങളാണവ.

കവിൾ ചുവപ്പു കാണാൻ
വന്നു നോക്കുന്നു നിലാവ്.
നിശ്ശബ്ദതയുടെ
കട്ടിലൊന്നിളക്കിയൊരു കാറ്റും
താരാട്ടുമായേതേതോ നിശാചാരികളും
പറന്നും നടന്നും വന്നു പോയ്
ആയ യാണവൾ;രാത്രി.
താലോലമെന്നതിന്നർത്ഥമെന്നും താലോലിക്കുന്നവൾ
പുലരിയിലവൾ
വീട്ടിൽ പോകുമ്പോൾ
കരഞ്ഞുവോ മാമ്പൂക്കൾ?
മാഞ്ചോട്ടിലുണ്ടവയുടെ
കണ്ണീർത്തുള്ളികൾ
മണ്ണിനോടു സങ്കടം പറയുന്നു
പല്ലു തേയ്ക്കുമെൻ
നെറുകയിലും വന്നു വീണവയുടെ
വിതുമ്പലിൻ കുഞ്ഞു തുള്ളികൾ !

കാഴ്ചയിൽ ചോർന്നു പോയ ജലമാണ് എൻ്റെ കടൽ

നീയെന്തിനാണ്
എൻ്റെ കടലിൻ്റെ ഫോട്ടോയെടുത്തത്?
അതിൻ്റെ ഇളക്കമെടുക്കാതെ
അതിൻ്റെ ആഴമെടുക്കാതെ
അതിൻ്റെ പ്രയാസമെടുക്കാതെ!

വാസ്തവത്തിൽ
നിൻ്റെ കാഴ്ചയിൽ ചോർന്നു പോയ
ജലമാണ് എൻ്റെ കടൽ

നമ്മളൊന്നാകുന്നു(മഞ്ചാടിക്കവിത - 12-)

മഞ്ചാടിക്കവിത - 12-
കൈ കോർത്ത് നടന്നു ,
രണ്ടു വാക്കുകൾ
നമ്മളറിയാതെ 
നമ്മിൽ നിന്നിറങ്ങി പോയവ.
അവ ചുംബിക്കുമ്പോൾ
നമ്മളൊന്നാകുന്നു

...........മുനീർ അഗ്രഗാമി 

ദേശം


ദേശം 
സ്വന്തം മുഖം നോക്കിയിരുന്ന കണ്ണാടിയാൾ
നോട്ടങ്ങളെല്ലാം ബാക്കിവെച്ച്
മാഞ്ഞു പോയി
ആ കാഴ്ചകൾ ചേർത്തുവെച്ച്
ദേശീയതയുടെ ചിത്രം നിർമ്മിക്കുകയാണ്
ദേശ മിപ്പോൾ

.............................മുനീർ അഗ്രഗാമി 

യാത്രകൾ

യാത്രകൾ
...................
തെക്കോട്ട് എത്രയെത്ര യാത്രകൾ കടന്നു പോയെടീ ?
അവസാനത്തെ വെറ്റിലച്ചെല്ല ത്തോടൊരാൾ
ചോദിക്കുന്നൂ
രണ്ടു കാലിൽ രണ്ടായിരം കാലിൽ
വില്ലുവെച്ച വണ്ടിയിൽ
കുതിരവണ്ടിയിൽ കാളവണ്ടിയിൽ
കാലുമാറിയും കാലുവാരിയും
സ്വയമറിഞ്ഞുമറിയാതെയും
പല നിറപ്പൊലിമയുള്ളവ
പല നിരയിൽ നിരന്നവ
പല നിലയിൽ വന്നവ
പല കണ്ണുകളുള്ളവ
ത്രിവർണ്ണക്കൊടിയേന്തിയിട്ടും
ഒന്നും തിരിയാത്തവ
ചുവപ്പിനെ മാത്രം കണ്ടവ
പച്ചയെ മാത്രം കണ്ടവ
നീലയെ മാത്രമറിഞ്ഞവ
മഞ്ഞയെ മാത്രം നോക്കിയവ
കാവി പുതച്ചവ
എ സി യിൽ ,പുറം ലോക സ്പന്ദനമറിയാത്തവ
പുറത്തിറങ്ങിയിട്ടും
അകമറിയാത്തവ
ഓരോ യാത്രയും
ഓരോ ചുളിവുകൾ മാത്രം
നെറ്റിയിലവ വന്നു നിൽക്കുന്നു
ചെല്ലമേ... വെറ്റിലച്ചെല്ല മേ
അവയറിയുവാൻ
വരുമോ മനുഷ്യനെ കാണുന്ന യാത്രകൾ ?
വരുമോ
മണ്ണു തൊട്ടു നടക്കുന്ന യാത്രകൾ?
വരുമോ ഉപ്പുമണമുള്ള ഒരു യാത്രയെൻ്റെ ചുളിവുകളിലെ
വെളുത്തു നരച്ചസങ്കടങ്ങൾ
നിവർത്തി വായിക്കുവാൻ?
തെക്കോട്ടുപോകും മുമ്പ്,
തേക്കുപാട്ടുകളുറങ്ങും മുമ്പ്
അതു കേൾക്കുവാൻ വരുമോ
കാതുള്ളൊരു യാത്രക്കാരൻ?
കണ്ണുള്ളൊരു യാത്രക്കാരി?
അമ്മൂമയെപ്പോൽ
വെറ്റിലച്ചെല്ലമൊന്നു മൂളിയോ !
ഏതോ യാത്രയുടെ ശബ്ദത്തിലത ലിഞ്ഞുവോ!
ഊന്നുവടിയിലയാൾ
ഗാന്ധിജിയെ പോൽ
കൈയൊന്നമർത്തി
ഏതോ വേദനയന്നേരമയാളി ൽ
പിടഞ്ഞുണർന്നുവോ!
വെറ്റിലച്ചെല്ലം തുരുമ്പിച്ച കണ്ണാൽ
നിസ്സംഗമതു നോക്കി നിന്നു
.........................മുനീർ അഗ്രഗാമി

