നമ്മളൊന്നാകുന്നു(മഞ്ചാടിക്കവിത - 12-)

മഞ്ചാടിക്കവിത - 12-
കൈ കോർത്ത് നടന്നു ,
രണ്ടു വാക്കുകൾ
നമ്മളറിയാതെ 
നമ്മിൽ നിന്നിറങ്ങി പോയവ.
അവ ചുംബിക്കുമ്പോൾ
നമ്മളൊന്നാകുന്നു

...........മുനീർ അഗ്രഗാമി 

ദേശം


ദേശം 
സ്വന്തം മുഖം നോക്കിയിരുന്ന കണ്ണാടിയാൾ
നോട്ടങ്ങളെല്ലാം ബാക്കിവെച്ച്
മാഞ്ഞു പോയി
ആ കാഴ്ചകൾ ചേർത്തുവെച്ച്
ദേശീയതയുടെ ചിത്രം നിർമ്മിക്കുകയാണ്
ദേശ മിപ്പോൾ

.............................മുനീർ അഗ്രഗാമി 

യാത്രകൾ

യാത്രകൾ
...................
തെക്കോട്ട് എത്രയെത്ര യാത്രകൾ കടന്നു പോയെടീ ?
അവസാനത്തെ വെറ്റിലച്ചെല്ല ത്തോടൊരാൾ
ചോദിക്കുന്നൂ
രണ്ടു കാലിൽ രണ്ടായിരം കാലിൽ
വില്ലുവെച്ച വണ്ടിയിൽ
കുതിരവണ്ടിയിൽ കാളവണ്ടിയിൽ
കാലുമാറിയും കാലുവാരിയും
സ്വയമറിഞ്ഞുമറിയാതെയും
പല നിറപ്പൊലിമയുള്ളവ
പല നിരയിൽ നിരന്നവ
പല നിലയിൽ വന്നവ
പല കണ്ണുകളുള്ളവ
ത്രിവർണ്ണക്കൊടിയേന്തിയിട്ടും
ഒന്നും തിരിയാത്തവ
ചുവപ്പിനെ മാത്രം കണ്ടവ
പച്ചയെ മാത്രം കണ്ടവ
നീലയെ മാത്രമറിഞ്ഞവ
മഞ്ഞയെ മാത്രം നോക്കിയവ
കാവി പുതച്ചവ
എ സി യിൽ ,പുറം ലോക സ്പന്ദനമറിയാത്തവ
പുറത്തിറങ്ങിയിട്ടും
അകമറിയാത്തവ
ഓരോ യാത്രയും
ഓരോ ചുളിവുകൾ മാത്രം
നെറ്റിയിലവ വന്നു നിൽക്കുന്നു
ചെല്ലമേ... വെറ്റിലച്ചെല്ല മേ
അവയറിയുവാൻ
വരുമോ മനുഷ്യനെ കാണുന്ന യാത്രകൾ ?
വരുമോ
മണ്ണു തൊട്ടു നടക്കുന്ന യാത്രകൾ?
വരുമോ ഉപ്പുമണമുള്ള ഒരു യാത്രയെൻ്റെ ചുളിവുകളിലെ
വെളുത്തു നരച്ചസങ്കടങ്ങൾ
നിവർത്തി വായിക്കുവാൻ?
തെക്കോട്ടുപോകും മുമ്പ്,
തേക്കുപാട്ടുകളുറങ്ങും മുമ്പ്
അതു കേൾക്കുവാൻ വരുമോ
കാതുള്ളൊരു യാത്രക്കാരൻ?
കണ്ണുള്ളൊരു യാത്രക്കാരി?
അമ്മൂമയെപ്പോൽ
വെറ്റിലച്ചെല്ലമൊന്നു മൂളിയോ !
ഏതോ യാത്രയുടെ ശബ്ദത്തിലത ലിഞ്ഞുവോ!
ഊന്നുവടിയിലയാൾ
ഗാന്ധിജിയെ പോൽ
കൈയൊന്നമർത്തി
ഏതോ വേദനയന്നേരമയാളി ൽ
പിടഞ്ഞുണർന്നുവോ!
വെറ്റിലച്ചെല്ലം തുരുമ്പിച്ച കണ്ണാൽ
നിസ്സംഗമതു നോക്കി നിന്നു
.........................മുനീർ അഗ്രഗാമി

ഒരു വിളക്കുണ്ട്മ(ഞ്ചാടിക്കവിത-11-)

മഞ്ചാടിക്കവിത-11-
മിന്നാമിനുങ്ങിനെ
അസൂയയോടെ നോക്കി
ഒട്ടും പ്രകാശമില്ലാതെ
ഇരുട്ടിൽ നിൽക്കുന്നു
ഉള്ളിൽ ആരും കാണാത്ത
ഒരു വിളക്കുണ്ട്
നിൻ്റെ ചിരിയെന്നതിനെ ഞാൻ വിളിക്കുന്നു

കോണിപ്പടി

കോണിപ്പടി
....................
രണ്ടു കാലും രണ്ടു കൈയും
പരന്നതലയുമുള്ള
വിചിത്ര ജീവിയാണ് കോണിപ്പടി
ഇറങ്ങിപ്പോകുമ്പോൾ
തല ഉയർത്തി അതു നോക്കും
അമ്മയെ പോലെ.
കയറിപ്പോകുമ്പോൾ
തല ചെരിച്ച് നോക്കും
ചാരുകസേരയിലിരിക്കുന്ന
അച്ഛനെ പോലെ.
തിരിച്ചു വരാതാവുമ്പോൾ
പടിപ്പുരയിലിരുന്ന് ഉരുകുന്നത്
അതിനേ അറിയൂ
"ഞാനിതെങ്ങനെ കയറും?"
എൻ്റെ കൈ പിടിച്ചു വന്നവൾ ക്കൊരാശങ്ക.
നിലത്തു കാലു വെയ്ക്കും മുമ്പ്
അമ്മയുടെകൈ പിടിച്ച്
നെഞ്ചിലേക്കെന്ന പോലെ ഞാൻ കയറിയ പടികൾ
അച്ഛൻ്റെ മടിയിൽ നിന്ന്
മണ്ണിലേക്കെന്ന പോലെ ഞാനിറങ്ങിയ
പടികൾ
കയറിയില്ലവൾ
പരുന്തു പോലെയൊരു യന്ത്രംവന്നു
കോഴിക്കുഞ്ഞിനെയെന്നപോൽ
അതിനെ ഒറ്റക്കൊത്തിനു കൊണ്ടുപോയി
കയറ്റവുമിറക്കവുമില്ലാതെ
അവൾക്കൊപ്പം നടന്നു
കാറിൽ കാറ്റിലെന്ന പോൽ പറന്നു
അവളുടെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോഴും
കോണിപ്പടിയുടെ ഓർമ്മകൾ വന്ന്
എന്നെ അനാഥനാക്കും
.....................മുനീർ  അഗ്രഗാമി 

ഇങ്ങനെയല്ലാതെ

ഇരുളു കൊണ്ടിങ്ങനെയല്ലാതെ
വെളിച്ചത്തിലെങ്ങനെ നിന്നെ
ഇത്ര ശക്തമായ് വരയ്ക്കു മെന്നു
നിഴൽ മൊഴി നിശ്ശബ്ദമായ് !
.........................മുനീർ അഗ്രഗാമി 

മീൻ വളർത്തൽ

മീൻ വളർത്തൽ
.............................
മീനുകൾ സ്വപ്നം വളർത്തുന്ന
കുളമാണ് അയാൾ
അയാൾക്കുള്ളിൽ
ചിറകുള്ള അനേകം സ്വപ്നങ്ങൾ നീന്തുന്നുണ്ട്
മീനുകൾ വളരുന്നതിനൊപ്പം
അവയും വളരുന്നു
അവ വളരുന്നതിെനാപ്പം
മീനുകളും വളരുന്നു
മീൻ വളർത്തുകയായി രുന്നു അയാൾ
മീനുകൾ അയാളെയും
നെൽകൃഷിയുടെ അവസാനത്തെ ഓർമ്മ
തിന്നുകയായിരുന്നു മീനുകൾ
അയാൾ അവസാനത്തെ നെന്മണിയും
കുളത്തിൽ മുക്കി കൊല്ലുകയായി രുന്നു
നെൽച്ചെടികൾ തകർത്ത സ്വപ്നങ്ങളെയാണ്
മിനുകളി പ്പോൾ പുതുക്കിപ്പണിയുന്നത്
പുന്നെല്ലു മണത്തിരുന്ന
അയാളുടെ വീടിനി
മീൻ മണക്കും
അതാണി നി
അയാളുടെ സുഗന്ധം .
................................മുനീർ അഗ്രഗാമി

