പാളയും കയറും

പാളയും കയറും
............................
കിണറിനാഴത്തിലെ
തെളിനീരിനോടുള്ള
വിനയമായിരുന്നു
അതിനടുത്തേക്ക്
താണിറങ്ങിയ
പാളയും കയറും
കനിഞ്ഞു കിട്ടിയ ജലം
കുനിഞ്ഞു കോരുമ്പോൾ
അറിയാതെ അമ്മയെന്നെയതു
പഠിപ്പിച്ചിരുന്നു
പാളയിൽ നിറഞ്ഞു തുളുമ്പിയ പുഞ്ചിരിയാൽ
എൻ്റെ കൈക്കുമ്പിൾ
നിറയ്്ക്കുവാൻ മണ്ണമ്മയും ശ്രമിച്ചിരുന്നു
അമ്മ ഓർമ്മയായ പോൽ
ജലവിതാനം താഴ്ന്നുപോയ്
കിണറ്റിൻ കരയിലെ
കഥകളും തീർന്നു പോയ്
സ്നേഹം പോലിത്തിരി
വറ്റാതെ ബാക്കിയായ്
കോരുവാനും കുടിക്കുവാനുമാവില്ലത്
കാണുവാൻ മാത്രം
പൈപ്പുവെള്ളത്തിൽ
ഷവറിൻ ചുവട്ടിൽ
നിവർന്നു നിന്നു കുളിക്കുമ്പോൾ
ചെറിയൊരോർമ്മ
ഞങ്ങളിൽ നിന്നും
മരിച്ചു പോയ വിനയമായിരുന്നല്ലോ
വിനീതനായ ഗുരുവായിരുന്നല്ലോ
പാളയും കയറും!


.................................
മുനീർ അഗ്രഗാമി

No comments:

Post a Comment