ആരുമില്ലാത്തൊരുച്ചയിൽ

ആരുമില്ലാത്തൊരുച്ചയിൽ
............................................
ആരുമില്ലാത്തൊരുച്ചയിൽ
മനസ്സിൻ്റെ പച്ചിലകളിൽ
ഓർമ്മത്തുമ്പികൾ
വന്നിരിക്കുന്നു
ഇളം കാറ്റുപോലെ
പുറത്തിറങ്ങിയ നിശ്വാസത്തിൽ
ഏതോ സങ്കട നിഴലുകൾ
ഒരിലഞ്ഞിപ്പൂവിനു കൈനീട്ടുന്നു
വയലിലൂടെ ഇളം വെയിൽ
പടിഞ്ഞാട്ട് നടന്നു പോകുന്നു
അതിൻ്റെ പിന്നാലെ
കൈതകൾ കാവലു നിൽക്കുന്ന തോട്ടിൽ നിന്ന്
അച്ഛൻ സങ്കടത്തിൽ കുളിച്ചു കയറി വരുന്നു
പാടം കണ്ട് മതിവരാത്ത തെങ്ങുകൾ
പച്ച മുടിത്തുമ്പിൽ
തത്തകളെ ഊഞ്ഞാലാട്ടുന്നു
അമ്മയുമമ്മായിയും അമ്മൂമ്മയും
മുറുക്കിച്ചുവന്ന്
കഥകളഴിക്കുമ്പോലെ
അവയുമെന്തോ പറഞ്ഞിരിക്കുന്നു
കുന്നിൻ ചരിവിൽ മയങ്ങി വീണ സന്ധ്യയെ എടുക്കാൻ
രാവോടിയെത്തുന്നു
അപ്പോൾ ചിങ്ങമാസത്തിൻ്റെ കണ്ണിൽ നിന്ന്
രണ്ടു മൂന്നു തുള്ളികൾ
ഇറ്റി വീണു
ഇലകളാകെ നനഞ്ഞു
തുമ്പികളുടെ കണ്ണുനിറഞ്ഞു
ഇരുൾ വന്നു മൂടുന്നു
പാവം മനസ്സിനിയെന്തു ചെയ്യും ?
നിറഞ്ഞു തൂവുകയല്ലാതെ ;
ഒരു രാത്രിമഴ പോലെ!
....................................................മുനീർ അഗ്രഗാമി

No comments:

Post a Comment