സഞ്ചരിക്കുക

സഞ്ചരിക്കുക
........................
ഒരു വാക്ക്
നമ്മെ കാത്തിരിക്കുന്നുണ്ട്
മറ്റെല്ലാ അർത്ഥങ്ങളും
മാറ്റി വെച്ച്
സഞ്ചരിക്കുക
മറ്റെല്ലാ തിരക്കുകളും
ഉപേക്ഷിച്ച്
എത്തിച്ചേരാതിരിക്കില്ല
യാത്ര നമ്മെ കവിതയാക്കി
പുതുക്കുമെങ്കിൽ
നാമതിന്നർത്ഥരസ രഹസ്യത്തിൽ
ഒരു വാക്കിലുണ്ട്
ഒളിക്കുവാനും
ഒന്നിക്കുവാനും ഒരിടം
അതിജീവിക്കുവാനും
ജയിക്കുവാനും മറ്റൊരിടം
അർത്ഥം നമ്മെ സ്വീകരിക്കുമ്പോൾ
കൊടുത്താലും
വാങ്ങിയാലും
പറഞ്ഞാലും
വാക്കിലെത്തുക എളുപ്പമല്ല
എങ്കിലും
സഞ്ചരിക്കുക
സഞ്ചരിക്കുക
കവിതയിലെത്തുവോളം
- മുനീർ അഗ്രഗാമി

പുതിയ ഒരു ഭാഷ

പുതിയ ഒരു ഭാഷ
......................................

പുതിയ ഒരു ഭാഷയുണ്ട്
നിനക്കും എനിക്കുമിടയിൽ
ഓടിക്കളിക്കുന്നു
തളരാതെ അത്
അതിന്റെ വ്യാകരണമുടുക്കുന്നു
ഈണം ഉയർത്തുന്നു
ഒരു മേഘം മറ്റൊരു മേഘത്തോടെന്ന പോലെ
ഒച്ചയില്ലാതെ
നടക്കുന്നു
അത് അതിന്റെ സംഗീതം കണ്ടെത്തുമ്പോൾ
നാം ഭൂമിയിലല്ല
- മുനീർ അഗ്രഗാമി

ആരവിടെ ?

ആരവിടെ ?
....................................
എന്റെ വല്യമ്മയ്ക്ക്
പത്തു വയസ്സ് തികഞ്ഞപ്പോൾ
ആരവിടെ ?
എന്നു ചോദ്യം കേട്ടു
ആരുമൊന്നും മിണ്ടിയില്ല
ചോദ്യം വീണ്ടും കേട്ടു
അന്ന്
ഉത്തരമില്ലാത്തതിനാൽ
ആ ചോദ്യം നാടുനീങ്ങി.
ഇന്ന് എന്റെ മക്കൾക്ക്
പത്തു വയസ്സു കഴിഞ്ഞു
നാടുനീങ്ങിയെന്നു കരുതിയ
ആ ചോദ്യം വീണ്ടും കേൾക്കുന്നു
മകന്റെ ഉത്തരമെന്തായിരിക്കും ?
അവൻ വിളി കേൾക്കുമോ ?
അവന്റെ കേൾവി
ആ ചോദ്യത്തെ അഭിഷേകം ചെയ്യുമോ?
ചോദ്യം വീണ്ടും മുഴങ്ങുന്നു
രാജ്യത്തെ ആകെ വിഴുങ്ങുന്ന ഒച്ചയിൽ
- മുനീർ അഗ്രഗാമി

എ അയ്യപ്പൻ

എ  അയ്യപ്പൻ
.........................................
കവിത മറ്റൊരു മലയാണ്
അയ്യപ്പൻ അത് കയറുകയും
ഇറങ്ങുകയും
വീണ്ടും കയറുകയും ചെയ്തു
വെയിൽ തിന്നും
മഴ കുടിച്ചും
എല്ലാ വന്യതകളേയും
വാക്കുകൾ കൊണ്ട് പിടിച്ചു കുടഞ്ഞ്.
-മുനീർ അഗ്രഗാമി

ഇളക്കം

ഇളക്കം
...............
നിലാവ് മീനായിളകുന്ന
തടാകത്തിലേക്ക്
രാത്രിയും ഞാനും നോക്കി നിന്നു
വെറുതെ നോക്കി നിന്നു
പെട്ടെന്ന്
ചുറ്റും ഓളങ്ങളുണ്ടായി
ഞാൻ ഇളകി മീനായി
പായലുകൾ തിരകളാകുന്നു
ഒരു നിമിഷം
കര കടൽ പോലെ
ഇളകി മറിയുന്നു
ഞാൻ നിന്നതിനപ്പുറം
ഇളകുന്നു
ഇളക്കത്തിന്റെ ഊഞ്ഞാലിൽ
ഞാനുമാടുന്നു.
-മുനീർ അഗ്രഗാമി

കള്ളാ അത് കൊണ്ടു പോകരുതേ

കള്ളാ അത് കൊണ്ടു പോകരുതേ
...............................................................
അലച്ചിൽ തിന്നു നടന്നു
സമയം തോരാമഴയായ്
ഞരമ്പിലൂടെ ഒഴുകി
പടുമാവ് വിളിച്ചു
അതിന്റെ മടിയിൽ കിടന്നു

ഉണർന്നപ്പോൾ
ബേഗുകാണാനില്ല
ഓർമ്മകളെഴുതിയ പുസ്തകം
അതിലുണ്ട്
അതിലെ അക്ഷരങ്ങൾ
ഏകാന്തതയുടെ ചിത്രങ്ങളാണ്
കള്ളൻ അതു കാണില്ല
വാക്കുകളിൽ പ്രകാശിക്കുന്ന
നിന്നെ കാണാം
അവൻ നിന്നെ തിരഞ്ഞു വരാം
എന്റെ ഹംസമല്ലെന്നു പറഞ്ഞ്

ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ
ആത്മകഥയിലെ
ഒന്നാമത്തെ അദ്ധ്യായമാണ് ഞാൻ
അതു കൊണ്ട്
എന്നെ തിരഞ്ഞാരും വരില്ല

കള്ളാ
ഇന്നോളം ഞാൻ സൂക്ഷിച്ച
എന്റെ എകാന്തതകളുടെ ഭാണ്ഡം
നീ കൊണ്ടു പോയല്ലോ
ഇനി കനത്തു വീഴുമേകാന്തനാമിഷങ്ങൾ
ഞാനെവിടെ വരയ്ക്കും ?

പൊള്ളിക്കരിഞ്ഞ പകലിന്റെ കരി കൊണ്ട്
ഈ മാവെനിക്ക്
കുളിർ വരച്ചു തന്ന പോലെ
പൊള്ളലുകൾ തന്ന കരി കൊണ്ടല്ല
തീ തന്ന വെളിച്ചം കൊണ്ട്

കള്ളാ അത് കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ
അവളുടെ അസാന്നിധ്യത്തിൽ
കിടക്കുവാൻ
ഞാൻ വരച്ച തണലാണത്.
-മുനീർ അഗ്രഗാമി

ആനന്ദം

ആനന്ദം
................
ശബ്ദം വരിഞ്ഞുമുറുക്കുന്ന തെരുവിൽ
നിശ്ശബ്ദതയെ കാത്തു,
എന്റെ ആനന്ദം.
തൊട്ടടുത്ത്
വന്നിരുന്ന
നിശ്ശബ്ദതയിലിരുന്ന്
മിടിക്കുന്ന ഹൃദയത്തിൽ
പറന്നിരുന്നു എന്റെ
ആനന്ദം.
-മുനീർ അഗ്രഗാമി

മലമുഴക്കി

മലമുഴക്കി
.....................
ഇല്ല ,നിനക്കൊപ്പം
മല കയറുവാൻ

ഇല്ല ,നീ പുലിയായിടും
ചുവടുകൾ
ഇല്ല ,നീ നീയല്ലാതായ്
നിന്നു കത്തും കാട്ടുതീ

എങ്കിലുമില്ല ഞാൻ, വഴി
മുകളിലേക്കറിയില്ല
മാൻപേട പോലരുവി
താഴ്വരയിലേക്ക്
കുതിച്ചു പോകെ
കാതിൽ ചൊല്ലുന്നു

താഴെ തടാകത്തിൽ
വെയിൽ ചൂടി നിൽക്കും
താമരപ്പൂ വിനെ
മുടിയിൽ ചൂടണം

ഒഴുക്കു നിർത്തി
കെട്ടിക്കിടക്കുന്നതിൻ സുഖം
നിനക്കറിയില്ല;തിൻ
നിശ്ചലമാം രുചിയും

'ഇല്ല നിനക്കൊപ്പം
മല കാണുവാൻ '
ചട്ടിയിലെന്നപോൽ
തിളയ്ക്കുമവൾ.

മലമുഴക്കുവാൻ
വൻ മരത്തിലേകനായിരിക്കുവാൻ
തനിയെ ഞാൻ പോകുന്നു.
പോകുന്നു
- മുനീർ അഗ്രഗാമി

പിണക്കം

പിണക്കം
................
ആരും നടക്കാനില്ലാത്തതിനാൽ
വീട്ടിലേക്കുള്ള വഴിയിലിരുന്ന്
പുല്ലുകൾ
ഓരോന്നു പറയുന്നു
എന്നെ കുറിച്ചാവും
വീടിനെ ഒറ്റയ്ക്കാക്കി പോയതിനുള്ള
ചീത്തയാവും
ചെന്നു കേറിയപ്പോൾ
കുറച്ചു നേരം പിടിച്ചു വെച്ച്
വഴക്കു പറഞ്ഞേ വിട്ടുള്ളൂ
മുറ്റത്ത് പുല്ലിന്റെ കുഞ്ഞുങ്ങൾ
കളിക്കുന്നതു നോക്കി
നിന്നു പോയി
അകത്തു കേറുമ്പോൾ
ഇനി എന്തൊക്കെയാവും
എന്നോടു പിണങ്ങിക്കിടക്കുക!
-മുനീർ അഗ്രഗാമി

ഒറ്റക്കണ്ണുകൊണ്ടു കാണുന്നു

ഒറ്റക്കണ്ണുകൊണ്ടു കാണുന്നു
.........................................................
രണ്ടു വഴികൾക്കിടയ്ക്കുള്ള സ്ഥലത്ത്
കുറേ മരങ്ങൾ കാണുന്നു