കഴുതയാകുമ്പോൾ

കഴുതയാകുമ്പോൾ
പുറത്ത് കൊടിയാണോ
കോടിയാണോ
കൊടിച്ചിയാണോ
എന്നൊന്നുമറിയില്ല
നാലു കാലിൽ നടത്തിക്കുന്നവരുടെ
മുഖമോ വഴിയോ
മനസ്സിലാവില്ല
വീണ്ടും കഴുതയാകുമ്പോൾ
കൊടിയുടെ നിറം കൂടും
കോടിയുടെ എണ്ണമേറും
കൊടിച്ചിയുടെ കനമധികം
കണ്ണിലിരുട്ടു കയറും
നടത്തുന്നവരെ
കാണുകയേയില്ല
സ്വന്തം കിതപ്പു കേട്ടു റ ങ്ങി
എഴുന്നേൽക്കുമ്പോൾ
വീണ്ടും വീണ്ടും കഴുതയാകും

...........................മുനീർ അഗ്രഗാമി 

ഗോളി

ഗോളി
...........
ഗാലറിയിലെ ആരവങ്ങൾക്കും ആക്രോശങ്ങൾക്കുമിടയിൽ
കളിക്കളത്തിലെ
വീറിനും വാശിയ്ക്കുമിടയിൽ
ചതുരത്തിൽ
ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഏകാന്തതയാണു ഞാൻ
ഏകാഗ്രത യുടെ അദൃശ്യമായ ചില്ലിനകത്തിരിക്കുന്ന
എന്നെ കാണുന്ന പതിനൊന്നു പേരുണ്ട്
എനിക്കു ചുറ്റുമുള്ള ശൂന്യതയിലേക്ക്
കത്തിയേറുകാരെ പോലെ
അവർ ഷൂട്ട് ചെയ്യുന്നു
ഒരൊറ്റത്തട്ടലിനൊച്ചയിൽ
ചില്ലുതകർക്കാതെ
അവരുടെ സ്വപ്നമുടയ്ക്കുന്ന
കുട്ടിയാകുമന്നേരം
കുത്തനെ വെച്ച ചതുരക്കുളത്തിൽ
മീനെന്ന പോൽ നീന്തും
കോർണ്ണ ർ കിക്കെടുക്കുമ്പോൾ
കുളത്തിൽ നിന്നും വായുവിലേക്കുയർന്ന്
താഴും.
വലയിൽ വീഴരുതേ
വലയിൽ വീണാൽ
തോറ്റു പോകുമെന്ന്
എനിക്കു പിന്നിൽ നിന്ന്
അനുഭവങ്ങളുടെ വല .
കളിക്കമ്പക്കാരൻ്റെ തോന്നലിൽ
വലയുടെ നടുക്ക് ഒരെട്ടുകാലി
പക്ഷേ
സ്വന്തം വലയിൽ ഒന്നും വീഴാതിരിക്കാൻ
എട്ടു കാലുകൾ പുറത്തെടുക്കുന്ന ഇരു കാലിയാണു ഞാൻ
പെനാൾട്ടി കിക്കെടുക്കും മുമ്പ്
എല്ലാ നോട്ടങ്ങളും വന്നു തറച്ച്
നിശ്ചലമാകുന്ന പ്രതിമ.
കിക്കെടുക്കുന്ന മാത്രയിൽ
ചതുരാകാശത്തിലെ ഒരേയൊരു കിളി;
കൊക്കിൽ ഒരു സൂര്യൻ;
വിജയത്തിൻ്റെ വെളിച്ചം വിതറുന്ന
കിതയ്ക്കുന്ന പന്ത്.
.....................................മുനീർ അഗ്രഗാമി

രഹസ്യ പ്രണയം(മഞ്ചാടികവിത -10 -)

മഞ്ചാടികവിത -10 -
രഹസ്യ പ്രണയം
....................... :....
എൻ്റെ രഹസ്യങ്ങളുടെ ഉള്ളിൽ
ഒരു രഹസ്യമുണ്ട്
അതിൻ്റെ വെളിച്ച ത്തിലാണ്
എൻ്റെ വെളിച്ചം

രാജ്യത്തിൻ്റെ ചിരി

എൻ്റെ രാജ്യം
എൻ്റേ താണ്
എൻ്റേതായ രാജ്യം
എൻ്റേതു മാത്രമല്ല.
മാത്രമല്ല;
ഞാൻ എൻ്റെ രാജ്യത്തിൻ്റേതാണ്
ഞാൻ മാത്രമല്ല
എൻ്റെ രാജ്യത്തിൻ്റേത്
അതു കൊണ്ട്
ഞാൻ ചിരിക്കുമ്പോൾ
രാജ്യം ചിരിക്കും
അതുകൊണ്ട്
എൻ്റെ ചിരി മാത്രമല്ല
രാജ്യത്തിൻ്റെ ചിരി

..................മുനീർ അഗ്രഗാമി 

അപ്പോഴും

അപ്പോഴും
....................
സ്വാതന്ത്യ്രം
ഓരോ മനുഷ്യനേയും
ഓരോ റിപ്പബ്ലിക്കാക്കുന്നു
എന്ന്
ഒരു കുഞ്ഞ് , 
നടക്കുന്നതിനു മുമ്പ്
അതിൻ്റെ പുഞ്ചിരി കൊണ്ട്
ഹൃദയത്തിലെഴുതി വെക്കുന്നു
ആഗ്രഹങ്ങളിൽ തടഞ്ഞു വീണവരു ടെ
സങ്കടങ്ങൾ
ഇടയ്ക്കതെടുത്ത് വായിക്കും
ഏതെങ്കിലുമൊരു വായന
എല്ലാ ചങ്ങലകളും
ഉരുക്കിക്കളയുമെന്ന
പ്രതീക്ഷയാൽ!
അപ്പോഴും
മതവും ജാതിയും
പാർട്ടിയും
മറ്റു പലതും
മാറി മാറി ഭരിക്കുന്ന
രാജ്യങ്ങളാണു നാം.
..............................മുനീർ അഗ്രഗാമി

മനസ്സിലെഴുതിയ പുഞ്ചിരികൾ

ഏതു കല്പനയാൽ മറഞ്ഞാലും 
മണ്ണിലേക്കു പോയാലും 
മാനത്തേക്കുയർന്നാലും 
മറയുന്നതെങ്ങനെ നീ
തെളി നിലാവു കൊണ്ടെന്റെ 
മനസ്സിലെഴുതിയ പുഞ്ചിരികൾ?