ഒരു വിളക്കുണ്ട്മ(ഞ്ചാടിക്കവിത-11-)

മഞ്ചാടിക്കവിത-11-
മിന്നാമിനുങ്ങിനെ
അസൂയയോടെ നോക്കി
ഒട്ടും പ്രകാശമില്ലാതെ
ഇരുട്ടിൽ നിൽക്കുന്നു
ഉള്ളിൽ ആരും കാണാത്ത
ഒരു വിളക്കുണ്ട്
നിൻ്റെ ചിരിയെന്നതിനെ ഞാൻ വിളിക്കുന്നു

കോണിപ്പടി

കോണിപ്പടി
....................
രണ്ടു കാലും രണ്ടു കൈയും
പരന്നതലയുമുള്ള
വിചിത്ര ജീവിയാണ് കോണിപ്പടി
ഇറങ്ങിപ്പോകുമ്പോൾ
തല ഉയർത്തി അതു നോക്കും
അമ്മയെ പോലെ.
കയറിപ്പോകുമ്പോൾ
തല ചെരിച്ച് നോക്കും
ചാരുകസേരയിലിരിക്കുന്ന
അച്ഛനെ പോലെ.
തിരിച്ചു വരാതാവുമ്പോൾ
പടിപ്പുരയിലിരുന്ന് ഉരുകുന്നത്
അതിനേ അറിയൂ
"ഞാനിതെങ്ങനെ കയറും?"
എൻ്റെ കൈ പിടിച്ചു വന്നവൾ ക്കൊരാശങ്ക.
നിലത്തു കാലു വെയ്ക്കും മുമ്പ്
അമ്മയുടെകൈ പിടിച്ച്
നെഞ്ചിലേക്കെന്ന പോലെ ഞാൻ കയറിയ പടികൾ
അച്ഛൻ്റെ മടിയിൽ നിന്ന്
മണ്ണിലേക്കെന്ന പോലെ ഞാനിറങ്ങിയ
പടികൾ
കയറിയില്ലവൾ
പരുന്തു പോലെയൊരു യന്ത്രംവന്നു
കോഴിക്കുഞ്ഞിനെയെന്നപോൽ
അതിനെ ഒറ്റക്കൊത്തിനു കൊണ്ടുപോയി
കയറ്റവുമിറക്കവുമില്ലാതെ
അവൾക്കൊപ്പം നടന്നു
കാറിൽ കാറ്റിലെന്ന പോൽ പറന്നു
അവളുടെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോഴും
കോണിപ്പടിയുടെ ഓർമ്മകൾ വന്ന്
എന്നെ അനാഥനാക്കും
.....................മുനീർ  അഗ്രഗാമി 

ഇങ്ങനെയല്ലാതെ

ഇരുളു കൊണ്ടിങ്ങനെയല്ലാതെ
വെളിച്ചത്തിലെങ്ങനെ നിന്നെ
ഇത്ര ശക്തമായ് വരയ്ക്കു മെന്നു
നിഴൽ മൊഴി നിശ്ശബ്ദമായ് !
.........................മുനീർ അഗ്രഗാമി 

മീൻ വളർത്തൽ

മീൻ വളർത്തൽ
.............................
മീനുകൾ സ്വപ്നം വളർത്തുന്ന
കുളമാണ് അയാൾ
അയാൾക്കുള്ളിൽ
ചിറകുള്ള അനേകം സ്വപ്നങ്ങൾ നീന്തുന്നുണ്ട്
മീനുകൾ വളരുന്നതിനൊപ്പം
അവയും വളരുന്നു
അവ വളരുന്നതിെനാപ്പം
മീനുകളും വളരുന്നു
മീൻ വളർത്തുകയായി രുന്നു അയാൾ
മീനുകൾ അയാളെയും
നെൽകൃഷിയുടെ അവസാനത്തെ ഓർമ്മ
തിന്നുകയായിരുന്നു മീനുകൾ
അയാൾ അവസാനത്തെ നെന്മണിയും
കുളത്തിൽ മുക്കി കൊല്ലുകയായി രുന്നു
നെൽച്ചെടികൾ തകർത്ത സ്വപ്നങ്ങളെയാണ്
മിനുകളി പ്പോൾ പുതുക്കിപ്പണിയുന്നത്
പുന്നെല്ലു മണത്തിരുന്ന
അയാളുടെ വീടിനി
മീൻ മണക്കും
അതാണി നി
അയാളുടെ സുഗന്ധം .
................................മുനീർ അഗ്രഗാമി