ഹേ ഗുലാം അലി

ഹേ
ഗുലാം അലി !
പാടുക ,
പാടുക നീ
താളമെങ്ങോ വീണു പോയൊരെൻ
നാടിന്നു വേണ്ടിയൊരു ഗാനം
ഈണമെങ്ങോമുറിഞ്ഞു പോയൊരു
നാട്ടു നന്മയ്ക്കു വേണ്ടിയൊരു ഗാനം
വേലി കെട്ടിത്തിരിച്ച മനസ്സുകൾ
തമ്മിലിണങ്ങുവാൻ
സ്നേഹമായൊരു ഗാനം
അതിരുകളലിയിക്കുവാൻ
ആർദ്രമായൊരു
പ്രണയമസൃണമാം ഗസൽ
ഹേ ഗുലാമലി,
ഒഴുകട്ടെ നിൻ്റെ
മൃദുല ഗാനങ്ങൾ
മാമക നാടിന്നാത്മാവിൽ
മധുര സ്നേഹം മാത്രമായ്
മതേതരമായ്
വർണ്ണരഹിതമായ്
ആസ്വദിക്കട്ടെ
നിൻ നാദവീചികൾ തൻ
വർണ്ണരാജികൾ
ലാഹോറും കൽക്കത്തയും
കേരളവും നിൻ്റെ
ഗസലുകാതോർത്തു
കാതരയാകുന്ന പ്രണയികൾ
പ്രണയത്തിലെന്നപോൽ
സംഗീതത്തിനില്ല
ജാതിയും മതവുമെന്ന്
നിന്നെ കേൾക്കുവാൻ
കാത്തിരിക്കുന്ന കാതുകൾ
ഹേ ഗുലാമലി !
പാടുക,
പാടുക നീ
വർഷകാലം പോലെ
ഞങ്ങളിലലിഞ്ഞു ചേർന്ന
ഗസൽമഴയായ്
നിൻ്റെ ശബ്ദത്തുള്ളികൾ
വീണു കിളിർക്കട്ടെ ഞങ്ങൾ
പച്ച മനുഷ്യരായ്
സഹിഷ് ണുതതൻ നേർത്ത കാറ്റിൽ
നെൽച്ചെടികളായ്
തമ്മിൽ വിദ്വേഷമില്ലാതെ
തൊട്ടു തൊട്ടിളട്ടെ
മഴയിലും കാറ്റിലും
മഞ്ഞുതുള്ളി പ്പെയ്ത്തിലും
മറഞ്ഞിരുന്നു പാടും
ജീവിത സ്നേഹ ഗായകൻ
നിൻ്റെ ശബ്ദമാധുരിയായ്
ഞങ്ങളിൽ വെളിപ്പെടട്ടെ
ഹേ
ഗുലാം അലി
പാടുക
പാടുക നീ
ആനന്ദ രസധാരയായ്
ഞങ്ങളിൽ നിറയ്ക്കുക
ഭാഷയും ദ്വേഷവും ദേശവും വിദ്വേഷവുമില്ലാത്ത
പ്രണയ സുധാരസം
.................മുനീർ അഗ്രഗാമി

No comments:

Post a Comment