മലയാളത്തിൻ്റെ വാൽ

മലയാളത്തിൻ്റെ വാൽ
...... .......................... ......
സർ ഇനി വാലും കൂടിയുണ്ട്,
ശിഷ്യൻ പറഞ്ഞു.
ഗവേഷകനവൻ
വാസ്തവമേ പറയൂ.
ശിരസ്സിപ്പോഴും സംസ്കൃതത്തിൻ്റെ
വായിൽ തന്നെ.
രണ്ടു ചിറകുമുടലും
ഇംഗ്ലീഷിൻ്റെ വായിലും
കാലുകൾ നക്കിത്തീർക്കുവാൻ
മറ്റു ചില ഭാഷകളും
മത്സരത്തിലാണ്.
സർ ഇനിയെങ്ങനെ
മലയാളം ഫ് ളൈ ചെയ്യും ?
മികച്ച പഠിതാവൻ
സംശങ്ങൾ ക്കുറ്റതോഴൻ
ചോദിക്കുന്നൂ
മകനേ
വാലുണ്ടല്ലോ
ഇളകുന്നുണ്ടല്ലോ
ജീവൻ ബാക്കിയുണ്ടല്ലോ
നമുക്കതിൻ നേർത്ത കാറ്റിൽ
ഇത്തിരി നേരമിരിക്കാം
സങ്കടം മറക്കാം
നീ സ്കൂട്ടാവാതെ കുഞ്ഞേ
എൻട്രൻസ് എഴുതി വന്ന വനല്ലോ നീ,
യിതിൻ ഗതിയറിഞ്ഞി നി
പരിഹാരമന്വേഷിക്കൂ
കൂട്ടിനു ശാരികയോ തത്തയോ എന്നതു നിന്നിഷ്ടം!
വാലിൻ തണലേയുള്ളൂ
നിനക്കുമെനിക്കുമെന്നതു
മറക്കാതെ 

(വള്ളത്തോളിന്റെ മലയാളത്തിന്റെ തല എന്ന കവിത ഓർക്കുക )

മുനീർ അഗ്രഗാമി 

മഞ്ചാടിക്കവിത -10 - നനയുന്നു


................. .
എൻ്റെ കണ്ണുകളുടെ തീരത്ത്
ഉറക്ക് വന്നിരിക്കുന്നു
എല്ലാം മറക്കുവാൻ നാം
കടപ്പുറത്തിരുന്ന പോലെ
പക്ഷേ
നീ നീന്തിയെത്തുന്ന തിരകളിൽ
അതു നനഞ്ഞു കുതിരുന്നു
....... ..മുനീർ അഗ്രഗാമി

അമരലോകത്തിൽ ഒരു മയിൽ

അമരലോകത്തിൽ ഒരു മയിൽ (മൃണാളിനി  സാരാഭായിയെ ഓർത്ത് 2016 ജന 23 ന് എഴുതിയത്

)
......................... ..................
എത്ര നേരമായെന്നറിയില്ല
എൻ്റെ കണ്ണീർത്തുള്ളിയിൽ
നിൻ്റെചിലങ്ക കിലുങ്ങുന്നു.
കരളിനുള്ളിലെ കലാവേദിയിൽ
നീയിപ്പോഴും നൃത്തമാടുന്നു
മഴ പോൽ നീ ചുവടു
വെച്ച വഴികളിൽ
മുളച്ച വിത്തുകൾ
ചെടികളായ്
നിന്നോർമ്മമഴ കൊള്ളുന്നു.
നീ പീലി വിടർത്തിയാടിയ ദിക്കുകൾ
നിൻ്റെ താളമേകിയ
ജീവതാളത്തിൽ
നിനക്കു വേണ്ടി
ചുവടുവെയ്ക്കുന്നു.
ഏതോ വേദനയിൽ
ഏതോ മരത്തണലിൽ ഞാൻ
തളർന്നുവീഴെ,
കാറ്റിൻ്റെ താളത്തിൽ
ഇലനിഴലുകളുടെ നിശ്ശബ്ദഗാനത്തിൽ
വെയിൽ ചീളുകൾ
നിനക്കു നൃത്താഞ്ജലി തരുന്നു.
നിന്നെയോർത്തു മഴയിൽ നടക്കെ
മഴവിരലുകളെന്നെ മീട്ടി
നിനക്കു ചുവടുവെയ്ക്കുവാൻ
നാദമൊഴുക്കുന്നു,
നീയടുത്തില്ലെന്നറിയെ
ഒരു കുഞ്ഞരുവി
നിനക്കുദകക്രിയയായതിൻ
കുഞ്ഞു പാദമിളക്കുന്നു.
നീ കൊടും ശൈത്യമായ്
മറഞ്ഞൊരോർമ്മ,
മഞ്ഞുകണങ്ങളുടെ
കൈമുദകൾ
മരങ്ങളിലെഴുതുന്നു
നീ ചുവടു വെച്ച താഴ്വരകൾക്കതു ദർപ്പണമായ്
മിഴി നനഞ്ഞതു കാണിക്കുന്നു
നീ പറന്നു വന്ന ദിക്കും
നീ പരിലസിച്ച ദിക്കും
നീ പറന്നു പോയ ദിക്കും
എനിക്കു തരുന്നൂ ,
നിന്നെണ്ണമറ്റ ചുവടുകൾ
വരച്ച കഥകളും കൗതുകങ്ങളും.
എത്ര നേരമായെന്നറിയില്ല
മേഘമായിരിക്കുന്നു ഞാൻ!
എത്ര പെയ്യുമെന്നറിയില്ല
എനിക്കു മുന്നിൽ
പീലി വിടർത്തി
നിന്നോർമ്മകൾ ചുവടുവെയ്ക്കുന്നു.
മരിച്ചമര ലോകം പൂകിയ മയിലേ
നിൻ്റെ പീലികൾ
എൻ്റെ ഹൃദയ പുസ്തകത്തിൽ
പെറ്റുപെരുകന്നൂ .
അതിലുദിക്കുന്നു
നിൻ്റെ പീലിക്കണ്ണു പോൽ
എൻ്റെ സൂര്യൻ !
.....................മുനീർ അഗ്രഗാമി

മഞ്ചാടിക്കവിത - 9 - അധരം വിറയ്ക്കുന്നു

മഞ്ചാടിക്കവിത - 9 -
പ്രണയത്തിൻ്റെ ചുണ്ടുകളാണ്
പനിനീർപൂവുകൾ
കാറ്റ് 
ഉമ്മ വെയ്ക്കാനടുക്കുമ്പോൾ
അതിൻ്റെ അധരം
വിറയ്ക്കുന്നു .
..................... ...:..... ....മുനീർ അഗ്രഗാമി
ദളിതം
(രോഹിത് വെമുലയെ ഓർത്ത് )
...........
സ്വപ്നം കത്തിപ്പോയവൻ
ഒരു ദിവസം സ്വന്തം ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി
നിങ്ങളവനെ ബുദ്ധനാവാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ കൊട്ടാരത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
ഗാന്ധിയാകാൻ സമ്മതിച്ചിരുന്നെങ്കിൽ
അവൻ ഉദ്യോഗങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായിരുന്നുള്ളൂ
പ്രവാചകനാവാൻ സമ്മതിച്ചിരുന്നെങ്കിൽ
സ്വന്തം ദേശത്തിൽ നിന്നേ
അവൻ പോകുമായി രുന്നുള്ളൂ
നിങ്ങളവനെ എഴുത്തുകാരനാകാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ
റുഷ്ദിയെ പോലെ
രാജ്യത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
നിങ്ങളവനെ
വീടുണ്ടാക്കാൻ അനുവദിച്ചിരുന്നെങ്കിൽ
അവൻ വീട്ടിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
നിങ്ങളവനെ
അവനാകാൻ അനുവദിച്ചിരുന്നെങ്കിൽ
അംബേദ്ക്കറെ പോലെ
അവൻ അവൻ്റെ ജാതിയിൽ നിന്നേ
ഇറങ്ങി പോരുമായി രുന്നുള്ളൂ
നിങ്ങളവനെ ചിത്രകാരനാകാൻ
അനുവദിച്ചിരുന്നെങ്കിൽ
ഹുസൈനെ പോലെ
അവൻ നിങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായി രുന്നുള്ളു
നിങ്ങളവനെ
മൈക്കിൾ ജാക്സനാവാൻ അനുവദിച്ചിരുന്നെങ്കിൽ
ചിലപ്പോളവൻ സ്വന്തം നിറത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
അവനെ ഒരു വിദ്യാർത്ഥിയാകുവാനെങ്കിലും
അനുവദിച്ചിരുന്നെങ്കിൽ
അവൻ ക്ലാസ്സിൽ നിന്നേ ഇറങ്ങിപ്പോരുമായിരുന്നുള്ളൂ
സ്വാതന്ത്ര്യം, സമത്വം,
സാഹോദര്യം
എന്നിങ്ങനെ പഠിച്ച പാഠങ്ങളിലൊന്നും
അവനാരും ഇടം കൊടുത്തില്ല
അവനവൻ്റെ ഉടൽ മാത്രമേ അവൻ്റേ തായി ഉണ്ടായി രുന്നുള്ളൂ
അതുകൊണ്ടാവും
ആരോടും പറയാതെ
കത്തിയ സ്വപ്നങ്ങളുടെ ചാരം
അക്ഷരങ്ങളുടെ രൂപത്തിൽ
ഒരു കുറിപ്പിൽ വെച്ച്
സ്വന്തം ശരീരത്തിൽ നിന്നും
അവൻ ഇറങ്ങിപ്പോയത് .
.................................മുനീർ അഗ്രഗാമി

