പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ

ഞങ്ങളുടെ നഗരത്തിൽ വന്നവനേ
നിന്നെ കാത്തിരുന്ന ശൂന്യതയിലേക്ക്
നീ നിൻ്റെ നാദം നീട്ടിയെറിഞ്ഞു.
എന്തൊരത്ഭുതം !
ഓരോ വാക്കും ഓരോ തേൻ കുരുവിയായി;
ഞങ്ങൾ ഓരോ പൂക്കളും
പ്രതിമകളുടെ നഗരമായി
രുന്നു ഞങ്ങളുടേത്
മരിച്ചവരുടെ പുഞ്ചിരികളിൽ പിടിച്ച്
വീഴാതെ നിൽക്കുകയായിരുന്നു.
ദാഹജലം പോലെ നീ പാടുമ്പോൾ
മകരമഞ്ഞിൻ്റെ പുതപ്പു വലിച്ചു മാറ്റി ഞങ്ങളെഴുന്നേൽക്കുന്നു
നീ മഹാമാന്ത്രികനാണ്
ഗസൽമാന്ത്രികൻ
വിയോഗത്തെ കുറിച്ചും
വിരഹത്തെ കുറിച്ചും
നീ പാടുമ്പോൾ,
വിഭജനത്തിൻ്റെ മുറിവുണങ്ങുന്നു
പ്രണയത്തെ കുറിച്ച് നീ പാടുമ്പോൾ
പ്രതിമകളും പ്രതികളും
ഒരു പൂവു ചോദിക്കുന്നു
നീ മുന്നിലിരിക്കുമ്പോൾ
ഞങ്ങൾക്കൊരേ ജാതി
ഞങ്ങൾക്കെരേ മതം
ഞങ്ങളുടെ നഗരത്തിന് എന്നും
സ്നേഹത്തിൻ്റ ജാതി
പ്രണയത്തിൻ്റെ മതം
അതു കൊണ്ടാണ്
നിന്നെ ഞങ്ങൾ കാത്തിരുന്നത് ;
മുമ്പ്
മനുഷ്യനെന്ന ഒറ്റ ക്കാരണത്താൻ
മാൻഹോളിലേക്കിറങ്ങിപ്പോയത്
അതിർത്തിയിൽ കരിമ്പിൻ തോട്ടത്തിൽ
അതിക്രമിച്ചു കയറിയ കാട്ടാനകൾ
നിൻ്റെ പാട്ടു കേട്ടിരുന്നെങ്കിൽ
പൂമ്പാറ്റകളായേനെ
അതിർത്തിവേലി കളിൽ അവ
പൂക്കളെ പോലെ വന്നിരുന്നേനെ
നിൻ്റെ ഗാനത്തിനുള്ളിലെവിടെയോ
ഒരു സങ്കടമുണ്ട്
രണ്ടു രാജ്യങ്ങളുടെ ആത്മാവിൻ്റെ തേങ്ങലാണത്
നിൻ്റെ വരികളിൽ പ്രണയവും വിരഹവും പെയ്യുമ്പോൾ
നഗരത്തിൻ്റെ ആത്മാവും
അവിടെ ചെന്നിരിക്കുന്നു
പെട്ടെന്ന്
നീ സ്നേഹത്തെ കുറിച്ച്
ഒരു വരി മൂളുന്നു
എല്ലാ സങ്കടങ്ങൾക്കും മുകളിൽ
ഒരരിപ്രാവായ് അതു പറന്നു പൊങ്ങുന്നു
പൊങ്ങുന്നു...
(മകരമഞ്ഞിൽ ഞങ്ങൾക്കു വേണ്ടി പാടിയവന് )
...................................
മുനീർ അഗ്രഗാമി

No comments:

Post a Comment