മരങ്ങൾക്കിടയിലൂടെ
പകൽ നടന്നു പോകുന്നു

സന്ധ്യയുടെ വിരിപ്പിലിരുന്നു
നാം രണ്ടു യാത്രകൾ
ചേർത്തുവെയ്ക്കുന്നു

രണ്ടു വഴികളും രണ്ടായിത്തന്നെ
നക്ഷത്രങ്ങളെ കാണുന്നു

നക്ഷത്രങ്ങൾ നമ്മെ
ഒറ്റക്കണ്ണുകൊണ്ടു കാണുന്നു
- മുനീർ അഗ്രഗാമി

ആൾക്കൂട്ടം

ആൾക്കൂട്ടം
...................
സത്യമെവിടെയെന്ന്
തിരഞ്ഞു പോയ
അവസാനത്തെ ആൾ
ആൾക്കൂട്ടത്തിൽ പെട്ടു ,
വഴി തെറ്റി.
തിരച്ചിലിന്റ എകാന്ത
ഉടച്ചു കളഞ്ഞു,
അയാൾ മറ്റാരെയോ പോലെ
പെരുമാറി
പേരുമാറി രക്ഷപ്പെട്ടിരിക്കാം
അയാളെ തിരഞ്ഞു പോയ കുട്ടി
പെൺപടയുടെ ചോദ്യങ്ങളിൽ പെട്ട്
വലുതായി
അയാളെയും
പുതുതായൊന്നും കണ്ടെത്തിയില്ല
തെങ്ങു കയറല്ലേ
ചെളിയിലിറങ്ങല്ലേ
ഞാറുനടല്ലേ
മല കയറൂ
മറ്റൊന്നും വേണ്ട
പൈതൃകത്തിന്റെ
വാക്കുകൾ മാത്രം ഉച്ചരിക്കൂ
മറ്റൊന്നും വേണ്ട
അവന്റെ കാതുകളുടെ
ആത്മകഥ ഇത്രമാത്രം
സത്യമെവിടെ ?
സമത്വത്തിലോ
സമവായത്തിലോ ?
ഇനിയിപ്പോൾ ആരെങ്കിലും
സത്യം തിരഞ്ഞു പോകുമോ
എന്നറിയില്ല
ഒരേ ദിശയിലേക്കുള്ള ജാഥയിൽ
എല്ലാവരും
ഒരേ വാക്കിന്റെ ചുവടുമായ് ചലിക്കുന്നു
ഓരോ ചലനത്തിലും ആൾക്കൂട്ടം
എന്റെ ദേശത്തെ വിഴുങ്ങുന്നു
തെരുവിൽ ഉപേക്ഷിക്കപ്പെട്ട
പ്രതിമ മാത്രം തിരിഞ്ഞു നിൽക്കുന്നു
അതിന്റെ നിശ്ചലതയിൽ
എന്റെ ദേശത്തിന്റെ
വെളിച്ചം വറ്റിപ്പോയ ചാലുകൾ കണ്ടു
അന്വേഷിച്ചു പോയതും
അന്വേഷിച്ചു പോയയാളെയും
ആരും കണ്ടെത്തിയില്ല
അനുസരിക്കുന്നവരുടെ കൂട്ടത്തിൽ
അവന്
അവനെ നഷ്ടപ്പെട്ടിരിക്കാം
- മുനീർ അഗ്രഗാമി

പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.

പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.
.......................................................
ഉമ്മിണി
ബസ്സുകാത്തു നിൽക്കെ
തീണ്ടാരി
തിരണ്ടു കല്യാണം
തീണ്ടൽ
തൊടീൽ
താലികെട്ട്
പുളികുടി
പുലപ്പേടി ഇതൊക്കെ ഞങ്ങൾക്ക്
തിരിച്ചു വേണം
മക്കളെ പഠിപ്പിക്കണം
ഉമ്മിണിക്ക് മുന്നിലൂടെ
പെണ്ണുങ്ങൾ വിളിച്ചു പറഞ്ഞു
തമ്പുരാനേ ഞങ്ങളെ
രക്ഷിക്കണം
ഞങ്ങൾക്ക് പഴയതൊക്കെയും വേണം
രാജാവും രാജ്ഞിയും വന്നു
ഉച്ചത്തിൽ പറഞ്ഞു
പഴയതൊന്നും നഷ്ടമായിട്ടില്ല
എല്ലാം കൊട്ടാരത്തിലുണ്ട്
പ്രജകളേ വരൂ
ആവശ്യം പോലെ എടുക്കൂ
ഞങ്ങളുടെ പ്രജകളാവൂ
ഞങ്ങളുടെ രാജ്യം വരട്ടെ
പെണ്ണുങ്ങൾ അപ്രകാരം ചെയ്തു.
സന്തോഷത്തോടെ പോയി
ചുമരിലെഴുതിയത്
ഒന്നു കൂടെ വായിക്കുവാൻ
പിന്നെ ഉമ്മിണി
ശിവഗിരിക്ക് പോയില്ല
ആറ്റിലിറങ്ങി ഒരു കല്ലെടുത്തു.
- മുനീർ അഗ്രഗാമി

കളഞ്ഞൂ

കളഞ്ഞൂ നവോത്ഥാനം
തിരഞ്ഞൂ നാടാകെ നാം
നഷ്ടരായലയുന്നൂ,
ബുദ്ധി വീണുപോയ പോൽ.
- മുനീർ അഗ്രഗാമി

ആട്ടം

ആട്ടം 
.................
നഗരം മഴയിൽ ഊഞ്ഞാലാടിക്കൊണ്ടിരുന്നു
രണ്ടു ജാഥകൾ കടന്നു പോയി
മുമ്പില്ലാത്ത വിധം
സത്രീകളായിരുന്നു രണ്ടിലും
പഴയ മുദ്രാവാക്യങ്ങൾ
അവരെ ആട്ടിക്കൊണ്ടിരുന്നു

ഉറക്കത്തിലെന്ന പോലെ അവർ
നടന്നുകൊണ്ടിരുന്നു
കുഴലൂത്തുകാരൻ എവിടെയോ
മറഞ്ഞിരിക്കുന്നുണ്ട്
എനിക്കയാളെ കാണാം

അയാൾ 
കാഴ്ചയുടെ പരിധിക്കപ്പുറത്ത് നിന്ന്
പുരാതനമായ ഒരു ഉപകരണം നീട്ടി
ഇരുട്ട് അന്നേരം ഓടി വന്ന്
നഗരത്തെ ശക്തമായി ആട്ടാൻ തുടങ്ങി
ഞങ്ങൾ പോവില്ല പോവില്ല
എന്ന് സ്ത്രീകൾ പറയുന്നുണ്ടായിരുന്നു
എന്നിട്ടും

അവരറിയാതെ അവരെ
അയാൾ കൊണ്ടു പോകുന്നത്
ഞാൻ പേടിയോടെ നോക്കി നിന്നു.


-മുനീർ അഗ്രഗാമി

പരസ്യപ്പെട്ടിരിക്കുമ്പോൾ

പരസ്യപ്പെട്ടിരിക്കുമ്പോൾ
...........................................
സ്വകാര്യതയിൽ
ഉറുമ്പു പോലെന്തോ അരിച്ചു തുടങ്ങിയിട്ട്
കുറേ നാളായി
നടക്കുമ്പോഴും നിൽക്കുമ്പോഴും അതിന്
സിംഹാസനത്തിന്റെ രൂപം
ആറു കാലുകൾ
ആറു പ്രത്യയശാസ്ത്രം
അദൃശ്യനതിൻ പുറത്ത്
സൗജന്യങ്ങളുമായെഴുന്നള്ളുന്നു
പേരും പെരുമയും
വേരും വേവലാതികളും
പുറത്താവുന്നു
അത്
വേദനിപ്പിക്കാതെ
അരിച്ചു തീർക്കുന്നു
സ്വസ്ഥതയുടെ ഞരമ്പുകൾ
ഒരു പ്രഭാതത്തിൽ
ബയോമെട്രിക് ഡാറ്റയായി
പരസ്യപ്പെട്ടിരിക്കുമ്പോൾ
അത്...
അതെന്റെ മുഴുവൻ രഹസ്യങ്ങളും
അരിച്ചു തീർത്തു .
ഇതാ
ദൈവത്തിന്റേതോ
പിശാചിന്റേതോ എന്നറിയാത്ത
ഒരു കടലാസിൽ
സ്വകാര്യതയുടെ ചിതാഭസ്മം
- മുനീർ അഗ്രഗാമി

ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷൻ

ഷൊർണ്ണൂർ റയിൽവേ സ്‌റ്റേഷൻ
..........................................
കുറെ തീവണ്ടികൾ കണ്ടു
നിൽക്കുന്നവ , ഓടുന്നവ
നിൽക്കുമ്പോൾ കിതയ്ക്കുന്നവ
ഇരുമ്പു ബെഞ്ചിൽ ഒരു ബിന്ദുവായ് ഇരുന്ന്
പോവാനുള്ള ദൂരത്തിന്റെ ഒരറ്റം നിർമ്മിക്കുകയായിരുന്നു ഞാൻ

തീവണ്ടികൾ പെൺകുട്ടികളാണ്
പെൺകുട്ടികൾ തീവണ്ടികളാണ്
ഇതിൽ ഏതാണ് ശരി ?
കാര്യമായോർത്തു
ഒരു വണ്ടി വന്നു നിന്ന് നെടുവീർപ്പിടുമ്പോൾ
അതിന്റെ ജനാലയിൽ ഒരു പെൺകുട്ടി
അവളെ നഷ്ടപ്പെട്ട പോലെ ഇരിക്കുമ്പോൾ
തീയുള്ളതിനാൽ രണ്ടു വാക്യവും
ശരിയാവാം
ശരിയാവുന്നതിനാൽ
തീവണ്ടിയിൽ പെൺകുട്ടി ഇരിക്കുന്നുണ്ട്
പെൺകുട്ടിയിൽ ഒരുതീവണ്ടി ഓടുന്നുണ്ട്
അതിൽ ഒറ്റക്കയ്യൻ ഇരിക്കുന്നുണ്ട്
അയാളുടെ കണ്ണിൽ വേട്ടക്കാരന്റെ
രണ്ടു കൈകൾ
പാരമ്പര്യമായിക്കിട്ടിയ
ഒറ്റപ്പാളത്തിലൂടെ അവൾ കുറേ ദൂരം ഓടി
ഇപ്പോൾ ഇരട്ടിപ്പിച്ച പാതയിലൂടെ
ഏറ്റവും തിരക്കിട്ട്
അവൾ ഓടുന്നു
സൂപ്പർഫാസ്റ്റായും ഫാസ്റ്റ് പാസഞ്ചറായും
എക്സ്പ്രസ്സായും ഓടുന്നു
ഗ്രാമത്തെ രണ്ടായിക്കീറിയെറിഞ്ഞ്
നഗരത്തിന്റെ മനസ്സിലേക്ക് കുതിക്കുന്നു
പാളം തെറ്റാതെ തീവണ്ടികൾ
ലക്ഷ്യസ്ഥാനത്ത് എത്തുന്നു
അപ്പോൾ പാളമുണ്ടാക്കുന്ന ജോലിക്കാൻ
അതിലെ കടന്നു പോയി
പോലിസുകാരുടേയും പട്ടാളക്കാരുടേയും
അവരുടേയും ഉടുപ്പുകൾക്ക്
ഒരേ നിറം
അവർ അവൾക്കു കടന്നു പോകാൻ
പാളം പണിയുന്നവർ
പാളം തെറ്റാത്ത തീവണ്ടിയാണ്
എറ്റവും നല്ല തീവണ്ടി
തെട്ടടുത്ത് ഇരിക്കുന്നയാൾ
എന്നോടു പറഞ്ഞു
അയാൾ പാളം നിർമ്മിക്കുന്ന എഞ്ചിനീയറായിരുന്നു
ഇടവേളകളിൽ വാക്കുകൾ കൊണ്ട്
കളിക്കുന്നയാളായിരുന്നു
അപ്പോൾ പ്ലാറ്റ്ഫോമിൽ തിരക്കേറി
തീവണ്ടി വന്നു
ഞാൻ അവൾക്കുള്ളിലേക്ക് കയറി
അവൾക്കുള്ളിൽ എനിക്കൊപ്പം
ഒരു പെൺകുട്ടി
അവൾക്കുള്ളിൽ ഒരു തീവണ്ടി
അതിനുള്ളിൽ ആരാണാവോ !
-മുനീർ അഗ്രഗാമി

ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള മരണാനന്തരം ശ്രീജിത്തിനോട് സംസാരിക്കുന്നു

ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ള മരണാനന്തരം
ശ്രീജിത്തിനോട് സംസാരിക്കുന്നു
..............................................................
മോനേ, നീതിയെ കുറിച്ചുള്ള
എന്റെ സുന്ദര സ്വപ്നം
ഭൂമിയിൽ സഫലമാകുമോ?
നിന്റെ ജീവിത കാമനകളെ
ഉരുട്ടിക്കൊന്ന നരകം
ഇനിയുണ്ടാവാതെയിരിക്കുമോ ?

അറസ്റ്റിനു മുമ്പേ ചോദ്യം ചെയ്യുകയും
കുറ്റം തെളിഞ്ഞാൽ മാത്രം അറസ്റ്റ് ചെയ്യുന്ന
സ്വർഗ്ഗരാജ്യം വന്നെത്തുമോ ?
നിയമത്തിന്റെ പഴുതുകൾ
സ്നേഹം കൊണ്ട് അടച്ച്
നിരപരാധികളെ തടവിലിടാതിരിക്കുമോ ?
രാജനെ ഞാനോർക്കുന്നു
മകനെ ഓർത്ത് മരിച്ച
ഈച്ചരവാര്യരെയും ഓർക്കുന്നു
ഓർമ്മകൾ കൊണ്ട് രാജ്യമുണ്ടാക്കാമെങ്കിൽ
നീയും രാജനും
ഉദയകുമാറുമാകും അവിടുത്തെ വിശുദ്ധർ
ദേവാലയം നിങ്ങളുടെ പേരിലാവും
തെരുവിൽ നിങ്ങളുടെ പ്രതിമകൾ
നിങ്ങളോളം പീഡിപ്പിക്കപ്പെട്ട മനുഷ്യപുത്രരെ
മറ്റാരെയും എനിക്കറിയില്ല
ഞാൻ സർവ്വീസിലിരിക്കെ
ഉടലിൽ നാലാണിയല്ല ,
നാല്പതാണികൾ വരെ കോർത്ത്
എത്രയോ കരടികളെ
മരത്തിൽ കെട്ടി കുനിച്ചു നിർത്തി ഇടിച്ച്
കടുവയാക്കിയിരിക്കുന്നു.
എല്ലാ കരടികളെയും
കടുവയാണെന്നു സമ്മതിക്കുന്നതുവരെ
അന്നൊക്കെ ഞങ്ങൾ
ചോദ്യം ചെയ്തിരുന്നു
ഇന്നത്തെ പോലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും
ആനയിച്ചുകൊണ്ടുവന്ന്
ചോദ്യങ്ങൾ നൽകി ഉത്തരത്തിനു കാത്തിരുന്ന്
വീണ്ടും ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കുന്ന പണി
ഞങ്ങൾ പഠിച്ചിരുന്നില്ല
പക്ഷേ നമ്മുടെ നാട്ടിലിപ്പോൾ ഇതാണ് നടപ്പ്
നല്ല നടപ്പുകൾ വരുമ്പോൾ
പിതൃക്കൾ സന്തോഷിക്കുന്നു
സ്വർഗ്ഗം ഭൂമിയിൽ ഉണ്ടാവുകയാണോ ?
നീതിയുടേയും നിയമത്തിന്റെയും മുമ്പിൽ
എല്ലാവരും തുല്യരാണെന്ന്
നീ പരീക്ഷയ്ക്ക് പഠിച്ചിട്ടുണ്ട്
പക്ഷേ എനിക്കത് മനസ്സിലാവണമെങ്കിൽ
ഓരോ കുറ്റാരോപിതനെയും
ഇതുപോലെ ചോദ്യം ചെയ്യണം
കുറ്റവാളിയാണെങ്കിൽ മാത്രം
അറസ്റ്റ് ചെയ്യണം .
അന്ന് ഞാൻ പുനർജ്ജനിക്കും
ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള കൊതിയുമായി.
മോനേ നസീറിന്റെയോ മമ്മൂട്ടിയുടേയോ
സിനിമകളിൽ നീ കണ്ട
പോലീസ് ഇനിയുണ്ടാവാതിരിക്കട്ടെ
നിയമം പണത്തിനു മുകളിൽ
വാലാട്ടിയിരിക്കുന്ന വളർത്തു മൃഗമാണെന്ന്
ഒരമ്മയും വേദനിച്ച് പുലമ്പാതിരിക്കട്ടെ
നീതി എത്തിപ്പിടിക്കാനാവാത്ത നക്ഷത്രമാണെന്ന്
ആരും പറയാതിരിക്കട്ടെ.
മോനേ
ആളുമാറി ആരെയും ആരും പിടിക്കാത്ത
ഒരു നാട്ടിൽ നിന്റെ സ്വപ്നങ്ങൾ
മുളയ്ക്കട്ടെ
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
അത് ഉയരത്തെ സാർത്ഥകമായി
ഉപയോഗിച്ച് പൂവിടട്ടെ.
ഉന്നതങ്ങളി അന്നേരം മൂന്ന് നക്ഷത്രങ്ങൾ ഉദിക്കും
അതിൽ ഒന്ന് ഞാനാണ്
മറ്റു രണ്ടു പേർ നീതി ചെയ്യാൻ സാധിക്കാതെ മരിച്ചു പോയ രണ്ടു പോലീസ് ഓഫീസർമാരാണ്.
ഞങ്ങൾ നീതിയെ നോക്കി
അപ്പോൾ പ്രകാശിച്ചു കൊണ്ടിരിക്കും.
- മുനീർ അഗ്രഗാമി

..............................................................
മോനേ, നീതിയെ കുറിച്ചുള്ള
എന്റെ സുന്ദര സ്വപ്നം
ഭൂമിയിൽ സഫലമാകുമോ?
നിന്റെ ജീവിത കാമനകളെ
ഉരുട്ടിക്കൊന്ന നരകം
ഇനിയുണ്ടാവാതെയിരിക്കുമോ ?

അറസ്റ്റിനു മുമ്പേ ചോദ്യം ചെയ്യുകയും
കുറ്റം തെളിഞ്ഞാൽ മാത്രം അറസ്റ്റ് ചെയ്യുന്ന
സ്വർഗ്ഗരാജ്യം വന്നെത്തുമോ ?
നിയമത്തിന്റെ പഴുതുകൾ
സ്നേഹം കൊണ്ട് അടച്ച്
നിരപരാധികളെ തടവിലിടാതിരിക്കുമോ ?
രാജനെ ഞാനോർക്കുന്നു
മകനെ ഓർത്ത് മരിച്ച
ഈച്ചരവാര്യരെയും ഓർക്കുന്നു
ഓർമ്മകൾ കൊണ്ട് രാജ്യമുണ്ടാക്കാമെങ്കിൽ
നീയും രാജനും
ഉദയകുമാറുമാകും അവിടുത്തെ വിശുദ്ധർ
ദേവാലയം നിങ്ങളുടെ പേരിലാവും
തെരുവിൽ നിങ്ങളുടെ പ്രതിമകൾ
നിങ്ങളോളം പീഡിപ്പിക്കപ്പെട്ട മനുഷ്യപുത്രരെ
മറ്റാരെയും എനിക്കറിയില്ല
ഞാൻ സർവ്വീസിലിരിക്കെ
ഉടലിൽ നാലാണിയല്ല ,
നാല്പതാണികൾ വരെ കോർത്ത്
എത്രയോ കരടികളെ
മരത്തിൽ കെട്ടി കുനിച്ചു നിർത്തി ഇടിച്ച്
കടുവയാക്കിയിരിക്കുന്നു.
എല്ലാ കരടികളെയും
കടുവയാണെന്നു സമ്മതിക്കുന്നതുവരെ
അന്നൊക്കെ ഞങ്ങൾ
ചോദ്യം ചെയ്തിരുന്നു
ഇന്നത്തെ പോലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും
ആനയിച്ചുകൊണ്ടുവന്ന്
ചോദ്യങ്ങൾ നൽകി ഉത്തരത്തിനു കാത്തിരുന്ന്
വീണ്ടും ഫൈവ് സ്റ്റാർ ഹോട്ടലിലെത്തിക്കുന്ന പണി
ഞങ്ങൾ പഠിച്ചിരുന്നില്ല
പക്ഷേ നമ്മുടെ നാട്ടിലിപ്പോൾ ഇതാണ് നടപ്പ്
നല്ല നടപ്പുകൾ വരുമ്പോൾ
പിതൃക്കൾ സന്തോഷിക്കുന്നു
സ്വർഗ്ഗം ഭൂമിയിൽ ഉണ്ടാവുകയാണോ ?
നീതിയുടേയും നിയമത്തിന്റെയും മുമ്പിൽ
എല്ലാവരും തുല്യരാണെന്ന്
നീ പരീക്ഷയ്ക്ക് പഠിച്ചിട്ടുണ്ട്
പക്ഷേ എനിക്കത് മനസ്സിലാവണമെങ്കിൽ
ഓരോ കുറ്റാരോപിതനെയും
ഇതുപോലെ ചോദ്യം ചെയ്യണം
കുറ്റവാളിയാണെങ്കിൽ മാത്രം
അറസ്റ്റ് ചെയ്യണം .
അന്ന് ഞാൻ പുനർജ്ജനിക്കും
ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള കൊതിയുമായി.
മോനേ നസീറിന്റെയോ മമ്മൂട്ടിയുടേയോ
സിനിമകളിൽ നീ കണ്ട
പോലീസ് ഇനിയുണ്ടാവാതിരിക്കട്ടെ
നിയമം പണത്തിനു മുകളിൽ
വാലാട്ടിയിരിക്കുന്ന വളർത്തു മൃഗമാണെന്ന്
ഒരമ്മയും വേദനിച്ച് പുലമ്പാതിരിക്കട്ടെ
നീതി എത്തിപ്പിടിക്കാനാവാത്ത നക്ഷത്രമാണെന്ന്
ആരും പറയാതിരിക്കട്ടെ.
മോനേ
ആളുമാറി ആരെയും ആരും പിടിക്കാത്ത
ഒരു നാട്ടിൽ നിന്റെ സ്വപ്നങ്ങൾ
മുളയ്ക്കട്ടെ
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
അത് ഉയരത്തെ സാർത്ഥകമായി
ഉപയോഗിച്ച് പൂവിടട്ടെ.
ഉന്നതങ്ങളി അന്നേരം മൂന്ന് നക്ഷത്രങ്ങൾ ഉദിക്കും
അതിൽ ഒന്ന് ഞാനാണ്
മറ്റു രണ്ടു പേർ നീതി ചെയ്യാൻ സാധിക്കാതെ മരിച്ചു പോയ രണ്ടു പോലീസ് ഓഫീസർമാരാണ്.
ഞങ്ങൾ നീതിയെ നോക്കി
അപ്പോൾ പ്രകാശിച്ചു കൊണ്ടിരിക്കും.
- മുനീർ അഗ്രഗാമി