പാളയും കയറും

പാളയും കയറും
............................
കിണറിനാഴത്തിലെ
തെളിനീരിനോടുള്ള
വിനയമായിരുന്നു
അതിനടുത്തേക്ക്
താണിറങ്ങിയ
പാളയും കയറും
കനിഞ്ഞു കിട്ടിയ ജലം
കുനിഞ്ഞു കോരുമ്പോൾ
അറിയാതെ അമ്മയെന്നെയതു
പഠിപ്പിച്ചിരുന്നു
പാളയിൽ നിറഞ്ഞു തുളുമ്പിയ പുഞ്ചിരിയാൽ
എൻ്റെ കൈക്കുമ്പിൾ
നിറയ്്ക്കുവാൻ മണ്ണമ്മയും ശ്രമിച്ചിരുന്നു
അമ്മ ഓർമ്മയായ പോൽ
ജലവിതാനം താഴ്ന്നുപോയ്
കിണറ്റിൻ കരയിലെ
കഥകളും തീർന്നു പോയ്
സ്നേഹം പോലിത്തിരി
വറ്റാതെ ബാക്കിയായ്
കോരുവാനും കുടിക്കുവാനുമാവില്ലത്
കാണുവാൻ മാത്രം
പൈപ്പുവെള്ളത്തിൽ
ഷവറിൻ ചുവട്ടിൽ
നിവർന്നു നിന്നു കുളിക്കുമ്പോൾ
ചെറിയൊരോർമ്മ
ഞങ്ങളിൽ നിന്നും
മരിച്ചു പോയ വിനയമായിരുന്നല്ലോ
വിനീതനായ ഗുരുവായിരുന്നല്ലോ
പാളയും കയറും!


.................................
മുനീർ അഗ്രഗാമി

ഒരു വാക്കല്ല

ഫാഷിസം
ക്ലീഷേയാകുമ്പോൾ
ദളിതം
ഒരു വാക്കല്ല
ഉയിർത്തെഴുന്നേൽക്കേണ്ട
അർത്ഥമാണ്

നിർവ്വികാരമായ

നിർവ്വികാരമായ ഒരു കാറ്റ്
എന്നെ തൊട്ടു
മുമ്പതോ കാറ്റിൽ
തമ്മിൽ തൊട്ടതിൻ്റെ 
ഓർമ്മയന്നേരം
മെല്ലെയിളകി,
കരിയിലകൾ
കരയുമ്പോലെ
.................................മുനീർ അഗ്രഗാമി

നര

നര
..........
വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്
നോക്കി നിൽക്കെ
മരമായിപ്പോയ് ഒരാൾ !
തണലിൽ
വീണു കിടക്കുന്ന ഇലകൾ കണ്ട്
സങ്കടം വന്ന്
അയാളുടെ പകലു പോലും
കറുത്തു പോയ്
മകരമഞ്ഞിലൊറ്റയ്ക്ക്
വിറച്ചു നിൽക്കെ
കൂട്ടു വന്നിരിക്കുന്നു ചില
വെളുത്ത മാലാഖമാർ
സങ്കടപ്പെടല്ലേ
ഞങ്ങളുണ്ടടുത്തുണ്ടെന്നു
കുറുകി ചില്ല തോറുമവർ
വന്നിരിക്കുന്നു
വിട്ടു പോവില്ല വ
നരയാ ണവയുടെ ചിറകുകൾ
മരണമെത്തുവോളമവ
കറുപ്പിലൊക്കെയും
തഴുകിയിരിക്കും
ഞൊടിയിട അയാൾ ,
ഹാ എൻ്റെ പ്രാവുകൾ!
എന്നു സന്തോഷിച്ചു പോയ്.
................................മുനീർ അഗ്രഗാമി

പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ

ഞങ്ങളുടെ നഗരത്തിൽ വന്നവനേ
നിന്നെ കാത്തിരുന്ന ശൂന്യതയിലേക്ക്
നീ നിൻ്റെ നാദം നീട്ടിയെറിഞ്ഞു.
എന്തൊരത്ഭുതം !
ഓരോ വാക്കും ഓരോ തേൻ കുരുവിയായി;
ഞങ്ങൾ ഓരോ പൂക്കളും
പ്രതിമകളുടെ നഗരമായി
രുന്നു ഞങ്ങളുടേത്
മരിച്ചവരുടെ പുഞ്ചിരികളിൽ പിടിച്ച്
വീഴാതെ നിൽക്കുകയായിരുന്നു.
ദാഹജലം പോലെ നീ പാടുമ്പോൾ
മകരമഞ്ഞിൻ്റെ പുതപ്പു വലിച്ചു മാറ്റി ഞങ്ങളെഴുന്നേൽക്കുന്നു
നീ മഹാമാന്ത്രികനാണ്
ഗസൽമാന്ത്രികൻ
വിയോഗത്തെ കുറിച്ചും
വിരഹത്തെ കുറിച്ചും
നീ പാടുമ്പോൾ,
വിഭജനത്തിൻ്റെ മുറിവുണങ്ങുന്നു
പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ
പ്രതിമകളും പ്രതികളും
ഒരു പൂവു ചോദിക്കുന്നു
നീ മുന്നിലിരിക്കുമ്പോൾ
ഞങ്ങൾക്കൊരേ ജാതി
ഞങ്ങൾക്കെരേ മതം
ഞങ്ങളുടെ നഗരത്തിന് എന്നും
സ്നേഹത്തിൻ്റ ജാതി
പ്രണയത്തിൻ്റെ മതം
അതു കൊണ്ടാണ്
നിന്നെ ഞങ്ങൾ കാത്തിരുന്നത് ;
മുമ്പ്
മനുഷ്യനെന്ന ഒറ്റ ക്കാരണത്താൻ
മാൻഹോളിലേക്കിറങ്ങിപ്പോയത്
അതിർത്തിയിൽ കരിമ്പിൻ തോട്ടത്തിൽ
അതിക്രമിച്ചു കയറിയ കാട്ടാനകൾ
നിൻ്റെ പാട്ടു കേട്ടിരുന്നെങ്കിൽ
പൂമ്പാറ്റകളായേനെ
അതിർത്തിവേലി കളിൽ അവ
പൂക്കളെ പോലെ വന്നിരുന്നേനെ
നിൻ്റെ ഗാനത്തിനുള്ളിലെവിടെയോ
ഒരു സങ്കടമുണ്ട്
രണ്ടു രാജ്യങ്ങളുടെ ആത്മാവിൻ്റെ തേങ്ങലാണത്
നിൻ്റെ വരികളിൽ പ്രണയവും വിരഹവും പെയ്യുമ്പോൾ
നഗരത്തിൻ്റെ ആത്മാവും
അവിടെ ചെന്നിരിക്കുന്നു
പെട്ടെന്ന്
നീ സ്നേഹത്തെ കുറിച്ച്
ഒരു വരി മൂളുന്നു
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
ഒരരിപ്രാവായ് അതു പറന്നു പൊങ്ങുന്നു
പൊങ്ങുന്നു...
(മകരമഞ്ഞിൽ ഞങ്ങൾക്കു വേണ്ടി പാടിയവന് )
...................................
മുനീർ അഗ്രഗാമി

സന്തോഷിക്കുവാൻ !

