പണം പയറ്റ്

പണം പയറ്റ്
......................
ഈസ്റ്റുമുക്കിൽ
ഈന്തോല കൊണ്ട ലങ്കരിച്ച
ചായപ്പീടികയിൽ
പണം പയറ്റിനാളുകൾ
വന്നു ചേരുന്നു
ഒരു കയ്യിൽ പണവും
മറുകയ്യിൽ സ്നേഹവുമായവർ
വന്നിരിക്കുന്നു

ചുണ്ടിലൊരു പുഞ്ചിരിയുമായ്
തമ്മിൽ തമ്മിൽ
നാട്ടുകഥകളെടുത്ത്
പയറ്റു തുടങ്ങുന്നു
പണി കഴിഞ്ഞ്‌
കുളി കഴിഞ്ഞ്
ഗ്രാമം
പയറ്റു പീടികയിലേക്ക്
മലയിറങ്ങിയും
പുഴ കടന്നും നടക്കുന്നു
വയലുതാണ്ടിയും വരമ്പു ചാടിയും
ചൂട്ടുമായവർ
പയറ്റിനെത്തുന്നു
പുര കെട്ടുവാൻ
പുതിയ പശുവിനെ കിട്ടുവാൻ
മകൾക്കൊരു മോതിരം വാങ്ങുവാൻ
ആശകൾക്കൊപ്പം നടക്കുവാൻ
കടം വീട്ടുവാൻ
പയറ്റു തുടങ്ങുന്നു
പത്തിരുന്നൂറു കുറ്റികൾ
പത്തും അമ്പതും പയറ്റുന്നവർ
നൂറു മിരുന്നൂറും പയറ്റുന്നവർ
ചുണ്ടിൽ ബീഡി വെച്ച്
ഉശിരോടെ പയറ്റുന്നവർ
കയ്യിൽ കപ്പ തൂക്കിപ്പിടിച്ച്
എളിമയോടെ പയറ്റുന്നവർ
തേക്കിലയിൽ പൊതിഞ്ഞ മീനുമായ് വന്ന്
നേരമില്ലാതെ പയറ്റുന്നവർ
അവിലും പഴവും തിന്ന്
മുറുക്കി നടന്നു പോകുന്നവർ
സ്നേഹമാണവർക്കായുധം
ആണ്ടിലൊരിക്കൽ തമ്മിലേറ്റുമുട്ടുവാൻ
നിവൃത്തികേടിൽ നിന്നു
കൈ പിടിച്ചു കയറുവാൻ
ഗ്രാമത്തിലെത്തിയാൽ
പോക്കുവെയിലിൽ മിന്നും
ഈ ന്തോലപ്പട്ടകൾ നിങ്ങളെ
മാടി വിളിക്കു മെങ്കിൽ
ഒന്നു ചെന്നു നോക്കണേ
അവിടെ
പയറ്റു കണക്കെഴുത്തു കാരനായ്
ഞാനിരിക്കുന്നുണ്ട്.
ശരിക്കെഴുത്തു പഠിച്ചതിന്
പയറ്റുകാരെനിക്കു തന്ന
സിംഹാസനമാണത് .
.......................,......മുനീർ അഗ്രഗാമി

No comments:

Post a Comment