യാത്രകൾ

യാത്രകൾ
...................
തെക്കോട്ട് എത്രയെത്ര യാത്രകൾ കടന്നു പോയെടീ ?
അവസാനത്തെ വെറ്റിലച്ചെല്ല ത്തോടൊരാൾ
ചോദിക്കുന്നൂ
രണ്ടു കാലിൽ രണ്ടായിരം കാലിൽ
വില്ലുവെച്ച വണ്ടിയിൽ
കുതിരവണ്ടിയിൽ കാളവണ്ടിയിൽ
കാലുമാറിയും കാലുവാരിയും
സ്വയമറിഞ്ഞുമറിയാതെയും
പല നിറപ്പൊലിമയുള്ളവ
പല നിരയിൽ നിരന്നവ
പല നിലയിൽ വന്നവ
പല കണ്ണുകളുള്ളവ
ത്രിവർണ്ണക്കൊടിയേന്തിയിട്ടും
ഒന്നും തിരിയാത്തവ
ചുവപ്പിനെ മാത്രം കണ്ടവ
പച്ചയെ മാത്രം കണ്ടവ
നീലയെ മാത്രമറിഞ്ഞവ
മഞ്ഞയെ മാത്രം നോക്കിയവ
കാവി പുതച്ചവ
എ സി യിൽ ,പുറം ലോക സ്പന്ദനമറിയാത്തവ
പുറത്തിറങ്ങിയിട്ടും
അകമറിയാത്തവ
ഓരോ യാത്രയും
ഓരോ ചുളിവുകൾ മാത്രം
നെറ്റിയിലവ വന്നു നിൽക്കുന്നു
ചെല്ലമേ... വെറ്റിലച്ചെല്ല മേ
അവയറിയുവാൻ
വരുമോ മനുഷ്യനെ കാണുന്ന യാത്രകൾ ?
വരുമോ
മണ്ണു തൊട്ടു നടക്കുന്ന യാത്രകൾ?
വരുമോ ഉപ്പുമണമുള്ള ഒരു യാത്രയെൻ്റെ ചുളിവുകളിലെ
വെളുത്തു നരച്ചസങ്കടങ്ങൾ
നിവർത്തി വായിക്കുവാൻ?
തെക്കോട്ടുപോകും മുമ്പ്,
തേക്കുപാട്ടുകളുറങ്ങും മുമ്പ്
അതു കേൾക്കുവാൻ വരുമോ
കാതുള്ളൊരു യാത്രക്കാരൻ?
കണ്ണുള്ളൊരു യാത്രക്കാരി?
അമ്മൂമയെപ്പോൽ
വെറ്റിലച്ചെല്ലമൊന്നു മൂളിയോ !
ഏതോ യാത്രയുടെ ശബ്ദത്തിലത ലിഞ്ഞുവോ!
ഊന്നുവടിയിലയാൾ
ഗാന്ധിജിയെ പോൽ
കൈയൊന്നമർത്തി
ഏതോ വേദനയന്നേരമയാളി ൽ
പിടഞ്ഞുണർന്നുവോ!
വെറ്റിലച്ചെല്ലം തുരുമ്പിച്ച കണ്ണാൽ
നിസ്സംഗമതു നോക്കി നിന്നു
.........................മുനീർ അഗ്രഗാമി

No comments:

Post a Comment