ഇഴയുമ്പോൾ 
എന്നെ എടുത്തു പറന്ന ചിറകേ...
നിന്നിലെൻ്റെ വേദനകൾ
ചിത്രമെഴുതുന്നു,
വെറുത്തവരെന്നെ കണ്ടു
സന്തോഷിക്കുവാൻ !

..................................
മുനീർ അഗ്രഗാമി

നിൻ്റെ ഗസൽ

നിൻ്റെ ഗസൽ
ഞാനിവിടെയിരുന്ന് കേൾക്കുന്നു
നിന്നോടുള്ള പ്രണയമെനിക്കത് 
പാടിത്തരുന്നു
അതിൽ അകലവും
ദൂരവും അലിഞ്ഞു പോകുന്നു


...........................................
മുനീർ അഗ്രഗാമി

മഞ്ചാടിക്കവിത - 8- പാത്രം

മഞ്ചാടിക്കവിത - 8-
പാത്രം
..... .........
സങ്കടങ്ങൾ തിന്നു തീർന്നു 
പാത്രം ബാക്കിയായി
നെടുവീർപ്പുകളതു
കഴുകുന്ന മാത്രയിൽ
വീണു ചിതറുന്ന കുളിരിൽ
സന്തോഷം മാത്രമായി ;
നിറഞ്ഞു പോയ്
കഥാപാത്രം !

...................................
മുനീർ അഗ്രഗാമി 

എൽ.കെ .ജി ,യു.കെ ജി .

എൽ.കെ .ജി ,യു.കെ ജി .
...........................................
ഉണരും മുമ്പ് പറിച്ചെടുത്ത്
അമ്മ സ്ക്കൂൾ ബസ്സിൽ
കൊണ്ടു വെയ്ക്കും 
കിളിയൊന്നു മണത്തു നോക്കി
സീറ്റിൽ എടുത്തു വെയ്ക്കും
ചേച്ചിമാർ മാറി മാറി
മടിയിൽ വെയ്ക്കും
ഉമ്മ തന്ന് അരികിലേക്ക്
മാറ്റിവെയ്ക്കും

കോടമഞ്ഞു കളിക്കും വഴിയിലൂടെ ബസ്സുപോകും
ചെറിയ നിരത്തു തീരുമ്പോൾ
ബസ്സു തിരിയും
ഒരുഞെട്ടലാൽ
വാടിത്തുടങ്ങിയ ഇതളുകൾ ഇളകും
ഇരുന്നിരുന്ന് പിന്നെയും വാടും
ക്ലാസിലെത്തിയാൽ
ഇല്ല കലപില;
കളിമ്പങ്ങളും.
പൂവട്ടിയിലെന്നപോൽ
ഒതുങ്ങിയിരിക്കും
എഴുതും പഠിക്കും
പാട്ടു പാടും
തത്തമ്മയെ പോൽ
പാടമില്ലാ പാഠമുരുവിടും
പകലു കഴിയും

തിരിച്ചു പോകുമ്പോൾ
വാടിക്കൊഴിഞ്ഞ പോൽ
സീറ്റിലിരിക്കും
അമ്മ വന്നെടുക്കും
വെള്ളമൊഴിച്ചു വിടർത്തുവാൻ നോക്കും
" എറൻ്റ പൂവേ... പൂവേ ... " എന്നച്ഛൻ വിളിക്കും
ഏതോ സ്വപ്നത്തിലെന്ന പോൽ
അതു കേൾക്കും

"വീണപൂവുപോൽ
വീണുപോയല്ലോ അച്ഛാ ..."
എന്നു കരയുമുളളം
വീട്ടിലച്ഛനുള്ള നാൾ
പുനർജനിച്ച്
വിടരുവാനായ്
അന്നത്തെ ദിവസം മരിക്കും.
.........................മുനീർ അഗ്രഗാമി

ഓർമ്മകൾ തുന്നിയ

ഓർമ്മകൾ തുന്നിയ
തൂവാലയാം മനസ്സിൽ
നമ്മെ നോക്കി ച്ചിരിച്ച
റോസാ പൂവുകൾ
ഇതളുകളഴിഞ്ഞ് ഇറ്റി വീഴുന്നു,
രക്തത്തുള്ളികളായ്
നീയകന്നു പോയ കാറ്റിൽ !


......................................
മുനീർ  അഗ്രഗാമി 

ഹേ ഗുലാം അലി

ഹേ
ഗുലാം അലി !
പാടുക ,
പാടുക നീ
താളമെങ്ങോ വീണു പോയൊരെൻ
നാടിന്നു വേണ്ടിയൊരു ഗാനം
ഈണമെങ്ങോമുറിഞ്ഞു പോയൊരു
നാട്ടു നന്മയ്ക്കു വേണ്ടിയൊരു ഗാനം
വേലി കെട്ടിത്തിരിച്ച മനസ്സുകൾ
തമ്മിലിണങ്ങുവാൻ
സ്നേഹമായൊരു ഗാനം
അതിരുകളലിയിക്കുവാൻ
ആർദ്രമായൊരു
പ്രണയമസൃണമാം ഗസൽ
ഹേ ഗുലാമലി,
ഒഴുകട്ടെ നിൻ്റെ
മൃദുല ഗാനങ്ങൾ
മാമക നാടിന്നാത്മാവിൽ
മധുര സ്നേഹം മാത്രമായ്
മതേതരമായ്
വർണ്ണരഹിതമായ്
ആസ്വദിക്കട്ടെ
നിൻ നാദവീചികൾ തൻ
വർണ്ണരാജികൾ
ലാഹോറും കൽക്കത്തയും
കേരളവും നിൻ്റെ
ഗസലുകാതോർത്തു
കാതരയാകുന്ന പ്രണയികൾ
പ്രണയത്തിലെന്നപോൽ
സംഗീതത്തിനില്ല
ജാതിയും മതവുമെന്ന്
നിന്നെ കേൾക്കുവാൻ
കാത്തിരിക്കുന്ന കാതുകൾ
ഹേ ഗുലാമലി !
പാടുക,
പാടുക നീ
വർഷകാലം പോലെ
ഞങ്ങളിലലിഞ്ഞു ചേർന്ന
ഗസൽമഴയായ്
നിൻ്റെ ശബ്ദത്തുള്ളികൾ
വീണു കിളിർക്കട്ടെ ഞങ്ങൾ
പച്ച മനുഷ്യരായ്
സഹിഷ് ണുതതൻ നേർത്ത കാറ്റിൽ
നെൽച്ചെടികളായ്
തമ്മിൽ വിദ്വേഷമില്ലാതെ
തൊട്ടു തൊട്ടിളട്ടെ
മഴയിലും കാറ്റിലും
മഞ്ഞുതുള്ളി പ്പെയ്ത്തിലും
മറഞ്ഞിരുന്നു പാടും
ജീവിത സ്നേഹ ഗായകൻ
നിൻ്റെ ശബ്ദമാധുരിയായ്
ഞങ്ങളിൽ വെളിപ്പെടട്ടെ
ഹേ
ഗുലാം അലി
പാടുക
പാടുക നീ
ആനന്ദ രസധാരയായ്
ഞങ്ങളിൽ നിറയ്ക്കുക
ഭാഷയും ദ്വേഷവും ദേശവും വിദ്വേഷവുമില്ലാത്ത
പ്രണയ സുധാരസം
.................മുനീർ അഗ്രഗാമി

ബാവുൽ ഗാനം

ബാവുൽ ഗാനം
..........................
ബാവുൽ ഗായകാ
നിൻ്റെ ഗാനത്തിലെന്നാനന്ദ -
മോരോ തുള്ളിയായ്
ഇറ്റി വീണൊഴുകുന്നു
പുഴയായ്
മനസ്സിന്നിരു കരയും തഴുകി
പ്രണയക്കുളിരേകി
കടലിലെത്തുന്നു,
നിന്നിൽ നിന്നെന്നിലേക്ക്
നിറഞ്ഞു തൂവിയ ഉന്മാദക്കടലിലെത്തുന്നു
ബാവുലിന്നൊലികൾ
തിരകളായ് തീരത്തു
കഴിഞ്ഞ കാലം കോറിയിട്ട
സങ്കടം മയയ്ക്കുന്നു
തിര മുറിച്ചൊഴുകുമാദിമ സംഗീതമൊരു തോണിയായതിൽ
ബാവുൽ ഗായകാ നീയെൻ്റെ
പ്രണയിയെയിരുത്തുന്നു
തുഴയില്ലാതെ യേതോ തഴുകലിൽ
ഈണത്തിലയാൾ ഈണത്തിൻ നിമ്നോന്നതങ്ങളറിയുന്നു
എന്നിലെ വിഷാദം കടന്നു പോകുമത്തോണിയിൽ
ദൈവത്തിൻ്റെ മുഖം
അതിലെൻ്റെ
പ്രണയ ചുബനങ്ങൾ.