മുറിവ്

മുറിവ്
...........
വീണ്ടും വീണ്ടും
നിന്നെ ഉപമയാക്കുന്നതിൽ
വിരോധമുണ്ടോ ?
മരത്തോടു ചോദിച്ചു.
വേദനിച്ചിട്ടാണ്
വേരുപറിയുവോളം പിടിച്ചു നിൽക്കാൻ
നിന്റെ രൂപവും രൂപകവും
ആവശ്യമുണ്ട് .

ഇതേതു കാലമാണ്?
ഓർമ്മകൾ കൊഴിയുന്നു
മറവി പൊരിവെയിലിൽ
ഞാനായി നിൽക്കുന്നു
പ്രളയത്തിന്റെയും
പ്രണയത്തിന്റേയും
ചാലുകളുടെ കരയിൽ
ഒരു കരിഞ്ഞ ഉടൽ.
നീ ചുംബിച്ച
ഒരു ഞരമ്പിൽ മാത്രം പച്ച.
ആ പച്ചയിൽ ഒരു മരം;
ഇപ്പോഴില്ലാത്ത
പക്ഷിക്കൂടുകളുടെ മിടിപ്പുകൾ
ഇലക്കൂട്ടത്തിലെ കലപില
പൂക്കളുടെ സ്കൂൾ
കായകളുടെ കളിസ്ഥലം.
എല്ലാ കാറ്റുകളിലും നീയുണ്ട്
കൊഴിഞ്ഞ ഇലകളെ
തിരിച്ചെത്തിക്കാൻ
ഏതു കാറ്റിനു കഴിയും?
നീയില്ലാതെ.
നിന്റെ നിശ്വാസം തട്ടുമ്പോൾ
ഇല്ലാഞ്ഞിട്ടും ഇലകളിളകുമ്പോലെ.
കരക്കാറ്റും കടൽക്കാറ്റും
നിന്റെ വിരലുകൾ
മാഞ്ഞു പേയതിന്റെ
മനസ്സ്
മറ്റേതോ പ്രതീക്ഷകളിൽ നിന്ന്
വെളിച്ചം പുറത്തെടുത്താലല്ലാതെ
ഇനി തളിർക്കില്ല
വേരുകൾ
തളിരുകാണാനുള്ള ഓട്ടത്തിലാണ്
അതിന്
മണ്ണിൽ നിന്റെ നനവ് കണ്ടെത്തണം
വിണ്ടുകീറിയ ഒരോ ഋതുവിലും
നീ മുറിവുണക്കണം .
ഉപമയിൽ നിന്ന് എഴുന്നേൽക്കാനാവാതെ
രൂപകത്തിൽ നിന്നും
പുറത്തു കടക്കാനാവാതെ
ഞാൻ തരിച്ചു നിന്നു.
നിന്നെ കാത്തു നിന്നു .
- മുനീർ അഗ്രഗാമി
'വിശ്വൽ പോയം '
.............................
എഴുതിയതിന്റെ അപ്പുറത്ത് നിന്നും
ഒരു ചെമ്പരത്തി,
ഇപ്പുറത്തു നിന്നും
ഒരു ചെമ്പോത്ത്
എഴുതിയതിൽ നിന്ന്
ഒരു ഷവർമ
എന്നെ വിളിക്കുന്നു

കാട്ടുകോഴികൾ
വംശനാശത്തിന്റെ വക്കിൽ നിന്നും
ഒരു തൂവൽ എനിക്കു തരുന്നു
മഷിപ്പൂവിൽ തൂവൽ മുക്കുവാൻ
കൊതിയുള്ള കുട്ടി എന്നിൽ നിന്നതു വാങ്ങി
ഹോട്ടലിനു പുറത്ത് കളഞ്ഞ്;
അവനെത്തന്നെ പുറത്തു കളഞ്ഞ്
അകത്തു കയറുന്നു
എ സി യുടെ തണുപ്പിൽ
പുതു കവി ഉറങ്ങുന്നു
അവനെ ഉണർത്താതെ
ബാക്കി വന്ന
ഒരു പൊറോട്ട കൂടി കഴിക്കുന്നു
മൈദയുടെ തുടക്കത്തിൽ
വയലിൽ ഉഴുത ഒരാളായി
ദ്രാവകത്തിലെ ഐസ് ക്യൂബുകളിൽ
നോക്കിയിരിക്കുന്നു
എഴുത്തിന്റെ പുറത്ത്
സഞ്ചരിച്ചെത്തിയ രണ്ടു പേർ
ഒരു മുറിയിൽ
മുറി ബീഡിയില്ലാതെ
കറുപ്പിൽ എരിയുന്ന നഗരത്തെ
ചിത്രീകരിക്കുന്നു
എഴുതിയതിന്റെ അപ്പുറത്തുമിപ്പുറത്തുമിരുന്ന്
അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നു.
കിളികൾ പാറുന്നു
പാത്രത്തിൽ ബാക്കിയായ എല്ലുകൾ
ഇൻസ്റ്റലേഷനായി
'വിശ്വൽപോയ ' മായി
മലർന്നു കിടക്കുന്നു.
- മുനീർ അഗ്രഗാമി

ഈജിപ്ത്

ഈജിപ്ത്
....................
മഞ്ഞത്താളുകളുള്ള
ഈ പുസ്തകത്തിന്
എത്ര പഴക്കം കാണും?
ഈ പുസ്തകം ആദ്യം വായിച്ച ആൾ
ആരായിരിക്കും ?
അയാൾ ഇപ്പോഴത്തെ
വാക്കുകളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാകുമോ ?

ഓർമ്മകളുടെ ഉടലുകൾ
ലിനൻ തുണികളിൽ
പൊതിഞ്ഞുവെക്കുന്ന വിദ്യ
അന്ന് കണ്ടു പിടിക്കപ്പെട്ടിരുന്നില്ല
ത്രികോണങ്ങളിൽ ഒരു വംശത്തെ
അടക്കം ചെയ്യുന്ന
ജ്യാമിതി
അന്ന് പഠിപ്പിച്ചു തുടങ്ങിയിരുന്നില്ല
അയാൾ വായിച്ചു മടക്കി വെച്ച
മണൽച്ചുരുളുകൾ നിവർത്തി
ഞാൻ ഈജിപ്തിനെ വായിച്ചു തുടങ്ങുന്നു
നൈൽ എനിക്കൊപ്പമൊഴുകുന്നു
ഞാൻ രാജാക്കൻമാരുടെ
താഴ്വരയിലിരിക്കുന്നു
പിരമിഡുകൾക്കുള്ളിലിരുന്ന് രാജാക്കൻമാർ
ഇപ്പോഴും ഭരിക്കുന്നുണ്ട്
പടയാളികൾ അവർക്ക് കാവലുണ്ട്
അവരെ കാണാൻ അനുവാദത്തിനായി
കാത്തു നിന്നു
തെളിയാത്ത താളിലെ കവിതയുടെ
നാലാമത്തെ വരിക്ക് മാത്രം ജീവനുണ്ട്
അതിന്റെ ഒരു വാക്കിനൊപ്പം നടന്നു
ചെങ്കടൽത്തീരത്തെത്തി
അവിടെ ഒരു പെൺകുട്ടിയിരിക്കുന്നു
ഒറ്റയ്ക്ക് അവൾ അവിടെ എന്തു ചെയ്യുകയാണ്?
ഉത്തരം അവളുടെ കണ്ണുകളിലുണ്ട്
പരാതനവും എന്നാൽ ഏറ്റവും ആധുനികവുമായി.
ഞാൻ പുസ്തകത്തിൽ
അരിച്ചു നടക്കുന്ന ചിതലാണ്
കടലിലേക്കുള്ള ഒരു നോട്ടം കൊണ്ട്
രണ്ടാമത്തെ താളിൽ നിന്നും
അവളെന്നെ തട്ടിക്കളഞ്ഞു.
- മുനീർ അഗ്രഗാമി

തമ്മിൽ

തമ്മിൽ
..........................
സുഹൃത്തെ ,
നിന്നെ ഓർമ്മിപ്പിക്കുന്ന
അവസാന വാക്കും
എന്നെ ഉപേക്ഷിച്ചു പോയി
നിനക്കൊപ്പമവയിപ്പോഴും
എന്റെ കഥ പറഞ്ഞിരിക്കുന്നുണ്ടെങ്കിൽ
അവയെ കൂട്ടിയെൻ
വീട്ടിലേക്കൊരു ദിവസം വരണേ...
മറ്റൊന്നിനുമല്ല
ഞാനും നീയുമുണ്ടെന്നു
തോന്നുവാൻ മാത്രം
എന്നിൽ നീയും നിന്നിൽ ഞാനുമുണ്ടെന്നൊരു വാക്കിൻ
നിലാവെളിച്ചത്തിൽ കാണുവാൻ മാത്രം

- മുനീർ അഗ്രഗാമി

ഏഴിലകളുള്ള രാവ്

ഏഴിലകളുള്ള രാവ്
..................................
മുടിയഴിച്ചിടുന്നു,
ഏഴിലകളുള്ള രാവ്

അതിൻ തുമ്പിലുണ്ട്
മിന്നാമിനുങ്ങുകൾ
ഞൊടിയിടെ വിടർന്നു
പാറും പൂവുകൾ

മുടിനാരിന്നോളപ്പരപ്പിൽ
വിരലൊരു കപ്പൽ

കപ്പിത്താനായതിൽ പിന്നെ
കടലുകൾ പലതുണ്ടു
രാവിൻ മഹാപ്രപഞ്ചത്തിൽ
മുങ്ങുവാനം പൊങ്ങുവാനും

എനിക്കു മീട്ടുവാൻ
ഇലകളേഴിലും
ഏഴായിരമിഴകൾ
രാമഴ തോർന്നീറനിറ്റുന്ന തിരകൾ

മുടിയഴിച്ചിടുന്നു
എഴിലകളുള്ള രാവ്
ഏഴിലമ്പാലയിൽ
നീയിരിക്കുന്നു
ഞാൻ നിൻ മടിയിൽ കിടക്കുന്നു

നിശ്ശബ്ദതയിലൊരു ചുംബനം
വീണുരുളുന്നു
മേഘമറവിൽ കവിളുപോൽ
നിലാവ് തെളിയുന്നു.

