സർവ്വകലാശാലാ ലൈബ്രറി

സർവ്വകലാശാലാ ലൈബ്രറി
...............................................
സർവ്വകലാശാലയിൽ നിന്നും
ലൈബ്രറിയിൽ നിന്നും
ഗാന്ധിജിയുടെ ചിത്രം അപ്രത്യക്ഷമായി
അന്നു തന്നെ
ഹിറ്റ്ലറുടെ ചിത്രം പ്രത്യക്ഷപ്പെട്ടു
പശുവിൻ്റെ പുറത്ത്
ഇരിക്കുകയായിരുന്നു അയാൾ


ഓരോ നോട്ടത്തിലും ചിത്രം
ഓരോന്നായി തോന്നി
ഒന്നാം നോട്ടത്തിൽ
സന്യാസിയായി
രണ്ടാം നോട്ടത്തിൽ
ഭരണാധികാരി
മൂന്നാം നോട്ടത്തിൽ
പട്ടാളം
നാലാം നോട്ടത്തിൽ
വി.സി
അഞ്ചാം നോട്ടത്തിൽ
പെൺപുലി

നോട്ടങ്ങളങ്ങനെ കടന്നു പോകെ
ചില നിമിത്തങ്ങളുണ്ടായി
രാജാറാം മോൻ റോയിയെ കുറിച്ചുള്ള
പുസത്കങ്ങൾ കത്തിപ്പോയി
മണ്ടേലയുടെ എഴുത്തുകൾ
ചിതലു തിന്നു
ബുദ്ധൻ്റെ വചനങ്ങൾ നിറഞ്ഞ പുസ്തകം
പറന്നു പോയി
ഒന്നാമത്തെ തട്ടിലിരുന്ന ഭരണ ഘടന
താഴെ വീണ് കുത്തഴിഞ്ഞു
അംബേദ്കറുടെ ചരിത്രത്തിൻ്റെ താളുകൾ
നനഞ്ഞു കുതിർന്നു

വിദ്യാർത്ഥികളുടെ മനസ്സ് മുറിഞ്ഞ്
പത്രങ്ങളിലെ അക്ഷരങ്ങൾ ചുവന്നു.
ആരൊക്കെയോ
ആൻ ഫ്രാങ്കിനെ പോലെ
ഡയറി യെഴുതുന്നു
ഗവേഷകർ നോട്ടുകുറിക്കുന്നു
അവ ജീവിതക്കുറിപ്പുകളോ
ആത്മഹത്യാ കുറിപ്പുകളോ എന്ന തർക്കത്തിൽ
പ്രാഫസർമാർ ഒച്ച വെയ്ക്കുന്നു
ലൈബ്രേറിയൻ നിശ്ശബ്ദതയുടെ ചിഹ്നം
അവരെ കാണിക്കുന്നു
അവരാ ചിഹ്നത്തിന് വോട്ടു ചെയ്യുന്നു

ലൈബ്രറിയിൽ നിന്നും ഞാൻ പുറത്തു കടക്കുന്നു
അസ്വസ്ഥമായ വായനയിൽ നിന്നും
പുറത്തു കടക്കുവാനാകാതെ.
ഹിറ്റ്ലർ എന്നെ നോക്കി ചിരിക്കുകയാണ്
അല്ല
ലൈബ്രറി മുഴുവനും അയാളുടെ നോട്ടത്തിലാണ്
സർവ്വകലാശാലയുടെ ബോർഡ്
തിരുത്തിയതാരാണ്?
കോൺസൻട്രേഷൻ ക്യാമ്പെന്നാണല്ലോ
കാണുന്നത് !
എൻ്റെ വായനയിൽ നിന്ന്
പെട്ടെന്ന് ഒരു മാൻ പേടിച്ച്
ഓടാൻ തുടങ്ങി.
.................................മുനീർ അഗ്രഗാമി

No comments:

Post a Comment