..........................................
മുനീർ അഗ്രഗാമി 

പാവം നക്ഷത്രങ്ങൾ

പാവം നക്ഷത്രങ്ങൾ
........:..... ....... .:............
രാത്രിയുടെ പർദ്ദയ് ക്കുള്ളിൽ നിന്ന്
രണ്ടല്ല
അനേകം കണ്ണുകൾ നോക്കുന്നു
ഇരുട്ടിൽ കഴിയുന്ന ഒരാൾ
ആ വെളിച്ചത്തിൽ
ലോകത്തെ വായിക്കാൻ നോക്കി
കണ്ണുക ളല്ലാതെ
ഒന്നും കണ്ടില്ല

പാവം നക്ഷത്രങ്ങൾ
എന്നു പറഞ്ഞ്
അയാൾ പുലരി കാത്തിരുന്നു
...................മുനീർ അഗ്രഗാമി
പേടി
...........
പാർട്ടി മരിച്ചു പോകുമോ
എന്നു പേടിച്ച്
പാർട്ടിയുടെ കുട്ടിക്കാലം ഓർത്ത്
ആരുടേയോ ഒരു സഖാവ്
വൃദ്ധസദനത്തിൽ വെറുതെ ഇരിക്കുന്നു

പുറത്തു നടക്കുന്നതും
അകത്തു നടക്കുന്നതും
അയാൾ അറിയുന്നുണ്ട്

അയാളുടെ പേടിയിൽ
ആർക്കെങ്കിലും പേടിയുണ്ടോ 
എന്നയാൾക്കറിയില്ല
എങ്കിലും 
അയാൾ കരയുന്നു
അയാളും അയാളുടെ പേടിയും 
മാത്രമതറിയുന്നു

............................
മുനീർ അഗ്രഗാമി 

മേഘസന്ദേശം

മേഘസന്ദേശം
.........................
ഓരോ മേഘവും
ഓരോ വിരഹികളുടെ
സന്ദേശ ങ്ങളാണ്
അല്ലാതെങ്ങനെയാണവ
ഇത്രയും കണ്ണു നിറഞ്ഞ്
പെയ്യുക!


....................
മുനീർ അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 7 -നീ തന്ന ചുംബനങ്ങൾ

മഞ്ചാടിക്കവിതകൾ - 7 -


നീ തന്ന ചുംബനങ്ങൾ
ചേർത്തു വെച്ചെൻ്റെ
കണ്ണുകൾ നിറഞ്ഞു
നിന്നഭാവമെന്നെ
ശൂന്യമാക്കുമ്പോൾ

തടാകമാണ് രാത്രി

ഉറക്കിൻ്റെ തുളളികളിൽ 
ഉറങ്ങാതെകിടക്കുന്ന
തടാകമാണ് രാത്രി.

വെയിൽ ഒരു കിളിയാണ്

വെയിൽ ഒരു കിളിയാണ്
.......................... ....
വെയിൽ ഒരു കിളിയാണ്
കിഴക്കുനിന്നും പറന്നു വന്ന്
ജനൽ പാളിയുടെ വിടവിലൂടെ
അകത്ത് പറന്നിറങ്ങുമ്പോൾ
സൂര്യനെ നോക്കി
കുറച്ചു നേരം
ചിക്കിപ്പെറുക്കി നടക്കുമ്പോൾ
ഉച്ചതിരിയുവോളം
അവിടെയിരുന്ന്
നിശ്ശബ്ദമായ് ചിറകടിച്ച്
പടിഞ്ഞാട്ട് പറക്കുമ്പോൾ.
എൻ്റെ കൂട്ടിൽ
എൻ്റെ കിടക്കയിൽ,
പോയിക്കഴിഞ്ഞിട്ടും
അതു കിടന്നതിൻ്റെ ചൂട്
ചൂടാറുന്നതു വരെ
വിയോഗം ചിറകടിക്കുന്നു
എൻ്റെ കിടക്കയിൽ
എൻ്റെ മുറിയിൽ.
അതു നാളെ വരുവോളം ഞാൻ
ഇരുട്ടിൽ വെളുക്കുവാൻ ശ്രമിച്ച്
വെളുക്കുവോളം !
.........................മുനീർ അഗ്രഗാമി

മരിച്ചു പോകുന്നവർ

മരിച്ചു പോകുന്നവർ
അവരിൽ നിന്നേ പോകുന്നുള്ളൂ 
ആ യാത്രയ്ക്ക് 
അവരവരുടെ ശരീരം വാഹന മാക്കുന്നു എന്നേയുള്ളൂ
ആ വാഹനം ഉപേക്ഷിച്ച്
തിരിച്ചു വരാൻ
സ്നേഹിക്കുന്നവരുടെ
മനസ്സാണവർക്ക് വാഹനം
അതുകൊണ്ട്
അവർ തിരിച്ചു വന്നെന്നറിയിക്കുവാൻ
നമ്മളിൽ നിന്ന്
ഒരു പൂ പറിക്കുമ്പോൾ
കണ്ണീരു പൊടിയും
അവർക്ക് നീന്തിക്കുളിക്കുവാൻ!


..........................................മുനീർ അഗ്രഗാമി 

അതിർത്തി

അതിർത്തി
....................
ഇല്ല.
ഞാൻ വിചാരിച്ച പോലെ
അത്ര എളുപ്പം
അതിർത്തി മാഞ്ഞു പോവില്ല
ആരെയും ഗൗനിക്കാതെ
അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും പടർന്നു കയറി
അതിർത്തി മൂടി വെച്ച പച്ചിലകൾ
ഒരു വെടിയൊച്ചയിലാണ് കരിഞ്ഞത്
കറുത്ത സങ്കടങ്ങളുടെ മുകളിലൂടെ
ഞാൻ നോക്കുമ്പോൾ
കരിഞ്ഞ പാടിൽ
ഒരു ചുവന്ന വര കനക്കുന്നു
മനുഷ്യ രക്തം അതിലൂടെ ഒഴുകുന്നു
അതിനടുത്ത്
ആഗ്രഹങ്ങൾ ഓരോന്നെടുത്തു വെച്ച്
കെട്ടിപ്പൊക്കിയ കോട്ടയിൽ
ആയുധം പിടിച്ച്
ഒരു ജവാൻ.
കോട്ടയ്ക്കടിയിൽ ഒരു രഹസ്യ വഴിയുണ്ട്
പിടിക്കപ്പെടുമെന്നു തോന്നുമ്പോൾ അയാളുടെ
കണ്ണീരിന് രക്ഷപ്പെടാനാണത്
ഭീകരരുടെ നുഴഞ്ഞുകയറ്റം
എത്ര തകർത്തിട്ടും
തകർക്കാനാവാത്ത മറ്റൊരു നുഴഞ്ഞുകയറ്റം അയാളിലുണ്ട്
അതൊരു പുഞ്ചിരിയാണ്
അയാളുടെ പുഞ്ചിരി സൂക്ഷിക്കുന്ന
മറ്റൊരു പുഞ്ചിരി
ഒരു വെടിയുണ്ടയോ ഷെല്ലോ
അയാളെ തകർക്കുമ്പോൾ
അയാൾ കയറി നിൽക്കുന്ന
ആ കോട്ടയും
ആ പുഞ്ചിരിയും ഇല്ലാ താകുന്നു
അതിർത്തിയിൽ കാവൽ നിൽക്കുന്ന
പട്ടാളക്കാരനെ കാത്തു നിൽക്കുന്ന
അയാളുടേതു മാത്രമായ
അതിർത്തിയില്ലാത്ത ഒരു രാജ്യം മാത്രം
അനാഥമാകുന്നു
രണത്തിലൂടെയോ
മരണത്തിലൂടെയോ
അതിർത്തി ഇല്ലാതാകുന്നില്ല
ഇല്ല
അതിർത്തി
മായുകയേ ഇല്ല.
വെടിയുണ്ടകൾ
അലിഞ്ഞ് സ്നേഹത്തുള്ളികളാകും വരെ 

