കാലുകൾ

കാലുകൾ
.................
കാലുകളുടെ എണ്ണം കൂടിയിരിക്കുന്നു
തലയിലും പുറത്തും നെഞ്ചത്തും
ഇടതടവില്ലാതെ അവ പതിക്കുന്നു
സാധാരണക്കാരനിലേക്ക്
അവ ചുവടുവെക്കുന്നു
നീതിയെയും ന്യായത്തെയും
ഷെൽഫിലുറക്കി ക്കിടത്തി
ഇരുളുടലുള്ള കാലുകൾ വിധി പറയുന്നു

പണ്ട് യുവാക്കളെയും
വ്യദ്ധൻമാരേയും തേടി
കാലുകൾ വന്നിരുന്നില്ല
എല്ലാ നന്മകളുടെയും
ആൾരൂപമായ രാജാവിനു നേരെ വന്നു
തലയിൽ
ഒരു കാലേ വെച്ചിരുന്നുള്ളൂ
ചവിട്ടിയാൽ താഴുന്നതിലുമധികം
അദ്ദേഹം താഴ്ന്നു
താഴ്മയുടെ അഭ്യുന്നതിയിൽ നിന്ന്
സ്നേഹവും രാജ്യസ്നേഹവും പഠിപ്പിക്കാൻ
അദ്ദേഹം കഴിയാത്തകഥയായി
ഭാവിയുടെ രാജ്യം
ഇപ്പോഴേ നിർമ്മിക്കുന്ന
യുവത്വത്തിൻ്റെ നെഞ്ച് കലക്കുന്ന കാലുകൾ മറ്റേതോ
കഥകളിൽ നിന്നാണ് ഇറങ്ങി നടന്നത്
അവയെ പേടിക്കണം
അവ വെറും കാലുകളല്ല
ഒരു കഥയുടെ കെട്ട്
അതിന് ബലം കൊടുക്കുന്നു
വായനയുടെ മട്ട്
അതിന് നിറം കൊടുക്കുന്നു
ആ കാലുകൊണ്ട്
ആരാണ് അവനെ ചവിട്ടുന്നത് !
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ
ഒരു പദേശം കൊണ്ട് നാന്നാകുമായിരുന്നല്ലോ
അവൻ
തെറ്റു ചെയ്തിട്ടില്ലെങ്കിൽ
ഏറ്റവും നല്ല യുവാവായി
രാജ്യത്തെ സേവിക്കുമായിരുന്നല്ലോ അവൻ
കാലുകൾ തലയല്ലാത്ത തിനാൽ
ചവിട്ടാനല്ലാതെ അവയ്ക്കെന്തറിയാം!
അവൻ യുവാവായതു കൊണ്ട്
അവൻ കൊണ്ട ചവിട്ടുകൾ
മുഴുവൻ യുവാക്കളും കൊള്ളുന്നു
രാജ്യം ഒന്നാകെ പിടഞ്ഞുണരുന്നു
അവർക്കെതിരെ
ആരാണ് പട നയിക്കുന്നത് ?
കാലാൾപ്പടയിലുള്ള ആളുകൾക്ക്
മുഖം നഷ്ടപെട്ടിരിക്കുന്നു
കാലുകൾ ,കാലുകൾ മാത്രം!
അവയ്ക്കടിയിൽ യുവാക്കൾ ഉറുമ്പുകളായെന്ന്
അവർ ധരിക്കുന്നു
യുവാക്കൾ നിവർന്നു നിന്ന്
ആ കാലുകളുടെ മുഖം കണ്ടു പിടിക്കുക തന്നെ ചെയ്യും
കാരണം അവരുടെ സ്വപ്നത്തിൽ
പൗരൻമാരുടെ രാജ്യമുണ്ട്


-.മുനീർ അഗ്രഗാമി

No comments:

Post a Comment