- മുനീർ അഗ്രഗാമി

മറ്റൊരു നദി

മലയാളി
മറ്റൊരു നദിയാണ്
പ്രളയത്തിൽ
നാലാൾ പ്പൊക്കത്തിലുയർന്നാലും
വെള്ളമിറങ്ങുമ്പോൾ
വിണ്ടു കീറുന്നു

വിള്ളലിലൂടെ
മറ്റാരോ ഒഴുകുന്നു
വിള്ളലുകളിൽ തളം കെട്ടി
തർക്കിച്ചിരിക്കുന്നു,
മറ്റൊരു പേമാരി വരെ.

- മുനീർ അഗ്രഗാമി

വിശപ്പേ എൻ വിശപ്പേ

വിശപ്പേ എൻ വിശപ്പേ
........................................
കൗമാരത്തിലും യൗവ്വനത്തിലും
അവനെന്നെ പിടികൂടി
എന്റെ ഉദരത്തിൽ വന്നു കിടന്നു
അവനെ അനുസരിക്കുവാൻ പഠിച്ചു
ജീവിക്കണമെങ്കിൽ അവനില്ലാതാവണം
അതിനു വേണ്ടി ജനങ്ങൾക്കു മുന്നിൽ കൈ നീട്ടി.

( ദരിദ്രർ 11:12:' 18 )

ബാല്യത്തിൽ
അവനെ പ്രതിരോധിക്കാനായിരുന്നെങ്കിൽ
വിദ്യ തേടുകയും നേടുകയും
ചെയ്യുന്നവരുടെ കൂട്ടത്തിൽ വന്ന്
വയലുകളും പാചകശാലകളും സ്വന്തമാക്കി
അവനെ മറികടക്കുകയും ചെയ്യുമായിരുന്നു
( ദരിദ്രർ 12:11:'17)

അനന്തരം
അവന്റെ വിരലുകളിൽ കിടന്ന് പിടഞ്ഞു
ഒലീവെണ്ണയോ
ഈത്തപ്പഴമോ റൊട്ടിയോ കിട്ടിയില്ല
അവന്റെ അടിമ തന്നെയെന്ന്
സമയസൂചികൾ കാതിൽ പച്ചകുത്തി.

( ദരിദ്രർ 14: 12: '18)

'വിശപ്പേ
എന്തിനാണെന്നെയിങ്ങനെ പീഡിപ്പിക്കുന്നത് !
എത്ര മുട്ടിപ്പായി പ്രാർത്ഥിച്ചിട്ടും
എന്നിൽ നിന്നും നീ
അകന്നുപോകാത്തതെന്ത് ?
എന്റെ ഉറക്കം കീറിയെറിഞ്ഞ്
എന്റെ അടുത്തിരുന്നെന്നെ
കശക്കുന്നതെന്തിന് ?
ചാച്ചനു വായ്യാഞ്ഞിട്ട്
അമ്മയ്ക്ക് ദീനമായിട്ട്
മറ്റാരുമില്ലാഞ്ഞിട്ട്
നല്ലിടയാ,നിന്നെ ഞാനെന്നെത്തനെ
ഏൽപ്പിച്ചതല്ലേ
എന്നിട്ടും വിശപ്പേ നീയെന്നെ തകർക്കുന്നതെന്ത് ?
അനുവാദമില്ലാഞ്ഞിട്ടും
എന്നുടലിൽ കയറുന്നതെന്ത്?
നരകത്തീയായ്
ഉള്ളിലാളുന്നു നീ
ആളുന്നു
ആളുന്നു
ആളുന്നു...
വിശപ്പേ വിശപ്പേ
നീ യെന്നെ വിട്ടു പോകുവാൻ
സന്തോഷത്തിന്റെ
അപ്പവും വീഞ്ഞുമായ്
എന്റെ ഇടയൻ വരാത്തതെന്ത്?
വിശപ്പേ
നീയവനെ വീണ്ടും കുരിശിൽ തറച്ചോ?
അവൻ വരുന്ന വഴിയെല്ലാം
വിശന്നു മരിച്ചോ?
അവനോളം പീഡയേൽക്കെ ഞാൻ
അവനെ പോൽ കുരിശു ചുമന്ന്
സങ്കടമല കയറുന്നു
പുറത്തല്ല അകത്താണെൻ കുരിശ്
വിശപ്പേ വിശപ്പേ നീ തന്നെ
നീ തന്നെയെൻ കുരിശ്.
നിന്റെ കൈകൾ തന്നെ
നാലാമത്തെ ആണിയും
അടിച്ചു കയറ്റുന്നു
പറവകളെ ഞാൻ നോക്കുന്നു
വിതയ്ക്കാതെ കൊയ്യാതെ
അവ വിശപ്പില്ലാതെ കഴിയുന്നു
അവയിൽ നിന്നും ധാന്യമണിയാൽ
വിശപ്പു നീ എടുത്തുകളയുന്നു
വിശപ്പേ വിശപ്പേ
ഉയിർക്കുവാനൊരു മോഹം
വിശപ്പില്ലാത്ത ലോകം പണിയുവാനൊരാഗ്രഹം
നല്ലിടയാ നാഥാ '' തുണയ്ക്കുക .

- മുനീർ അഗ്രഗാമി

ഒടുവിൽ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ നിറങ്ങളെ കുറിച്ച് സംസാരിക്കുന്നു.

ഒടുവിൽ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ നിറങ്ങളെ കുറിച്ച് സംസാരിക്കുന്നു.
.........................................................
പച്ച ഞങ്ങളുടെ നിറമല്ല
അതുകൊണ്ട് ഇലകളെല്ലാം വെട്ടിക്കളയാൻ ഉത്തരവിടുന്നു
നീല ഞങ്ങളുടെ നിറമല്ല
അതുകൊണ്ട്
ആകാശത്തേയും കടലിനേയും നിരോധിക്കുന്നു
മഞ്ഞ ഞങ്ങളുടെ നിറമല്ല
അതിനാൽ പൂക്കളോട് വിരിയരുതെന്ന്
കല്പിക്കുന്നു
ചുവപ്പ് ഞങ്ങളുടെ നിറമല്ല
അതിനാൽ രക്തമുള്ളതിനെയെല്ലാം
തടവിലിടുന്നു
കാവി ഞങ്ങളുടെ നിറമല്ല
അതുകൊണ്ട് സന്ധ്യയെ കണ്ടാസ്വദിക്കുന്നവരുടെ
കണ്ണുപൊട്ടിക്കുന്നു
വെളുപ്പ് ഞങ്ങളുടെ നിറമല്ല
അതുകൊണ്ട്
വെൺമയുള്ളതെല്ലാം കുഴിച്ചുമൂടുന്നു
കറുപ്പ് ഞങ്ങളുടെ നിറമല്ല
അതിനാൽ അക്ഷരങ്ങൾ എരിച്ചു കളയുന്നു.
ഞങ്ങളുടെ നിറം ഒരു കൊടിയിലുമില്ല
അധികാരത്തിന്റെ വാൾപ്പിടിയിൽ
അത് ഞങ്ങളുടെ കൈക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നു
അതേതു നിറമെന്ന് ഒളിഞ്ഞു നോക്കരുത്
ഉത്തരവുകൾ അനുസരിക്കാനുള്ളതാണ്
അതിലേക്കുള്ള തുറിച്ചു നോട്ടം പോലും
മുന്നറിയിപ്പില്ലാതെ ഞങ്ങൾ വെട്ടിക്കളയും
ചിലപ്പോൾ ഞങ്ങളുടെ നിറം
നിങ്ങൾക്കു മുന്നിലൂടെ
ഓന്തിന്റെ തൊലിയിൽ കയറി സഞ്ചരിക്കും
നിറത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ
എല്ലാം തകർത്തെറിയും .

-മുനീർ അഗ്രഗാമി

രതീശൻ പറഞ്ഞു

രതീശൻ പറഞ്ഞു:
എന്റെ നാടിന്റെ മുഖത്ത്
കന്യാസ്ത്രീകളുടെ രക്തമുണ്ട്
ഉണങ്ങിപ്പിടിക്കാതെ
എന്റെ കൊടിയുടെ നിറത്തിൽ അത്
എന്നെ നോക്കിക്കരയുന്നു
എന്റെ കൊടി കരയുമ്പോലെ
കൊടി പിടിച്ച എന്നിലേക്ക്
തീ പോലെ അത് പടരുന്നു
കൊടി കത്തുമോ ?
കത്തുമെന്ന് അതിലെ വെളുത്ത
അടയാളം
എന്റെ അപ്പൂപ്പനെ പോലെ പറയുന്നു;
നീതിയുടെ ജലം കൊണ്ട്
കഴുകി ആ തീ
തണുപ്പിച്ചില്ലെങ്കിൽ.
രതീശൻ കരഞ്ഞു.

