ദളിതം
(രോഹിത് വെമുലയെ ഓർത്ത് )
...........
സ്വപ്നം കത്തിപ്പോയവൻ
ഒരു ദിവസം സ്വന്തം ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി
നിങ്ങളവനെ ബുദ്ധനാവാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ കൊട്ടാരത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
ഗാന്ധിയാകാൻ സമ്മതിച്ചിരുന്നെങ്കിൽ
അവൻ ഉദ്യോഗങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായിരുന്നുള്ളൂ
പ്രവാചകനാവാൻ സമ്മതിച്ചിരുന്നെങ്കിൽ
സ്വന്തം ദേശത്തിൽ നിന്നേ
അവൻ പോകുമായി രുന്നുള്ളൂ
നിങ്ങളവനെ എഴുത്തുകാരനാകാൻ
സമ്മതിച്ചിരുന്നെങ്കിൽ
അവൻ
റുഷ്ദിയെ പോലെ
രാജ്യത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായി രുന്നുള്ളൂ
നിങ്ങളവനെ
വീടുണ്ടാക്കാൻ അനുവദിച്ചിരുന്നെങ്കിൽ
അവൻ വീട്ടിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
നിങ്ങളവനെ
അവനാകാൻ അനുവദിച്ചിരുന്നെങ്കിൽ
അംബേദ്ക്കറെ പോലെ
അവൻ അവൻ്റെ ജാതിയിൽ നിന്നേ
ഇറങ്ങി പോരുമായി രുന്നുള്ളൂ
നിങ്ങളവനെ ചിത്രകാരനാകാൻ
അനുവദിച്ചിരുന്നെങ്കിൽ
ഹുസൈനെ പോലെ
അവൻ നിങ്ങളിൽ നിന്നേ
ഇറങ്ങി പോകുമായി രുന്നുള്ളു
നിങ്ങളവനെ
മൈക്കിൾ ജാക്സനാവാൻ അനുവദിച്ചിരുന്നെങ്കിൽ
ചിലപ്പോളവൻ സ്വന്തം നിറത്തിൽ നിന്നേ
ഇറങ്ങിപ്പോകുമായിരുന്നുള്ളൂ
അവനെ ഒരു വിദ്യാർത്ഥിയാകുവാനെങ്കിലും
അനുവദിച്ചിരുന്നെങ്കിൽ
അവൻ ക്ലാസ്സിൽ നിന്നേ ഇറങ്ങിപ്പോരുമായിരുന്നുള്ളൂ
സ്വാതന്ത്ര്യം, സമത്വം,
സാഹോദര്യം
എന്നിങ്ങനെ പഠിച്ച പാഠങ്ങളിലൊന്നും
അവനാരും ഇടം കൊടുത്തില്ല
അവനവൻ്റെ ഉടൽ മാത്രമേ അവൻ്റേ തായി ഉണ്ടായി രുന്നുള്ളൂ
അതുകൊണ്ടാവും
ആരോടും പറയാതെ
കത്തിയ സ്വപ്നങ്ങളുടെ ചാരം
അക്ഷരങ്ങളുടെ രൂപത്തിൽ
ഒരു കുറിപ്പിൽ വെച്ച്
സ്വന്തം ശരീരത്തിൽ നിന്നും
അവൻ ഇറങ്ങിപ്പോയത് .
.................................മുനീർ അഗ്രഗാമി

No comments:

Post a Comment