..........................................................................മുനീർ ആഗ്രഗാമി 

മഞ്ചാടിക്കവിതകൾ --6- ചിറകടി

മഞ്ചാടിക്കവിതകൾ --6-
ചിറകടി
...............
പൂമ്പാറ്റ ഇന്നലകളെ
പുഴു വെന്നു വിളിക്കുമ്പോൾ
പുഴു നാളെയെ
വർണ്ണശബളമെന്നു
വിളിക്കുമ്പോൾ
ജീവിതം ചിറകടിക്കുന്നു

......................................മുനീർ അഗ്രഗാമി 

കണ്ണകി

കണ്ണകി
...................
ഓരോ സ്ത്രീയുടെ ഉള്ളിലും
ഒരു കണ്ണകിയുണ്ട്
സ്നേഹമുള്ളയാൾ 
കണ്ണേയെന്ന് വിളിക്കുമ്പോൾ
അവളിൽ നിന്ന് അവളിറങ്ങി വരും
ലോകമണ്ഡപത്തിൽ
തീക്കളിയിൽ
ജ്വാലാനൃത്തങ്ങളിൽ
പൊള്ളിയെത്തുമ്പോളവനു കുളിരുവാൻ അവളേ പെയ്യൂ
അവനിലൊന്നുമില്ലെന്നറിയുമ്പോൾ
അവനിയിൽ
അവനുയരുവാൻ,
അവനിലുമവളിലും
അവനുണ്ടാകുവാൻ
തൻ്റെ പവിഴച്ചിലമ്പു പോലുമവളഴിച്ചു കൊടുക്കും
ആരെങ്കിലും അവനെ അവിശ്വസിക്കുമ്പോൾ,
അവനെ ആട്ടിയകറ്റുമ്പോൾ
കണ്ണകി
അവളുടെയുളളിൽ നിന്നേ പുറത്തിറങ്ങൂ
രാജ്യമായാലും രാജാവായാലും
അവനെയില്ലാതാക്കിയാൽ
അവൻ്റെ വംശത്തിനന്നമേകാൻ വെച്ച അമൃതകുംഭം പറിച്ചെറിഞ്ഞ്
അഗ്നിയായവൾ
അവർക്കു മുകളിലൂടെ നൃത്തം ചെയ്യും
ഓരോ സ്ത്രീയും
അവൻ്റെ തിരിച്ചു വരവ്
കാത്തുകാത്തിരുന്ന്
കണ്ണകിയായിപ്പോകുകയാണ്
.....................................................
മുനീർ അഗ്രഗാമി
..

മഞ്ചാടിക്കവിതകൾ - 5 - ചൂടായൊരാൾ

മഞ്ചാടിക്കവിതകൾ - 5 -
ചൂടായൊരാൾ 
....................................
ചുറ്റിപ്പിടിച്ചടുത്തിരിക്കും തണുപ്പേ
ആരും കാണാതെയെനിക്കു
കുളിർ തന്നവളേ...
ഓടിക്കോ!
ചൂടായൊരാൾ 
എനിക്കു ചൂടുമായ് വരുന്നുണ്ട്!

.............................................
മുനീർ അഗ്രഗാമി 

ഒരേ മരത്തിൽ

ഒരേ മരത്തിൽ
........................
വേരുകാണാതെ 
ചിരിച്ചിളകുന്ന
പൂവുകളാണു നാം
ഒരേ യൂണിഫോമിൽ
ഒരേ മരത്തിൽ
തമ്മിലറിയാതെ തൊടാതെ
സെൽഫിയെടുത്തു കളിക്കുന്നു
മരത്തിൽ ഭാരതമെന്ന്
ഏതോ ഭ്രാന്തൻ 

പേരു കൊത്തിവെച്ചിരിക്കുന്നു!

..........................................................
മുനീർ അഗ്രഗാമി  

ആരുമില്ലാത്തൊരുച്ചയിൽ

ആരുമില്ലാത്തൊരുച്ചയിൽ
............................................
ആരുമില്ലാത്തൊരുച്ചയിൽ
മനസ്സിൻ്റെ പച്ചിലകളിൽ
ഓർമ്മത്തുമ്പികൾ
വന്നിരിക്കുന്നു
ഇളം കാറ്റുപോലെ
പുറത്തിറങ്ങിയ നിശ്വാസത്തിൽ
ഏതോ സങ്കട നിഴലുകൾ
ഒരിലഞ്ഞിപ്പൂവിനു കൈനീട്ടുന്നു
വയലിലൂടെ ഇളം വെയിൽ
പടിഞ്ഞാട്ട് നടന്നു പോകുന്നു
അതിൻ്റെ പിന്നാലെ
കൈതകൾ കാവലു നിൽക്കുന്ന തോട്ടിൽ നിന്ന്
അച്ഛൻ സങ്കടത്തിൽ കുളിച്ചു കയറി വരുന്നു
പാടം കണ്ട് മതിവരാത്ത തെങ്ങുകൾ
പച്ച മുടിത്തുമ്പിൽ
തത്തകളെ ഊഞ്ഞാലാട്ടുന്നു
അമ്മയുമമ്മായിയും അമ്മൂമ്മയും
മുറുക്കിച്ചുവന്ന്
കഥകളഴിക്കുമ്പോലെ
അവയുമെന്തോ പറഞ്ഞിരിക്കുന്നു
കുന്നിൻ ചരിവിൽ മയങ്ങി വീണ സന്ധ്യയെ എടുക്കാൻ
രാവോടിയെത്തുന്നു
അപ്പോൾ ചിങ്ങമാസത്തിൻ്റെ കണ്ണിൽ നിന്ന്
രണ്ടു മൂന്നു തുള്ളികൾ
ഇറ്റി വീണു
ഇലകളാകെ നനഞ്ഞു
തുമ്പികളുടെ കണ്ണുനിറഞ്ഞു
ഇരുൾ വന്നു മൂടുന്നു
പാവം മനസ്സിനിയെന്തു ചെയ്യും ?
നിറഞ്ഞു തൂവുകയല്ലാതെ ;
ഒരു രാത്രിമഴ പോലെ!
....................................................മുനീർ അഗ്രഗാമി

മഞ്ചാടിക്കവിതകൾ - 4 -അതിരാണ് പ്രണയം



അടുത്തടുത്ത് കിടക്കുന്ന 
രണ്ടു് രാജ്യമാണ് നാം
അതിനിടയിലെ
അതിരാണ് പ്രണയം
സ്വപ്നങ്ങൾ
പടർന്ന് പൂവിടുമ്പോൾ
അത് കാണാതാവുന്നു