- മുനീർ അഗ്രഗാമി

പമ്പ

പമ്പ
.......
ഗതി മാറി ഒഴുകിയ
നദിയെ നോക്കൂ
ആദ്യത്തെ ഒഴുക്കിൽ വിശ്വാസം നഷ്ടപ്പെട്ട
ഒരുവളാണത്.
മുറിഞ്ഞിട്ടും
പുതുവഴി വെട്ടി അവൾ ഒഴുകുന്നു

അവളെ വിശ്വസിച്ചിരുന്നവർ
അവളുടെ വിശ്വാസം
തിരിച്ചുപിടിക്കാൻ
നടത്തുന്ന ശ്രമങ്ങൾ നോക്കൂ
ഗതി മാറാൻ കൂട്ടാക്കാത്ത ആളുകൾ
ഗതി മാറിയവളെ വീണ്ടും
പഴയ അച്ചിലേക്ക് കുത്തിയൊതുക്കുന്നതു
കാണുന്നില്ലേ?
നദി സ്ത്രീയായതുകൊണ്ടാവാം
അവളുപേക്ഷിച്ച വഴിയിലേക്കു തന്നെ
പുരുഷാരം അവളെ
വഴി നടത്തുന്നത് !
അവൻ തീരുമാനിക്കുന്നു
നല്ലനടപ്പ്
നല്ലവഴി
പമ്പ
കണ്ണോം പുഴ
ചെറുതോണിപ്പുഴ
നിള
മീനച്ചിലാർ
കല്ലാർ
എന്നിങ്ങനെ അവളുടെ പേരുകൾ
ഒഴുകുന്നു
അവളെങ്ങനെ ഒഴുകണമെന്ന്
ഇപ്പോഴും അവൻ തീരുമാനിക്കുന്നോ ?
അവളോടൊന്നു ചോദിക്കുക പോലും ചെയ്യാതെ .
അവൻ അതിരു കെട്ടി
മോടി കൂടിയ വഴിയിൽ
ജലമിറങ്ങി
തല താഴ്ത്തി വീണ്ടും
അടുക്കളയിലെന്നപോൽ
അവൾ ഇരിക്കുന്നു
ഒഴുക്കു പോലും മറന്ന്.
പൂജാവിഗ്രഹം പോൽ .
- മുനീർ അഗ്രഗാമി

സാഫോ

സാഫോ
......................
സാഫോ ഇന്നലെ കാവിൽ വന്നു
വളളിപ്പടർപ്പുകൾക്കിടയിലേക്ക്
നൂണുകയറി
അവിടെ കാത്തിരിക്കുന്നവളെ ചുംബിച്ചു

അവർ രണ്ടു പേരും
രണ്ടു നാഗങ്ങളായി ;
ചുറ്റിപ്പിണഞ്ഞു
പുറത്തിറങ്ങി.
ലോകം മാറി
രാജ്യം ലെസ്ബോസ് ദ്വീപായി
സാഫോ അനേകം ഉടലുകളുള്ള
ചുണ്ടുകളായി
ചുംബനത്തിന്റെ ഇടവേളകളിൽ
അവൾ കൂട്ടുകാരിയുടെ കാതിൽ പറഞ്ഞു
' എനിക്കു വേണ്ട തേൻ
തേനീച്ചയും ...'
അവൾ തന്നെ പൂവ്
അവൾ തന്നെ തേനീച്ച
കവിത തേനാവുകയും
ഒരു തുള്ളിക്കവിതയിൽ
അവൾ ഗ്രാമകന്യകയുടെ
മധുരമായിത്തീരുകയും ചെയ്തു
അവിശുദ്ധി വിശുദ്ധമായി
പെട്ടെന്ന്
സാഫോ രണ്ടുടലുകളിൽ
ശാസ്ത്രത്തിനെതിരെയുള്ള
ഒരു വരിയായി തെളിഞ്ഞു;
സജാതീയ ദ്രുവങ്ങൾ ഇനി
വികർഷിക്കുകയില്ല.
- മുനീർ അഗ്രഗാമി

പിക്കാസോ

പിക്കാസോ
...................
ചിത്രകാരൻ നഗരത്തെ വരയ്ക്കുമ്പോൾ
ചിതറിപ്പോയ
ഒരു ജീവിയുടെ അവയവങ്ങൾ
ചേർത്തുവെയ്ക്കുന്നതു പോലെ
വരച്ചു.
തൊട്ടടുത്ത് പിക്കാസോ വന്നു നിന്നു

കണ്ണും കയ്യും കാലും തലയും
ഇഷ്ടമുള്ള സ്ഥലത്ത്
ചേർത്തുവെച്ചു.
വന്നതെന്താണെന്ന്
ചിത്രകാരൻ ചോദിച്ചില്ല
കുതിരകളേയും തോക്കുകളേയും
പട്ടാളക്കാരേയും
കഷണങ്ങളാക്കി
ഒന്നിനു മുകളിൽ ഒന്നായി വരച്ചു ചേർത്തു .
അന്നേരം കുതിരപ്പുറത്തിരിക്കുന്നു, പിക്കാസോ.
നിറങ്ങളിൽ ജീവിച്ചിരിക്കെ
മരിച്ചെന്ന് ആരാണ്
നുണ പറഞ്ഞതെന്ന് അദ്ദേഹം ചോദിക്കുന്നു.
നഗരത്തിൽ കുളമ്പടിക്കുന്ന
ഫാഷിസത്തിന്റെ ചലനങ്ങൾ
നിറങ്ങളിൽ എടുത്തു വെച്ചു
കാൻവാസിൽ പിക്കാസോയുടെ
ഹൃദയം സ്പന്ദിച്ചു
കുറേ പോലീസുകാർ വന്നു
പിക്കാസോയെ അവർ അറസ്റ്റ് ചെയ്യും
ഏതു നിറത്തെയും അവർ
വിലങ്ങു വെച്ചു കൊണ്ടു പോകും
പെട്ടെന്ന് ചിത്രകാരൻ
എല്ലാം മയച്ച്
ഒരു ചെമ്പരത്തിപ്പൂവു വരച്ചു.
അതിന്റെ ഇതളിൽ സ്വന്തം ഹൃദയം വരച്ചു
ചിതറിപ്പോകാൻ സാദ്ധ്യതയുള്ള ഒരു രാജ്യത്തിന്റെ
അവയവങ്ങൾ വരച്ചു;
ഒരേ നിറത്തിൽ
പിക്കാസോ ഉടൻ അപ്രത്യക്ഷനായി .
- മുനീർ അഗ്രഗാമി

ഒരരുവിയെ എനിക്കറിയാം

കാട്ടിൽ നിന്നും തുടങ്ങി
പുഴയിലവസാനിക്കുന്ന
ഒരരുവിയെ എനിക്കറിയാം
പുഴയിൽ നിന്നും
കടലിൽ നിന്നും
അതെന്നോടു സംസാരിക്കുന്നു

പരിചയമില്ലാത്തതിനാൽ
അത് നിങ്ങളോട് സംസാരിക്കുന്നില്ല എന്നേയുള്ളു
പുഴയിൽ നിന്നും
കടലിൽ നിന്നും.
അതുകൊണ്ട് ,
നിങ്ങൾ അതിനെ അറിയാത്തതുകൊണ്ട്
അതവിടെ ഇല്ല എന്നു മാത്രം പറയരുതേ
മരിച്ചവർ മിണ്ടുമ്പോലെ
ജീവിച്ചിരിക്കുന്നവർ
മിണ്ടുമ്പോലെ
അതെന്നോടു മിണ്ടുന്നു.
ആ അരുവിയെന്നോട്
ഇന്നതിന്റെ വീടിനെ കുറിച്ചു ചോദിച്ചു
അതിന്റെ വീടോ
വീടിന്റെ വീടായ മലയോ
ഇന്നവിടെയില്ലെന്ന് ഞാനെങ്ങനെ
അതിനോടു പറയും ?
പറയൂ
എങ്ങനെ പറയും !
- മുനീർ അഗ്രഗാമി

ഓണമേ
പൂക്കളെയെല്ലാം
പ്രളയം കൊണ്ടുപോയി.
എങ്കിലും പാതി ജീവനോടെ
ചെടികളെ അത്
ബാക്കിവെച്ചിരിക്കുന്നു.
തിരുവോണമേ...
നിനക്കു വരാനുള്ള
വഴിയായ്
തളിർക്കുവാൻ !

- മുനീർ അഗ്രഗാമി

പുഴയും ഞാനും

പുഴയും ഞാനും
..................
ഗതി മാറി ഒഴുകുന്നു
ഞാനും പുഴയും
പഴയ തീരത്തെ
മറന്ന് മറന്ന്

ഒരേ പ്രളയം തന്നെ
രണ്ടു പേരിലും
നിറയുന്നു
ഉരുൾപൊട്ടിക്കലങ്ങി
കുത്തിയൊഴുകുന്നു
രണ്ടു പേരിലും മനം
മറ്റൊരു വഴിയിലൂടെ
മറ്റൊരു വിധത്തിൽ
പോകുവാൻ കൊതിക്കുന്ന
ഒരാൾ എല്ലാരിലുമുണ്ട്
ഇപ്പോൾ
എന്നിലെ അയാൾ
എന്നിൽ പുഴ;
പുഴയിൽ ഞാൻ.
അല്ലെങ്കിൽ തന്നെ
ചില നിമിഷങ്ങളിൽ
ആരാണ്
ഗതി മാറാത്തത്!
ഗതി മാറിയുള്ള
ആ ഒരൊഴുക്ക്
അത്ര എളുപ്പമല്ല
പുഴയിലായാലും
മനുഷ്യനിലായാലും.
സത്യത്തിൽ
ഒരേ വഴിയിലൂടെ ഒഴുകി മടുത്ത
എത്ര പുഴകളാണ് മനുഷ്യർ
വെറുതെയല്ല ഉടലിൽ
ഇത്രയധികം ജലം!
- മുനീർ അഗ്രഗാമി
പണി
...................
എല്ലാം കഴുകിക്കഴിഞ്ഞോ
എന്നു ചോദിച്ച് പാതിര
വീണ്ടും വന്നു
വിശക്കുന്നുണ്ടല്ലേ എന്ന ഭാവത്തിൽ
കുറേ നക്ഷത്രങ്ങൾ വാരിയെറിഞ്ഞു തന്നു
നക്ഷത്രങ്ങൾ നുണഞ്ഞ്
രാവുമറന്ന്
ഇരുന്നു.
കഴുകിത്തീർന്നില്ല
സ്വന്തം മനസ്സു പോലും.

-മുനീർ അഗ്രഗാമി
ഇലപൊഴിഞ്ഞ്
ഉണങ്ങിയ മരങ്ങൾ
ഇലകളെല്ലം
സ്വപ്നങ്ങളായിരുന്നു.
സ്നേഹമൊഴിക്കൂ
തളിർക്കും;
കരിഞ്ഞാലും.

- മുനീർ അഗ്രഗാമി
മഴ മാറി നിന്നു
മൗനം മാത്രം കൂട്ട്
ഈരാത്രി മറ്റൊരു ലോകമാണ്
ഇരുട്ടിന്റെ വെളിച്ചത്തിൽ
നിൽക്കുമ്പോൾ.
- മുനീർ അഗ്രഗാമി

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ

സ്വാതന്ത്ര്യ ദിനക്കുറിപ്പുകൾ
..............................................
മഴയ്ക്കല്ലാതെ
മറ്റാർക്കും
പൂർണ്ണ സ്വാതന്ത്ര്യമില്ല
* * *
നോക്കൂ
എത്ര ആഹ്ലാദത്തോടെയാണ്
ഞാൻ നിന്നിലും നീയെന്നിലും
തടവിൽ കഴിയുന്നത് !
* * *
കയ്യിലെ വിലങ്ങ്
പൊട്ടിച്ചെറിഞ്ഞു നാം
പലവട്ടം.
എന്നിട്ടും
കഴുത്തിൽ കുരുങ്ങിയ
അദൃശ്യമാം തുടൽ
കാണാൻ കാഴ്ച മതിയാവുന്നില്ല
* * *
കോട്ടിൽനിന്നും
ടൈയിൽ നിന്നുമുള്ള
സ്വാതന്ത്ര്യമായിരുന്നു ഗാന്ധി
പക്ഷേ നിഷ്കരുണം നിങ്ങൾ
കൊന്നുകളഞ്ഞില്ലേ
ആ സ്വാതന്ത്ര്യത്തെ.

