മുന്തിരിത്തോപ്പുകൾ
..................................
(പ്രവാസി സുഹൃത്തുക്കൾക്ക് സമർപ്പിച്ച കവിത )
നിനക്കു പാർക്കാൻ
മുന്തിരിത്തോപ്പുണ്ടാക്കുന്ന പണിയാണ് എനിക്ക്
മഞ്ഞവെയിൽ ഉഴുതുമറിച്ച
മരുഭൂമിയിൽ അതിൻ്റെ
ആദ്യത്തെ വിത്തിടുന്നു
അതിൽ നിന്ന്
കാത്തിരിപ്പിൻ്റെ പച്ചപ്പാടം
മുള പൊട്ടുന്നു
രണ്ടാമത്തെ വിത്ത്
അതിൻ്റെ നെഞ്ചിൽ
പ്രാർത്ഥനയെക്കാടുവിലെ
പ്രസാദമെന്ന പോലിടുന്നു
നിനക്ക് നടന്നെത്താവുന്ന ദൂരത്തിലേക്ക്
അത് വളർന്നു പടരുന്നു
എൻ്റെ ആഗ്രഹങ്ങളുടെ പന്തലിൽ
അതു തോട്ടമായ് പൂക്കുന്നു
അവിടെ നീ പാർക്കുന്നു
എന്നെ കൺപാർത്ത് .
നീ നോക്കുമ്പോൾ
ഓരോ മുന്തിരിയും പുളിക്കും
ഞാൻ വരുമ്പോൾ അവ പഴുക്കും
നമുക്കു രണ്ടാൾക്കുമവ മധുരിക്കും
ഞാൻ തിരിച്ചുപോരുമ്പോൾ
നിനക്കു മുന്തിരിവള്ളി പോലും പുളിക്കും
പിന്നെയുംഞാൻ
മണൽക്കാറ്റിൽ
വിയർപ്പൊഴുക്കും
പുളിയും മധുരവുമറിയാതെ
മഞ്ഞായും മഴയായും പെയ്യും
അതിൽ മുളച്ച് മുളച്ച്
നിനക്കു പാർക്കാൻ മുന്തിരിത്തോട്ടങ്ങൾ
ഉണ്ടായിക്കൊണ്ടേയിരിക്കും.
-muneer agragami മുനീർ അഗ്രഗാമി
No comments:
Post a Comment