വർഷിച്ചതിൽ നിന്ന് വർഷിക്കാനുള്ളതിലേക്ക്

വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്

................................................
മഞ്ഞു കുതിരകൾ വലിക്കുന്ന രഥത്തിൽ
ഞാനും നീയും
ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് പോകന്നു
കാഴ്ചക്കാരുടെ ഭാഷയിൽ
ഒരു വർഷത്തിൽ നിന്ന്
മറ്റൊരു വർഷത്തിലേക്ക്
നമ്മുടെ ഭാഷയിൽ
വർഷിച്ചതിൽ നിന്ന്
വർഷിക്കാനുള്ളതിലേക്ക്
കുളിരിൻ്റെ ചക്രങ്ങളിൽ
അറിയാതൊഴുകുമ്പോലെ
തൊട്ടു തൊട്ടിരുന്ന്
ഒഴുകിപ്പോകുന്നു
നമ്മുടെ നിശ്വാസത്തിൻ്റെ ചരിവിലെ
സമയത്തിൻ്റെ പഴയ പാളത്തിലൂടെ
കടന്നുപോയ തീവണ്ടിയിൽ
നമുക്കൊപ്പം നടന്നവരുടെ
കിതപ്പുകൾ
പൊട്ടിച്ചിരികൾ
കരച്ചിലുകൾ...
ആരോ കൊണ്ടു പോകുന്നു
മയക്കത്തിൽ നാമതു കേട്ട് ഞെട്ടിയുണരുന്നു
പാലം കടക്കുമ്പോലെ നാം
പാതിരയുടെ
ഒരു നിമിഷം കടക്കുന്നു
ഒരു മിടിപ്പിൽ നിന്ന്
മറ്റൊരു മിടിപ്പിലേക്ക് കുതിക് കുന്നു
നമുക്കൊപ്പം ചിലരുണ്ട്
സങ്കടം കൊണ്ട്
പുറത്തറിയിക്കാത്തവർ;
വേദനയേറുമ്പോൾ നീ മുടിത്തുമ്പി ലൊളിപ്പിച്ച രാത്രികൾ
വാടി വീഴാതിരിക്കാൻ
ഞാൻ മടിത്തട്ടിലൊളിപ്പിച്ച
പകലുകൾ...
ഉയിരൊന്നാകെ പൂവിടുന്ന
ചുംബന വസന്തങ്ങൾ
നാം തികച്ചും വന്യമായ
ഒരു യാത്രയിലാണ്
തണുപ്പിൻ്റെ ശീൽക്കാരങ്ങളിൽ
കാറ്റിൻ്റെ മോങ്ങലിൽ
കുടുങ്ങി പിടയുന്ന
പാതിരാ നിരത്തിൽ
ഒരു സ്പർശത്തിൻ്റെ സുരക്ഷയിൽ
ഒരു നിമിഷത്തിൻ്റെ
വന്യതയിൽ 


........................മുനീർ  അഗ്രഗാമി 

No comments:

Post a Comment