നീ തീർന്നു പോകുന്നതെങ്ങനെ!

നീ തീർന്നു പോകുന്നതെങ്ങനെ!
(ഒ എൻ വി ക്ക്)
........................
ഭൂമിയിപ്പോൾ നിനക്കു വേണ്ടിയെഴുതിയ
ചരമഗീതം പാടുകയാണ്
ഓരോ മൺതരിയും അതേറ്റു പാടുന്നു

ഓരോ പുല്ലും പുഴുവും
നിൻ്റെ വരികൾ മൂളി
കരയുകയാണ്;
നീ എഴുതി ജീവൻ കൊടുത്ത പുഴ
വറ്റാതെ
നിനക്കു ദകക്രിയ ചെയ്യാൻ
ഒഴുകിവരുന്നു
കാലമെഴുതിയ നീയെന്ന കവിത
പൂർത്തിയാവുന്നു
ഞങ്ങളതു വായിച്ചു
തീരുന്നതെങ്ങനെ !
അതിലെ ഓരോ വാക്കും
നീയെഴുതിയ കവിതകളാകുമ്പോൾ
അമ്മയിൽ
കുഞ്ഞേടത്തിയിൽ
ഗോതമ്പുമണികളിൽ
നാലുമണിപ്പൂക്കളിൽ
നിൻ്റെ ഹൃദയസ്പന്ദനം
ഇപ്പോഴുമുണ്ട്
നീയെഴുതിയ തോന്ന്യാക്ഷരങ്ങളിൽ
അക്ഷരമായ്
മലയാളത്തിൻ
മധുരസം മരിക്കാതെ
നിറഞ്ഞിരിക്കുമ്പോൾ
മരിച്ചാലും നീ മരിക്കുന്നതെങ്ങനെ!
ഒരു തുള്ളി വെളിച്ചമായ്
ഭാഷ തന്നാത്മാവിന്നിരുട്ടിലെ
സൂര്യനായ്
നീ മിന്നുമ്പോൾ
മരണം നിന്നെ കൊണ്ടു പോകുന്നതെങ്ങനെ !
തുവിയവെളിച്ചം കെട്ടുപോകാതെ
സൂര്യൻ്റെ മരണം
മരണമാകുന്നതെങ്ങനെ !
ഭൂമിയെ സ്നേഹിച്ചു തീരാതെ
നീ ഭൈരവൻ്റെ തുടിയിൽ
താളമായ് ജീവിക്കുമ്പോൾ
നിന്നെ കാണാതാവുന്നതെങ്ങനെ
നറുമൊഴിയായ്
മലയാള നിറമൊഴിയായ്
ഉജ്ജയിലെ യക്ഷനായ്
കിന്നരഗായകനായ്
നീ ആയിരം നാവിനാൽ
പാടുമ്പോൾ
നിൻ്റെ ശബ്ദം നിലയ്ക്കുന്നതെങ്ങനെ!
സ്നേഹിച്ചു തീരാത്തവരായ്
അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന്
നീ ബാക്കി വെച്ച പാടവും
നറുനിലാവും ഗ്രാമ സൗഭാഗ്യവും
നിന്നെയോർത്തു കരയുമ്പോൾ
നീ ഇല്ലാതിരിക്കുന്നതെങ്ങനെ !
എൻ്റെ ഭാഷ തന്നുപ്പായ്
നീയെൻ്റെ നീലക്കണ്ണുകളിൽ
തിരയടിക്കുമ്പോൾ
നീ വറ്റിപ്പോകുന്നതെങ്ങനെ !
എൻ്റെ ഭാഷയുടെ
ഏതോ താളിൽ
നിൻ്റെ മയിൽ പീലിയുണ്ട്
അതു നിറയെ അക്ഷരങ്ങളാണ്
ഒരു കാലത്തിനും മരണത്തിനും
നശിപ്പിക്കാനാകാത്ത
പാഥേയമായത് എനിക്കന്നമാകുമ്പോൾ
നീ തീർന്നു പോകുന്നതെങ്ങനെ!
...............മുനീർ അഗ്രഗാമി

No comments:

Post a Comment