വേനൽ പനി

വേനൽ പനി
.........................
പനിച്ചു പൊള്ളുന്ന
രാത്രിയുടെ ഉടലിൽ നിന്ന്
നീ എൻ്റെ വിയർപ്പ് ഒപ്പുന്നു
നിൻ്റെ കണ്ണു നനച്ച്
എൻ്റെ നെറ്റിയിൽ ഇടുന്നു
ഞാൻ മറ്റൊരു രാത്രിയായി
നിൻ്റെ സങ്കടങ്ങൾക്ക്
കിടന്നുറങ്ങാൻ
നെഞ്ചു വിരിക്കുന്നു

ഗ്രീഷ്മം പെയ്യുമ്പോൾ
പകൽ വെളിച്ചത്തിൽ
ചൂടിൽ കളിക്കരുതെന്ന്
നീ
എത്ര വട്ടം പറഞ്ഞിട്ടും കേട്ടിരുന്നില്ല
ഞാൻ
അദൃശ്യനായ് രാവും കളിച്ചിരിക്കണം
അല്ലാതെങ്ങനെ പനിവരും ?
പനിച്ച്
എത്രയോ ജീവികളാൽ
പിച്ചും പേയും പറയുന്ന
കുംഭമാസ രാത്രി പോലെ
ഞാൻ പനിച്ചു തുള്ളുന്നു

കുളിരുള്ള നിൻ്റെ സ്നേഹം പുതയ്ക്കുവാൻ കൊതിച്ച്
ഇരുണ്ട സ്വപ്നമായ് പരക്കുന്നു
രാത്രിയുടെ നെറ്റിയിൽ നിലാവ് ചുണ്ടു നനച്ചിടുന്നു
നിൻ്റെ ചുണ്ടും നനഞ്ഞുവോ
എൻ്റെ പനി കുറഞ്ഞുവോ
വിയപ്പിൽ ചാലിച്ച് കുടിക്കുവാൻ ആഗ്രഹങ്ങൾ
നീ തന്നു
രാവിപ്പോഴും പനി മാറാതെ
ഉണർന്നു പിടയുമ്പോൾ
നീയെന്നെ
നിൻ്റെ വേദനകൾക്കൊപ്പം
പുലരിത്തണുപ്പിൽ കളിപ്പിച്ച്
സുഖപ്പെടുത്തുന്നു

വലിയൊരു ഞാവൽമരമായി
ഞാനുണരുന്നു
നിൻ്റെ ചെറുതും വലുതുമായ സന്തോഷങ്ങൾ
അതിൽ വന്നിരുന്ന് പാടുന്നു
സൂര്യനിപ്പോൾ അതു കാണുവാൻ വിടരുന്ന
ഒരു പൂവു മാത്രം!
............. ....... മുനീർ അഗ്രഗാമി

No comments:

Post a Comment