* * *
സ്വന്തം ആത്മാവിൽ നിന്നോ
ഉടലിൽ നിന്നോ
സ്വാതന്ത്ര്യം പ്രഖ്യാപിച്ച്
പുഴയോടവൾ
തന്നെ സ്വതന്ത്രയാക്കാൻ പറഞ്ഞു
പുഴ അവളെ രണ്ടായി പിരിച്ച്
മരണത്തിന്റെ തടവിലിട്ടു.
* * *
മതേതരത്വത്തെ
ആരാണ് തടവിലിട്ടത് ?
അതു കാണാൻ
ചരിത്രത്തിന്റെ കണ്ണട വേണം
ആരാണാ കണ്ണട ഉടയ്ക്കുന്നത്
വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ?
* * *
സ്വർഗ്ഗത്തിൽ നിന്നും
സ്വതന്ത്രയായ ആദ്യത്തെ സ്ത്രീയെ
ഓർമ്മയുണ്ടോ ?
ഇല്ലെങ്കിൽ ഇവളെ നോക്കൂ
ഇവളോട് അരുതെന്നു പറയൂ
ആ കനി ഇവൾ പറിക്കും
* * *
പാരതന്ത്ര്യം കുതിരപ്പുറത്തു വന്നു
കൗതുകത്തോടെ കുതിരയെ നോക്കി നിന്നു
ചുറ്റും മതിലുയരുന്നത്
അറിഞ്ഞതേയില്ല
* * *
തുറന്നു വിടുന്ന അണക്കെട്ടുകളിൽ
ഒരു ദൃഷ്ടാന്തമുണ്ട്;
പുതിയ ഒഴുക്കുകൾ കൊണ്ടു നിറയൂ
എന്നത് പറയുന്നു.
പൊട്ടിത്തെറിക്കും മുമ്പ്
തുറന്നു വിടാതിരിക്കാനാവില്ല
ഏതണക്കെട്ടിന്റെ ഉടമയ്ക്കും
* * *
സ്വാതന്ത്ര്യത്തിന് വയസ്സാവുമോ
തൊലി ചുളിയുമോ
എഴുപത്തൊന്നാകുമോ
യുവാക്കളതിന്റെ മനസ്സായാൽ?
- മുനീർ അഗ്രഗാമി

ചില നിമിഷങ്ങളിൽ ഓർക്കാപ്പുറത്ത് അമ്മയാവും
പുരുഷനും സ്ത്രീയും
- മുനീർ അഗ്രഗാമി

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നു
......................................................
അനിശ്ചിതത്വത്തിന്റെ
താഴ്വരയിലൂടെ
ഒരു തുമ്പി പറന്നു പോകുന്നു
ഉരുൾപൊട്ടുന്നു
നേരം വെളുക്കുമ്പോൾ ലോകം മാറുന്നു

താഴ്വര ഒന്നു തിരിഞ്ഞു കിടന്നതാവാം
ഉറക്കത്തിന്റെ ആലസ്യത്തിൽ
അത് തുമ്പിയെ മറന്നതാവാം
മലഞ്ചെരിവ്
മനുഷ്യനെ സ്വപ്നം കണ്ട ഭീതിയിൽ
ഒന്നുരുണ്ടതാവാം
സ്ത്രീയായതിനാൽ
രാത്രി അതിന്റെ നിശ്ശബ്ദത തകർത്ത്
അകത്തൊളിപ്പിച്ച ശബ്ദ സാഗരം
ഒഴുകിയിറങ്ങിയതാവാം
വെളിച്ചത്തിൽ
തുമ്പിക്കിരിക്കുവാൻ
രക്ഷപ്പെടലിന്റെ തുമ്പുമാത്രം
സമയത്തിന്റെ തോട്ടത്തിൽ
അന്നേരം കുറേ പൂക്കൾ വിരിഞ്ഞു
അതിന്റ ഇതളുകളെല്ലാം നല്ല മനുഷ്യർ
അൽപ നേരം തുമ്പി
ഇനി അവിടെയിരിക്കും.
അനിശ്ചിതത്വം അപ്പോഴും
അതിനെ പറക്കാൻ വിളിക്കുമെങ്കിലും
-മുനീർ അഗ്രഗാമി

റദ്ദുചെയ്തൂ, മഴ

റദ്ദുചെയ്തൂ, മഴ
.....................................

ഇന്നോളം ചെയ്ത നൃത്തങ്ങളും
ഇന്നലെത്തലോടിയ വാത്സല്യങ്ങളും
റദ്ദുചെയ്തൂ, മഴ
മറ്റൊരു ജലജീവിയായ്
കരയെ വിഴുങ്ങുന്നൂ
ഭീകരമതിന്റെ ചലനം
ഭീതിദമതിന്റെ പുളിനം

ഓരോ തുള്ളിയുമതിന്റെ നാവുകൾ
പാടത്തെ ,
പടവിനെ ,
പാലത്തെ
പല നിലകളിലുയർന്ന നിലയത്തെ
രുചിച്ചു നോക്കുന്നൂ
ചെളിയിൽ പുളച്ചു
വീടിന്നകത്തുള്ളതെല്ലാം
ചവച്ചു തുപ്പിത്തിമർക്കുന്നു
ഇന്നോളമോർമ്മയിൽ കളിച്ച
കർക്കിടകത്തിന്നാകൃതി തകർത്തു
ഉത്തരാധുനികമായെല്ലാം തിരിച്ചും
മറിച്ചുമെന്തൊക്കെയോ ചെയ്യുന്നു
മഴയിൽ കുളിച്ചതും കളിച്ചതും
ദൂരെക്കളഞ്ഞു
ഞാനോടുന്നു
ദുരിതമേറിയലർച്ചയിൽ കാലിട്ടടിക്കുന്ന
കുഞ്ഞിനെ കയ്യിലേന്താൻ
മഴയെടുക്കും മുമ്പതിനെയെടുക്കണം
എന്റയല്ലീമഴയെന്നു മഴയെ പ്രണയിച്ച
മുത്തശ്ശിയും ഞാനറിയാ മുഖമിതെന്നു
മഴയിൽ മറയില്ലാതെ നടന്ന മുത്തച്ഛനും
മഴവില്ലു കണ്ടു മോഹിച്ച കുട്ടിയും
കരഞ്ഞു പോയ്
എത്ര മഴ കൊണ്ടാലും
മഴയെയറിയില്ല മനുഷ്യൻ
-മുനീർ അഗ്രഗാമി

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു

കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
........................................................................

ജലം ചെയ്തതെന്തെന്ന്
ഇനിയാരും ആർക്കും പറഞ്ഞു കൊടുക്കേണ്ട
കണ്ണിലവ പച്ചകുത്തിയിരിക്കുന്നു
കുടിക്കാനെടുത്ത
വെള്ളത്തിനോടു ഞാൻ ചോദിച്ചു:
എന്നാലും
നീയങ്ങനെ ചെയ്തുവോ ?
സങ്കടം കൊണ്ടാവണം
നാവിലിറ്റുമ്പോൾ അതത്രയും
തണുത്തിരുന്നു

ജലം എന്റെ ഉയിരിലൂടെ ഒഴുകുമ്പോൾ
ഓർമ്മകളുടെ വേദനയിൽ തടഞ്ഞ്
അല്പനേരം നിന്നു.
ഷട്ടർ തുറക്കാതെ അതൊഴുകിപ്പരന്നു
കണ്ണിനും കവിളിനും മാത്രമതറിയാം
മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഓർത്ത്
ജലം എന്തൊക്കെയോ ചെയ്യുന്നുണ്ട്
മരിച്ചവർക്കു വേണ്ടി
മണപ്പുറത്തതു വന്നിരിക്കുന്നു
ജീവിച്ചിരിക്കുന്നവർക്കു വേണ്ടി
സ്നേഹത്തിന്റെ കണ്ണുകളിൽ
അതു നിറഞ്ഞിരിക്കുന്നു.
എങ്കിലും
ജലം എന്റെ കൂട്ടുകാരനാണ്
വഴിമാറി ഒഴുകുമ്പോൾ
അവനെ കുറിച്ച്
എന്നോടു ചോദിക്കരുതേ !
- മുനീർ അഗ്രഗാമി

മുകളിൽ

മുകളിൽ
..........................
ഉയർന്നുയർന്ന്,
കയറി വരില്ലെന്നു കരുതി
നാമുണ്ടാക്കിയ പാലത്തിനും
തൂക്കുപാലത്തിനും മുകളിൽ പുഴ.
നമ്മുടെ സന്ദർശനംപോലും
അത് റദ്ദ് ചെയ്തിരിക്കുന്നു

പുഴ ദളിതനാണ്
ആദിമനിവാസി
കാലങ്ങളായി ആഴത്തിൽ മുറിവേറ്റവൻ
പുതിയ ജലപ്രവാഹമായി
അവൻ വന്നിരിക്കുന്നു
നാമവനെ താഴോട്ടു നോക്കി നിന്ന
എല്ലായിടത്തും അവനാണ്
ജലം അവന്റെ മുദ്രാവാക്യം
നാമുണ്ടാക്കിയ ഒരളവുകൊണ്ടും
അളന്നു തീരാതെ
അവൻ ഒഴുകുന്നു
അവൻ അവനാകുന്നത്
ആർക്ക് സഹിക്കാൻ പറ്റും ?
കുറച്ചു നേരത്തേക്കായാലും
അവനൊഴുക്കിക്കളഞ്ഞു ,
നമ്മുടെ അഹന്ത!
- മുനീർ അഗ്രഗാമി

