ആറ് അവൾ കവിതകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
1
ഒരു നാൾ അവൾ
കെട്ടിയിട്ട വാക്കുകളെയെല്ലാം
അഴിച്ചുവിടും
എന്നിട്ട്
അവ എല്ലാവർക്കുമിടയിലൂടെ
നടന്നു പോകുന്നതു നോക്കി
സന്തോഷിക്കും
*********
2
ഒരു കവിതയും മതിയാവാതെ
അവൾ അവൻ്റെ കണ്ണിൽ നിന്ന്
അവൾക്കു മാത്രം കാണാവുന്ന
തെളിച്ചം എടുത്തു വായിക്കുന്നു
*********
3
പറവകൾ തൂവലുകൾ കൊണ്ട്
കാറ്റിലെഴുതിയത്
അവളുടെ സ്വപ്നമായിരുന്നു
അതുകൊണ്ട്
സ്വപ്നത്തിൽ
അവൾ പറവയായി
********
4
ഉയരാൻ ആഗ്രഹിച്ചിട്ടും
ഉയരം അവളെ കൊണ്ടു പോയില്ല
ആ ആഗ്രഹം അടച്ചു വെച്ച്
അവൾ ആഴത്തിലേക്കു പോയി
ആഴം അവളെ
വിട്ടുതന്നതേയില്ല
******
5
വാക്കുകളേറ്റു പൂക്കുന്ന
ഒരുവളേയുള്ളൂ;
കാമുകി.
വാക്കൊന്നു പിഴച്ചാൽ
വേഗം കൊഴിയുന്നവളും
******
6
വിളറിപ്പോയ മനസ്സിന്
നിറം കൊടുക്കാൻ
അവൾ പല നിറങ്ങളുടുക്കുന്നു
*****