ഒരു രാജ്യത്തിൻ്റെ കഥ

ഒരു രാജ്യത്തിൻ്റെ കഥ
കേൾക്കുക
വയസ്സായവർ
വയസ്സറിയിക്കുന്ന രാജ്യമാണത്
ഒരു വൃദ്ധൻ
വെടിയുണ്ടയ്ക്കു മുന്നിൽ
നെഞ്ചുവിരിച്ച് സംസാരിക്കുന്നു
വെടിയുണ്ട കയറിയിറങ്ങുന്നതു പോലും
അയാളറിയുന്നില്ല

മറ്റൊരു വൃദ്ധൻ
തോക്കിനു മുന്നിലൂടെ
സ്വപ്നങ്ങൾ പിടിച്ച്
തലയുയർത്തി നടന്നു പോകുന്നു
തോക്കുകൾ ബോംബുകളായി രൂപാന്തരപ്പെടുമ്പോഴും
അയാൾ അതേ നടത്തം നടക്കുന്നു.
ഒരു വൃദ്ധൻ
ഫാഷിസക്കരിയോയിലിൽ
മുങ്ങിയിട്ടും
പ്രകാശിക്കുന്നു
ചില വൃദ്ധൻമാർ
അസഹിഷ്ണുതയ്ക്കെതിതെ
എഴുതിയും പറഞ്ഞും
ഉറങ്ങാതിരിക്കുന്നു
മുടി നരച്ച പേനയാൽ
എഴുതിയ കവിത കറുത്ത മസിലു വിറപ്പിക്കുന്നു
ചില പ്രായമേറിയവർ
എല്ലാ ചുളിവുകളും നിവർത്തി
പ്രശസ്തി പത്രങ്ങളും
അവാർഡുകളും തിരിച്ചേൽപിക്കുന്നു
ജനിച്ചു എന്ന കാരണം പറഞ്ഞ്
മരണത്തിലേക്ക് നടന്ന ചെറിയവൻ്റെ വേദന എറ്റെടുത്ത്
യുവാവാകുന്നു
ഒരു വൃദ്ധൻ മാതാതീതനായ്
മതങ്ങൾക്കിടയിലൂടെ
സ്വന്തം കാലിൽ
നടന്നു പോകുന്നു
വേദിയിലും വേദനകളിലും
പൊതു സ്ഥലത്തും
വാക്കിലും നോക്കിലും
നിറയെ വൃദ്ധൻമാരാണ്.
വൃദ്ധരാണ് അവിടത്തെ യുവാക്കൾ.
യഥാർത്ഥ യുവാക്കളൊക്കെ
എവിടെയാണ് ഒളിച്ചിരിക്കുന്നത് ?
അവരുടെ അവാർഡുകളും
പേനകളും നാവും ഏത് എ സി മുറിയിലാണ്
മരവിച്ചിരിക്കുന്നത് ?
അവരിനി വെളിപ്പെട്ടാലും
അവരെങ്ങനെ ഇവരെ പോലെ
യുവാകാകും ?

- മുനീർ അഗ്രഗാമി

No comments:

Post a Comment