പ്ലാസ്റ്റിക്ക്

പ്ലാസ്റ്റിക്ക്
...................
വഴിയിൽ ബസ്സുകാത്തു നിൽക്കുന്നു;
പുലരിയെന്നെ നോക്കി വിരിയുന്നു;
രാത്രിമഴയിൽ കുളിച്ച പ്രകൃതി
തല തോർത്തി നിവരുന്നു.

പെട്ടെന്നു
പിന്നിൽ നിന്നൊരുനാദം കേട്ടു,
നേർത്തതെന്നൽ പോൽ:
" പ്ലാസ്റ്റിക്കേ, ഒന്നു മാറൂ ...
ഞാനൊന്നു തലയുയർത്തട്ടെ!"
നോക്കുമ്പോൾ
വിത്തിൽ നിന്നൊരു കുഞ്ഞ്
നിലത്തിറങ്ങി നിൽക്കുന്നു;
ചലിക്കുവാനാകാതെ
പ്ലാസ്റ്റിക്കിൽ കുടുങ്ങി നിൽക്കുന്നു.
പരോപകാരിയായ് ഞാൻ
മെല്ലെയതെടുത്തു മാറ്റുന്നു:
അയ്യോ !
ഒന്നല്ലൊ മ്പതു കുഞ്ഞുങ്ങൾ!
നട്ടെല്ലു വളഞ്ഞ്
ഏതോ സ്കൂളിലെ അസ്സംബ്ലിയിലെന്നപോൽ
ഇലകളിളക്കുവാനാകാതെ...
വെളിച്ചം കാണാതെ
വെളുത്തു വിളറി വേദനിച്ച്...
മെല്ലെ സൂര്യനതെത്തി നോക്കുന്നു
നിശ്ശബ്ദതയുടെ ശബ്ദം പോലു
മെനിക്കിപ്പോൾ പരിചിതം
മെല്ലെ നിവരുന്ന കുഞ്ഞിലകളതറിയുന്നു
പെട്ടെന്നു ബസ്സു വരുന്നു;
പരിചിത ശബ്ദത്തിൽ
ഞാൻ വീണ്ടും ലയിക്കുന്നു;
നേരം വെളുക്കുന്നു.
........................മുനീർ അഗ്രഗാമി .....

No comments:

Post a Comment