പ്രണയഗണിതം

പ്രണയഗണിതം
............................
ഞാനും നീയും
പുഴയുടെ രണ്ടു കരകൾ
പുഴ = ചുംബനം.
പുഴ നിറഞ്ഞിരിക്കുന്നു,
നാം ആഗ്രഹിച്ച മഴ കൊണ്ട് .
* * *
ഞാൻ എന്ന വാക്കിനെ
നീ എന്ന വാക്കു കൊണ്ട്
ഗുണിക്കുന്നു
നാം എത്തിച്ചേർന്ന ഉത്തരത്തിൽ
കടലിരമ്പുന്നു
സന്ധ്യ കടലിനെ
വെളിച്ചം കൊണ്ടു ഗുണിക്കുന്നു
നാമതു കണ്ട് മതി മറന്ന്
ഇരുന്നു പോയി.
രാത്രിയായി.
രണ്ടു നക്ഷത്രങ്ങളായി .
* * *
ഇപ്പോൾ കിട്ടിയ സമയത്തിൽ നിന്ന്
പഴയ കാലത്തെ
മൂന്നു വട്ടം കുറയ്ക്കണം
നിനക്ക്
എന്നിലെത്താൻ
വയലിൽ നിന്ന്
ഫ്ലാറ്റിനേയും മൈതാനത്തെയും
കുറയ്ക്കാൻ ശ്രമിച്ചു
ആരും സമ്മതിച്ചില്ല
അതിനാൽ മറ്റൊരു കാലം
ഞാൻ
വയലിൽ ഒരു നെൽച്ചെടിയായും
നീ ഫ്ലാറ്റിലെ ഷോകേസിൽ
ഒരലങ്കാര വസ്തുവായും പുനർജനിച്ചു .
* * * *
ആകെയുള്ള ഉണർവ്വിനെ
ഉറക്കം കൊണ്ട് ഹരിച്ച്
ഞാനെടുത്തു വെച്ചു
നീ വരുമ്പോൾ കാണിക്കാൻ
മറ്റൊരു നേരം ഉണ്ടായിരുന്നില്ല
കണ്ടപ്പോൾ
നീ പനിനീർപ്പൂപോലെ
ശരിക്കും വിടർന്നു ചുമന്നു
ഭൂലോകത്ത് ഇന്നോളമില്ലാത്ത
ശരിയായി.
- മുനീർ അഗ്രഗാമി

ഒരുമ്മ കൊണ്ട്

ഒരുമ്മ കൊണ്ട്
..............................
എല്ലാ വ്യഥകളും
അട്ടിയട്ടിയായി വെച്ച്
അതിനു മുകളിലിരിക്കുന്നു
ഒരാൾ.
പുഞ്ചിരി മാത്രമയാൾക്ക് കൂട്ട്
ഒരു കരച്ചിൽ
അയാളെ പിടിക്കാൻ വരുന്നു
ഒരുമ്മ കൊണ്ട്
അയാളതിനെ നേരിടും
അയാളാകുവാൻ ശ്രമിച്ച്
വ്യഥകൾ അടുക്കാനാവാതെ
പണിതീരാത്ത വീടുപോലെ
ഒരിടത്തിൽ
ഞാൻ കാടുപിടിച്ചു നിൽക്കുന്നു
എങ്ങനെയായിരിക്കും
അയാളതിനു മുകളിൽ കയറിയിട്ടുണ്ടാവുക ?
വ്യഥകൾ അട്ടിവെയ്ക്കാതെ
അതിൻ മുകളിൽ ചവിട്ടിക്കയറാതെ
അയാളിലേക്ക്
മറ്റുവഴികളില്ല
അയാളിപ്പോൾ
എന്നെ നോക്കി പുഞ്ചിരിക്കുന്നു
നടത്തം പഠിക്കുന്ന
കുഞ്ഞിനെ നോക്കുമ്പോലെ .
-മുനീർ അഗ്രഗാമി

അഞ്ചാമത്തെ തുമ്പി

അഞ്ചാമത്തെ തുമ്പി
....................................
നാലാമത്തെതുമ്പിയെ അവൾ പിടിച്ചു
അഞ്ചാമത്തെ തുമ്പിയെ
നാളെ പിടിക്കാമെന്നൊരേ ചിന്ത തുഴഞ്ഞ്
രാത്രി കടന്നു വന്നപ്പോഴേക്കും
പൂന്തോട്ടവും പുൽമേടും കത്തിപ്പോയി

രണ്ട് ഹെലിക്കോപ്റ്ററുകൾ
ബോംബിട്ടു കൊണ്ടിരുന്നു
ജനാലയ്ക്കു പിന്നിൽ നിന്നു പേടിക്കുമ്പോൾ
തീയുടെ വിരലുകൾ
തേടിക്കൊണ്ടിരുന്നത് അവൾ കണ്ടു
പുറത്തേക്കു നീണ്ട ചിറകുകൾ
തീ പിടിച്ചു ,കരിച്ചു കളഞ്ഞു
ഇനി പുറത്തിറങ്ങാൻ വയ്യ
അമ്മയുടെ ഒരിലയിൽ അവൾ
അനങ്ങാതെ ഇരുന്നു
അഞ്ചാമത്തെ തുമ്പിയെ പോലെ .
- മുനീർ അഗ്രഗാമി
തുറന്നു വെയ്ക്കണേ
നിന്നോർമ്മകളേതിരുട്ടിലും,
പിണങ്ങിപ്പോയാലുമെനിക്കു
തിരിച്ചെത്തുവാൻ .
- മുനീർ അഗ്രഗാമി

പുഴവക്കത്ത്

പുഴവക്കത്ത്
.....................
തൊടുമ്പോൾ വാടുന്ന
ഇലയാണ് ഉടൽ മുഴുവൻ
തൊടാതെ തെട്ടടുത്ത് നിൽക്കണേ
വെളിച്ചം നിൽക്കുമ്പോലെ.

പ്രതിരോധിക്കാൻ
മറന്നു പോകും
മുള്ളുകൾ.
പുഴവക്കത്ത്
പൂവിടാനായ്
ഇത്തിരി നേരമിരുന്നതാണ്
ഒഴുക്കിന്റെ തെളിച്ചമേ
ഉടൽ തളിർക്കുന്നു
വേരുകളിലെവിടെയും
നിന്നിലേക്കുള്ള വഴികൾ
കരയിലേക്ക് കയറല്ലേ
തൊടല്ലേ
വാടുവാൻ വയ്യ
നിന്നെയിങ്ങനെ
കണ്ടു കൊണ്ടിരിക്കുമ്പോൾ .
-മുനീർ അഗ്രഗാമി

ഉത്തമഗീതം

ഉത്തമഗീതം
....................
ഭരണിപ്പാട്ടിന്റെ ഒരു വരി
മതിലകത്തു നിന്നും
പുറത്തു കടന്ന്
ഉത്തമൻ വായിക്കാനെടുത്ത
പുസ്തകത്തിലിരുന്നു

ഉത്തമൻ കണ്ണടച്ചു
സ്വയം നിർമ്മിച്ച ഇരുട്ടിലിരുന്ന്
മറ്റെന്തോ ഉരുവിട്ടു
അതൊരു
ഉത്തമമായ
ഗീതം പോലെ തോന്നി;
ഉത്തമന് മാത്രം .
ചരിത്രവും വർത്തമാനവും
ഉത്തമനെ തൊടാതെ
വെളിച്ചമായ്
തൊട്ടടുത്തു നിന്നു
- മുനീർ അഗ്രഗാമി
കേൾവി
ഒരനുഗ്രഹമാണ്
നിന്റെ ശബ്ദവീചികൾ
അത്യനുഗ്രഹവും .
- മുനീർ അഗ്രഗാമി

പുലി

പുലി
........
മൂന്നാമത്തെ ആടിനെയും
പുലി പിടിച്ചു
അടച്ചുറപ്പില്ലാത്ത കൂട്ടിലേക്ക്
ഒന്നാമത്തെ ആടിന്റെ
മരണമായി ആദ്യം പുലി വന്നു
മരണത്തിന്റെ ആത്മാവായി
ആരും കാണാതെ
ഇരുളിൽ മറഞ്ഞു.

മേച്ചിൽപ്പുറത്തേക്ക്
സൂര്യ വെളിച്ചത്തിൽ മറഞ്ഞിരുന്ന
ഒരു നക്ഷത്രം നോക്കവേ,
അനേകം ആടുകൾ
കുറിഞ്ഞിപ്പൂക്കളായ്
ഇളകുമ്പോഴാണ്
രണ്ടാമത്തെ ആടിനെ
പിടിച്ചത്.
പുലി വന്നതിനോ പോയതിനോ
ആടിന്റെ രക്തമല്ലാതെ
മറ്റു തെളിവുകളില്ല
രക്തം ചിന്തി മരിച്ചെന്ന വിധിയിൽ
പുലി ഭാവിയിൽ രക്ഷപ്പെടാം
നിയമം ആടുകൾക്കൊപ്പം
മേയാത്ത കാലത്തോളം.
രാത്രിയിൽ ,
അടച്ചുറപ്പുണ്ടെന്നു വിചാരിച്ച
കൂടുതകർത്താണ്
മൂന്നാമത്തെ ആടിനെ കൊണ്ടുപോയത്
രാവിലെ ,
സുരക്ഷിതമെന്നു വിചാരിച്ചതെല്ലാം
തകരുമ്പോലെ തോന്നി.
ദേശം മുഴുവൻ
ഇപ്പോൾ
പേടിയുടെ കാല്പാടുകൾ...
പുലിപ്പേടിയിൽ
പുലിയെത്ര ?എന്നു ചോദിച്ചു
'പയറഞ്ഞാഴി' എന്ന മറുപടി മാത്രം കേട്ടു.
അപ്പോൾ ഉത്തരത്തിന്
ഉടലിൽ പുള്ളികളും
വാലുമുണ്ടെന്നു തോന്നി.
- മുനീർ അഗ്രഗാമി
സാന്ത്വനം
 ..............................
ഇനി ഒന്നും പറയാനില്ല
വാക്കുകൾ തീർന്നു പോയി
കുടിച്ചു തീരുമ്പോൾ
പാനപാത്രം നിറയ്ക്കുവാൻ
വാക്കുകളുമായി വരുന്നയാൾ
വന്നില്ല

വാക്കുകൾക്കൊപ്പം നടന്ന
പൂക്കാലം
മഴ പോലെ
കൊഴിഞ്ഞു പോയി
അരുവികളേ
കിളികളേ
മിണ്ടാതിരിക്കൂ
വറ്റിപ്പോയവന്റെ നെഞ്ചിൽ.
പെനാൾട്ടി ഷൂട്ടൗട്ടിൽ
തോറ്റു പോയ രാജ്യമാണു ഞാൻ
നെഞ്ചിലേക്ക് തൊടുത്തുവിട്ടതൊന്നും
തടുക്കാനാവാതെ.
മോസ്കോയിൽ നിന്നും
മഞ്ഞുതുള്ളി പുറത്താവുമ്പോലെ
ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും
പച്ചപ്പ് നീങ്ങുന്ന പോലെ
ഒരു ശൂന്യത എന്നിൽ വന്നിരിക്കുന്നു
ശൂന്യത വിരിച്ച്
മരുഭൂമി പോലെ കിടക്കുന്നു
വാക്കിന്റെ തുള്ളിയുമായൊരാൾ
വരുമെന്ന് തപിച്ച്.
- മുനീർ അഗ്രഗാമി