പുതുവർഷം

പുതുവർഷം
.......................
രാജ്യസ്നേഹികളുടെ സ്വപ്നത്തിൽ നിന്ന്
പാകമാകും മുമ്പേ പറിച്ചെറിഞ്ഞ രാജ്യം
കാശ്മീരി ആപ്പിൾ പോലെ
പുതുവർഷത്തിലേക്ക്
ഉരുണ്ടുരുണ്ട് പോകുന്നു
കലാപം കൊണ്ട് വികൃതമായ ഭൂപടം പോലെ
ചതഞ്ഞും പോറിയും
അതിൻ്റെ പുറംതൊലി
പ്രതിമകളുടെ തെരുവിലൂടെ
തണുത്ത പ്രഭാതത്തിലൂടെ
അതുരുളുന്നു
ഗാന്ധിജിയുടെയും ബുദ്ധൻ്റെയും 
മിനുസമേറിയ പ്രതിമകളിൽ തട്ടിയപ്പോൾ
അകക്കാമ്പിൽ കുളിര്
കാഠിന്യമേറിയ പുതിയ പ്രിതിമകളിൽ തട്ടിയപ്പോൾ
ഉടലാകെ മുറിവ്
മുറിവിനുള്ള ഒറ്റമൂലിയുമായ്
കലപ്പയേന്തിയ ഗ്രാമീണൻ വരും
അവൻ്റെ കൂലി ചൂണ്ടുവിരലിൽ
ഒരു തുള്ളി മഷി
എന്നത്തേയും പോലെ ഉദിച്ച സൂര്യൻ
രാജ്യത്തെ നോക്കി
ചിരിച്ചു തുടങ്ങി
എന്നിട്ട് കലണ്ടറിലെ കറുത്ത അക്കങ്ങളോടു പറഞ്ഞു,
നോക്കൂ
വരും ദിനങ്ങളിൽ നിങ്ങളിലൂടെ
 ഫാഷിസ്റ്റുകൾ ഉരുട്ടിക്കളിക്കാൻ പോകുന്നപഴമിതാ...
സൈബർ സ്പേസിലെ
എല്ലുന്തിയ പഴം
ആപ്പിളെന്ന തോന്നലിൽ
ആപ്പിലായിപ്പോയ രാജ്യം!

..............................മുനീർ അഗ്രഗാമി

വർഷിച്ചതിൽ നിന്ന് വർഷിക്കാനുള്ളതിലേക്ക്

വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്

................................................
മഞ്ഞു കുതിരകൾ വലിക്കുന്ന രഥത്തിൽ
ഞാനും നീയും
ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് പോകന്നു
കാഴ്ചക്കാരുടെ ഭാഷയിൽ
ഒരു വർഷത്തിൽ നിന്ന്
മറ്റൊരു വർഷത്തിലേക്ക്
നമ്മുടെ ഭാഷയിൽ
വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്
കുളിരിൻ്റെ ചക്രങ്ങളിൽ
അറിയാതൊഴുകുമ്പോലെ
തൊട്ടു തൊട്ടിരുന്ന്
ഒഴുകിപ്പോകുന്നു
നമ്മുടെ നിശ്വാസത്തിൻ്റെ ചരിവിലെ
സമയത്തിൻ്റെ പഴയ പാളത്തിലൂടെ
കടന്നുപോയ തീവണ്ടിയിൽ
നമുക്കൊപ്പം നടന്നവരുടെ
കിതപ്പുകൾ
പൊട്ടിച്ചിരികൾ
കരച്ചിലുകൾ...
ആരോ കൊണ്ടു പോകുന്നു
മയക്കത്തിൽ നാമതു കേട്ട് ഞെട്ടിയുണരുന്നു
പാലം കടക്കുമ്പോലെ നാം
പാതിരയുടെ
ഒരു നിമിഷം കടക്കുന്നു
ഒരു മിടിപ്പിൽ നിന്ന്
മറ്റൊരു മിടിപ്പിലേക്ക് കുതിക് കുന്നു
നമുക്കൊപ്പം ചിലരുണ്ട്
സങ്കടം കൊണ്ട്
പുറത്തറിയിക്കാത്തവർ;
വേദനയേറുമ്പോൾ നീ മുടിത്തുമ്പി ലൊളിപ്പിച്ച രാത്രികൾ
വാടി വീഴാതിരിക്കാൻ
ഞാൻ മടിത്തട്ടിലൊളിപ്പിച്ച
പകലുകൾ...
ഉയിരൊന്നാകെ പൂവിടുന്ന
ചുംബന വസന്തങ്ങൾ
നാം തികച്ചും വന്യമായ
ഒരു യാത്രയിലാണ്
തണുപ്പിൻ്റെ ശീൽക്കാരങ്ങളിൽ
കാറ്റിൻ്റെ മോങ്ങലിൽ
കുടുങ്ങി പിടയുന്ന
പാതിരാ നിരത്തിൽ
ഒരു സ്പർശത്തിൻ്റെ സുരക്ഷയിൽ
ഒരു നിമിഷത്തിൻ്റെ
വന്യതയിൽ 


........................മുനീർ  അഗ്രഗാമി 

രണ്ടു തുളളികളായ്

മഞ്ചാടിക്കവിത - 2 -

തിരിച്ചൊഴുകുവാനാകാതെ
നാം 
രണ്ടു തുളളികളായ്
സമയപ്പുഴയിൽ 
പുതുവർഷമെന്ന ബിന്ദു കടക്കുന്നു
..............................മുനീർ  അഗ്രഗാമി 

മഞ്ചാടിക്കവിതകൾ - 1 -ഞാൻ

മഞ്ചാടിക്കവിതകൾ - 1 -ഞാൻ


ഇരുളിലലയവേ
നിൻ്റെ പ്രകാശത്തിൻ
പൊട്ടുകളുദിക്കുമാകാശം ഞാൻ
..................................................
മുനീർ അഗ്രഗാമി 

വിജയം

വിജയം
.............
എല്ലാവരോടും ചിരിക്കാൻ
കുഞ്ഞുപൂക്കൾ പഠിപ്പിച്ചു
എല്ലാവർക്കും വേണ്ടി ഉരുകാൻ
അച്ഛൻസൂര്യൻ പഠിപ്പിച്ചു
എല്ലാവരിലും നിറയാൻ
അമ്മ മഴ പഠിപ്പിച്ചു
എല്ലാർക്കും കൊടുക്കാൻ
മുത്തശ്ശിമാവു പഠിപ്പിച്ചു
പഠിച്ചതിൻ കണക്കെടുത്ത നാൾ
എഴുതുവാനാകാത്ത ഉത്തരങ്ങൾ
ഉള്ളിൽ നിറഞ്ഞ്
ഞാൻ വിജയിച്ചു.

..................................................................മുനീർ അഗ്രഗാമി 

കാണാതായി

കാണാതായി
.....................
പേര്
സ്നേഹക്കുന്ന്.
ഒത്ത ഉയരം
പച്ച നിറം
വലതു ഭാഗത്ത്
ആനപ്പാറയുണ്ട്
അതിനടുത്തൊരു കണിക്കൊന്ന
ഇടതു ഭാഗത്ത്
പച്ചപ്പാടം
ഇന്നലെ രാത്രി മുതൽ
കേരളത്തിൽ നിന്നും കാണാതായി
കണ്ടു കിട്ടുന്നവർ
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക
***
അന്വേഷണം
.......................
പരസ്യം കണ്ട് ആളുകൾ
വിളിയോടു വിളി.
കണ്ടതൊക്കെ
മറ്റേതോ കുന്നിൻ്റെ
എല്ലും മുള്ളും
മറ്റേതോ നാടിൻ്റെ
രക്തവും മജ്ജയും.
മറ്റേതോ കൊടുമുടിയുടെ
ചില മുടിയിഴകൾ ...
അന്വേഷണം തുടർന്നു
....
***
പുരോഗതി
....................
രണ്ടു മാസം കഴിഞ്ഞ്
വയലിൽ നിന്ന്
അതിൻ്റെ പെരുവിരൽ കിട്ടി
അഴുകിയിരുന്നു.
കേടായ ലോറിയിൽ നിന്ന്
മോതിരവിരൽ.
ഒരു കെട്ടിടത്തിനുള്ളിൽ
ഒളിപ്പിച്ച നിലയിൽ
ചെറുവിരൽ
അന്വേഷണം
അത്ര എളുപ്പം തീരില്ല
നാടായ നാടൊക്കെ
നിരത്തു വക്കിൽ നിന്ന്
ഏതൊക്കെ യോ വാഹനത്തിൽ നിന്ന്
അതിൻ്റെ നിലവിളി കേട്ടു പോലും !

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.....................മുനീർ അഗ്രഗാമി